'ഒരു കാലത്തും കരയാനാക്കൂല മുത്തപ്പൻ'; കണ്ണുനനഞ്ഞ് നവദേവ്, ചിത്രം കണ്ടുപിടിച്ചു, നിറം വാങ്ങാൻ പണവും അനുഗ്രവും
'ഇത്രയും മൂല്ല്യമുള്ളതിന് പകരം തരാനൊന്നും എന്റെ കയ്യിലില്ല എന്നാണ് ഞാൻ പറഞ്ഞത്. ഇതിലും ഭംഗിയില്, വലിപ്പത്തില് മുത്തപ്പനെ ഇനിയും പകർത്തണം' എന്ന് പറഞ്ഞ് മുത്തപ്പൻ നവദേവിന്റെ കണ്ണുകൾ തുടച്ചുകൊടുത്തു.
കണ്ണൂർ, കാസർഗോഡുകാർക്ക് വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ദൈവമാണ് മുത്തപ്പൻ. വന്നവരെ മടക്കുകയോ, പോകുന്നവരെ വിളിക്കുകയോ ചെയ്യാത്ത ദൈവമായും മുത്തപ്പനെ പറയാറുണ്ട്. വീടുകളിൽ സാധാരണയായി മുത്തപ്പൻ വെള്ളാട്ടമുണ്ടാവാറുണ്ട്. പലപ്പോഴും പല വികാരനിർഭരമായ രംഗങ്ങളും അവിടെ കാണാം. അത്തരം ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ കണ്ണുകൾ നനയിക്കുന്നത്.
'കണ്ണൂർ ക്ലിക്ക്സ്' ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഒരു കുഞ്ഞ് വരച്ച ചിത്രമാണ് മുത്തപ്പൻ കണ്ടെത്തുന്നത്. മുത്തപ്പന്റെ ചിത്രമാണ് നവദേവ് എന്ന കുട്ടി വരച്ചിരിക്കുന്നത്. പിന്നാലെ കുട്ടിയെ അടുത്തേക്ക് വിളിച്ചു. 'നീയങ്ങനെ മറച്ചുവച്ചാലും ഞാനങ്ങനെ കാണാതെ പോകുവാ? അവനവനാവുമ്പോലെ അല്ലേ?' എന്നാണ് മുത്തപ്പൻ ചോദിക്കുന്നത്.
നിങ്ങൾക്കാവുമോ ഇങ്ങനെ വരക്കാൻ എന്നും ചുറ്റുമുള്ളവരോട് ചോദിക്കുന്നുണ്ട്. 'ഉള്ളിലുള്ളത് വരക്കാനൊരു കഴിവ് വേണം. അത് ജന്മസിദ്ധമായിട്ടേ കിട്ടൂ. പണം കൊടുത്താൽ കഴിവ് കിട്ടുമോ? ഉള്ളിലുള്ളത് ഇങ്ങനെ പകർത്തണമെങ്കിൽ അത്രമാത്രം ഇവനെന്നെ സ്വീകരിച്ചിട്ടുണ്ട് എന്നാണ് അർത്ഥം' എന്നും മുത്തപ്പൻ പറയുന്നത് കേൾക്കാം. അപ്പോഴേക്കും നവദേവ് കരയാൻ തുടങ്ങിയിരുന്നു.
'ഇത്രയും മൂല്ല്യമുള്ളതിന് പകരം തരാനൊന്നും എന്റെ കയ്യിലില്ല എന്നാണ് ഞാൻ പറഞ്ഞത്. ഇതിലും ഭംഗിയില്, വലിപ്പത്തില് മുത്തപ്പനെ ഇനിയും പകർത്തണം' എന്ന് പറഞ്ഞ് മുത്തപ്പൻ നവദേവിന്റെ കണ്ണുകൾ തുടച്ചുകൊടുത്തു.
'ഇതുപോലെ വരക്കാൻ നിറമുണ്ടോ ഇനി കയ്യില്' എന്നും ചോദിക്കുന്നുണ്ട്. പിന്നീട് തൊഴുതുകിട്ടിയ പണത്തിൽ നിന്നും നവദേവിന് മുത്തപ്പൻ പണം നൽകുന്നതും കാണാം. ഇനിയും വരക്കാനുള്ളത് വാങ്ങണമെന്നും പറയുന്നുണ്ട്. 'അതോ മധുരം വാങ്ങുമോ' എന്നു ചോദിക്കുന്നതും 'മധുരം വാങ്ങിയാലും കുഴപ്പമില്ല, കുഞ്ഞിന്റെ മനസ് നിറഞ്ഞാൽ മതി' എന്ന് പറയുന്നതും വീഡിയോയിൽ കാണാം.
പിന്നീട് ചിത്രം നവദേവിന് തിരികെ നൽകി സൂക്ഷിച്ച് വയ്ക്കാൻ പറയുന്നുണ്ട്. 'ഒരു കാലത്തും കരയാനാക്കൂല മുത്തപ്പനെ'ന്നും പറഞ്ഞാണ് മുത്തപ്പൻ നവദേവിനെ പറഞ്ഞയക്കുന്നത്.