സാധാരണക്കാരനും ദ്വീപ് വാങ്ങാം, സ്വന്തമായി രാജ്യമുണ്ടാക്കാം! ഇതാണ് മാതൃക...
ദ്വീപിലെ ഓരോ ഓഹരിക്കും 3,250 ഡോളർ (2,48,330 രൂപ) വരും. ആളുകൾക്ക് എത്ര വേണമെങ്കിലും വാങ്ങാം, പക്ഷേ ജനാധിപത്യപരമായ തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയയിൽ ഓരോ വ്യക്തിക്കും ഒരു വോട്ട് മാത്രമേ അനുവദിക്കൂ.
സാധാരണയായി സ്വകാര്യ ദ്വീപുകള്‍(Islands) വാങ്ങുക എന്നത് സമ്പന്നര്‍ക്കും പ്രശസ്തരായ ആളുകള്‍ക്കും മാത്രം പറഞ്ഞ കാര്യമാണ് എന്നാണ് തോന്നല്‍ അല്ലേ? എന്നാല്‍, അങ്ങനെ അല്ലാത്തവര്‍ക്കും അതൊക്കെ പറ്റും എന്ന് ചിലര്‍ തെളിയിച്ചിട്ടുണ്ട്. 2018 -ൽ ആരംഭിച്ച 'ലെറ്റ്സ് ബൈ ആൻ ഐലൻഡി'ന്റെ സഹസ്ഥാപകരായ ഗാരെത് ജോൺസണും മാർഷൽ മേയറും(Gareth Johnson and Marshall Mayer) സ്വന്തമായി ഒരു ദ്വീപ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മാതൃകയാണ്.
ഇരുവരും ഒരു ക്രൗഡ് ഫണ്ടിംഗ് കാമ്പെയ്‌ൻ ആരംഭിച്ചു, കൂടാതെ കരീബിയനിൽ ജനവാസമില്ലാത്ത ഒരു ദ്വീപ് വാങ്ങുന്നതിനായി നിക്ഷേപകരിലൂടെ 250,000 പൗണ്ട് (2,50,21,974 രൂപ) സമാഹരിച്ചു. വിനോദസഞ്ചാരത്തിനായി ആ പ്രദേശം വികസിപ്പിക്കാനും, അതിലെ ലാഭം പങ്കിട്ടെടുക്കാനും, എല്ലാവരേയും അവരവരുടെ 'സ്വകാര്യ ദ്വീപ്' എന്ന ഫാന്റസിയിൽ ജീവിക്കാൻ അനുവദിക്കാനുമായിരുന്നു അവരുടെ ആഗ്രഹം.
CNN -നുമായുള്ള ഒരു സംഭാഷണത്തിൽ, ജോൺസൺ പറഞ്ഞു, "സ്വന്തമായി ഒരു രാജ്യം ഉണ്ടാക്കാൻ ആരാണ് സ്വപ്നം കാണാത്തത്? പ്രത്യേകിച്ചും ട്രംപിന് ശേഷമുള്ള, ബ്രെക്‌സിറ്റിന് ശേഷമുള്ള, ഈ കൊവിഡ് ലോകത്ത്. ഇപ്പോൾ ഒരുകൂട്ടം സാധാരണ ആളുകൾക്ക് ഇത് ചെയ്യാൻ കഴിഞ്ഞു. അതിനർത്ഥം ആർക്കും അത് സാധ്യമാണ് എന്നാണ്."
2019 ഡിസംബറോടെ, ബെലീസിന്റെ തീരത്ത് നിന്ന് 1.2 ഏക്കർ വിസ്തൃതിയുള്ള കോഫി കെയ് എന്ന ദ്വീപ് വാങ്ങാനായിരുന്നു അദ്ദേഹം മതിയായ ഫണ്ട് സ്വരൂപിച്ചത്. പിന്നീട് അത് Principality of Islandia ആക്കി മാറ്റപ്പെട്ടു. ഈ മൈക്രോനേഷൻ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ല. എന്നാൽ പോലും സ്വയംഭരണാധികാരമുള്ള രാജ്യത്തിന്റെ പല സവിശേഷതകളും ഇതിനുമുണ്ട്. അതിന് അതിന്റേതായ ദേശീയ പതാകയും ദേശീയഗാനവും സർക്കാരും ഉണ്ട്. ഒരു സൈന്യവും നാവികസേനയും ഇല്ലെങ്കിലും ഒരു രാജ്യമെന്ന സങ്കൽപവുമായി തങ്ങൾ അടുത്തിരിക്കുന്നു എന്ന് ജോൺസൺ പറഞ്ഞു.
'യംഗ് പയനിയേഴ്‌സ് ടൂർസ്' എന്ന കമ്പനിയുടെ സഹസ്ഥാപകൻ കൂടിയായ ജോൺസൺ, ഉത്തര കൊറിയ, സിറിയ തുടങ്ങിയ സ്ഥലങ്ങളിലേക്കും ട്രാൻസ്‌നിസ്‌ട്രിയ, അബ്‌ഖാസിയ, നഗോർണോ-കറാബാഖ് തുടങ്ങിയ സ്ഥലങ്ങളിലേക്കുമുള്ള വിനോദസഞ്ചാരത്തിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ഇത് ഏകദേശം 15 വർഷങ്ങൾക്ക് മുമ്പാണ്. ഒരു ദ്വീപ് വാങ്ങുന്നതും മൈക്രോനേഷൻ ആരംഭിക്കുന്നതും രസകരമാണെന്ന് തീരുമാനിച്ചതിന് ശേഷം letsbuyanisland.com എന്ന ഡൊമെയ്ൻ നാമം വാങ്ങുകയായിരുന്നു.
മേയർ കൂട്ടിച്ചേർത്തു, "ഗാരെത്ത് ആദ്യമായി ഈ ആശയം എന്നോട് പറഞ്ഞപ്പോൾ, ഇത് ഒരിക്കലും യാഥാർത്ഥ്യമാകില്ലെന്ന് ഞാൻ കരുതി. എന്നാൽ, ഒരു ദ്വീപിന് എത്രമാത്രം വിലവരും എന്ന് അദ്ദേഹം വിശദീകരിക്കാൻ തുടങ്ങി. ഒരു ദ്വീപ് വാങ്ങുന്നത് ഞാൻ വിചാരിച്ചതിനേക്കാൾ വളരെ എളുപ്പമായിരുന്നു, പ്രത്യേകിച്ചും ഞങ്ങൾ ഞങ്ങളുടെ ഫണ്ടുകൾ ഒരുമിച്ച് ചേർത്താൽ."
ദ്വീപിലെ ഓരോ ഓഹരിക്കും 3,250 ഡോളർ (2,48,330 രൂപ) വരും. ആളുകൾക്ക് എത്ര വേണമെങ്കിലും വാങ്ങാം, പക്ഷേ ജനാധിപത്യപരമായ തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയയിൽ ഓരോ വ്യക്തിക്കും ഒരു വോട്ട് മാത്രമേ അനുവദിക്കൂ. ഫിലിപ്പീൻസ്, മലേഷ്യ, അയർലൻഡ്, പനാമ, ബെലീസ് എന്നിവിടങ്ങളിലെ ദ്വീപുകൾ പരിശോധിച്ച ശേഷമാണ് ഒടുവിൽ കോഫി കെയ് വാങ്ങുന്നത്. ഇരുവരും ഏകദേശം 100 ഓഹരികൾ വിറ്റു, കൂടാതെ 25 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരുമുണ്ട്. ഏതായാലും ഒരു യഥാർത്ഥ രാജ്യമാക്കി അതിനെ മാറ്റുക എന്ന ലക്ഷ്യത്തിലാണ് ഇപ്പോൾ ഇരുവരും.