ലക്ഷ്യം സമ്മാനങ്ങള്‍, മുതിര്‍ന്നവരുടെ കൈയടി, 'കുട്ടികളുടെ നാടകവേദി'യില്‍ കുട്ടികള്‍ക്കെത്ര ഇടമുണ്ട്?

സമ്മാനത്തിന് അപ്പുറം ക്യാമ്പില്‍ കുട്ടികള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യവും രസങ്ങളും പങ്കുചേരലും തന്നെയാണ് കുട്ടികളുടെ നാടകത്തിന്റെയും പരമമായ റിസല്‍ട്ട്. 

Opinion childrens theatre and school youth festivals in kerala

ഓര്‍ക്കുക, കുട്ടികളുടെ നാടകത്തിന്റെ ആത്മാവ് കുട്ടി തന്നെയാണ്. മുതിര്‍ന്നവരുടെ കൈയ്യടി കിട്ടാന്‍ നിങ്ങള്‍ ചേര്‍ക്കുന്ന ഓരോ വാക്കും കുട്ടികളുടെ നാടകത്തിന്റെ ശവപ്പെട്ടിയില്‍ നിങ്ങള്‍ അടിക്കുന്ന ആണിയാണ്. അത്രയേറെ സൂക്ഷ്മതയും ശ്രദ്ധയും മുതിര്‍ന്നവര്‍ കാണിച്ചേ മതിയാവൂ.

Opinion childrens theatre and school youth festivals in kerala

 

വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് കുട്ടികളുടെ കലോത്സവങ്ങളും. ക്ലാസ് മുറി ശിശു കേന്ദ്രീകൃതമായിരിക്കുന്നു. അതേ പോലെ, സ്‌കൂള്‍ കലോല്‍സവത്തിന്റെ ഭാഗമായ നാടക പ്രവര്‍ത്തനവും ശിശുകേന്ദ്രീകൃതമാവണം. 

ഒട്ടേറെ അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് നാം കുട്ടികളുടെ നാടകങ്ങളെ സംബന്ധിച്ച നമ്മുടെ പ്രാകൃത സങ്കല്‍പങ്ങള്‍ വിട്ടെറിഞ്ഞ് ഇവിടെയെത്തി നില്‍ക്കുന്നതെന്ന് ഓര്‍ക്കണം. സ്‌കൂള്‍ അധ്യാപകനെ പോലെ പ്രധാനമാണ് സ്‌കൂള്‍ നാടകം പഠിപ്പിക്കാന്‍ വരുന്ന സംവിധായകനും. പരിശീലനത്തില്‍ വിരുദ്ധ പാളങ്ങള്‍ രണ്ടു പേരും ഉണ്ടാക്കിയാല്‍ കുട്ടിയുടെ താളം തെറ്റും.  കുട്ടിയുടെ വളര്‍ച്ചാ പ്രക്രിയയില്‍ ഏര്‍പ്പെടുന്ന വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയാണ് നാടക സംവിധായകന്‍. അല്ലാതെ കേവലം, സ്‌കൂളിന് സമ്മാനം വാങ്ങി കൊടുക്കുന്ന ആള്‍ മാത്രമല്ല അദ്ദേഹം. 

മറ്റേതൊരു കലാരൂപത്തെക്കാളും സ്വാതന്ത്ര്യത്തിന്റെയും സര്‍ഗ്ഗചിന്തയുടെയും കേളീരംഗമാണ് നാടകം. കുട്ടികള്‍ക്ക് മുറിവേല്‍ക്കുന്ന ഒന്നും നാടകത്തിലോ പരിശീലന കളരിയിലോ ഉണ്ടാകാന്‍ പാടില്ല. സമ്മാനത്തിന് അപ്പുറം ക്യാമ്പില്‍ കുട്ടികള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യവും രസങ്ങളും പങ്കുചേരലും തന്നെയാണ് കുട്ടികളുടെ നാടകത്തിന്റെയും പരമമായ റിസല്‍ട്ട്. 

ഓര്‍ക്കുക, കുട്ടികളുടെ നാടകത്തിന്റെ ആത്മാവ് കുട്ടി തന്നെയാണ്. മുതിര്‍ന്നവരുടെ കൈയ്യടി കിട്ടാന്‍ നിങ്ങള്‍ ചേര്‍ക്കുന്ന ഓരോ വാക്കും കുട്ടികളുടെ നാടകത്തിന്റെ ശവപ്പെട്ടിയില്‍ നിങ്ങള്‍ അടിക്കുന്ന ആണിയാണ്. അത്രയേറെ സൂക്ഷ്മതയും ശ്രദ്ധയും മുതിര്‍ന്നവര്‍ കാണിച്ചേ മതിയാവൂ. അങ്ങനെ ചെയ്യാത്തപക്ഷം, അത്തരം നാടക കൊട്ടകയില്‍ നിന്ന് 'ഇത് എന്‍േറതല്ല' എന്ന് പറഞ്ഞു കുട്ടികള്‍ ഇറങ്ങിപ്പോകും. അവര്‍ക്ക് മനസ്സിലാവുന്ന രാഷ്ട്രീയം കുട്ടികളില്‍ നിന്ന് തന്നെ രൂപപ്പെടുത്തുക എന്നതായിരിക്കണം ശൈലി. 

വീരാന്‍കുട്ടി മാഷിന്റെ ഒരു കവിതയുണ്ട് -''അഴിമുഖം ചൂണ്ടി, പുഴ, കടല്‍, പുഴ ,കടല്‍ എന്നു തര്‍ക്കിച്ചു കൊണ്ടിരുന്ന അച്ഛന്റെയും അമ്മയുടെയും മുഖത്ത് മാറിമാറി നോക്കി കൊണ്ടിരുന്ന കൊച്ചുമകള്‍ വെള്ളം എന്നു ചിരിച്ച്,  എത്ര എളുപ്പം ആ യുദ്ധം തീര്‍പ്പാക്കി'. ഇതുതന്നെയാണ് കുട്ടികളുടെ നാടകവും. 

മുതിര്‍ന്നവര്‍ നാടകത്തിനുള്ളിലെ രാഷ്ട്രീയത്തെക്കുറിച്ച് തര്‍ക്കത്തില്‍ ഏര്‍പ്പെടുമ്പോള്‍ കുട്ടി തന്നെ നമ്മോട് 'ഇതില്‍ ഞാന്‍ ഇവിടെ' എന്ന് ചോദിക്കും. കുട്ടികള്‍ക്ക് നീന്തി തുടിക്കാനുള്ള ജലാശയമാണ് അവരുടെ അരങ്ങ്. മുതിര്‍ന്നവരെ സംബന്ധിച്ചിടത്തോളം അത്, സ്വയം കണ്ട് നിര്‍വൃതി കൊള്ളാനും സ്വന്തം കുട്ടിക്കാലത്തേക്ക് പോകാനുമുള്ള അസുലഭമായ അവസരമാണ്. കുട്ടികളുടെ ഏത് നാടകത്തിന്റെ ഒടുക്കത്തിലുമുള്ള ചര്‍ച്ച കുട്ടികളെക്കുറിച്ച് തന്നെയായിരിക്കണം. മറ്റുള്ളതെല്ലാം മുതിര്‍ന്നവര്‍ ഒരുക്കി കൊടുക്കുന്നതാണ്. 'ആത്മാവ് നഷ്ടപ്പെട്ടിട്ട് നിങ്ങള്‍ ഈ ലോകം മുഴുവന്‍ നേടിയിട്ട് എന്ത് കാര്യം' എന്ന് ബൈബിളില്‍ പറഞ്ഞ പോലെയാണത്.

രണ്ടുവര്‍ഷം സ്‌കൂള്‍ നാടകത്തില്‍ അഭിനയിച്ച ഒരു കുട്ടി തന്റെ അനുഭവം പറയുന്നത് കേട്ടിട്ടുണ്ട്. ആദ്യവര്‍ഷം കൂട്ടി സംവിധായകന്‍ കാണിച്ച് കൊടുത്തതനുസരിച്ച് അഭിനയിച്ചു. സമ്മാനം കിട്ടി. രണ്ടാമത്തെ വര്‍ഷം അതേ ഊര്‍ജത്തോടെ അതേ സംവിധായകന്റെ  പുതിയ നാടകത്തിന് പോയി. റിഹേഴ്‌സല്‍ ക്യാമ്പ് കഴിഞ്ഞു കുട്ടി നിരാശയോടെ തന്റെ അച്ഛനോട് വന്നു പറഞ്ഞു. ''അച്ഛാ, ഞാന്‍ എന്താണ് ചെയ്യുന്നത്!
കഴിഞ്ഞവര്‍ഷത്തെ അതേ നടത്തം! അതേ ഇളക്കം! അതേ നോട്ടം! അതേ താളം! പക്ഷേ ഡയലോഗുകളില്‍ മാത്രം മാറ്റം.' 

സ്വയം പ്രകാശിക്കാനുള്ള ഒരു അവസരവും ഇല്ലാത്ത, സര്‍ഗാത്മകമായ അഭിനയത്തെ പുറത്തെടുത്ത് ആനന്ദിക്കാനുള്ള ഒരു അവസരവും ഇല്ലാത്ത ആ നാടകത്തില്‍ നിന്ന് അന്നേ മാനസികമായി കൂട്ടി ഇറങ്ങിപ്പോയിരുന്നു. ദയനീയമായ ആ തിരിച്ചറിവ് കുട്ടിക്ക് സംഭവിക്കുകയായിരുന്നു. കുട്ടി സ്‌കൂളില്‍നിന്ന് ഉപരിപഠനത്തിന് പുറത്ത് പോയി. പിറ്റേ വര്‍ഷം പുതിയ നാടകത്തിന്റെ കാണിയായി വന്നിരുന്നു. വല്ല മാറ്റവും വന്നെങ്കില്‍! അഞ്ച് മിനിറ്റ് മാത്രം നാടകം കണ്ടു കുട്ടി ഓഡിറ്റോറിയം വിട്ടിറങ്ങി. 

ആത്മാവ് നഷ്ടപ്പെട്ട നാടകങ്ങളില്‍ നിന്ന് കുട്ടികള്‍ ഇറങ്ങിപ്പോകും. തന്റെ ജീവിതകാലം മുഴുവന്‍ അത്തരം അനുഭവങ്ങളെ കുറിച്ച് കുട്ടി വേവലാതിപ്പെടും.

അരങ്ങിലെ നാടകത്തെക്കാള്‍ പ്രധാനമാണ് അതുണ്ടാക്കപ്പെടുന്ന പണിശാല എന്നുകൂടി ഓര്‍ക്കണം. അത് തിരിച്ചറിയാന്‍ മുതിര്‍ന്നവരായ കാണികള്‍ക്ക് കഴിവുണ്ടാവണം. ക്ഷമയോടെ കാത്തിരിക്കുക. അതാണ് സംവിധായകന്റെ പണി. വേറൊരു മലയും ഇവിടെ ഒരു സംവിധായകനും മറിയ്ക്കുന്നില്ല. ഒരിക്കലും കുട്ടികള്‍ക്ക് മുന്നില്‍ അഭിനയിച്ചു കാണിക്കരുത്. അവര്‍ സ്വന്തമായും സ്വതന്ത്രമായും അഭിനയിക്കട്ടെ. 

കുട്ടികളെ നിരീക്ഷിച്ചിരുന്നാല്‍ അവര്‍ നമുക്ക് ഒരു നാടകം രൂപപ്പെടുത്തി തരും. അവര്‍ നമ്മെ പഠിപ്പിച്ചു തരും. അവര്‍ നമുക്ക് പറഞ്ഞുതരും, നിങ്ങളുടെ ലോകമല്ല ഞങ്ങളുടേതെന്ന്. നിങ്ങളുടെ ഇഷ്ടങ്ങളെല്ല ഞങ്ങളുടേതെന്ന്, നിങ്ങള്‍ ചിന്തിക്കുന്നതല്ല ഞങ്ങള്‍ ചിന്തിക്കുന്നതെന്ന്. അതൊക്കെ അറിയണമെങ്കില്‍ നിങ്ങള്‍ ഞങ്ങളിലേക്ക് വന്നു നില്‍ക്കണമെന്ന്.

 

Opinion childrens theatre and school youth festivals in kerala

(ശിവദാസ് പൊയില്‍ക്കാവ്: 2010 മുതല്‍ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ നിരവധി തവണ അവതരിപ്പിക്കപ്പെട്ട മികച്ച നാടകങ്ങളുടെ ശില്പി. ഇത്തവണത്തെ മികച്ച നാടകമായ ഓസ്‌കാര്‍ പുരുഷുവിന്റെ രചയിതാവും സംവിധായകനും. മമ്മൂട്ടിയുടെ പുഴു സിനിമയിലെ നാടക ശില്പിയും ഗാനരചയിതാവും.)

Latest Videos
Follow Us:
Download App:
  • android
  • ios