ഒരു മോസ്‌കോ- ചേലക്കടവ് വിവാഹം, അതിനു കാരണമായ വണ്‍വേ പ്രണയകഥ!

അവളുടെ വെളുത്ത മുഖത്തെ പച്ച ഞരമ്പുകള്‍ മാഞ്ഞു. എന്നെ തുറിച്ചു നോക്കികൊണ്ടവള്‍ പറഞ്ഞു-'എനിക്കങ്ങനൊന്നുംല്ല്യ, അവനോട് മര്യാദക്ക് നടക്കാമ്പറഞ്ഞാളെ.'

one way love story  school memories by Amjad Maliyekkal

ഒരു ദിവസം ലഞ്ച് ബ്രേക്കിന് ഞാനവളുടെ ക്ലാസിനടുത്ത് പോയി അവളെ കണ്ടു. ഒരു മുഖവുരയോടെ ഞാന്‍ തുടങ്ങി _ 'ഷഹര്‍ബാനേ.. എനിക്കൊരു കാര്യം ചോയിക്കാന്ണ്ട്. ഞാന്‍ നിന്നെ അറീണോണ്ട് എന്നോട് ചോയിക്കാന്‍ പറഞ്ഞതാ. നീയത് വീട്ടിലൊന്നും പറയേര്ത്. ഞാനും വേറാരോടും ഇതേ കുറിച്ച് പറയില്ല. അങ്ങനെ നിനക്ക് ഉണ്ടെങ്കില് ഉണ്ടെന്നും, ഇല്ലെങ്കില് ഇല്ല്യാന്നും പറഞ്ഞാ മതി.. പക്ഷെ വീട്ടിലൊന്നും പറയേര്ത്, ഒറപ്പല്ലേ.?'

 

one way love story  school memories by Amjad Maliyekkal

 

മോസ്‌കവ് നദിക്കരയില്‍ സ്ഥിതിചെയ്യുന്ന മോസ്‌കോ നഗരം.  റഷ്യയുടെ തലസ്ഥാനം. മഞ്ഞുപെയ്യുന്ന ആ മഹാനഗരത്തില്‍നിന്നും ആറായിരത്തി എഴുന്നൂറ് കിലോമീറ്റര്‍ അകലെ, മലപ്പുറം ജില്ലയിലെ 'മൂക്കുതല' എന്ന എന്റെ ഗ്രാമത്തിലാണ് ഈ കഥ നടന്നത്. കഥാനായകന്‍ എവിടത്തുകാരനാണ് എന്നറിയാമോ, മോസ്‌ക്കോകാരന്‍! 

2004 - 2005 അധ്യായന വര്‍ഷം. പുന്നയൂര്‍ക്കുളം പ്രതിഭാ കോളേജില്‍ പ്ലസ് വണ്ണിന് പഠിക്കുന്ന കാലം. അതിനിടയിലാണ് ആ വിവരമറിഞ്ഞത്. മൂക്കുതല സ്‌കൂളില്‍ ഒരു പ്ലസ് ടു ഹ്യൂമാനിറ്റീസ് സീറ്റ് ഒഴിഞ്ഞു കിടക്കുന്നു. എട്ട് മുതല്‍ പത്ത് വരെ പഠിച്ച സ്‌കൂള്‍. പോയിവരാനും എളുപ്പം. മറ്റൊന്നും ആലോചിച്ചില്ല, ആ ഒഴിവ് നികത്തി! 

മൂക്കുതല സ്‌കൂളില്‍ അപ്പോഴേക്കും  ഹ്യൂമാനിറ്റീസ്  സി ബാച്ച് പുരോഗമിക്കുകയായിരുന്നു. നവാഗതനായി കടന്നുച്ചെന്ന എനിക്ക് രണ്ടു മൂന്ന് പേരൊഴിച്ച് മറ്റെല്ലാവരും അപരിചിതരായിരുന്നു. കലശലായ തലവേദനക്ക് പരിഹാരമായി സ്ഥാനം പിടിച്ച കണ്ണട ഒരു പഠിപ്പിസ്റ്റിന്റെ മുഖലക്ഷണം നല്‍കിയിരുന്നതിനാല്‍ ഇക്കാലമത്രയും ലാസ്റ്റ് ബെഞ്ചിലോ സെക്കന്റ്ലാസ്റ്റ് ബെഞ്ചിലോ കഴിഞ്ഞിരുന്ന എനിക്കവര്‍ ഫസ്റ്റ് ബെഞ്ചില്‍ ഇടം തന്നു.


തല്ക്കാലം  അവിടെ ഇരുന്നു. എന്നാലും എന്റെ മനസ്സും ദൃഷ്ടിയും ലാസ്റ്റ് ബെഞ്ചിലായിരുന്നു. എങ്ങനെയെങ്കിലും ലാസ്റ്റ് ബെഞ്ചിലൊരു സീറ്റ് തരപ്പെടുത്തണം, ടേസ്റ്റിന് പറ്റിയ നല്ലൊരു സുഹൃത്തിനെ കണ്ടെത്തണം, ലാസ്റ്റ് ബെഞ്ചിലെ  ന്യൂനതകള്‍ കണ്ടെത്തി നൂതനമായ ആശയങ്ങളിലൂടെ അരുതായ്മകള്‍ പരിപോഷിപ്പിക്കണം, ഒരധ്യയന വര്‍ഷത്തില്‍ ചെയ്തു തീര്‍ക്കേണ്ട വിവിധോദ്ദേശ കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യണം, ഇതിനെല്ലാം പുറമേ എല്ലാത്തിനും നേതൃത്വം വഹിക്കണം. 'ഹോ.! എന്തെല്ലാം കാര്യങ്ങള്‍; ഇപ്പൊള്‍ തന്നെ ഒരു മാസം വൈകി. എല്ലാം ദ്രുതഗതിയിലാക്കണം'. എനിക്ക് ഫസ്റ്റ് ബെഞ്ചില്‍ ഇരിപ്പുറച്ചില്ല. അതിയായ ആര്‍ത്തിയോടെ ലാസ്റ്റ്് ബെഞ്ചിലേക്കെന്റെ ദൃഷ്ടികള്‍ പാഞ്ഞുകൊണ്ടിരുന്നു.


അങ്ങനെ രണ്ട് ദിവസം പിന്നിട്ടു. മൂന്നാം ദിവസം ഫസ്റ്റ് പിരീഡ്.. 


കനത്ത കാലവര്‍ഷം മൂക്കുതലയില്‍ കലിതുള്ളിപ്പെയ്യുന്നു. മൂക്കുതല ഇരുട്ടില്‍ മൂടപ്പെട്ടു. ക്ലാസ് മുറിയിലേക്ക് കാറ്റ് വീശിയടിച്ചു. ക്ലാസ് മുറിയുടെ മൂലയില്‍ നിവര്‍ത്തിവെച്ച കുടകളെയും, ഡസ്‌കില്‍ തുറന്നുവെച്ച പുസ്തകങ്ങളെയും അലക്ഷ്യമായി വലിച്ചെറിഞ്ഞുകൊണ്ട് ആ കാറ്റ് മറുതലക്കലെ വാതില്‍പടി കടന്നു. അങ്ങിങ്ങായ് ഓടിന്‍ വിടവിലൂടെ മഴവെള്ളം ഇറ്റിറ്റു വീഴുന്നു. വെള്ള പൂശിയ ഭിത്തിയിലൂടെ മഴവെള്ളം ക്ലാസ് മുറിയിലേക്ക് ഒലിച്ചിറങ്ങുന്നു. മേല്‍ക്കൂരയിലെ അനേകം ചിതല്‍ കൊട്ടാരങ്ങളിലൊന്ന് മഴത്തുള്ളിയോടൊപ്പം എനിക്കു മുന്നില്‍ വീണുടഞ്ഞു. സമീപത്തെവിടെയോ നിരനിരയായ് വെച്ച സൈക്കിള്‍ കൂട്ടം  നിലം പതിക്കുന്ന ശബ്ദം. സ്‌കൂള്‍ ഗ്രൗണ്ടിലൂടെ ചാരപ്പുഴ കുത്തിയൊലിച്ചൊഴുകുന്നു. 

ഞാന്‍ ലാസ്റ്റ് ബെഞ്ചിലേക്കൊന്ന് തിരിഞ്ഞു നോക്കി. അപ്പോഴാണവനെ ആദ്യമായി കാണുന്നത്. ചൂടെടുത്തിട്ടെന്നപോലെ നോട്ട്ബുക്ക് കൊണ്ട് വീശുകയായിരുന്നു അവന്‍. ഇടയ്ക്കിടെ ടവല്‍ കൊണ്ട് മുഖം മൃദുവായി ഒപ്പുന്നു.

ന്റെ റബ്ബേ.! ഇങ്ങനെ മഴ പെയ്യുമ്പഴാ! ഇവനെന്താ ധ്രുവക്കരടിയോ?- ഞാനതിശയിച്ചു!

'ഇനിയവന് വല്ല അസുഖവും ഉണ്ടാവുമോ?' -ഞാനവനെ ശ്രദ്ധിച്ചൊന്ന് നോക്കി. ഇല്ല; അവന് ഒരസുഖവുമില്ല. പച്ചപ്പരിഷ്‌ക്കാരി പത്രാസ് കാണിക്കുകയാണ്. 

'ഡാ.. ഇവടിത്ര ചൂടാണെങ്കില്‍ പോയി വല്ല അന്റാര്‍ട്ടിക്കേലും പഠിക്കെടാ..'-ഞാനവനെ അവജ്ഞയോടെ നോക്കി മനസ്സില്‍ പറഞ്ഞു. 

മഴ പതിയേ തോര്‍ന്നു. മൂക്കുതല പ്രകാശിച്ചു. 

ആ വെള്ളിവെളിച്ചത്തില്‍ ഞാനവനെ ഇടയ്ക്കിടെ നോക്കിക്കൊണ്ടിരുന്നു.

ഇന്റര്‍വെല്‍ മുഴങ്ങി. 

ഞാന്‍ ഇരിക്കുന്നിടത്ത് നിന്നും എഴുന്നേറ്റില്ല. എനിക്കാ പച്ചപ്പരിഷ്‌ക്കാരിയുടെ ഫുള്‍ഫിഗറൊന്ന് കാണണമായിരുന്നു. അവന്‍ തിരക്കിട്ട് പെണ്‍കുട്ടികളുടെ ഭാഗത്ത് പോയി, അവരില്‍ നിന്നും ഒരു കുപ്പി വെള്ളം വാങ്ങിച്ചു. 'പോത്ത് പോലും വെള്ളം കുടിക്കാത്ത ഈ വര്‍ഷകാലത്ത് അവനിത്ര ദാഹമോ?' -എന്റെ ചിന്തയേ തകിടംമറിച്ച് അവനത്‌കൊണ്ട് മുഖം കഴുകി. ശേഷം ടവല്‍ കൊണ്ട് മുഖം നന്നായി തുടച്ചു. എന്നിട്ട്  പരിസരമൊക്കെയൊന്ന് വീക്ഷിച്ചു. ശേഷം ഡസ്‌ക്കിനടിയിലേക്ക് കുനിഞ്ഞിരുന്ന് മുഖത്ത് പൗഡറിട്ടു. മുടി നന്നായി ചീകിയൊതുക്കി. ശേഷം അവനും രണ്ട് സുഹൃത്തുക്കളും അതിശീഘ്രം ക്ലാസിന് പുറത്തേക്കു പോയി. ദര്‍ശനത്തിനായി കാത്തുനിന്ന എനിക്ക് നിരാശപ്പെടേണ്ടി വന്നില്ല. ഞാനവനെ ശരിക്കും കണ്ടു. കുറ്റം പറയരുതല്ലോ. അത്രയും നേരം ക്ലാസിലിരുന്നിട്ട് അവന്റെ ഷര്‍ട്ടൊന്ന് ചുളിഞ്ഞിട്ടില്ലായെന്ന് മാത്രമല്ല, ചെരുപ്പില്‍ പോലും വര്‍ഷകാലത്തിന്റെ ഒരടയാളവുമില്ല! ചുരുക്കിപ്പറഞ്ഞാല്‍ അവന്റെ ശുചിത്വ-സൗന്ദര്യബോധത്തോട് കിടപിടിക്കാന്‍ മറ്റാരും തന്നെ ആ സ്‌കൂളില്‍ ഉണ്ടായിരുന്നില്ല!

'കാര്യമൊക്കെ ശരിതന്നെ, എന്നാലും എങ്ങോട്ടാണവന്‍ പൗഡറും വാരിപ്പൊത്തിപ്പോയത്? അവനെന്താ ഇവിടെ വല്ല ഷൂട്ടിംഗും ഉണ്ടോ?'-ഞാനവരുടെ പിറകേ പോയി. 

അവന്റെ ഷൂട്ടിംഗ് ലൊക്കേഷന്‍ ഞാന്‍ കണ്ടെത്തി. ഒമ്പതാം ക്ലാസ് ഹാളിലേക്കാണവര്‍ പോയത്. അവന്‍ ഒമ്പതാം ക്ലാസിന്റെ ജനലിലൂടെ അകത്തേക്ക് നോക്കി ആക്ഷനൊപ്പം പതിഞ്ഞ സ്വരത്തില്‍ ഡയലോഗും പറയുന്നുണ്ട്. ആരെയോ വളക്കാനുള്ള തീവ്രശ്രമത്തിലാണവന്‍. ഈ ശുചിത്വ ബോധമൊക്കെ അതിന്റെ ഭാഗമായിട്ടാവുമോ? എന്തെങ്കിലുമാവട്ടെ, ഞാന്‍ തിരിച്ചു ക്ലാസിലേക്ക് നടന്നു.

ദിവസം ചിലത് കഴിഞ്ഞു.

ഉച്ചയൂണിന്റെ ഇടവേളയില്‍ എങ്ങോട്ടെന്നില്ലാതെ ഗ്രൗണ്ടിലൂടെ നടക്കുകയായിരുന്നു ഞാന്‍. എന്റെ നാട്ടുകാരിയും, കഥാനായികയുമായ ഷഹര്‍ബാനും, അവളുടെ ഒരു ഡസനോളം സ്‌നേഹിതകളും, ചലിക്കുന്ന മതിലു പോലെ എനിക്കെതിരേ വരുന്നു. ഞാനും ഷഹര്‍ബാനും പരസ്പരം ചിരിച്ചഭിവാദ്യം ചെയ്തു. ആ മതിലെന്നെ കടന്നു പോയതും എവിടെ നിന്നോ പച്ചപ്പരിഷ്‌ക്കാരി എന്റെ അടുത്തേക്ക് ഓടി വന്നു. തെല്ല് പരിഭ്രമത്തോടെ എന്നോട് ചോദിച്ചു -'നീ അവളെ അറിയോ.?'

'ആരെ?'

'ഷഹര്‍ബാനെ?'

'അറിയും, എന്തേ?'

'നിനക്ക് എങ്ങനേ അവളെയറിയാ?'

'എന്റെ അട്ത്താ അവള്‌ടെ വീട്..'

'നിന്റെ അട്ത്തായോണ്ടാ നീയോളെ അറീണത്?' -അവനെന്തോ ഉറപ്പിക്കാനെന്നോണം വീണ്ടും ചോദിച്ചു. 

'ആടോ'-അവന്റെ ചോദ്യങ്ങള്‍ക്കെന്റെ മടുപ്പ് പ്രകടമാക്കിക്കൊണ്ട് ഞാന്‍ മറുപടി പറഞ്ഞു. 

പച്ചപ്പരിഷ്‌കാരിയുടെ പരിഭ്രമം മാറി. അവന്‍ പുഞ്ചിരിയോടെ ചോദിച്ചു -'അപ്പൊ നിന്റെ വീട് ചേലക്കടവത്താല്ലേ.? അവള്‌ടെ തൊട്ടട്ത്താ?'

'ചേലക്കടവത്തെന്നെ. പക്ഷെ, അവള്‌ടെ വീടിന്റെ അത്രേം അട്ത്തല്ല.'  

'നീ അവളെ നാട്ടീന്ന് കാണല്ണ്ടാ?'

'എടക്കൊക്കെ കാണും.. നീ ഓളെ നോക്ക്ണ്ടല്ലേ?'

പെട്ടന്നുള്ള എന്റെ ചോദ്യം കേട്ട് പച്ചപ്പരിഷ്‌ക്കാരി കാമുകന്റെ മുഖത്ത് നാണം മിന്നിമറഞ്ഞു. 

അല്പം ചമ്മലും സങ്കടവും കലര്‍ന്ന സ്വരത്തില്‍ അവന്‍ പറഞ്ഞു: ആടാ.. രണ്ട് മാസാവാറായി ഞാന്‍ നടത്തം തുടങ്ങീട്ട്, അവളൊന്നും പറയ്ണ്ല്ലടാ..  നിന്റെ പേരെന്താ?'

'അംജദ്.. നിന്റെ പേര്?'

'റിയാസ്.. റിയാസ് മോസ്‌കോ. മോസ്‌കോലാ എന്റെ വീട്..'-ഒരല്പം സ്റ്റൈലില്‍ അവന്‍ പറഞ്ഞു.

(മലപ്പുറം പാലക്കാട് ജില്ലകളുടെ അതിര്‍ത്തി പ്രദേശത്തായി മലപ്പുറം ജില്ലയില്‍ സ്ഥിതിചെയ്യുന്ന കക്കിടിപ്പുറം ഗ്രാമത്തിലെ ഒരുചെറു കവലക്ക് അവിടുത്തെ നിവാസികളായ സഖാക്കള്‍ നല്‍കിയ പേരാണ് 'മോസ്‌കോ')

'ആഹാ! നീ റഷ്യേല്‍ന്നാ വര്ണത്.? മലയാളം നന്നായി പറയീണ്ടല്ലോ?' _ ഞാനൊരു തമാശയായി ചോദിച്ചു. അത് കേട്ടതും നിര്‍ത്താതെ ചിരിച്ചുകൊണ്ടവനെന്നോട് ചോദിച്ചു -'ഡാ നീയൊന്ന് എന്നേ സഹായിക്കോ.?'

'എന്താ കാര്യം?'

'നീ അവളെ അറിയ്ണതല്ലേ, നീയൊന്ന് എങ്ങനേലും എന്റെ കാര്യോന്ന് ശരിയാക്കിക്കൊണ്ടാ.'

എന്റെ വളിച്ച കോമഡിക്ക് അവന്റെ നിര്‍ത്താത്ത ചിരിയുടെ പിന്നിലെ ഉദ്ദേശം എനിക്ക് പിടികിട്ടി.

എന്റെ അമ്മായിയുടെ വീടിന്റെ തൊട്ട് മുന്‍പിലാണ് ഷഹര്‍ബാന്റെ വീട്. ഏഴാം ക്ലാസിലെ സയന്‍സ് പിരീഡില്‍ കൊച്ചന ടീച്ചര്‍ ബോര്‍ഡിലെഴുതി പഠിപ്പിച്ച 'ഭക്ഷ്യ ശൃംഖല' എനിക്ക് പെട്ടെന്ന് ഓര്‍മ്മ വന്നു.. 

പുല്ല് > പുല്‍ച്ചാടി > തവള > പാമ്പ്....... 

ഏകദേശം അത്‌പോലൊരു 'ശൃംഖല' എന്റെ മനസ്സില്‍ തെളിഞ്ഞു!                

'ഷഹര്‍ബാനേ.. റിയാസിന് നിന്നെ ഇഷ്ടമാണ് നീ മറുപടി തരണം > അവളിക്കാര്യം അവളുടെ ഉമ്മാട് പറയും > അവളുടെ ഉമ്മ എന്റെ  അമ്മായിയോട് പറയും > അമ്മായി എന്റെ ഉമ്മാട് പറയും > ഉമ്മാടെ ചൂലുംകെട്ട് എന്നോട് മറുപടി പറയും.'  ശൃംഖല പൂര്‍ണ്ണം. 

അവനെ കല്ല്യാണക്കുപ്പായം ഇടീപ്പിക്കുന്നതിന് എനിക്കുള്ള പ്രതിഫലം മാനഹാനിയും, മര്‍ദ്ദനവുമാകും. വേണ്ട, റിസ്‌ക്കെടുക്കെണ്ട-ഞാന്‍ ആലോചിച്ചു.  

അപ്പോഴാണ് മറ്റൊരു ചിന്ത എന്റെ മനസ്സിലേക്ക് വന്നത്!

'ഞാന്‍ നിന്നെ സഹായിക്കാം. പക്ഷെ, നിന്റെ കൂടെ അവള്‌ടെ ക്ലാസിന്റെ അട്ത്ത്‌ക്കൊന്നും ഞാന്‍ വരില്ല. പിന്നേ, നിന്റെ ബെഞ്ചില് എനിക്ക് സ്ഥലം തരണം.'-ഞാന്‍ നിബന്ധന വെച്ചു. 

'അതിപ്പൊ ഞാന്‍ ശരിയാക്ക്യേരാ'-എന്തോ നിസാര കാര്യം കേട്ട ലാഘവത്തോടെ അവന്‍ പറഞ്ഞു.

അവനത് നിസാര കാര്യം! സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ട ഒരു രാഷ്ട്രീയക്കാരനേ അന്നെന്റെ വേദനയറിയൂ. അങ്ങിനെ എന്റെ കര്‍മ്മ മണ്ഡലത്തില്‍ അവന്റെ തൊട്ടടുത്തായി എനിക്ക് സീറ്റ് കിട്ടി. അന്ന് ഞങ്ങളെല്ലാം ഉപയോഗിച്ചിരുന്ന ബാഗ്, ഒരു കങ്കാരു സഞ്ചിക്ക് രണ്ട് ചരട് പിടിപ്പിച്ചപോലൊരു ബാഗായിരുന്നു. രണ്ട് ചരടും പിടിച്ച് രണ്ടു വശത്തേക്ക് വലിച്ചാല്‍ അതിന്റെ വായ് ഭാഗം അടയും, വായില്‍ വിരല്‍ തിരുകി ഇരുവശത്തേക്കും വലിച്ചാലത്  തുറക്കും. ഞാനൊന്ന് വെറുതേ റിയാസിന്റെ കങ്കാരു സഞ്ചിയില്‍ വിരല്‍ തിരുകി വലിച്ചു. ഒരു പച്ചമനുഷ്യനെ ഒരു പച്ചപ്പരിഷ്‌ക്കാരിയായി പാകപ്പെടുത്തിയെടുക്കേണ്ടതിനുള്ള ചേരുവകളായിരുന്നു ആ സഞ്ചി നിറയേ.

പിയേഴ്സ് സോപ്പിന്റെ കഷ്ണം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞെടുത്തത് ഒരെണ്ണം, റോസ് പൗഡര്‍ കടലാസില്‍ പൊതിഞ്ഞത് ആവശ്യത്തിന്, മുല്ലപ്പൂവത്തര്‍ സ്വര്‍ണ്ണ നിറത്തിലുള്ള മൂടിയോട് കൂടിയത് ചെറിയ കുപ്പി ഒരെണ്ണം, ചീപ്പ് വള്ളി പൊട്ടാത്തത് ഒരെണ്ണം, യൂറോപ്യന്‍ ക്‌ളോസറ്റിന്റെ അടപ്പിന്റെ മാതൃകയിലുള്ള കണ്ണാടി ഒരെണ്ണം, വാസലിന്‍ ചെറിയ ഡബ്ബ ഒന്ന്, നിവ്യാ ക്രീം ചെറുത് ഒന്ന്, ടവ്വല്‍ ഒന്ന് - നനഞ്ഞ മുഖം തുടക്കാന്‍, ടോപ്പ് പോയ പേന ഒരെണ്ണം, ചട്ട കീറിപ്പറിഞ്ഞ നോട്ട്ബുക്ക് രണ്ടെണ്ണം - ഒരെണ്ണത്തില്‍ എഴുതുമ്പോള്‍ മറ്റേത് വിശറിയായി ഉപയോഗിക്കും.

ആ കങ്കാരു സഞ്ചിക്കകത്ത് കുളിമുറി ഒഴിച്ച് മറ്റെല്ലാമവന്‍ കൊണ്ടു വന്നിട്ടുണ്ട്.

ഇനി ബാഗിന് പുറത്തുള്ളത്. കയ്യിലൊരു ടവ്വല്‍ - മുഖം വെറുതെ തുടച്ചുകൊണ്ടിരിക്കാന്‍. ലാമിനേഷനോട്കൂടിയ 'NOKIA 1100' പുത്തന്‍ ഫോണ്‍ ഒരെണ്ണം പാന്റിന്റെ വലത്തേ പോക്കറ്റില്‍. ഇടത്തേ പോക്കറ്റില്‍ മറ്റൊരു ചീപ്പ്. മൊബൈല്‍ ഫോണിന്റെ സുരക്ഷാ കവചമായ മറ്റൊരു ടവ്വല്‍. (അന്ന് ഞങ്ങളുടെ ക്ലാസില്‍ മൊബൈല്‍ ഫോണുള്ള ഏക വ്യക്തി റിയാസ് ആയിരുന്നു). ഇടത്തേ കയ്യില്‍ സില്‍വര്‍ കളര്‍ വാച്ച്. ചെറുവിരലില്‍ വെള്ളി കട്ടിയ മഞ്ഞക്കല്ല് മോതിരം. വലത്തേ ചെവിയിടയില്‍ ഞെരിച്ചമര്‍ത്തിവെച്ച വെള്ളച്ചെമ്പകം. ഇതിനെല്ലാം പുറമേ, ഡസ്‌ക്കിനടിയില്‍ തിരുകിവെച്ച നിലയില്‍ ഒരു കീറത്തുണിയും - അത് ചെരുപ്പ് തുടക്കാന്‍. ചുരുക്കിപ്പറഞ്ഞാല്‍ 'പ്രൊഫഷണല്‍ കില്ലര്‍ പവനായി'യുടെ മറ്റൊരു വേര്‍ഷന്‍ 'പ്രൊഫഷണല്‍ പൂവാലന്‍!'

ഞങ്ങളുടെ സൗഹൃദം അവിടെ വളരുകയായിരുന്നു. 

എന്നെ സെക്കന്റ്‌ലാസ്റ്റ് ബെഞ്ചില്‍ പ്രതിഷ്ഠിച്ചുവെങ്കിലും റിയാസ് അില്‍ തൃപ്തിപ്പെട്ടില്ല. എന്നെ പ്രസാദിപ്പിക്കുന്നതിന്റെ ഭാഗമായി രാവിലെ ചായയും വടയും, ഇന്റര്‍വെല്ലിന് ലൈമും  സമൂസയും, ഉച്ചക്ക് പൊറോട്ടയും ഉള്ളിക്കറിയും, സ്‌കൂള്‍ വിട്ട് പോകുമ്പോള്‍ ചിരിയും റ്റാറ്റയും. 

ഞാന്‍ നന്നായി പ്രസാദിക്കുന്നുണ്ടായിരുന്നു. പക്ഷെ, ആ നശിച്ച ജൈവശൃംഖല എന്റെ ചൈതന്യമെല്ലാം കെടുത്തി. '

ഡാ, നീ ഷഹര്‍ബാനോടൊന്ന് ചോയിക്കടാ'-അവനിടക്കിടെ എന്നോട് പറഞ്ഞുകൊണ്ടിരുന്നു. 

'ആടാ.. ഞാന്‍ ചോയിക്കാ, അവളേറ്റ് ഒന്നൂടി കമ്പിന്യാവട്ടെ'.-ഞാനവനെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു. 

അങ്ങിനെ ഒരു മാസം കടന്നു പോയി. എനിക്ക് മനസാക്ഷിക്കുത്ത് അനുഭവപ്പെട്ടു! അവന്റെ സമൂസയും, പൊറാട്ടയും കഴിച്ചിട്ട് ഞാനവന് വേണ്ടിയൊന്നും ചെയ്യുന്നില്ലല്ലോ. ഏതായാലും അവളോടൊന്ന് ചോദിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. 

ഒരു ദിവസം ലഞ്ച് ബ്രേക്കിന് ഞാനവളുടെ ക്ലാസിനടുത്ത് പോയി അവളെ കണ്ടു. ഒരു മുഖവുരയോടെ ഞാന്‍ തുടങ്ങി _ 'ഷഹര്‍ബാനേ.. എനിക്കൊരു കാര്യം ചോയിക്കാന്ണ്ട്. ഞാന്‍ നിന്നെ അറീണോണ്ട് എന്നോട് ചോയിക്കാന്‍ പറഞ്ഞതാ. നീയത് വീട്ടിലൊന്നും പറയേര്ത്. ഞാനും വേറാരോടും ഇതേ കുറിച്ച് പറയില്ല. അങ്ങനെ നിനക്ക് ഉണ്ടെങ്കില് ഉണ്ടെന്നും, ഇല്ലെങ്കില് ഇല്ല്യാന്നും പറഞ്ഞാ മതി.. പക്ഷെ വീട്ടിലൊന്നും പറയേര്ത്, ഒറപ്പല്ലേ.?'

'ഇല്ല്യ, പറയുല്ല്യ..ന്താ പറയ്.' 

'പിന്നേയ്.., എന്റെ ക്ലാസിലെ റിയാസിനെ നിനക്കറിയാലോ?'

'അറിയും' എന്നര്‍ത്ഥത്തില്‍ അവള്‍ തലയാട്ടി. 

'അവന്‍ക്ക് നിന്നെ ഇഷ്ടാണ്, എന്താ ഞാന്‍ അവനോട് പറയണ്ടത്?'

അവളുടെ വെളുത്ത മുഖത്തെ പച്ച ഞരമ്പുകള്‍ മാഞ്ഞു. എന്നെ തുറിച്ചു നോക്കികൊണ്ടവള്‍ പറഞ്ഞു-'എനിക്കങ്ങനൊന്നുംല്ല്യ, അവനോട് മര്യാദക്ക് നടക്കാമ്പറഞ്ഞാളെ.'

ദേഷ്യത്താല്‍ ചുവന്ന് തുടുത്ത അവളുടെ മുഖത്ത് ഞാനാ ജൈവശൃംഖല തെളിഞ്ഞ് കണ്ടു. 

'അത് ഞാമ്പറഞ്ഞോളാ, നീ വീട്ടീല്‍ പറയേര്ത്ട്ടാ.'

'ഇനിയിക്കാര്യം പറഞ്ഞാ ഞാമ്പറയും.'

അതവളുടെ ഒടുക്കത്തെ താക്കീതാണെന്ന് ഞാന്‍ മനസ്സിലാക്കി. 

അവളുടെ മറുപടി അതേപടി റിയാസിനോട് പറയാന്‍ എനിക്ക് മനസ്സു വന്നില്ല. അവന്‍ വിഷമിക്കും. അവന്റെ സന്തോഷത്തിനായി എന്റെ എഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അവളുടെ മറുപടി ഇപ്രകാരം എഡിറ്റ് ചെയ്തു -'എനിക്കങ്ങനൊന്നുംല്ല്യ.'

സ്‌ക്രീനില്‍; നാണത്താല്‍ ചുവന്ന് തുടുത്ത ഷഹര്‍ബാന്റെ മുഖത്ത് പുഞ്ചിരി, വിത്ത് അനിയത്തിപ്രാവിലെ മ്യൂസിക്ക്.

ഞാന്‍ തുടര്‍ന്നു -'ഡാ.. അവളങ്ങനെ പറഞ്ഞാലും, നിന്നോടെന്തോണ്ട്. എനിക്കൊറപ്പാ. പിന്നൊരു കാര്യം. ഞാനിനി അവളോട് ഇതേക്കുറിച്ച് ചോയിക്കില്ല, അവളായിട്ട് നിന്നോട് വന്ന് പറയട്ടെ, നമ്മള്‍ക്കൊരു വെലയൊക്കെ വേണ്ടെ?'

റിയാസിനും സന്തോഷമായി, എന്റെ തടിയും സലാമത്തായി എന്ന് സമാധാനിച്ചിരിക്കുമ്പോള്‍ അവന്റെ ചോദ്യം -'ഡാ.. ഞാനീ ഞാറായ്ച്ച നിന്റെ വീട്ടീക്ക് വര്‌ട്ടേ, ബൈക്കേറ്റ്?'

'എന്തിനാത്?'

'ഷഹര്‍ബാനെ കാണാന്.'

എഡിറ്റ് ചെയ്യേണ്ടിയിരുന്നില്ല, ഉള്ളത് പറഞ്ഞാല്‍ മതിയായിരുന്നു. ഇതിപ്പോള്‍ നാട്ടുകാരേയും കൂടി ശൃംഖലയില്‍ ചേര്‍ക്കേണ്ട അവസ്ഥയിലായി ഞാന്‍. 

'നീ വീട്ടില്‍ക്കൊന്നും വരണ്ട, അതൊക്കെ വല്ല്യ പ്രശ്‌നാവും'.

ഞാന്‍ ഒരുപാട് പണിപ്പെട്ട് അവനെ അതില്‍ നിന്നും പിന്തിരിപ്പിച്ചു.

അങ്ങിനെ മാസങ്ങള്‍ കഴിഞ്ഞു.ആ അധ്യായന വര്‍ഷം അവസാനിക്കാന്‍ കഷ്ടി ഒരു മാസം ബാക്കി. ഷഹര്‍ബാന്റെ മനസ്സിളക്കാന്‍ റിയാസിന് കഴിഞ്ഞില്ലെങ്കിലും, അവന്‍ പിന്മാറിയില്ല. പുതിയ മൂവ്‌മെന്റുകളുമായി അവന്‍ മുന്നോട്ട് പോയി. അതില്‍ എടുത്ത് പറയേണ്ട മൂവ്‌മെന്റായിരുന്നു 'എസ്‌കോര്‍ട്ട് മൂവ്‌മെന്റ്'. 

സ്‌കൂള്‍ വിട്ട് ഷഹര്‍ബാന്‍ ബസ്സില്‍ വരുമ്പോള്‍ ചേലക്കടവ് വരെ ബൈക്കില്‍ പിന്തുടര്‍ന്ന് വരികയെന്നതായിരുന്നു റിയാസിന്റെ പ്രണയകാലഘട്ടത്തിലെ അതിസുപ്രധാനമായ 'എസ്‌കോര്‍ട്ട് മൂവ്‌മെന്റ്.' 

ചേലമരങ്ങളും, മുളങ്കാടുകളും, ശീമക്കൊന്നകളും അതിരിട്ട് നില്‍ക്കുന്ന കുന്നിന്‍ ചെരുവിലെ ചേലക്കടവില്‍ മൂക്കുതല - ചേലക്കടവ് റോഡ് അവസാനിക്കുന്നു. മൂന്ന് ഭാഗവും കായലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ആ ഉള്‍ഗ്രാമ പ്രദേശമാണ് മൂക്കുതല ഗ്രാമത്തിന്റെ ഒരറ്റമായ ചേലക്കടവ്. എന്റെ നാട്. ഏതാണ്ടൊരു എട്ട് വര്‍ഷം മുന്‍പു വരെ ചേലക്കടവത്തേക്ക് വന്നുപോകാന്‍ മൂക്കുതല - ചേലക്കടവ് റോഡ് മാത്രമേ ഉണ്ടായിരുന്നുള്ളു. ചേലക്കടവത്ത് വന്ന് അലമ്പ് കളിച്ചവരെല്ലാം രക്ഷപ്പെടാന്‍ വഴിയില്ലാതെ കുടുങ്ങിയ ചരിത്രമേ ഒരെട്ട് വര്‍ഷം മുന്‍പ് വരെ ചേലക്കടവിന് പറയാനുണ്ടായിരുന്നൊള്ളൂ എന്ന് സാരം. അങ്ങിനെയുള്ള ബെര്‍മുഡ ട്രയാംഗിളിലേക്ക് കപ്പലോടിച്ച് വരുന്നത് നല്ലതിനല്ലെന്ന് ഞാന്‍ റിയാസിനോട് പലവട്ടം പറഞ്ഞു നോക്കി. അനുസരിച്ചില്ല!

അന്നൊക്കെ വൈകുന്നേരങ്ങളില്‍ ചേലക്കടവത്തേക്ക് മണിക്കൂറില്‍ ഒരു ബസ്സേയുള്ളൂ. ഞാനും, ഷഹര്‍ബാനും, ചേലക്കടവത്തേക്കുള്ള ഒട്ടുമിക്ക്യ കുട്ടികളും 'തിത്തീവി' എന്ന് പേരുള്ള ആ ചറിയ ബസ്സിലായിരുന്നു സ്‌കൂള്‍ വിട്ട് വന്നിരുന്നത്. ആ ബസ്സിന്റെ പിറകേ റിയാസും അവന്റെ കൂട്ടിന് ഞങ്ങളുടെ സഹപാഠികളായ ഷമീറും, റാഫിയും ത്രിബിളടിച്ച് ബൈക്കില്‍ വരുന്നത് പതിവായി. പള്ളിയും മദ്രസയും കടമുറികളും ചേര്‍ന്ന ചെറിയൊരു കവല. ആ കവലയില്‍ നിന്നും വളവും തിരിവുമില്ലാതെ ഒരിടവഴിയങ്ങിനെ നീണ്ടു നിവര്‍ന്ന് നീളത്തില്‍ കിടക്കുകയാണ്. അതാണ് ഷഹര്‍ബാന്റെ വീട്ടിലേക്കുള്ള വഴി. ഷഹര്‍ബാന്‍ കവലയില്‍ ബസ്സിറങ്ങി ഇടവഴിയിലൂടെ നടന്ന് വീടെത്തുന്നതും നോക്കി കവലയില്‍ നിന്ന് നിര്‍വൃതി കൊള്ളുക. അതായിരുന്നു റിയാസിന്റെ എസ്‌കോര്‍ട്ട് മൂവ്‌മെന്റിന്റെ ഉദ്ദേശലക്ഷ്യം. 

എസ്‌കോര്‍ട്ട് മൂവ്‌മെന്റ് ഏതാണ്ടൊരു പത്ത് ദിവസം പിന്നിട്ടിരിക്കും. പതിവ് പോലെ സ്‌കൂള്‍ വിട്ട് ഞങ്ങള്‍ തിത്തീവിയില്‍ വരുന്നു. പള്ളിക്കവലയില്‍ ബസ്സ് നിര്‍ത്തിയതും ബസ്സിന് പിറകില്‍ ശക്തിയായെന്തോ ഇടിച്ച ശബ്ദം കേട്ട് ഞങ്ങളെല്ലാവരും പുറത്തിറങ്ങി നോക്കി. അതാ നടുറോഡില്‍ കിടക്കുന്നു അടുപ്പിന് കല്ലിട്ടപോലെ റിയാസും, ഷമീറും, റാഫിയും!

നാട്ടുകാരെല്ലാം ഓടിക്കൂടി അവരെ പിടിച്ചെഴുന്നേല്‍പിച്ചു. ഇല്ല, സാരമായൊന്നും പറ്റിയിട്ടില്ല. റിയാസിന്റെ ചുളിവ് വീഴാത്ത ഷര്‍ട്ടില്‍ ഒന്ന് രണ്ടിടത്തായി കീറിയിട്ടുണ്ട്. ഷെമീറിന്റെ മുട്ട് പൊട്ടിയിട്ടുണ്ട്. റാഫിയുടെ മുഖത്ത് ചെറിയൊരു മുറിവും. വണ്ടിക്ക് ഇനി കാര്യമായി പറ്റാനൊന്നുമില്ല. ഏതോ യുദ്ധത്തിന് പോയ മട്ടും ഭാവവും! 

അവര്‍ക്കൊന്നും പറ്റിയിട്ടില്ലെന്ന് ഉറപ്പായതോടെ ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു.

'എന്നാ ഇങ്ങള് മൂന്നാളും ഇവടെ ഇരിക്ക്.'

ആരൊക്കെയോ ചേര്‍ന്നവരെ കടത്തിണ്ണയിലിരുത്തി. 

'ഇങ്ങള് മൂന്നാളും ഇവടെക്കെടന്ന് കൊറേ ദിവസായല്ലോ കറങ്ങ്ണ് എന്താ കാര്യം?' 

ഈ ചോദ്യത്തിനു പിറകേ നാട്ടുകാരെല്ലാം ഇവര്‍ക്കു ചുറ്റും കൂടി നിന്നു. ഞാനാ വട്ടത്തിന് പുറത്തും. 

അവിടെ സമ്മേളിച്ച പൗരപ്രമുഖര്‍ ഓരോ ചോദ്യങ്ങള്‍ ഇവരോട് ചോദിക്കുകയാണ് -'ഇങ്ങടെ വീടെവ്‌ടെ? ഇങ്ങളെന്തിനാ ഇവടെ കറങ്ങ്ണത്? ആരെക്കാണാനാ ഇവടെ വര്ണത്?'

'സത്യമ്പറഞ്ഞോളിന്‍.. ഇല്ലെങ്കി മൂന്നിന്റേം മുട്ട് കാല് തച്ചിമുറിക്കും.'

എല്ലാം ചോദ്യങ്ങള്‍ക്കുമുള്ള മറുപടിയായവര്‍ പറഞ്ഞു-'ഞങ്ങള് അംജദിന്റെ കൂട്ടുകാരാ, ഞങ്ങളോനെ കാണാനാ വര്ന്നത്.'

'ഹൗ! ന്റെ കുരിപ്പേളേ ഇങ്ങള്‌ന്നെ കൊലക്ക് കൊട്ത്തിലേ.'-ഞാന്‍ നെഞ്ചത്ത് കൈവെച്ച് മനസ്സില്‍ പറഞ്ഞു.

'എവടെ അംജദ്?'

പൗരപ്രമുഖര്‍ അന്യോന്യം ചോദിച്ചു. 

എല്ലാം കേട്ട്‌കൊണ്ട് പീടികക്കോലായിന്റെ മൂലയില്‍ 'ഹനുമാന്‍ തീയിട്ട ലങ്ക പോലെ' നിന്നുകത്തുകയായിരുന്ന എനിക്കുമേല്‍ ഓരേ സമയം ഇരുന്നൂറില്‍പരം കണ്ണുകള്‍ പതിച്ചു. 

'വാ..  അഞ്ചദും ആറദൊക്കെ ഇവടെ വാ.. ചോയിക്കട്ടെ..' 

എന്റെ വിലപ്പെട്ട വാക്കുകള്‍ക്കായി പൗരപ്രമുഖരെന്നെ വട്ടത്തിനകത്തേക്ക് ക്ഷണിച്ചു. നാട്ടുകാര്‍ എനിക്ക് വഴിയൊരുക്കി. ആള്‍ക്കൂട്ടത്തിനിടയിലൂടെ രക്ഷകനായി കടന്നു വരുന്ന എനിക്ക് ചുറ്റും എന്റെ സഹപാഠികളൊരു പ്രകാശ വലയം കണ്ടു. ആ പ്രകാശ രശ്മികള്‍ പതിച്ച് സഹപാഠികളുടെ മുഖങ്ങള്‍ വെട്ടിത്തിളങ്ങുന്നത് എനിക്ക് കാണാമായിരുന്നു. 

'അംജദേ... ഇവരെല്ലാ ദിവസോം നിന്നെ കാണാനെന്തിനാ ഇവടെ വര്ണത്? നിന്നെന്നും ഇസ്‌കൂളീന്ന് കാണ്ന്ന ഇവരെന്തിനാ ഇവടെ വന്ന്ട്ട് പിന്നേം കാണ്ന്നത്? ഇവര് ആരെ കാണാനാ ഇവടെ വര്ന്നത്? സത്യംമ്പറഞ്ഞോ.. ഇല്ലെങ്കി ഞങ്ങള് നിന്റെ വീട്ടില് വന്ന് പറയും.'

ഞാനെന്റെ സഹപാഠികളുടെ മുഖത്തേക്ക് നോക്കി. യാചനാനിര്‍ഭരമായ കണ്ണുകള്‍. എന്നില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണവര്‍. ഒരു സുഹൃത്തെന്ന നിലയില്‍ ആപദ്ഘട്ടത്തില്‍ സഹായിക്കേണ്ടത് എന്റെ കടമയാണ്. ചുറ്റും കൂടി നിന്ന പൗരപ്രമുഖരേയും നോക്കി. എന്റെ മറുപടിക്കായി കാത്തു നില്‍ക്കുകയാണവര്‍. എന്റെ വാക്കൊന്ന് പിഴച്ചാല്‍ ഞാന്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍. എന്തും സംഭവിക്കാം, പക്ഷേ എനിക്ക് പറഞ്ഞേ പറ്റൂ. എനിക്ക് രക്ഷിച്ചേ പറ്റൂ. എന്തും വരട്ടെ... ഞാനൊരു നിമിഷം ആലോചനയില്‍ മുഴുകി നിന്നു. ആ നിമിഷം ഒരു മാര്‍ഗ്ഗം എന്റെ മനോമുകുരത്തില്‍ തെളിഞ്ഞു. ഞാനെന്റെ കണ്ണുകളിറുക്കിയടച്ച് ഒറ്റശ്വാസത്തില്‍ പറഞ്ഞു-'ഇവര് എന്നെ കാണാനൊന്നല്ല വര്ണത്, എന്തിനാ വര്ണതെന്ന് എനിക്കറീലാ.'

എനിക്ക് രക്ഷിച്ചേ പറ്റൂമായിരുന്നൊള്ളൂ...എന്റെ സ്വന്തം തടി! 

ഞാന്‍ പതിയേ കണ്ണ് തുറന്ന് സഹപാഠികളുടെ മുഖത്തേക്ക് നോക്കി. അവരുടെ ഉള്ളില്‍ ഒരു ഭീകര രഹസ്യം ഒളിഞ്ഞു കിടപ്പുണ്ടെന്ന് എനിക്ക് തോന്നി. ഞാനവരുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. അവരുടെ കണ്ണുകള്‍ ആ ഭീകര രഹസ്യം എന്നോട് വിളിച്ചു പറഞ്ഞു-'നീ നാളെ ക്ലാസ്സിന് വാടാ, ഇതിന്ള്ള മുട്ടായി നിനക്ക് അവ്ട്ന്ന് താരാട്ടാ.'

ഞാന്‍ ആള്‍ക്കൂട്ടത്തിന് പുറത്ത് കടന്നു. 

'ഇനിയെട്ടം ഇങ്ങളെയീ പരിസരത്ത് കണ്ടാ, മൂന്നിന്റേം പെരടി വണ്ണം വെപ്പിച്ച് വിടും.. പോയ്ക്കോളിന്‍.'

കുട്ടികളായതുകൊണ്ട് കൈവെക്കുകയോ, തടങ്കലില്‍ വെക്കുകയോ, റഷ്യന്‍ എംബസിയില്‍ നിന്നും മോസ്‌കോ അധികൃതരെ വിളിച്ചു വരുത്തുകയോ ചെയ്യാതെ, യാത്രാ വിലക്കേര്‍പ്പെടുത്തി നാട്ടുകാരവരെ പറഞ്ഞുവിട്ടു. 

ചേലക്കടവുകാരുടെ സമയോചിതമായ ഇടപെടല്‍കൊണ്ട് ഒരു രാജ്യാന്തര പ്രശ്‌നം ഒഴിവായെങ്കിലും, രണ്ട് ദിവസം ക്ലാസിന് പോകാതിരിക്കാന്‍ പുറത്ത് കാണാത്ത എന്ത് അസുഖമാണ് വീട്ടില്‍ അഭിനയിച്ച് ഫലിപ്പിക്കേണ്ടത് എന്ന ചിന്തയില്‍ ഞാന്‍ വീട്ടിലേക്ക് പതിയെ നടന്നു. 

വയറിളക്കം നല്ലൊരു ഓപ്ഷനായിരുന്നു. 

അന്ന് രാത്രി ഏഴ് മണിയോടെ എനിക്ക് കലശലായ വയറിളക്കം പിടിപെട്ടു. 

ഉമ്മ ഇഞ്ചിനീരും ചെറുനാരങ്ങാനീരും കുത്തിപ്പിഴിഞ്ഞ് തന്നു. പോരാത്തതിന് ചെന്തങ്ങിന്റെ ഇളനീരും.. മരുന്നിന്റെ ഫലമൊന്നുകൊണ്ട് മാത്രം, മൂന്നാം ദിവസം വയറിളക്കം നിന്നെങ്കിലും, കടുത്ത വയറ് കാളിച്ചയും, ശക്തിയായ നെഞ്ചിടിപ്പും കൊണ്ടാണ്  ഞാന്‍ മൂന്നാം ദിവസം ക്ലാസ്സിലേക്ക് കയറിച്ചെന്നത്. 

മൂന്ന് പേരും എന്നെ കണ്ടിട്ടും കാണാത്തത് പോലെ ഇരുന്നു. 

ഞാന്‍ അതിമനോഹരമായി പുഞ്ചിരിച്ചവരുടെ അടുത്ത് പോയിരുന്നു. 

അവരുടെ ഭാഗത്ത് നിന്നൊരു പ്രതികരണവുമില്ല. ഞാന്‍ പതുക്കെ ഷമീറിന്റെ തോളത്ത് കൈ വെച്ചതും, മൂന്ന് പരും എന്റെ നേര്‍ക്ക് ചാടി-'ഡാ.. ചതിയാ'.. എന്നതില്‍ തുടങ്ങി, പരമ്പരാഗതവും എന്നാല്‍ പുതുമയൊട്ടും ചോര്‍ന്നു പോകാതേയും 'അരക്കെന്ന് കീഴ്‌പോട്ടേക്ക്' പ്രമേയമാക്കി ഒരു സംഘഗാനം വളരെ തന്മയത്വത്തോടെ അവരെന്നെ പാടിക്കേള്‍പ്പിച്ചു.

'നിന്റെ നാട്ടില് ഞങ്ങള് വന്ന് കുടിങ്ങീപ്പോ നീ നിന്റെ തടി കെയ്ച്ചിലാക്കി. മത്യേടാ.. നിന്നേറ്റ്ള്ള കമ്പനി നിര്‍ത്തി.'

ഞാനടുത്തേക്ക് ചെല്ലുമ്പോഴൊക്കെ തള്ളക്കോഴി മുതിര്‍ന്ന കുഞ്ഞുങ്ങളെ കൊത്തിയാട്ടും പോലെ അവരെന്നെ ആട്ടിയകറ്റി. 

ഉച്ചയൂണിന്റെ ഇടവേളവരെ ആ പരിഭവത്തിന് ആയുസ്സുണ്ടായുള്ളൂ.

ആ അധ്യായന വര്‍ഷം അവസാനിച്ചു. ചില സാങ്കേതിക കാരണങ്ങളാല്‍ പ്ലസ്ടുവിന് ഞാന്‍ മൂക്കുതല സ്‌കൂളില്‍ തുടര്‍ന്നില്ല. മറ്റൊരു സ്‌കൂളിലേക്ക് മാറി. പുതിയ ക്ലാസ് മുറിയില്‍ പുതിയ സൗഹൃദങ്ങളുമായി പഴയ ലാസ്റ്റ് ബെഞ്ചില്‍ പുതിയ കലാലയാനുഭവങ്ങള്‍ കെട്ടിപ്പടുക്കുന്നതിന്റെ തിരക്കില്‍ ഞാന്‍ മുഴുകി. പിന്നീട് റിയാസിന്റെ ലോകത്തേക്കുറിച്ച് ഞാനോ, എന്റെ ലോകത്തേക്കുറിച്ച് റിയാസോ അറിഞ്ഞില്ല!

വര്‍ഷം ചിലത് കഴിഞ്ഞു.

2013. അബൂദാബിയിലെ ഒരു സായാഹ്നം. 

പരിചയമില്ലാത്ത യു.എ.ഇ നമ്പറില്‍ നിന്നും ഒരു കോള്‍ വന്നു. 

ഹലോ!-ഞാന്‍ ഫോണെടുത്തു. 

ഞാന്‍ കേട്ട് മറന്ന ശബ്ദത്തില്‍, മറുതലക്കല്‍ നിന്ന് സലാം പറഞ്ഞു. 

'വ അലൈക്കുംമുസലാം..,ആരാ?' 

'ഞാനാടാ റിയാസാ.. റിയാസ് മോസ്‌കോ'

ഞങ്ങള്‍ വലിയ സന്തോഷത്തില്‍ പരസ്പരം വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. 

സംസാരത്തിനിടയിലെ അല്‍പ നിശബ്ദതക്ക് ശേഷം അവന്‍ ചോദിച്ചു-'ഡാ.. നീയറിഞ്ഞാ?'


'യെന്ത്?'-അല്പം ജിജ്ഞാസയോടെ ഞാന്‍ ചോദിച്ചു. 

'നിന്റെ നാട്ടുകാരി ഷഹര്‍ബാന്റെ കല്ല്യാണം!'

അവന്റെയുള്ളിലൊരു നീറ്റലുള്ളത് പോലെ എനിക്കനുഭവപ്പെട്ടു. 

'ഞാനര്‍ഞ്ഞീല്ല്യ. നീയത് ഇതുവരേ വിട്ടില്ലേ?'

'അതങ്ങനെ വ്ടാന്‍ പറ്റോടാ? അതങ്ങനല്ലേ?'

അതെ, അതങ്ങിനെ തന്നെ! 

നഷ്ടപ്പെടലിന്റെ വേദന. 

റിയാസിന്റെ മനസ്സ് മറ്റാരേക്കാളും എനിക്ക് മനസ്സിലാകും.. അതിനുമാത്രം അനുഭവജ്ഞാനം ഈ വിഷയത്തില്‍ ഞാനിപ്പോള്‍ ആര്‍ജിച്ചിട്ടുണ്ട്. 

'ഡാ.. നീയത് വിട്, നിനക്ക് അവളേക്കാളും നല്ലയ്‌നെ കിട്ടും. നീ വെഷമിക്കെണ്ടാ.'

ഇത്തരം സന്ദര്‍ഭങ്ങളില്‍ എല്ലാവരും കൊടുക്കുന്ന അതേ ആശ്വാസവാക്കുകള്‍ ഞാനും പകര്‍ന്നു കൊടുത്തു. അവനെല്ലാത്തിനും ഒന്ന് മൂളുക മാത്രം ചെയ്തു. 

'അല്ല റിയാസേ.. നീയോള്‌ടെ എല്ലാ കാര്യോ അറീണ്ടല്ലോ, അവളേ എവ്ട്ക്കാ കെട്ടിക്ക്ണത്?'

'അത് കക്കിടിപ്പൊര്‍ത്ത്ക്ക്, ചെക്കന്റെ പേര് 'റിയാസ് മോസ്‌കോ..!'

#

റിയാസും ഷഹര്‍ബാനും ആജീവനാന്ത ഉടമ്പടിയില്‍ ഒപ്പ് വെച്ചു. ചേലക്കടവത്തേക്കുള്ള റിയാസിന്റെ യാത്രാ വിലക്ക് നീങ്ങി. മോസ്‌കോ - ചേലക്കടവ് നയതന്ത്രബന്ധം മെച്ചപ്പെട്ടു. ആ നയതന്ത്രബന്ധത്തേ തുടര്‍ന്ന് മോസ്‌കോയുടെ ജനസംഖ്യാ വളര്‍ച്ചക്ക് ആക്കംകൂട്ടി, അവരുടെ രണ്ടരുമ സന്താനങ്ങളിന്ന് മോസ്‌കോ പൗരത്വം കയ്യാളുന്നു. 
 

Latest Videos
Follow Us:
Download App:
  • android
  • ios