പുലികളിക്ക് കിട്ടിയ പത്തുരൂപാ നോട്ടുകള്‍, അതിലും നല്ലൊരു ഓണസദ്യ പിന്നൊരിക്കലും കഴിച്ചില്ല!
ഉത്രാട ദിവസം രാവിലെ വീടിന്റെ വാതില്‍ തള്ളി തുറന്ന് പട്ടിണി അകത്തു വന്നു. ഞാന്‍ എരിഞ്ഞ വയറുമായി വീടിന് വെളിയിലിറങ്ങി വടക്കോട്ട് നടന്നു. ആ നടപ്പ് ചെന്നവസാനിച്ചത് നസീബ് ഇക്കായുടെ വീടിന് മുന്‍വശമായിരുന്നു.
അവിടെ ചെന്നപ്പോള്‍ സീബ് ഇക്കായുടെ നേതൃത്വത്തില്‍ അടുത്ത ദിവസം പുലി കളിക്ക് ഇറങ്ങാനുള്ള റിഹേഴ്‌സല്‍ നടക്കുകയായിരുന്നു. ഒരു തുരുമ്പിച്ച മണ്ണെണ്ണ പാട്ടയില്‍ സിറാജിക്കാ കൊട്ടുന്നു. എന്റെ അതേ പ്രായത്തിലുള്ള കരുമാടി എന്ന് ഇരട്ട പേരുള്ള സുമേഷ് പുലിയായും സീബ് ഇക്കാ സായിപ്പായി കൈയ്യിലൊരു ഓലമടല് തോക്കായും പിടിച്ച് പുലികളിയുടെ താളത്തില്‍ കാലു വെക്കുന്നു.
ഓണം എന്നും എനിക്ക് ഓര്‍മ്മകളുടെ ഒന്നാംതരം സദ്യ വിളമ്പാറുണ്ട്. അതിലെ വിഭവങ്ങളില്‍ കൂടുതലും കയ്‌പേറിയതാണെങ്കിലും ഇന്ന് ആലോചിക്കുമ്പോള്‍ ആ കയ്പാണ് ആ ഓര്‍മ്മകളെ മഹത്തരമാക്കുന്നത് എന്ന് മനസിലാക്കുന്നു.
പുന്നപ്ര യു പി സ്‌കൂളില്‍ ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുന്ന കാലം. വീടിന് എതിര്‍വശമുള്ള അമ്പലപ്പറമ്പിന്റെ തെക്കേ അതിരിലുള്ള കമലാമ്മയുടെ കശുമാവിന്റെ തടിയന്‍കൊമ്പിലെ ഊഞ്ഞാലില്‍ തൂങ്ങി ഓണം വന്നു. ഇന്നത്തെ പോലെയല്ല ഭക്ഷണം മിതമായി കിട്ടുന്ന കാലം. എന്റെ വീടാകട്ടെ വറുതിയുടെ നടുക്കായിരുന്ന സമയവും. അച്ഛന്‍ മത്സ്യതൊഴിലാളിയായിരുന്നു. വീട്ടില്‍ അമ്മയും എനിക്ക് മീതേ രണ്ട് ചേച്ചിമാരും.
അത്തം പിറന്ന് ചിത്തിര കടന്ന് ചോതി വിളഞ്ഞ് വിശാഖം എത്തിയപ്പോഴേ വീട്ടിലെ അരിക്കലം കാലിയായിരുന്നു. പൂരാടം വരെ അമ്മയുടെ വിരലടയാളം പതിഞ്ഞ റൊട്ടി കഴിച്ച് ഞങ്ങള്‍ ഓണമാഘോഷിച്ചു. ഉത്രാട ദിവസം രാവിലെ വീടിന്റെ വാതില്‍ തള്ളി തുറന്ന് പട്ടിണി അകത്തു വന്നു. ഞാന്‍ എരിഞ്ഞ വയറുമായി വീടിന് വെളിയിലിറങ്ങി വടക്കോട്ട് നടന്നു. ആ നടപ്പ് ചെന്നവസാനിച്ചത് നസീബ് ഇക്കായുടെ വീടിന് മുന്‍വശമായിരുന്നു.
ഞങ്ങളുടെ സ്വന്തം ക്രിക്കറ്റ് ക്ലബ്ബായ 'ഗ്രാമീണ' യുടെ സെക്രട്ടറിയും പ്രസിഡന്റും ക്യാപ്റ്റനും ബൗളറും ബാറ്റ്‌സ്മാനും, ക്ലബ്ബിന്റെ വാര്‍ഷികത്തിലെ മികച്ച ബ്രേക്ക് ഡാന്‍സറുമായിരുന്നു സീബ് ഇക്കാ. കുട്ടികളായ ഞങ്ങളുടെ സൂപ്പര്‍ ഹീറോയെന്ന് പറയാം.
ഇക്കായുടെ വീടിന് മുന്‍വശമുള്ള വിശാലമായ കളിസ്ഥലമായിരുന്നു ഞങ്ങളുടെ ക്രിക്കറ്റ് പിച്ച്. എന്നേക്കാള്‍ ഒരു അഞ്ച് വയസ്സോളം മൂപ്പ് കാണും സീബ് ഇക്കാക്ക്. പക്വത പക്ഷേ 30 വയസിന്റെയായിരുന്നു. അതുകൊണ്ടായിരിക്കാം നാട്ടിന്‍പുറത്തെ ഒരു ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിലെ ഫൈനലില്‍ നിര്‍ണ്ണായകമായ ഒരു ക്യാച്ച് നശിപ്പിച്ച എന്നെ ക്യാപ്റ്റനായ ഇക്കാ ഒഴികെ ബാക്കിയുള്ളവരെല്ലാം ചീത്ത വിളിച്ചത്.
ഞാന്‍ അവിടെ ചെന്നപ്പോള്‍ സീബ് ഇക്കായുടെ നേതൃത്വത്തില്‍ അടുത്ത ദിവസം പുലി കളിക്ക് ഇറങ്ങാനുള്ള റിഹേഴ്‌സല്‍ നടക്കുകയായിരുന്നു. ഒരു തുരുമ്പിച്ച മണ്ണെണ്ണ പാട്ടയില്‍ സിറാജിക്കാ കൊട്ടുന്നു. എന്റെ അതേ പ്രായത്തിലുള്ള കരുമാടി എന്ന് ഇരട്ട പേരുള്ള സുമേഷ് പുലിയായും സീബ് ഇക്കാ സായിപ്പായി കൈയ്യിലൊരു ഓലമടല് തോക്കായും പിടിച്ച് പുലികളിയുടെ താളത്തില്‍ കാലു വെക്കുന്നു. കൊട്ട് മൂത്ത് വന്നപ്പോള്‍ ഇത് കണ്ട് നിന്ന ഞാനും കളത്തിലിറങ്ങി ചുവടുവെയ്ക്കാന്‍ തുടങ്ങി. കൊട്ട് മൂത്ത് അവസാനം സീബ് ഇക്കാ കൈയ്യിലിരുന്ന മടല് കൊണ്ട് പുലികളായ എന്നെയും കരുമാടിയേയും വെടിവെച്ച് കൊന്നു. ''നാളെ നീയാണ് ഒരു പുലി, സമ്മതിച്ചോ..?''
കിതച്ചു കൊണ്ട് ഉരിഞ്ഞു പോയ നിക്കറിന്റെ പിന്ന് കുത്തി നിന്ന എന്നോട് സീബ് ഇക്കാ ചോദിച്ചു. ''നൂറ്റൊന്ന് വട്ടം സമ്മതം'' ഞാന്‍ പറഞ്ഞു.
അന്ന് രാത്രി അമ്മ എവിടുന്നോ കടം വാങ്ങി വെച്ച അരിയുടെ കഞ്ഞി കുടിച്ച് കിടന്നുറങ്ങുമ്പോള്‍ സ്വപ്നത്തില്‍ മുഴുവന്‍ ഞാന്‍ പുലിച്ചുവട് വെച്ച് ഒടുവില്‍ വെടിയേറ്റ് തളര്‍ന്നുറങ്ങി. പിറ്റേന്ന് ഉത്രാട ദിനം രാവിലെ തന്നെ പഴയ ഒരു നിക്കറുമിട്ട് ഞാന്‍ സീബ് ഇക്കായുടെ വീടിന് മുന്നിലെത്തി. കരുമാടി മഞ്ഞ ചായത്തില്‍ മുങ്ങി പുലിയുടെ മുഖം മൂടി അണിഞ്ഞ് വാലിളക്കി നില്‍പ്പുണ്ടായിരുന്നു. ഇക്കാ, കലക്കി വെച്ച മഞ്ഞച്ചായം എന്റെ ദേഹം മുഴുവന്‍ തേച്ചു. പുള്ളിക്കുത്തുകള്‍ ഇട്ടു. പുലിയുടെ മുഖം മൂടി അണിഞ്ഞ് വാല് കെട്ടി ഞാനൊരു പുലിയായി മാറി, കാണാന്‍ നിന്നിരുന്ന കുഞ്ഞ് കുട്ടികളെ പേടിപ്പിച്ചു ഓടിച്ചു.
അങ്ങനെ ഞങ്ങള്‍ വീടുകള്‍ തോറും കയറിയിറങ്ങി പുലികളി തുടങ്ങി. ഞങ്ങളോടൊപ്പം ഓണം നാട്ടിലിറങ്ങി. സീബ് ഇക്കാ എങ്ങനെയോ ഒരു ചെണ്ട ഒപ്പിച്ചിട്ടുണ്ടായിരുന്നു. ചെണ്ടമേളത്തില്‍ പുലികളിയുടെ താളം എന്റെ ചെവികളില്‍ കൊടുമ്പിരി കൊണ്ടു. കാലുകളില്‍ ആവേശം തുള്ളിക്കളിച്ചു. ആ സമയം ഞാനൊരു പുലിയായിരുന്നു. വേട്ടക്കാരനില്‍ നിന്ന് വെടിയേറ്റ് മരിക്കാന്‍ ആഗ്രഹിക്കാത്ത പുലി. പക്ഷേ ഓരോ തവണയും ഞാന്‍ വെടിയേറ്റു താഴെ വീണു കൊണ്ടേയിരുന്നു.
വൈകിട്ട് 7 മണിയോട് കൂടി അന്നേ ദിവസത്തെ കളി കഴിഞ്ഞു. ചായം തേച്ച് കളയാനായി ഞാനും കരുമാടിയും അമ്പലക്കുളത്തിലേക്ക് ഓടി. എന്റെ പുറത്തെ ചായം കരുമാടിയും അവന്റെ പുറത്തെ ചായം ഞാനും ചകിരിയും സോപ്പും ഉപയോഗിച്ച് ഉരച്ചു കളഞ്ഞു. അതിനു ശേഷവും പുലിയുടെ അവശേഷിപ്പുകള്‍ ഞങ്ങളില്‍ വ്യക്തമായിരുന്നു. വീട്ടിലെത്തിയ എന്റെ മുന്നിലേക്ക് അമ്മ ഒരിത്തിരി ചോറും ചമ്മന്തിയും നീക്കിവെച്ചു. ഇരയെടുക്കുന്ന പുലിയുടെ ആര്‍ത്തിയോടെ ഞാന്‍ വയറുനിറച്ചു.
അടുത്ത ദിവസം തിരുവോണമായിരുന്നു. അന്നും ഞാന്‍ പുലിയായി നിറഞ്ഞാടി. ഉച്ചകഴിഞ്ഞ് 3 മണിയോട് കൂടി അന്ന് കളി നിര്‍ത്തി ഞങ്ങള്‍ തിരികെ എത്തി. പിരിയുന്നതിന് മുന്‍പ് സീബ് ഇക്കാ എന്റെ കൈയ്യില്‍ പത്ത് രൂപയുടെ ആറ് നോട്ടുകള്‍ തന്നിട്ട് പറഞ്ഞു, ''ഇത് നിനക്കുള്ളത്.., കിട്ടിയതിന്റെ ഒരു ഭാഗം.''
ഞാനാ പഴകിയ നോട്ടുകളിലേക്ക് ഒന്നു നോക്കി. ജീവിതത്തിലാദ്യമായി എനിക്ക് കിട്ടുന്ന കൂലിയായിരുന്നു അതെന്ന് അന്ന് എനിക്ക് മനസിലായിരുന്നില്ല.
ഞാനും കരുമാടിയും അമ്പലക്കുളത്തിലേക്ക് ഓടി.
''നീ.. അങ്ങോട്ട് പൊയ്‌ക്കോ ഞാനിപ്പം വരാം..''
ഓടുന്ന വഴി വീട്ടിലേക്ക് തിരിഞ്ഞു കൊണ്ട് കരുമാടിയോട് ഞാന്‍ വിളിച്ചു പറഞ്ഞു.
വീടിന് മുന്നില്‍ തന്നെ തൊണ്ട് തല്ലിയെടുത്ത ചകിരി വെയിലത്ത് ഉണക്കാനിട്ടു കൊണ്ട് അമ്മ നില്‍പ്പുണ്ടായിരുന്നു. കിതച്ചു കൊണ്ട് പുലിവേഷത്തില്‍ ഞാന്‍ അമ്മയുടെ മുന്നില്‍ നിന്നു. ''ഇന്ന് നേരത്തേയാണല്ലോ..?''
അമ്മ ചിരിച്ചു കൊണ്ട് എന്നെ നോക്കി ചോദിച്ചു. ഞാന്‍ പോക്കറ്റില്‍ നിന്നും ചുരുട്ടിയ പത്ത് രൂപാ നോട്ടുകള്‍ അമ്മക്ക് നേരേ നീട്ടി. അമ്മ ഒരു നെടുവീര്‍പ്പോടെ കൈ നീട്ടി അത് വാങ്ങി.
''ഞാന്‍ കുളിച്ചിട്ട് വരാമ്മേ..'' എന്ന് പറഞ്ഞ് ഞാന്‍ തിരിഞ്ഞോടി.
ഞാനും കരുമാടിയും ഉണങ്ങിയ ചായം ഉരച്ചു കളയാന്‍ അന്ന് ഒരുപാട് ബുദ്ധിമുട്ടി. തിരിച്ച് അമ്പല പറമ്പിലെ ചൂടേറ്റ് തിളച്ച പഞ്ചാര മണലില്‍ ചവിട്ടി പിടികൊടുക്കാതെ കാലു വെച്ച് വീട്ടിലെത്തിയപ്പോള്‍ അമ്മ പുളിശേരിയും അവിയലും കൂട്ടാനാക്കിയ ചോറ് വിളമ്പി മുന്നില്‍ വെച്ചു, തിരുവോണ സദ്യ. ഞാന്‍ ഇന്നേവരെ കഴിച്ച ഏറ്റവും സമൃദ്ധമായ ഓണസദ്യയായിരുന്നു അത്. അതിന് മുന്‍പും ശേഷവും ഇത്ര രുചിയുള്ള ഒരു ഓണസദ്യ എന്റെ നാവിലെയും തലച്ചോറിലേയും വിശപ്പിനെ കൊന്നൊടുക്കിയിട്ടില്ല.