1000 വർഷം പഴക്കമുള്ള പ്രതിമയ്‍ക്കകത്ത് സന്യാസിയുടെ ശരീരം, ഗവേഷകരെ അമ്പരപ്പിച്ച് സിടി സ്കാൻ ഫലം
എന്നാലും, എന്തിനായിരിക്കും സന്യാസിയുടെ ശരീരം ബുദ്ധ പ്രതിമയ്ക്കകത്ത് വച്ചത് എന്നായി പിന്നീട് ഗവേഷകരുടെ സംശയം. വളരെ രസകരമായ ചില കാര്യങ്ങളാണ് അവർ അതിൽ നിന്നും മനസിലാക്കിയെടുത്തത്.
ശരീരത്തിന്റെ കൃത്യമായ ആന്തരിക ചിത്രങ്ങൾ ലഭിക്കുന്ന ഒന്നാണ് സിടി സ്കാൻ. എന്നാൽ, കഴിഞ്ഞ വർഷം ഈ സിടി സ്കാൻ ഉപയോഗിച്ച് വളരെ രസകരമായ ചില കാര്യങ്ങൾ ചരിത്രകാരന്മാർ കണ്ട് പിടിക്കുകയുണ്ടായി. ചരിത്രകാരന്മാരെയും ഗവേഷകരെയും അത് ചെറുതായിട്ടൊന്നുമല്ല അമ്പരപ്പിച്ചത്. അത് എന്താണ് എന്നല്ലേ?
ബുദ്ധന്റെ പ്രതിമയിൽ മമ്മിഫൈ ചെയ്ത നിലയിൽ ഒരു സന്യാസിയെയാണ് കണ്ടത്. ആയിരം വർഷമാണ് ഇതിന്റെ പഴക്കം. വളരെ പഴക്കം ചെന്ന പ്രതിമ ഒന്ന് നന്നാക്കിയെടുക്കാനായി നെതർലൻഡ്‌സിലെ ഡ്രെന്റ്സ് മ്യൂസിയത്തിലേക്ക് അയച്ചപ്പോഴാണ് ഉള്ളിൽ സന്യാസിയെ കണ്ടെത്തിയത്. ആ സമയം പ്രതിമയുടെ സിടി സ്കാൻ എടുക്കുകയുമുണ്ടായി. അതിന്റെ ഫലം കണ്ടപ്പോൾ ഗവേഷകർ ശരിക്കും അമ്പരന്ന് പോയി. ഉള്ളിലതാ ഒരു മനുഷ്യന്റെ അവശിഷ്ടം.
എന്നാൽ, കൂടുതൽ പരിശോധന നടത്തിയപ്പോൾ സന്യാസിയുടെ അവയവങ്ങൾ നീക്കം ചെയ്തിരിക്കുകയാണ് എന്നും അതിന് പകരം ചൈനീസ് ലിഖിതങ്ങളടങ്ങിയ കടലാസുകൾ വച്ചിരിക്കുകയാണ് എന്നും ഗവേഷകർ കണ്ടെത്തി. "ഇതിനകത്ത് ലങ് ടിഷ്യൂ അയിരിക്കും എന്നാണ് ഞങ്ങൾ കരുതിയത്. പക്ഷേ, പകരം ചൈനീസ് അക്ഷരങ്ങൾ എഴുതിയ ചെറിയ കടലാസുകളാണ് ഞങ്ങൾ കണ്ടെത്തിയത്" എന്നാണ് ഡ്രെന്റ്സ് മ്യൂസിയത്തിലെ പുരാവസ്തു ക്യൂറേറ്ററായ വിൻസെന്റ് വാൻ വിൽസ്റ്റെറൻ പറഞ്ഞത്.
ഇനി, ആരുടെ ശരീരമായിരുന്നു അതിനകത്ത് എന്നല്ലേ? ചൈനീസ് മെഡിറ്റേഷൻ സ്കൂളിലെ ബുദ്ധിസ്റ്റ് മാസ്റ്ററായിരുന്ന ലിയുക്വാൻ ആയിരുന്നു ആ സന്യാസിയെന്നാണ് പ്രാഥമിക അനുമാനം. ഏകദേശം ആയിരം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന സന്യാസിയായിരുന്നു ലിയുക്വാൻ.
എന്നാലും, എന്തിനായിരിക്കും സന്യാസിയുടെ ശരീരം ബുദ്ധ പ്രതിമയ്ക്കകത്ത് വച്ചത് എന്നായി പിന്നീട് ഗവേഷകരുടെ സംശയം. വളരെ രസകരമായ ചില കാര്യങ്ങളാണ് അവർ അതിൽ നിന്നും മനസിലാക്കിയെടുത്തത്. മ്യൂസിയത്തിൽ നിന്നുള്ള വിദഗ്ദ്ധർ പറയുന്നത്, ഒരുപക്ഷേ ലിയുക്വാൻ ജീവിച്ചിരിക്കുന്ന ഒരു ബുദ്ധനായി മാറുന്നതിന് വേണ്ടി സ്വയം തന്നെ പ്രതിമയ്‍ക്കകത്ത് കയറി ഇരുന്നതായിരിക്കാം എന്നാണ്. അതുപോലെ ശരീരത്തിന്റെ ഭാരം കുറക്കുന്നതിന് വേണ്ടി ധാന്യങ്ങളോ മറ്റോ ആയിരിക്കാം കഴിച്ചിരുന്നിരിക്കുക എന്നും ഇവർ അഭിപ്രായപ്പെട്ടു. ജീവനോടെ പ്രതിമയ്‍ക്കുള്ളിൽ കയറിയിരുന്നതിന് ശേഷം ശ്വസിക്കുന്നതിന് വേണ്ടി ലിയുക്വാൻ പുറത്തേക്ക് ഒരു മുളയുടെ തണ്ട് ഇട്ടിരിക്കാം എന്നായിരുന്നു മറ്റൊരു അനുമാനം.
ഏതായാലും ഈ മമ്മി എവിടെ നിന്ന് വന്നു എന്നോ, ശരിക്കും എങ്ങനെ ഇത് സംഭവിച്ചു എന്നോ ഒന്നുമുള്ള പൂർണമായ അനുമാനത്തിൽ ഇനിയും ഗവേഷണസംഘം എത്തിയിട്ടില്ല. അതിൽ നിന്നും കണ്ടെത്തിയ അവശിഷ്ടങ്ങളുടെ ഡിഎൻഎ റിസൽറ്റും വരാനുണ്ട്. അതിന് വേണ്ടി കാത്തിരിക്കുകയാണ് സംഘം.