'മീനിന് പകരം സെക്സ്'; അതിനി നടപ്പില്ലെന്ന് ഈ യുവതികൾ

ഈ വിചിത്രമായ രീതി കാരണം നാട്ടിൽ HIV എയിഡ്സ് പടർന്നു പിടിക്കുന്ന സാഹചര്യമുണ്ടായി.

No sex for fish brave women of Nduru Beach Kenya

കെനിയയിൽ, വിക്ടോറിയ തടാകത്തിന്റെ കരയിൽ എൻഡുരു ബീച്ച് എന്നൊരു ഗ്രാമമുണ്ട്. മത്സ്യബന്ധനത്തെ ആശ്രയിച്ച് കഴിഞ്ഞുകൂടിയിരുന്ന അവിടത്തെ ജനങ്ങൾക്കിടയിൽ വർഷങ്ങളായി  നിലനിന്നിരുന്ന വിചിത്രമായ ഒരു ആചാരമുണ്ടായിരുന്നു. എൻഡുരുവിലെ ബലിഷ്ഠരായ പുരുഷന്മാർ നേരം പുലരും മുമ്പേ തങ്ങളുടെ വള്ളങ്ങളിൽ കടലിലേക്ക് പുറപ്പെടും. വള്ളം നിറയെ മീനുമായി തിരികെ വന്നെത്തുന്ന അവരെ അവിടത്തെ സ്ത്രീകൾ കടപ്പുറത്ത് കുട്ടകളുമേന്തി കാത്തുനിൽപ്പുണ്ടാവും. ഈ മീൻ വാങ്ങി കുട്ടകളിൽ നിറച്ച് തലച്ചുമടായി സമീപത്തെ ചന്തകളിൽ കൊണ്ടുചെന്നു വിറ്റഴിച്ചിട്ടു വേണം അവർക്ക് അന്നന്നത്തെ എന്നതിനുള്ള വഴി കണ്ടെത്താൻ. അതൊന്നു മാത്രമായിരുന്നു അവരുടെ ഉപജീവന മാർഗം. ഒരൊറ്റ കുഴപ്പം മാത്രം, ഈ പുരുഷന്മാരിൽ നിന്ന് മീൻ കിട്ടണമെങ്കിൽ, ഈ സ്ത്രീകൾ അവരുമായി സെക്സിൽ ഏർപ്പെട്ടേ മതിയാകൂ എന്നതായിരുന്നു അവിടത്തെ കീഴ്വഴക്കം. ഈ വിചിത്രമായ രീതി കാരണം നാട്ടിൽ HIV എയിഡ്സ് പടർന്നു പിടിക്കുന്ന സാഹചര്യമുണ്ടായി.

എൻഡുരുവിലെ സ്ത്രീകൾക്ക് ഇങ്ങനെ അപമാനകരമായ ഒരു പരിപാടിക്ക് നിന്നുകൊടുക്കാൻ ഒട്ടും താത്പര്യമുണ്ടായിരുന്നില്ല എങ്കിലും, അവർക്ക് പട്ടിണി കിടക്കാതിരിക്കാൻ വേണ്ടി അതിനു വഴങ്ങിക്കൊടുക്കേണ്ട ഗതികേടുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ്, 2010 -ൽ, ഈ ദുരവസ്ഥ മാറ്റാൻ വേണ്ട ധനസഹായം ചെയ്യാം എന്ന് വാഗ്ദാനം ചെയ്തുകൊണ്ട് PEPFAR എന്നൊരു അമേരിക്കൻ ഒരു എൻജിഒ മുന്നോട്ടുവരുന്നത്. ഈ സ്ത്രീകൾക്കിടയിൽ നിന്നുതന്നെയാണ് ഈ ഗതികേടിൽ നിന്ന് ഒഴിവാക്കാനുള്ള ഒരു മാർഗവും തെളിഞ്ഞു വന്നത്. പുരുഷന്മാർ മീൻ പിടിച്ചു കൊണ്ടുവരുന്നതുകൊണ്ടാണല്ലോ അവർ തുറയിലെ പെണ്ണുങ്ങളുടെ മാനത്തിനു വിലപറയുന്നത്. അമേരിക്കൻ എൻജിഒയോട് അവർ പറഞ്ഞത് തങ്ങൾക്ക് കടലിൽ ചെന്ന് വലയെറിഞ്ഞു മീൻ പിടിക്കാൻ കുറച്ച് ബോട്ടുകൾ വാങ്ങിക്കൊടുക്കാനാണ്. ആ പദ്ധതി പ്രകാരം ഈ സ്ത്രീകൾക്ക് അന്ന് കിട്ടിയത് മുപ്പതു ഫിഷിങ് ബോട്ടുകളായിരുന്നു. അവർ തങ്ങളുടെ രോഷത്തെ, ഒരു മുദ്രാവാക്യത്തിന്റെ രൂപത്തിൽ, ബോട്ടിന്റെ പേരായി വലിയക്ഷരങ്ങളിൽ തന്നെ എഴുതിവെച്ചു,'No Sex for Fish'. ഈ സ്ത്രീകൾ പിന്നീട് 'No Sex for Fish' വിമൺ എന്ന പേരിൽ അറിയപ്പെട്ടു. പിന്നീട് വേൾഡ് കണക്റ്റ് എന്നൊരു എൻജിഒയും ഫണ്ടിങ്ങുമായി ഇവരെ സഹായിക്കാനെത്തി. 

പത്തു വർഷത്തിനിപ്പുറം, പക്ഷെ ഈ ബോട്ടുകളിൽ പലതിനും കാലപ്പഴക്കത്താൽ കേടുപാടുകൾ സംഭവിച്ചു. കനത്ത മഴയെ തുടർന്ന് വിക്ടോറിയ തടാകത്തിലെ വെള്ളം കരയിലേക്ക് കയറി നാട്ടിൽ പ്രളയമുണ്ടായപ്പോൾ ആയിരത്തോളം പേർ കുടിയൊഴിക്കപ്പെട്ടു. എൻഡുരു ബീച്ച് പ്രളയനാന്തരം വാസയോഗ്യമല്ലാതായതോടെ  'No Sex for Fish' വിമനും അവരുടെ ഉപജീവനം നഷ്ടമായി. ഈ വർഷം ജൂലൈയിൽ വേൾഡ് കണക്റ്റ് വീണ്ടും സഹായഹസ്തവുമായെത്തി. 'No Sex for Fish' വനിതകളിൽ പലർക്കും കൽക്കരി വില്പനശാലകളും, തട്ടുകടകളും ഇട്ടുനൽകി. ചിലർക്ക് തക്കാളി കൃഷിചെയ്യാനുള്ള ഗ്രാന്റ് കിട്ടി. അങ്ങനെ വിധി തുടർച്ചയായി എതിരു നിന്നിട്ടും കീഴടങ്ങാൻ തയ്യാറാവാതെ പൊരുതുക തന്നെയാണ്  എൻഡുരുവിലെ ഈ ഉശിരുള്ള പെണ്ണുങ്ങൾ. 

Latest Videos
Follow Us:
Download App:
  • android
  • ios