പറയേണ്ടത് പറയാനും ചെയ്യേണ്ടത് ചെയ്യാനും ആരെയും ഭയന്നില്ല, ഗൊദാര്‍ദ്

1960-കളില്‍ സിനിമയുടെ ഗതിവേഗവും ദിശാബോധവും മാറ്റി എഴുതിയ ഗൊദാര്‍ദ് എന്ന മഹാനായ ചലച്ചിത്രകാരന്‍  വിട വാങ്ങിയത് അനേകം ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ആശയവും ഊര്‍ജവും പ്രചോദനവും ആയിട്ടാണ്. സ്വയം ഒരു ചരിത്രമായിട്ടാണ്.  

Obituary Jean Luc Godard by PR Vandana

പാരീസിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി കാന്‍ ചലച്ചിത്രമേളയില്‍ പ്രതിഷേധിക്കാന്‍, പ്രശസ്തനായ ഗോറിനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍... Sympathy For The Devil പരിപാടി അനുവാദമില്ലാതെ പൂര്‍ണമായി തന്റെ ചിത്രം One Plus One-ല്‍ ഉള്‍പെടുത്തിയതിന് നിര്‍മാതാവിന് ഒരിടി കൊടുക്കാന്‍ പോലും ഗൊദാര്‍ദിനും മടി ഉണ്ടായിരുന്നില്ല.

 

Obituary Jean Luc Godard by PR Vandana

 

നിയമങ്ങളും ചട്ടങ്ങളും തെറ്റിക്കുന്നതിലെ സന്തോഷവും രസവും സ്വാതന്ത്ര്യവും പഠിപ്പിച്ച ആള്‍.  സംഗീതത്തിന് ബോബ് ഡൈലന്‍ എന്താണോ, അതായിരുന്നു സിനിമക്ക് ഴാങ് ലുക്  ഗൊദാര്‍ദ്. പറഞ്ഞത് ക്വിന്റെന്‍ ടൊറന്റിനോ. ആധുനിക കാലത്തെ മഹാനായ ദൃശ്യകലാകാരന്‍ എന്ന് ഗൊദാര്‍ദിനെ വിശേഷിപ്പിച്ചത് മാര്‍ട്ടിന്‍ സ്‌കോര്‍സെസി. 

'പുതിയ, ആധുനിക സിനിമ ഇവിടെ തുടങ്ങുന്നു'-ഗൊദാര്‍ദിന്റെ ആദ്യ ചിത്രം ബ്രെത്ത് ലെസ്സിനെ പ്രശസ്ത ചലച്ചിത്ര നിരൂപകന്‍ റോജര്‍ എബര്‍ട്ട് വിശേഷിപ്പിച്ചത് അങ്ങനെയാണ്.  സിറ്റിസണ്‍ കെയിന്‍ എന്ന ഇതിഹാസ ചിത്രത്തിന് ശേഷം മറ്റൊരു സംവിധായകന്റെയും ആദ്യ ചിത്രം ഇത്രയും പ്രതിഫലനവും സ്വാധീനവും ഉണ്ടാക്കിയിട്ടില്ല എന്നായിരുന്നു എബര്‍ട്ട് പറഞ്ഞത്. 1960-കളില്‍ സിനിമയുടെ ഗതിവേഗവും ദിശാബോധവും മാറ്റി എഴുതിയ ഗൊദാര്‍ദ് എന്ന മഹാനായ ചലച്ചിത്രകാരന്‍  വിട വാങ്ങിയത് അനേകം ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ആശയവും ഊര്‍ജവും പ്രചോദനവും ആയിട്ടാണ്. സ്വയം ഒരു ചരിത്രമായിട്ടാണ്.  

അഭിനിവേശത്തിന്, ആശയസംഘര്‍ഷത്തിന്, പുതിയ തരം സിനിമക്ക്...ഗൊദാര്‍ദിന് നല്‍കിയ പ്രത്യേകാദര ഓസ്‌കറിനെ അക്കാദമി ഇങ്ങനെ വിലയിരുത്തിയത് വെറുതെയല്ല. 

ബ്രെത്ത് ലെസ് അഥവാ A bout de osufflé  സിനിമാ ചരിത്രത്തിലെ വഴിത്തിരിവായത് പ്രമേയത്തിലെ വേറിട്ടു നില്‍ക്കല്‍ കൊണ്ടല്ല. മറിച്ച് ഫ്രഞ്ച് സിനിമയുടെ പതിവു രീതികള്‍ മാറ്റി എഴുതിയതു കൊണ്ടാണ്.  പരീക്ഷണമായിരുന്നു നിര്‍മാണരീതി. കയ്യില്‍ പിടിച്ച ക്യാമറ കൊണ്ടുള്ള ചിത്രീകരണം, വളരെ വേഗത്തിലുള്ള ചിത്രസംയോജനം, സ്‌പോട്ടില്‍ എഴുതിയ അല്ലെങ്കില്‍ നവീകരിച്ച സംഭാഷണങ്ങള്‍. എല്ലാം വേറെ ആയിരുന്നു സിനിമയില്‍. 

പൊലീസുകാരനെ വെടിവെക്കുന്ന ഒരു ഗുണ്ടയും (ഗാങ്സ്റ്റര്‍) അയാളെ പറ്റിക്കുന്ന കാമുകിയും പേപ്പറില്‍ പുതുമയുള്ള കഥാപാത്രങ്ങളായിരുന്നില്ല. പക്ഷേ തിരശ്ശീലയില്‍ അവരെ പോലെ വേറെ ആരെയും പ്രേക്ഷകര്‍ അതുവരെ കണ്ടിട്ടുണ്ടായിരുന്നില്ല. തൊട്ടു പിന്നാലെ 1961-ല്‍, ദ ലിറ്റില്‍ സോള്‍ജ്യര്‍ അഥവാ Le Petit Soldat എന്ന രണ്ടാമത്തെ ചിത്രത്തില്‍ തന്നെ ഗൊദാര്‍ദ് രാഷ്ട്രീയം പറഞ്ഞു. അര്‍ജീരിയന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പരസ്പരം പോരടിക്കുന്ന ഇരുപക്ഷവും  സ്വീകരിച്ച മര്‍ദ്ദന, പീഡനമുറകളായിരുന്നു സിനിമ പറഞ്ഞത്. സെന്‍സര്‍ നിരോധനം കാരണം രണ്ടര വര്‍ഷത്തിന് ശേഷമാണ് സിനിമ വെളിച്ചം കണ്ടത്. പറയേണ്ടത് പറയാനും കാണിക്കേണ്ടത് കാണിക്കാനും ഗൊദാര്‍ദിന് അന്ന് മാത്രമല്ല ഒരു കാലത്തും ഒരും കൂസലും ഉണ്ടായിരുന്നില്ല. അതിന്റെ കാരണവും അദ്ദേഹം പറഞ്ഞു. 'ഒരു സെക്കന്‍ഡിലെ 24 ഫ്രെയിം പറയുന്ന സത്യമാണ് സിനിമ.' 

ദ ലിറ്റില്‍ സോള്‍ജ്യറില്‍ നായിക ആയും പിന്നെ കാമുകിയും ഭാര്യയുമായും മാറിയ അന്ന കരീന അഭിനയിച്ച ഇറ്റ്‌സ് മൈ ലൈഫ് അഥവാ Vivre sa vie ഗൊദാര്‍ദിന്റെ ചിത്രങ്ങളില്‍ (നിരൂപക പ്രശംസയിലും വാണിജ്യ നേട്ടത്തിലും) ഏറ്റവും വിജയിച്ച സിനിമകളില്‍ ഒന്നാണ്. നടിയാകാന്‍ മോഹിച്ച് ഒടുവില്‍ ലൈംഗിക തൊഴിലാളിയായി മാറിയ നാന എന്ന യുവതിയുടെ ജീവിതത്തിലെ പന്ത്രണ്ട് സംഭവങ്ങളാണ് സിനിമ പറഞ്ഞത്. ബാന്‍ഡ് ഓഫ് ഔട്ട് സൈഡേഴ്‌സും ഗൊദാര്‍ദ് അന്ന കരീന ടീമിന്റെ മികച്ച ചിത്രങ്ങളില്‍ പെടുന്നു. ലോകപ്രശസ്തമായ ലൂവ് മ്യൂസിയത്തിലെ ഓട്ടവും ഒരു കഫേയിലെ നൃത്തവും..ലോകസിനിമയുടെ ചരിത്രത്തില്‍ ഇടം പിടിച്ച രംഗങ്ങളാണ്. 

1967ല്‍ പുറത്തിറങ്ങിയ 'വീക്ക് എന്‍ഡ' എന്ന സിനിമയിലുമുണ്ട് ലോക ചലച്ചിത്ര ചരിത്രത്തിലിടം നേടിയ രംഗം. ഒരു ഗതാഗതക്കുരുക്കിലൂടെ കടന്നു പോകുന്ന, എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രാക്കിങ് ഷോട്ട്. സമൂഹം അതിന്റെ തന്നെ ആസ്തികളാല്‍ ബന്ധനസ്ഥമാകുന്ന അവസ്ഥ പറയുന്ന രംഗം. ആധുനിക സമൂഹത്തിന്റെ ദൗര്‍ബല്യങ്ങളെ, വൈകല്യങ്ങളെ തള്ളിപ്പറയുന്ന രംഗം. 

സിനിമയുടെ പരമ്പരാഗതമായ രീതികളില്‍ വലിയ മുതല്‍മുടക്കില്‍ ഗൊദാര്‍ദ് ഒരുക്കിയ ഏകചിത്രമായി വിലയിരുത്തപ്പെടുന്നത് 'കണ്ടപ്റ്റ്' അഥവാ Le Mépris എന്ന സിനിമയാണ്. അക്കാലത്ത് ഫ്രഞ്ച് സിനിമയില്‍ ഏറ്റവും താരത്തിളക്കമുള്ള നടിയായിരുന്ന ബ്രിജിറ്റ് ബാര്‍ദോ ആയിരുന്നു നായിക, ഹോമറിന്റെ ഒഡീസി ആസ്പദമാക്കി തിരക്കഥ എഴുതുമ്പോള്‍ വാണിജ്യ വിജയങ്ങള്‍ക്കായി വിട്ടുവീഴ്ചകള്‍ ചെയ്യാനും കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും തിരക്കഥാകൃത്ത് നേരിടുന്ന സമ്മര്‍ദങ്ങളായിരുന്നു സിനിമ പറഞ്ഞത്. സിനിമാ മേഖലയിലെ ഉള്‍ക്കളികള്‍ പറഞ്ഞ സിനിമ ഉണ്ടാക്കുന്ന വേളയില്‍ ഗൊദാര്‍ദിനും സമ്മര്‍ദങ്ങള്‍ നേരിടേണ്ടി വന്നു. ഒരു നഗ്‌നരംഗം പോലും ഉള്‍പെടുത്താത്തില്‍ നിര്‍മാതാക്കള്‍ പ്രതിഷേധിച്ചത്രേ. അവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ബാര്‍ദോയുടെ നായിക ഭര്‍ത്താവിനൊപ്പമെത്തുന്ന കിടപ്പറ രംഗം ചിത്രീകരിച്ചത്. പക്ഷേ അവിടെയും ഗൊദാര്‍ദ് വേറിട്ടു നിന്നു. ഒട്ടും വികാരപരമായിരുന്നില്ല ആ രംഗം. മറിച്ച് വിവിധ നിറങ്ങളിലെ ഫില്‍ട്ടറുകളിലൂടെയാണ് നായികയെ അവതരിപ്പിച്ചത്. അവരുടെ ബന്ധത്തിലെ ശൈഥില്യം ഏറ്റവും കലാപരമായിട്ടാണ് പ്രേക്ഷകനിലേക്ക് സംവിധായകന്‍ എത്തിച്ചത്. 

 

Obituary Jean Luc Godard by PR Vandana

 

സയന്‍സ് ഫിക്ഷന്‍ നോയര്‍ വിഭാഗത്തില്‍ പെടുന്ന Alphaville-യും ഗൊദാര്‍ദിന്റെ ചലച്ചിത്രപട്ടികയില്‍ വേറിട്ടു നില്‍ക്കുന്നു. പ്രണയവും ആത്മപ്രകാശനവും അനുവദനീയമല്ലാത്ത അരാജക നഗരത്തിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ കഥ നടക്കുന്നത് വരാനിരിക്കുന്ന കാലത്തില്‍ മറ്റൊരു വിദൂര ഗ്രഹത്തില്‍. ഗൊദാര്‍ദ് എന്ന ചലച്ചിത്രകാരന്‍ ഈ സിനിമ ചിത്രീകരിച്ചത്  പാരീസ് നഗരത്തിന്റെ ഇരുണ്ട കോണുകളില്‍. വമ്പന്‍ സെറ്റുകളും വലിയ സ്‌പെഷ്യന്‍ എഫക്ടുകളും എല്ലാം ഒഴിവാക്കിയിട്ട്. 

സിനിമക്ക് പുറത്തുള്ള സാംസ്‌കാരിക ലോകത്തും പറയേണ്ടത് പറയാനും ചെയ്യേണ്ടത് ചെയ്യാനും ഗൊദാര്‍ദ് മടികാണിച്ചില്ല. പാരീസിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി കാന്‍ ചലച്ചിത്രമേളയില്‍ പ്രതിഷേധിക്കാന്‍, പ്രശസ്തനായ ഗോറിനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍... Sympathy For The Devil പരിപാടി അനുവാദമില്ലാതെ പൂര്‍ണമായി തന്റെ ചിത്രം One Plus One-ല്‍ ഉള്‍പെടുത്തിയതിന് നിര്‍മാതാവിന് ഒരിടി കൊടുക്കാന്‍ പോലും ഗൊദാര്‍ദിനും മടി ഉണ്ടായിരുന്നില്ല. ഇംഗ്ലീഷ് റോക്ക് ബാന്‍ഡ് 'റോളിങ് സ്റ്റോണിന്റെ' പ്രശസ്തമായ ആല്‍ബം 'ബെഗേഴ്‌സ് ബാങ്ക്വെറ്റ്' റെക്കോഡ് ചെയ്ത വേള ചിത്രീകരിച്ച്,  രാഷ്ട്രീയവും വിപ്ലവവും സൃഷ്ടിയും എല്ലാം വിഷയങ്ങളായി ചേര്‍ത്ത് ഗൊദാര്‍ദ് ഒരുക്കിയ 'വണ്‍ പ്ലസ് വണ്‍' അദ്ദേഹത്തിന്റെ ആദ്യ ഇംഗ്ലീഷ് നിര്‍മിതിയാണ്. 

ഫീച്ചര്‍ സിനിമകളുടെ ലോകത്തേക്ക് ഒരു ഇടവേളക്ക് ശേഷമുള്ള മടങ്ങിവരവ് ആയിരുന്നു തന്റെ രണ്ടാമത്തെ ആദ്യചിത്രം എന്ന് ഗൊദാര്‍ദ് തന്നെ വിശേഷിപ്പിച്ച 'എവരി മാന്‍ ഫോര്‍ ഹിംസെല്‍ഫ്' അഥവാ Sauve qui peut (la vie) . സ്ത്രീത്വവും പ്രകൃതിയും മതവുമെല്ലാം പരിശോധിക്കപ്പെട്ട മൂന്ന് ചിത്രങ്ങളാണ് ഗൊദാര്‍ദ് കലണ്ടറില്‍ എണ്‍പതുകളെ രേഖപ്പെടുത്തിയത്. Passion, First Name: Carmen , Hail Mary. 83-ലെ വെനീസ് ചലച്ചിത്രമേളയില്‍ First Name: Carmen ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം നേടി. പാഷന്‍ സിനിമയെ പോലെ ഫ്രാന്‍സില്‍ വന്‍ വാണിജ്യവിജയവും. കന്യാമറിയത്തിന്റേയും യേശുവിന്റെയും കഥ പുത്തന്‍ പശ്ചാത്തലത്തില്‍ പറഞ്ഞ Hail Maryക്ക് എതിരെ വ്യാപകമായി പ്രതിഷേധമുയര്‍ന്നു. കാന്‍ മേളയില്‍ പ്രദര്‍ശനവേളക്കിടെ ബെല്‍ജിയന്‍ അരാജകവാദി നോയല്‍ ഗോഡിന്‍ ഗൊദാര്‍ദിന് നേരെ പൈ വലിച്ചെറിഞ്ഞു. നിശബ്ദചിത്രങ്ങളും സംസാര ചിത്രങ്ങളും കണ്ടുമുട്ടുമ്പോള്‍ സംഭവിക്കുന്നത് എന്നതായിരുന്നു ഗൊദാര്‍ദിന്റെ പ്രതികരണം. ബ്രസീലിലും അര്‍ജന്റീനയിലും നിരോധനം നേരിട്ട Hail Mary ആയിരുന്നു ത്രിചിത്രങ്ങളില്‍ വിജയത്തില്‍ പിന്നോട്ട് പോയ സിനിമ. 

എട്ട് ഭാഗങ്ങളിലായുള്ള Histoire(s) du cinéma ആണ് ഗൊദാര്‍ദിന്റെ മാസ്റ്റര്‍ പീസ് ആയി വലിയൊരു വിഭാഗം നിരൂപകര്‍ വാഴ്ത്തുന്നത്. മുപ്പതു കൊല്ലമെടുത്തു ഗൊദാര്‍ദ് തന്റെ Histoire(s)ന് , അത്രയും കാലം തന്നെ വേണ്ടി വരും  അത് ഉള്‍ക്കൊള്ളാനും എന്നാണ് പ്രശസ്ത നിരൂപകന്‍ ഡേവ് കേര്‍ പറഞ്ഞത് സിനിമയെന്ന സങ്കല്‍പത്തിന്റെ ചരിത്രവും ഇരുപതാം നൂറ്റാണ്ടിലെ പ്രാധാന്യവുമെല്ലാം പരിശോധിക്കുന്ന ചിത്രം ഇതിഹാസ കാവ്യം എന്നാണ് വാഴ്ത്തപ്പെട്ടത്.

പിന്നെയും ഗൊദാര്‍ദ് ചിത്രങ്ങളെടുത്തു. പ്രേക്ഷകര്‍ ഓരോന്നും കൗതുകത്തോടെ ആദരവോടെ ഏറ്റുവാങ്ങി. പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന്റെ അലമാരകളില്‍ കൃത്യമായി ഇരിപ്പിടം തേടിയെത്തി. ഒരെണ്ണം പക്ഷേ അദ്ദേഹം നിരസിച്ചു. ഫഞ്ച് നാഷണല്‍ ഓര്‍ഡര്‍ ഓഫ് മെറിറ്റ്. കാരണം കൃത്യമായി വിശദീകരിച്ചു.
ഉത്തരവുകള്‍ (ഓര്‍ഡര്‍) ഏറ്റുവാങ്ങുന്നത് എനിക്കിഷ്ടമല്ല, മാത്രമല്ല എനിക്ക് അതിനു മാത്രം യോഗ്യതയും (മെറിറ്റ്) ഇല്ല

 വേറിട്ട വഴിയിലൂടെ നടന്ന, മാമൂലുകളെ നിഷേധിച്ച, കാഴ്ചക്ക് പുതിയ രാഷ്ട്രീയവും സൗന്ദര്യവും നല്‍കിയ മഹാനായ പ്രതിഭക്ക് അന്ത്യാഞ്ജലി
 

Latest Videos
Follow Us:
Download App:
  • android
  • ios