കറന്റ് ബില്ലോ, വാട്ടർ ബില്ലോ വേണ്ട, കൊടുംചൂടിൽ പോലും ഏസിയും ആവശ്യമില്ല, കൂൾ വീട്...
ആ വീടിന് സവിശേഷതകൾ ഏറെയായിരുന്നു. സിമന്റ്, മണ്ണ്, ചെളി, ചുണ്ണാമ്പുകല്ല്, വെള്ളം എന്നിങ്ങനെ ആറ് ഘടകങ്ങൾ ചേർത്താണ് വീടിനുള്ള ഇഷ്ടികകൾ നിർമ്മിച്ചത്. ഇവ കൊണ്ട് ഭിത്തികൾ തീർത്തപ്പോൾ, മൺകട്ടകൾ ഉപയോഗിച്ചാണ് മേൽക്കൂര നിർമ്മിച്ചത്.
വെള്ളത്തിനും, ഗ്യാസിനും, കറന്റിനും ഒക്കെ വർഷം ചെല്ലുന്തോറും വില കൂടി വരികയാണ്. ചൂട് കാലത്താണെങ്കിൽ കറന്റ് ബില്ല് റോക്കറ്റ് പോലെയാണ് കുതിച്ചുയരുന്നത്. എന്നാൽ, ബംഗളൂരുവിൽ നിന്നുള്ള വാണി കണ്ണന്റെയും ഭർത്താവ് ബാലാജിയുടെയും കാര്യം അതല്ല. മറ്റുള്ളവരെ പോലെ വെള്ളത്തിനും, കറന്റിനും ഒന്നും മാസം തോറും പണം ചിലവാക്കാൻ അവരെ കിട്ടില്ല. അവർക്ക് സ്വന്തമായി വീടുണ്ടെങ്കിലും, ഇതുവരെ കറന്റ് ബില്ലോ, വാട്ടർ ബില്ലോ അടക്കേണ്ടി വന്നിട്ടില്ല. എന്തിന് എസി പോലും അവർ വാങ്ങിയിട്ടില്ല. എന്താണ് അതിന്റെ കരണമെന്നല്ലേ? അവർ പണിത വീട് അത്തരത്തിലുള്ളതാണ്.
2018 -ലാണ് വാണിയും ഭർത്താവും ഇന്ത്യയിലേക്ക് താമസം മാറുന്നത്. അതിന് മുൻപ് 16 വർഷത്തോളം അവർ ഇംഗ്ലണ്ടിലായിരുന്നു. 2010 ലാണ് അവർക്ക് ആദ്യത്തെ കുട്ടിയുണ്ടാകുന്നത്. പിന്നെയും ഒരു കുട്ടി കൂടി ജനിച്ചു. ഇന്ത്യൻ സംസ്‌കാരത്തിൽ മക്കളെ വളർത്താൻ ആഗ്രഹിച്ച അവർ പിന്നീട് ഇന്ത്യയിലേക്ക് മടങ്ങി. 2020 ൽ, സ്വന്തമായൊരു വീട് വേണമെന്ന ആഗ്രഹത്താൽ ബംഗളൂരുവിലെ അപ്പാർട്ടുമെന്റുകൾ നോക്കിത്തുടങ്ങി. അപ്പോഴാണ് ഞെട്ടിപ്പോയത്, വീടുകളുടെ വില അവർക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. തങ്ങളുടെ ബഡ്ജറ്റിൽ ഒതുങ്ങില്ലെന്ന് കണ്ട അവർ ഒരു വീട് വയ്ക്കാൻ തീരുമാനിച്ചു. അങ്ങനെ ഒരു ദശാബ്ദത്തിലേറെയായി സുസ്ഥിരമായ വീടുകൾ നിർമ്മിക്കുന്ന മഹിജ എന്ന സ്ഥാപനത്തെ അവർ സമീപിച്ചു. തുടർന്ന്, 2,400 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു സ്വപ്നഭവനം നിർമ്മിച്ചു.
ആ വീടിന് സവിശേഷതകൾ ഏറെയായിരുന്നു. സിമന്റ്, മണ്ണ്, ചെളി, ചുണ്ണാമ്പുകല്ല്, വെള്ളം എന്നിങ്ങനെ ആറ് ഘടകങ്ങൾ ചേർത്താണ് വീടിനുള്ള ഇഷ്ടികകൾ നിർമ്മിച്ചത്. ഇവ കൊണ്ട് ഭിത്തികൾ തീർത്തപ്പോൾ, മൺകട്ടകൾ ഉപയോഗിച്ചാണ് മേൽക്കൂര നിർമ്മിച്ചത്. അതുപോലെ സ്ക്രാപ്പ് കീബോർഡുകൾ, തെങ്ങിൻ ചിരട്ടകൾ മുതലായവ ഉപയോഗിച്ചാണ് അടിത്തറ പാകിയത്. തുടർന്ന് അതിന് മുകളിൽ ചെളി നിറച്ചു. ഈ രീതീയിൽ ഇരുമ്പിന്റെയും, കോൺക്രീറ്റിന്റെയും ഉപയോഗം കുറച്ചു. പിന്നീട് മേത്തി, കറിവേപ്പില, മല്ലിയില മുതലായവ അടങ്ങിയ ഒരു വലിയ തോട്ടമുണ്ടാക്കി. ഇത് കൂടാതെ 2 ഏക്കർ ഭൂമിയിൽ അവർക്ക് ജൈവപച്ചക്കറി കൃഷിയുമുണ്ട്. വീട്ടിലേയ്ക്ക് വേണ്ട പച്ചക്കറികൾ അവിടെയാണ് കൃഷി ചെയ്യുന്നത്. അത് കാരണം പച്ചക്കറികളുടെ തീ പിടിച്ച വിലയെ ഓർത്ത് പരിതാപപ്പെടേണ്ട.
അതുപോലെ അവർക്ക് ഇതുവരെ എസി വാങ്ങിക്കേണ്ടതായി വന്നിട്ടില്ല. വീടിനകത്ത് ഉച്ചയ്ക്ക് പോലും തണുപ്പാണ് എന്നവർ പറയുന്നു. മാത്രവുമല്ല പകൽ സമയത്ത് വീടിനകത്ത് ആവശ്യത്തിന് വെളിച്ചവുമുണ്ട്. ലൈറ്റ് ഉപയോഗിക്കേണ്ട ആവശ്യമില്ല. സൗരോർജ്ജം ഉപയോഗിച്ചാണ് വീട് പ്രവർത്തിക്കുന്നത്. 4.8 കിലോവാട്ട് വീതമുള്ള 11 സോളാർ പാനലുകളുണ്ട് അവിടെ. അതുകൊണ്ട് തന്നെ ദമ്പതികൾക്ക് വൈദ്യുതി ബിൽ അടക്കേണ്ടി വരുന്നില്ല. കുഴൽകിണറുള്ളത് കൊണ്ട് വെള്ളത്തിനും ക്ഷാമമില്ല.