ഈ ആഘോഷത്തിൽ പങ്കെടുക്കുന്നവർ ആരും ലണ്ടനിൽ പാന്റ്സ് ധരിക്കില്ല!
ഈ ആഘോഷ പരിപാടിയുടെ ഭാഗമാകുന്നവർ അന്നേദിവസം ട്രെയിനുകളിലും മറ്റും യാത്ര ചെയ്യുമ്പോൾ പാന്റ്സ് ധരിക്കില്ല. പകരം അണ്ടർവെയറും ബനിയനും മാത്രം ധരിച്ചായിരിക്കും അന്നേദിവസം അവർ യാത്ര ചെയ്യുന്നത്.
ഓരോ നാട്ടിലെയും ജനങ്ങൾക്ക് അവരുടേതായ ചില ആഘോഷങ്ങൾ ഉണ്ടാകും. പുറമേ നിന്ന് നോക്കുന്നവർക്ക് വിചിത്രമായി തോന്നാമെങ്കിലും ആ നാട്ടുകാർക്ക് അത് അവരുടെ ജീവിതത്തിൻറെ ഭാഗമാണ്. കഴിഞ്ഞദിവസം ലണ്ടനിൽ അത്തരത്തിൽ ഒരു ആഘോഷം നടന്നു. ആ ആഘോഷത്തെ കൗതുകകരമാക്കുന്ന കാര്യം എന്താണെന്ന് അറിയാമോ? അതിൽ പങ്കെടുക്കുന്നവർ ആരും പാന്റ്സ് ധരിക്കില്ല. അണ്ടർ വെയർ മാത്രം ധരിച്ചു കൊണ്ടാണ് ഈ ആഘോഷത്തിൽ പങ്കെടുക്കുന്നത്. ലണ്ടനിലെ യാത്രക്കാർക്ക് ഒരു ഉത്സവം തന്നെയാണ് "നോ പാന്റ്സ് സബ്‌വേ റൈഡ്" എന്നറിയപ്പെടുന്ന ഈ ആഘോഷം.
ജനുവരി 8 ഞായറാഴ്ചയായിരുന്നു ഈ വർഷത്തെ ആഘോഷം നടത്തിയത്. കൊവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷക്കാലത്തോളം ഈ ആഘോഷ പരിപാടി സംഘടിപ്പിച്ചിരുന്നില്ല. എന്നാൽ, ഇക്കുറി ആ കുറവുകൾ എല്ലാം നികത്തി ആയിരക്കണക്കിനാളുകളാണ് പരിപാടിയുടെ ഭാഗമായത്. ഈ ആഘോഷ പരിപാടിയുടെ ഭാഗമാകുന്നവർ അന്നേദിവസം ട്രെയിനുകളിലും മറ്റും യാത്ര ചെയ്യുമ്പോൾ പാന്റ്സ് ധരിക്കില്ല. പകരം അണ്ടർവെയറും ബനിയനും മാത്രം ധരിച്ചായിരിക്കും അന്നേദിവസം അവർ യാത്ര ചെയ്യുന്നത്. എലിസബത്ത് ലൈനിലാണ് യാത്ര ആരംഭിക്കുന്നത്. തുടർന്ന് പരിപാടിയിൽ പങ്കാളികളായ എല്ലാവരും തലസ്ഥാന നഗരിയിൽ ഒത്തുചേരും.
പ്രത്യേകിച്ച് ഒരു ലക്ഷ്യവും ഇല്ലാതെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത് എന്നതാണ് ഇതിൻറെ മറ്റൊരു പ്രത്യേകത. ആളുകളിൽ ചിരി പടർത്തുക എന്നത് മാത്രമാണ് ഈ പരിപാടി കൊണ്ട് ലക്ഷ്യമിടുന്നത് എന്നാണ് പരിപാടിയുടെ സംഘാടകരിൽ ഒരാളായ ഇവാൻ മാർക്കോവിച്ച് പറയുന്നത്. മൈ ലണ്ടൻ എന്നൊരു തീമിന് അപ്പുറത്തേക്ക് യാതൊന്നും ഈ പരിപാടിക്കില്ല. എന്തെങ്കിലും തരത്തിലുള്ള ബോധവൽക്കരണമോ പണസമാഹരണമോ പരിപാടിയുടെ അജണ്ടയിൽ ഇല്ല.
സ്വയംചിരിക്കാനും മറ്റുള്ളവരെ ചിരിപ്പിക്കാനുമുള്ള ഒരു നിമിഷം ഉണ്ടാക്കിയെടുക്കുക എന്നത് മാത്രമാണ് ഈ പരിപാടിയിലൂടെ ഇതിൻറെ സംഘാടകർ ലക്ഷ്യമിടുന്നത്. എന്തുകൊണ്ടാണ് അന്നേദിവസം അണ്ടർവെയർ മാത്രം ധരിച്ച് പുറത്തിറങ്ങുന്നത് എന്ന് ചോദിച്ചാൽ അതിനൊരു വ്യക്തമായ ഉത്തരവും ഇല്ല എന്നതും മറ്റൊരു വസ്തുത. എന്തായാലും ലണ്ടൻ ജനത ആഘോഷമാക്കുന്ന ഈ പരിപാടിയിൽ ആയിരക്കണക്കിന് സ്ത്രീകളും പുരുഷന്മാരുമാണ് ഓരോ വർഷവും പങ്കെടുക്കുന്നത്.