ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ബുള്ളറ്റ്, നേദിക്കുന്നത് ബിയര്‍, പിന്നില്‍ വിചിത്രമായ കാരണങ്ങള്‍...
അങ്ങനെ ക്ഷേത്രത്തിലെ വിഗ്രഹമായി ബുള്ളറ്റ് മാറി. അതിനുശേഷം അയാളുടെ ആത്മാവ് വാഹനം ഓടിക്കുന്നവരെ സംരക്ഷിക്കുമെന്നും, അപകടങ്ങളിൽ നിന്ന് രക്ഷിക്കുമെന്നും അവിടത്തുകാർ വിശ്വസിക്കുന്നു.
ഇന്ത്യ(India)യുടെ എല്ലാ മുക്കിലും മൂലയിലും ക്ഷേത്രങ്ങൾ കാണാം. അസാധാരണമായ രൂപങ്ങളിലും ദൈവങ്ങളെ ആരാധിക്കുന്ന ക്ഷേത്രങ്ങൾ അക്കൂട്ടത്തിലുണ്ട്. അസാധാരണമെന്ന് തോന്നുമെങ്കിലും, അതിലൊരു ക്ഷേത്രത്തിൽ മോട്ടോർ സൈക്കിളിനെയാണ് ദൈവമായി കണ്ട് ആരാധിക്കുന്നത്. രാജസ്ഥാനിലെ ജോധ്പൂരിലെ NH-62 ജോധ്പൂർ-പാലി എക്സ്പ്രസ് വേയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 'ഓം ബന്ന ധാം' അല്ലെങ്കിൽ 'ബുള്ളറ്റ് ബാബ ക്ഷേത്ര'(Bullet Baba)മെന്നാണ് അത് അറിയപ്പെടുന്നത്. അവിടത്തെ പ്രതിഷ്ഠ ഒരു 350cc റോയൽ എൻഫീൽഡ് ബുള്ളറ്റാണ്. ബുള്ളറ്റിനെ അലങ്കരിച്ച് ഒരു ഗ്ലാസ് ബോക്സിനുള്ളിലാണ് വച്ചിരിക്കുന്നത്. അതിന് മുന്നിലൂടെ പോകുന്നവരെല്ലാം സുരക്ഷിതമായ ഒരു യാത്രയ്ക്കായി ഇവിടെ വന്ന് പ്രാർത്ഥിക്കുന്നു. ഗ്രാമീണരെ സംബന്ധിച്ചിടത്തോളം, ഈ ബൈക്കിന് അമാനുഷിക ശക്തിയുണ്ട്.
അതിന് പിന്നിൽ രസകരമായ ഒരു കഥയുണ്ട്. 20 വർഷം മുമ്പാണ് സംഭവം നടക്കുന്നത്. ഹൈവേയിലൂടെ ബുള്ളറ്റ് ഓടിക്കുന്നതിനിടയിൽ ഓം ബന്ന എന്ന വ്യക്തിയെ ഒരു ട്രക്ക് ഇടിച്ചു വീഴ്ത്തുന്നു. സ്പോട്ടിൽ വച്ച് തന്നെ അദ്ദേഹം മരണപ്പെടുന്നു. അപകടത്തെത്തുടർന്ന് ഓമിന്റെ ബുള്ളറ്റ് ലോക്കൽ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നു. പെട്രോൾ ടാങ്ക് കാലിയാക്കിയാണ് അവർ അത് പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചത് എന്നാണ് പറയപ്പെടുന്നത്. എന്നാൽ പിറ്റേന്ന് രാവിലെ, അയാളുടെ വാഹനം പൊലീസ് കസ്റ്റഡിയിൽ നിന്ന് അപ്രത്യക്ഷമാവുകയും അയാൾ മരിച്ച അതേ സ്ഥലത്ത് ദുരൂഹമായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. വീണ്ടും പൊലീസ് സ്‌റ്റേഷനിലേക്ക് തിരികെ വാഹനം കൊണ്ടുപോകുന്നു. മോട്ടോർ സൈക്കിൾ അപകടസ്ഥലത്തേക്ക് തിരിച്ചു എത്തുന്നു. ഇങ്ങനെ നിരവധി തവണ അത് പൊലീസ് സ്റ്റേഷനിൽ നിന്ന് അപ്രത്യക്ഷമാവുകയും അപകടസ്ഥലത്ത് തനിയെ എത്തുകയും ചെയ്തുവെന്നാണ് ഐതിഹ്യം. എന്നാല്‍, ഇതില്‍ എത്രത്തോളം സത്യമുണ്ട് എന്ന് അറിയില്ല.
ഈ അത്ഭുതത്തെക്കുറിച്ചുള്ള വാർത്ത കാട്ടുതീ പോലെ പടർന്നു. ഒടുവിൽ അന്ധവിശ്വാസത്തിന്റെ തണലിൽ കഴിയുന്ന ഗ്രാമീണർ മരിച്ച മനുഷ്യനെ ഒരു വിശുദ്ധനായും, അയാളുടെ മോട്ടോർ സൈക്കിളിനെ ഒരു ദൈവമായും പ്രഖ്യാപിക്കുന്നു. അവർ അവിടെ ഒരു പ്ലാറ്റ്ഫോം നിർമ്മിക്കുകയും ഓം ബന്നയുടെ ക്ഷേത്രം നിർമ്മിക്കുകയും ചെയ്തു. അങ്ങനെ ക്ഷേത്രത്തിലെ വിഗ്രഹമായി ബുള്ളറ്റ് മാറി. അതിനുശേഷം അയാളുടെ ആത്മാവ് വാഹനം ഓടിക്കുന്നവരെ സംരക്ഷിക്കുമെന്നും, അപകടങ്ങളിൽ നിന്ന് രക്ഷിക്കുമെന്നും അവിടത്തുകാർ വിശ്വസിക്കുന്നു. അതുവഴി പോകുമ്പോൾ ബഹുമാനാർത്ഥം ആരും ഹോണടിക്കാറില്ല. ഇതിനടിയിൽ, ഓം ബന്നയുടെ പ്രേതത്തെ കണ്ടതായും ചിലർ അവകാശപ്പെടുന്നു. എല്ലാ ദിവസവും ആരാധനയുള്ള ക്ഷേത്രത്തിൽ ബിയറാണ് നേദിക്കുന്നത്.