പേശികൾ പൊട്ടുന്ന തണുത്തുറഞ്ഞ വെള്ളത്തിൽ കുളി, ജപ്പാൻകാരുടെ പ്രത്യേക ആചാരം, പിന്നിലെ കാരണം...

പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷമാണ് ഇത്തരത്തിൽ ആളുകൾ ഐസ് വാട്ടർ ബാത്തിനായി ഇറങ്ങുക.

men bathe in ice water unique festival in Japan

നിരവധി ആചാരങ്ങളും അനുഷ്ഠാനങ്ങളും ഒക്കെ നിറഞ്ഞതാണ് നമ്മുടെ ഈ ലോകം. ഓരോ സാമൂഹിക പരിതസ്ഥിതിയിൽ ജീവിക്കുന്നവർക്കും അവരവരുടേതായ ആചാരങ്ങളും ജീവിതരീതികളും ഒക്കെയുണ്ട്. ഒരുപക്ഷേ, പുറമേ നിന്ന് നോക്കുമ്പോൾ അവയിൽ പലതും നമുക്ക് വിചിത്രമായി തോന്നാമെങ്കിലും ആ സാമൂഹിക ചുറ്റുപാടിൽ ജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളം അത് അവരുടെ ജീവിതത്തിൻറെ ഭാഗമാണ്. വ്യത്യസ്തങ്ങളായ ജീവിതരീതികൾ കൊണ്ടും ആചാരങ്ങൾ കൊണ്ടും ഒക്കെ ജപ്പാൻ ജനത പലപ്പോഴും നമ്മെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. സമാനമായ രീതിയിൽ കേൾക്കുമ്പോൾ തന്നെ ഏറെ ആകർഷകമായി തോന്നുന്ന ജപ്പാനിലെ ഒരു ആചാരമാണ് ഷിന്റോ ആചാരം. പുതുവർഷാഘോഷവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഈ ആചാരത്തിന് ജപ്പാൻകാരുടെ ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ട്.

ജപ്പാനിലെ പുതുവത്സര ചടങ്ങുകളുടെ ഭാഗമായിട്ടാണ് ആളുകൾ ഷിന്റോ ആചാരം നടത്തുന്നത്. ജനുവരി 14 -നാണ് ഈ വർഷത്തെ ആചാരം അവർ നടത്തിയത്. തങ്ങളുടെ ആത്മാവിനെയും മനസ്സിനെയും ശുദ്ധീകരിക്കുന്നതിനായി  അർദ്ധനഗ്നരായി തണുത്തുറഞ്ഞ ഐസ് വാട്ടറിൽ കുളിക്കുന്നതാണ് ഈ ആചാരത്തിന്റെ ഭാഗമായി നടത്തുന്ന പ്രധാന ചടങ്ങ്. ടോക്കിയോയിലെ കാണ്ഡ മയോജിൻ ആരാധനാലയത്തിലാണ് പ്രധാനമായും ഈ ചടങ്ങ് നടക്കുന്നത്. തടികൊണ്ട് നിർമ്മിച്ച ഒരു വലിയ ടാങ്ക് നിറയെ തണുത്ത വെള്ളം നിറച്ച് അതിൽ  ഐസ് കട്ടകൾ ഇട്ട് ശരീരത്തെ മരവിപ്പിക്കുന്ന രീതിയിൽ തണുപ്പുള്ള വെള്ളത്തിലേക്കാണ് ഐസ് വാട്ടർ ബാത്തിനായി ഇറങ്ങുക. 

എല്ലാവർഷവും ജനുവരിയിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് ഈ ആചാരം നടത്തുന്നത്. രണ്ടുദിവസങ്ങളിലായി നടക്കുന്ന ഈ ആചാരം ഈ വർഷം നടത്തിയത് കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ ആണ്. പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷമാണ് ഇത്തരത്തിൽ ആളുകൾ ഐസ് വാട്ടർ ബാത്തിനായി ഇറങ്ങുക. എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉൾപ്പെടെയുള്ളവർ ഇതിൽ പങ്കാളികളാകും. ഏകദേശം ആറു മുതൽ 10 മിനിറ്റ് വരെയാണ് ഇത്തരത്തിൽ ഇവർ ഐസ് വാട്ടർ ബാത്ത് നടത്തുക. ശേഷം ക്ഷേത്രത്തിലെത്തി പ്രത്യേക പ്രാർത്ഥനകൾ നടത്തും. പിന്നീട് എല്ലാവരും ചേർന്നുള്ള ആഘോഷമായ നൃത്തവും ഉണ്ടായിരിക്കും. ജപ്പാനിൽ ഏറ്റവും കൂടുതൽ തണുപ്പനുഭവപ്പെടുന്ന മാസം കൂടിയാണ് ജനുവരി. 

Latest Videos
Follow Us:
Download App:
  • android
  • ios