അപ്രതീക്ഷിതമായി ആ മനുഷ്യന്‍ വന്നു, കലങ്ങിമറിഞ്ഞൊരു നേരത്ത് തുണയായി...

പ്രിയപ്പെട്ട മനുഷ്യാ, ഇത്ര വൈകി, ഈ ഓര്‍മ്മ. അന്ന്, മറ്റൊന്നുമാലോചിക്കാതെ നിങ്ങള്‍ കൂടെ വന്നില്ലായിരുന്നുവെങ്കില്‍, ഞാനൊരു പക്ഷേ, എല്ലാം നഷ്ടപ്പെട്ടുപോയ നിരാശയില്‍ അകംപുറം മൂടിനിന്നുപോയേനെ. 

memory of a stranger by Rashida Nasriya

ചിലരുണ്ട്, അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്നവര്‍. ആഴമുള്ള അടുപ്പമായി മാറുന്നവര്‍. അത് സ്‌കൂളിലോ കോളജിലോ വെച്ചാവാം. അല്ലെങ്കില്‍, ജോലി സ്ഥലത്ത്. യാത്രകളില്‍, ആശുപത്രികളില്‍, സൗഹൃദ കൂട്ടങ്ങളില്‍ അല്ലെങ്കില്‍, മറ്റെവിടെയെങ്കിലുംവെച്ച്...

പെട്ടെന്നാവും അവരുടെ മറയല്‍. സാഹചര്യം മാറിയതാവാം. ജീവിതാവസ്ഥ മാറിയതാവാം. അവര്‍ മറയും. എന്നേക്കുമായി. എങ്കിലും, എന്നും നമ്മളോര്‍ക്കും, എവിടെയാണ് അവരെന്ന്. ചിലപ്പോള്‍ അവര്‍ നമ്മളെയും.അങ്ങനെയൊരാള്‍ നിങ്ങളുടെ ജീവിതത്തിലുമില്ലേ? ഉണ്ടെങ്കില്‍, എഴുതൂ, ആ ആളെക്കുറിച്ച്? ആ ബന്ധത്തെക്കുറിച്ച്. കാത്തിരിപ്പിനെക്കുറിച്ച്. ഒരുപക്ഷേ, ഈയൊരു കുറിപ്പാവും അയാളെ നിങ്ങളിലേക്ക് തിരിച്ചെത്തിക്കുക. കുറിപ്പുകള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ 'നീ എവിടെയാണ്? എന്നെഴുതി, submissions@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കുറിപ്പുകള്‍ പ്രസിദ്ധീകരിക്കും.

 

memory of a stranger by Rashida Nasriya

 

ചില മനുഷ്യരുണ്ട്. തികച്ചും അപരിചിതരെങ്കിലും നമ്മളാകെ തീയില്‍ നില്‍ക്കുന്ന നേരത്ത് പൊടുന്നനെ അവര്‍ മുന്നില്‍ പ്രത്യക്ഷപ്പെടും. ആരാണ് എന്താണ് എന്നൊന്നും ചോദിക്കാതെ തന്നെ നമ്മെ ചേര്‍ത്തുനിര്‍ത്തും. മുന്നോട്ടു നടക്കാന്‍ ഇനിയൊരടിയും ബാക്കിയില്ലെന്ന് തോന്നിപ്പോവുന്ന നിസ്സഹായതയില്‍ നില്‍ക്കുന്നേരം, നമുക്ക് മുന്നോട്ടു നടക്കാനുള്ള വഴി കാണിച്ചു തരും. എന്നിട്ട്, ഒരക്ഷരം പറയാതെ, വന്നതുപോലെ പൊടുന്നനെ തിരിച്ചുപോവും. അന്തംവിട്ടു നില്‍ക്കുന്ന നമ്മള്‍ കാര്യങ്ങള്‍ തിരിച്ചറിയുമ്പോഴേക്കും, ഒരടയാളം പോലുമില്ലാതെ അവര്‍ മാഞ്ഞുപോയിരിക്കും. 

അതുപോലൊരാള്‍ എന്റെ ജീവിതത്തിലേക്ക് വന്നത്, കഴിഞ്ഞ വര്‍ഷമാണ്. കോഴിക്കോട് ഒരു പരിപാടിക്ക് പോവുകയായിരുന്നു ഞാന്‍. ബസിലായിരുന്നു യാത്ര. ഏകദേശം ഫറോക്ക് പാലത്തിനടുത്ത് എത്തിയപ്പോള്‍ എനിക്ക് ഒരു കോള്‍ വന്നു. ബാഗില്‍ നിന്ന് ഫോണെടുത്തതും പെട്ടെന്ന് അത് കൈയില്‍ നിന്ന് തെറിച്ച് പോയി. പെട്ടെന്ന് ചാടിയെണീറ്റ് ഞാന്‍ ബസില്‍ എല്ലാ ഇടത്തും തിരഞ്ഞു. എന്റെ തിരച്ചില്‍ കണ്ടാവണം, ഒരു ഫോണ്‍ പുറത്തേക്ക് തെറിച്ചുപോവുന്നത് കണ്ടെന്ന് അടുത്തു നില്‍ക്കുന്ന ഒരാള്‍ പറഞ്ഞു. 

അത് കേട്ടപ്പോള്‍ ഡ്രൈവര്‍ പെട്ടെന്ന് വണ്ടി നിറുത്തി. ഞാന്‍  ബസില്‍ നിന്ന് ചാടിയിറങ്ങി. ഫറോക്ക് പാലത്തിലായിരുന്നു ഞാന്‍ ഇറങ്ങിയത്. ഞാന്‍ എല്ലായിടത്തും ഫോണ്‍ തിരഞ്ഞു. അതെവിടെയുമില്ലായിരുന്നു. അത് ഇനി തിരിച്ചുകിട്ടില്ലെന്ന് എനിക്കു തോന്നി. 

ഞാനാകെ പരിഭ്രാന്തയായി. ഫോണുള്ള കാലവും ഇല്ലാത്ത കാലവും എന്ന രണ്ട് കാലഘട്ടത്തിന് മധ്യേയാണ് ഞാന്‍ നില്‍ക്കുന്നതെന്ന് എനിക്കു തോന്നി. അങ്ങനെ ചിന്തിക്കാന്‍ എനിക്ക് കാരണമൊക്കെ ഉണ്ട്. ഒന്ന് , ഒരു പുതിയ ഫോണ്‍ വാങ്ങാനുള്ള സാമ്പത്തികാവസ്ഥ ഇല്ലായിരുന്നു. രണ്ടാമത്, ആ ഫോണിലായിരുന്നു എന്റെ എല്ലാം. ഞാനെഴുതുന്ന എഴുത്തുകള്‍ സൂക്ഷിച്ചിരുന്ന ഫോള്‍ഡര്‍. പിന്നെ പത്ത് നാല്‍പത് വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകള്‍,  പിന്നീട് കമ്പ്യൂട്ടറില്‍ ആര്‍ക്കൈവ് ചെയ്യാമെന്ന് കരുതി ഞാന്‍ സൂക്ഷിച്ചു വെച്ച നാലായിരത്തോളം വരുന്ന ഫോട്ടോസ്. ഒപ്പം, ദിവസേന എഴുതിയരുന്ന എന്റെ ഓണ്‍ലൈന്‍ ഡയറി പേജുകള്‍. 

എന്റെ തിരച്ചില്‍ കണ്ട്  അതിലൂടെ പോയിരുന്ന ആള്‍ക്കാരില്‍ ചിലര്‍ വണ്ടി നിറുത്തി, 'എന്തു പറ്റി' എന്ന് ചോദിക്കുന്നുണ്ടായിരുന്നു. കാര്യങ്ങളൊക്കെ പറഞ്ഞെങ്കിലും അവരെല്ലാവരും എന്നെ   
വഴിയില്‍ ഉപേക്ഷിക്കുകയാണ് ചെയ്തത്. ഇനിയിപ്പോ എന്ത് ചെയ്യും എന്ന് കരുതി വിഷമിച്ചിരിക്കുമ്പോള്‍ ആണ് ആ മനുഷ്യന്‍ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. 

സ്‌കൂട്ടിയില്‍ വന്ന തികച്ചും സാധാരണക്കാരനായ ഒരാള്‍. മറ്റെല്ലാവരെയും പോലെ അയാളും ആ ചോദ്യം ചോദിച്ചു, 'എന്ത് പറ്റി?'
 
ഞാന്‍ അയാളോട് ഞാന്‍ ഫോണ്‍ പോയ കാര്യം പറഞ്ഞു. 'വിഷമിക്കണ്ട നമുക്ക് പോലീസ് സ്റ്റേഷനില്‍ പോയി പരാതി കൊടുക്കാം' എന്ന് പറഞ്ഞു അയാള്‍. ഫോണ്‍ കിട്ടുമെന്ന പ്രതീക്ഷ ഇല്ലായിരുന്നെങ്കിലും ഞാന്‍ അയാളുടെ കൂടെ സ്‌കൂട്ടറില്‍ കയറി. പാലത്തിനടുത്ത് തന്നെയുള്ള പോലീസ് സ്റ്റേഷനില്‍  പോയി പരാതി കൊടുത്തു. തിരിച്ചിറങ്ങുമ്പോള്‍ അയാള്‍ പുറത്തെന്നെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.

ഏതായാലും  ഫോണ്‍ പോയി. ഇനി അടുത്തതെന്ത് എന്ന് വിചാരിച്ച് ഞാന്‍ അയാളുടെ ബൈക്കില്‍ 
കയറി. പരിപാടിക്ക് പോവാനുള്ള മൂഡ് പോയിരിക്കുന്നു. തിരിച്ച് ഞാന്‍ താമസിക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കടുത്തുള്ള വീട്ടിലേക്ക് പോവാമെന്ന് കരുതി. എന്നെ ബസ് സ്‌റ്റോപ്പില്‍ വിടാമോ എന്ന് ഞാനയാളോട് ചോദിച്ചു. അയാള്‍ സമ്മതം മൂളി. 

ഇതിനിടയിലെല്ലാം അയാളുടെ ഫോണില്‍ നിന്ന് ഞാന്‍ എന്റെ ഫോണിലേക്ക് കോള്‍ ചെയ്യുന്നുണ്ടായിരുന്നു. ബെല്‍ അടിക്കുന്നുണ്ടെങ്കിലും അതാരും എടുക്കുന്നുണ്ടായിരുന്നില്ല. അങ്ങനെ ഞങ്ങള്‍ ബസ് സ്റ്റോപ്പിലെത്തി.. അവസാനമായി ഞാന്‍ ഒന്ന് കൂടി ഫോണ്‍ ചെയ്തു.

പെട്ടെന്ന്, ആരോ ആ ഫോണെടുത്തു. ഫോണെടുത്ത ആള്‍ എന്റെ ജീവിതത്തിന്റെ മുഴുവന്‍ നിരാശകളെയും മായ്ച്ചു കളയുന്ന ആ വാചകമാണ് പറഞ്ഞത്. നഷ്ടപ്പെട്ടുവെന്ന് ഞാന്‍ കരുതിയ ആ ഫോണ്‍ ബസില്‍ തന്നെ ഉണ്ടായിരുന്നു! ന്നെനും കോഴിക്കോട്  സബ് സ്റ്റാന്റില്‍ വന്നാല്‍ ഫോണ്‍ തരാമെന്നും അദ്ദേഹം പറഞ്ഞു. 

ഞാന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഇതെല്ലാം, ആ മനുഷ്യന്‍ കാണുന്നുണ്ടായിരുന്നു. 

'നമുക്ക് ബസ് സ്റ്റാന്റില്‍ പോവാം. ഞാന്‍ കൂടെ വരാം.''അയാള്‍ പറഞ്ഞു. 

എത്രയും പെട്ടെന്ന് ഫോണ്‍ കിട്ടുമല്ലോ എന്നതിനപ്പുറം മറ്റൊന്നും ഞാന്‍ ആലോചിച്ചിരുന്നില്ല. അങ്ങനെ ഞാന്‍ അയാളുടെ വണ്ടിയില്‍ കയറി. കോഴിക്കോട് എത്തുന്നത് വരെ അയാള്‍ അയാളെയും അയാളുടെ വീട്ടുകാരെയും കുറിച്ച് സംസാരിച്ചു കൊണ്ടിരുന്നു. എന്നെ കുറിച്ചും ഞാനും സംസാരിച്ചു. 

അങ്ങനെ ഞങ്ങള്‍ ബസ് സ്റ്റാന്റിലെത്തി. അവിടെ ആ ഫോണ്‍ എന്നെ കാത്തു നില്‍പ്പുണ്ടായിരുന്നു. അപരിചിതനായ ഒരാള്‍ ആ ഫോണ്‍ എന്നെ ഏല്‍പ്പിച്ചു. എനിക്കന്നേരം എന്താണ് ചെയ്യേണ്ടത് അറിയില്ലായിരുന്നു. ലോകത്ത് അന്നേരം മറ്റാരുമില്ലെന്ന് തന്നെ തോന്നിപ്പോയി. സന്തോഷം, സമാധാനം. 

ആ മനുഷ്യന്‍ എന്റെ അടുത്തു തന്നെ നില്‍പ്പുണ്ടായിരുന്നു. അല്‍പ്പം കഴിഞ്ഞ്, അദ്ദേഹം യാത്ര പറഞ്ഞു, തിരിച്ചു നടന്നു. ഞാന്‍ അയാളെ തന്നെ നോക്കി നിന്നു.

പേര് മുസ്തഫ എന്നാണെന്ന് അയാള്‍ പറഞ്ഞത് ഓര്‍ക്കുന്നു. അതിനപ്പുറം മറ്റൊന്നും ഓര്‍മ്മയിലില്ല. അയാളോട് നന്ദി പറയാനോ ഒന്നും കഴിയാവുന്ന മാനസികാവസ്ഥയിലായിരുന്നില്ല ഞാന്‍. 

പ്രിയപ്പെട്ട മനുഷ്യാ, ഇത്ര വൈകി, ഈ ഓര്‍മ്മ. അന്ന്, മറ്റൊന്നുമാലോചിക്കാതെ നിങ്ങള്‍ കൂടെ വന്നില്ലായിരുന്നുവെങ്കില്‍, ഞാനൊരു പക്ഷേ, എല്ലാം നഷ്ടപ്പെട്ടുപോയ നിരാശയില്‍ അകംപുറം മൂടിനിന്നുപോയേനെ. 

മറക്കില്ല, ഒരിക്കലും. 

 

 

Latest Videos
Follow Us:
Download App:
  • android
  • ios