മറക്കാനാവാത്ത രണ്ട് കണ്ടക്ടര്‍മാര്‍, ഒരാള്‍ മനസ്സ് വിഷമിപ്പിച്ചു, മറ്റേയാള്‍ നന്‍മ കൊണ്ട് മനസ്സ് കുളിര്‍പ്പിച
പിന്നീടൊരിക്കലും ഞാന്‍ ആ കണ്ടക്ടറെ കണ്ടിട്ടില്ല. എന്നാല്‍ ഈ ഭൂമിയിലെ നന്മയൊക്കെ വറ്റി എന്നാര് പറഞ്ഞാലും എന്റെ ഹൃദയത്തിലേയ്ക്കുവരുന്ന മുഖങ്ങളൊന്നില്‍ എന്നും ഈ കണ്ടക്ടറുമുണ്ട്. നന്മനിറഞ്ഞ കുറേ മനുഷ്യര്‍. ഈ ഭൂമി അവരിലൂടെയാണ് ഇങ്ങനെ മനോഹരമായി നിലനില്‍ക്കുന്നത്.
യാത്രകള്‍ എന്നും പ്രിയപ്പെട്ടതാണ്; പ്രത്യേകിച്ച് ബസ് യാത്രകള്‍. ആനവണ്ടിയുടെ സൈഡ് സീറ്റില്‍ കണ്ണടച്ചിരുന്ന് സ്വപ്നങ്ങളുടെ ചിറകിലേറി, ഇളംകാറ്റിന്റെ രഹസ്യവും കാതിലേറ്റുവാങ്ങുന്ന ബസ് യാത്രകളിലെ ആനന്ദനിമിഷങ്ങളെ എങ്ങനെ എഴുതിവെയ്ക്കണമെന്ന് ഇന്നുമെനിക്കറിയില്ല.
പണ്ടുപണ്ടൊരു കാലം
ബസ് യാത്രയെക്കുറിച്ചുള്ള ആദ്യ ഓര്‍മ്മ അമ്മയുടെ നാടായ വയനാട്ടിലേയ്ക്കുള്ള ആനവണ്ടിയാത്രകളാണ്. കുട്ടിയായിരിക്കെ അമ്മയോടൊപ്പം നടത്തിയ ആ യാത്രകളിലെ കൗതുകം പിന്നീടൊരിക്കലുമെനിക്ക് ലഭിച്ചിട്ടില്ല. താമരശ്ശേരിച്ചുരം കയറിയുള്ള യാത്രകളായിരുന്നു മധ്യവേനലവധിക്കാലങ്ങളെ വര്‍ണ്ണാഭമാക്കിയത്.
ബസ്സില്‍ കയറിയാല്‍ ചര്‍ദ്ദിക്കുക. കുട്ടിക്കാലത്ത് അത് പതിവായിരുന്നു. വയനാട് യാത്രകളില്‍, ചര്‍ദ്ദിയുടെ അവശത എന്നില്‍ നിന്നെടുത്തെറിഞ്ഞിരുന്നത് താമരശ്ശേരി ചുരത്തിലെ തണുത്ത കാറ്റിന്റെ മാന്ത്രികവിരലുകളായിരുന്നു.
ആദ്യമായി തനിച്ച് സ്വകാര്യബസ്സില്‍ യാത്രചെയ്യുന്നത് ഹൈസ്‌ക്കൂള്‍ പഠനകാലത്താണ്. അന്നൊക്കെ നടന്നായിരുന്നു ഞാനടക്കമുള്ള നാട്ടിലെ മിക്ക കുട്ടികളും സ്‌കൂളിലേയ്ക്ക് പോയിരുന്നത്. അതിനാല്‍, വല്ലപ്പോഴുമുള്ള ബസ് യാത്ര വളരെയധികം സന്തോഷകരമായിരുന്നു. പുറംകാഴ്ചകള്‍ കണ്ട്, വഴിയിലെ പുല്ലിനോടും, ചെടിയോടും കിന്നാരം പറഞ്ഞ്, കോട്ടപ്പുറം തിരുവളയനാട് കാവിലെ ദേവിയെയും തൊഴുത്
സ്‌ക്കൂളിലേയ്ക്കുള്ള യാത്രകള്‍.
ദിവസേനയുള്ള ബസ് യാത്രകള്‍
ദിവസേനയുള്ള ബസ് യാത്രകള്‍ ആരംഭിക്കുന്നത് കോളേജ് പഠനകാലത്താണ്. കോട്ടപ്പുറത്തുനിന്നുതുടങ്ങി കുളപ്പുള്ളിയിലവസാനിക്കുന്ന ബസ് യാത്രകള്‍. ചെര്‍പ്പുളശ്ശേരി വഴിയായിരുന്നു അന്ന് കുളപ്പുള്ളിയിലേയ്ക്ക് പോയിരുന്നത്. രണ്ടു മൂന്നു വഴികളുണ്ട് കുളപ്പുള്ളിയിലേയ്ക്ക്. കയിലിയാട് -ചളവറവഴി, കോതുര്‍ശ്ശി -തൃക്കൃടീരി വഴി തുടങ്ങിയവയാണവ. കൃഷ്ണപ്പടി വഴി മറ്റൊരുവഴിയുണ്ടെങ്കിലും ആ വഴിയില്‍ ബസ് സര്‍വ്വീസുകള്‍ കുറവായിരുന്നു.
രാവിലെ ചളവറ വഴിയാണ് കുളപ്പുള്ളിയിലേയ്ക്ക് പോവുക. കുളപ്പുള്ളി ഒരു പ്രധാന വിദ്യഭ്യാസകേന്ദ്രമാണ് അന്നുമിന്നും. ആയുര്‍വ്വേദ കോളജ്, പോളിടെക്‌നിക്, ആര്‍ട്‌സ് കോളജ്, സയന്‍സ് കോളജ്, ലോ കോളജ് തുടങ്ങി ഒട്ടുമിക്ക സ്ഥാപനങ്ങളും അവിടെയാണ്. കയിലിയാട് ഒരു ഫാര്‍മസി കോളേജും ഹയര്‍സെക്കന്ററി സ്‌കൂളും കൂടിയുണ്ട്. ഇതൊക്കെ കാരണമാവാം, കുളപ്പുള്ളി ബസ്സില്‍ തിരക്കിന്റെ കാര്യം പറയാനില്ല!
രാവിലെ കുളപ്പുള്ളി ബസ്സില്‍ മണല്‍ വാരിയിട്ടാല്‍ നിലത്തു വീഴാത്ത തിരക്കാവും. തിക്കിയും തിരക്കിയും വളരെ ബുദ്ധിമുട്ടിയുള്ള യാത്രകള്‍ ഇന്നോര്‍ക്കുമ്പോള്‍ മധുരമുള്ള ഓര്‍മ്മകളാണ്. ഓര്‍മ്മകള്‍ അങ്ങനെയാണ്. ഒരിക്കല്‍, വളരെയധികം ബുദ്ധിമുട്ടിച്ച പല അനുഭവങ്ങളും പില്‍ക്കാലത്ത് ചെറുപുഞ്ചിരിയോടെ ഓര്‍ക്കാനാവും.
രണ്ട് കണ്ടക്ടര്‍മാര്‍
ഓര്‍മ്മയില്‍ രണ്ട് കണ്ടക്ടര്‍മാരുണ്ട്. ഒരാളെ ഓര്‍ക്കുമ്പോള്‍ വിഷമം വരും. മറ്റേയാളെ ഓര്‍ക്കുമ്പോള്‍ സന്തോഷവും. കുളപ്പുള്ളിയിലേയ്ക്ക് പോയിരുന്ന ബസിലെ കണ്ടക്ടറെ ഓര്‍ക്കുമ്പോഴാണ് ഇന്നും ചെറിയ വിഷമം തോന്നുക. തിരക്കു കാരണം ദേഷ്യം വന്നിട്ടാണോ എന്നറിയില്ല, സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ഞങ്ങളെ അയാള്‍ അഭിസംബോധന ചെയ്തിരുന്നത് മോശം വാക്കുകള്‍ ഉപയോഗിച്ചായിരുന്നു. ചെര്‍പ്പുളശ്ശേരിയില്‍ നിന്നു തുടങ്ങിയാല്‍ കയിലിയാട് വരെ അയാള്‍ മുറുമുറുപ്പ് തുടരും. അസഹ്യമായിത്തോന്നാറുണ്ടെങ്കിലും ആരും കണ്ടക്ടറുടെ ഈ പെരുമാറ്റത്തോട് പ്രതികരിച്ചിരുന്നില്ല.
കയിലിയാട് ഗ്രാമം സുന്ദരമായിരുന്നു. കുന്നും, മലയും, കാടും, ക്ഷേത്രങ്ങളും, കുളങ്ങളും. പാലക്കാടന്‍ സൗന്ദര്യം അടിമുടി നിറഞ്ഞുനില്‍ക്കുന്ന മനോഹര ഗ്രാമം. ഇന്നുമതിന് മങ്ങലേറ്റിട്ടില്ല. ഗ്രാമക്കാഴ്ചകളില്‍ മുഴുകിയാവണം ഞങ്ങള്‍ കുട്ടികള്‍ ബസ്സ് യാത്രയിലെ കഷ്ടപ്പാടുകള്‍ ഒക്കെ മറികടക്കുന്നത് എന്നിപ്പോള്‍ തോന്നുന്നു. കോളജില്‍ നിന്നും തിരികെയുള്ള യാത്രകള്‍ തിരക്കു കുറവായതിനാല്‍ സുഖകരമായിരുന്നു. ചെര്‍പ്പുളശ്ശേരിയില്‍ നിന്ന് കോട്ടപ്പുറത്തേയ്ക്കുള്ള ബസ് യാത്രകള്‍ മനോഹരമായിരുന്നു.
കോട്ടപ്പുറത്തേയ്ക്ക് സാധാരണ വന്നിരുന്ന ഒരു ബസ് ഇപ്പോഴും ഓര്‍മ്മയിലുണ്ട്, അതിലായിരുന്നു നല്ലവനായ ആ കണ്ടക്ടര്‍. തിരക്കു കുറയുമ്പോള്‍ അദ്ദേഹം സീറ്റില്‍ ഇരുന്നോളാന്‍ പറയും. ഒന്നൊന്നര മണിക്കൂറായി ബസ്സില്‍ നില്‍ക്കുന്ന ഞാന്‍ അത് കേള്‍ക്കേണ്ട താമസം സീറ്റില്‍ ചാടിക്കയറി ഇരിക്കും. വിദ്യാര്‍ത്ഥി കണ്‍സഷന്‍ കൊടുക്കുന്ന കുട്ടികളെ സീറ്റുകളില്‍ ഇരിക്കാനനുവദിക്കാത്ത കാലമായിരുന്നു അത്.
ആ ബസ്സിലെ കണ്ടക്ടറാകട്ടെ, ഒരിക്കല്‍ പോലും ആരോടും മോശമായി പെരുമാറുകയോ സംസാരിക്കുകയോ ചെയ്തില്ല. വളരെ സ്‌നേഹബഹുമാനത്തോടുകൂടിയായിരുന്നു ഓരോ യാത്രക്കാരോടും പെരുമാറിയിരുന്നത്, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളോട്. ആ പെരുമാറ്റം കുട്ടികള്‍ക്കൊക്കെ ഇഷ്ടമായിരുന്നു. ആ ബസ് കണ്ടക്ടറോട് ഉളളിന്റെയുള്ളില്‍ ഞാനും ബഹുമാനം കാത്തുസൂക്ഷിച്ചു.
കാലമങ്ങനെ ഓടിക്കൊണ്ടിരുന്നു. എന്റെ കോളേജ് ജീവിതം അവസാനിച്ചു. കോളേജിലെ അവസാന ദിവസം, ഇത്രയും ദിവസം ഒരു പരാതിയില്ലാതെ ബസ് യാത്ര സാധ്യമാക്കിയതിനും ബഹുമാനത്തോടെയുള്ള പെരുമാറ്റത്തിനും ആ കണ്ടക്ടറോട് നന്ദി പറയുവാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും, ഒന്നും മിണ്ടാതെ ഞാന്‍ ബസ്സില്‍ നിന്നിറങ്ങി നടക്കുകയായിരുന്നു. പിന്നീട് ഞാന്‍ പി.എസ്.സി പഠിത്തത്തില്‍ മുഴുകി. ആ ബസും, കണ്ടക്ടറുമെല്ലാം ഓര്‍മ്മകളില്‍ നിന്ന് മാഞ്ഞുപോയി.
കാലങ്ങള്‍ക്കു ശേഷം ആ ബസ്
വര്‍ഷങ്ങള്‍ക്കുശേഷം, ജോലിയൊക്കെ കിട്ടി, ഒരുദിവസം ചെറിയ ഷോപ്പിങ് കഴിഞ്ഞ്, മണ്ണാര്‍ക്കാട് ബസ് സ്റ്റാന്റില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു. അപ്പോള്‍ യാദൃശ്ചികമായി ഒരു ബസ് എന്റെ മുന്നില്‍ വന്നുനിന്നു. ബസിന്റെ പേര് കണ്ട് സന്തോഷം തോന്നി. പണ്ട് കോളേജില്‍ പോയിരുന്ന ബസ്.
ബസില്‍ കയറിയപാടെകണ്ടക്ടറെ തെരഞ്ഞു. അപ്പോഴതാ, 'എവിടെയ്ക്കാ' എന്ന ചോദ്യവുമായി പഴയ കണ്ടക്ടര്‍ മുന്നില്‍!
ഞാനയാളെ നോക്കി. ഒരു മാറ്റവുമില്ല.
അദ്ദേഹമെന്നെ തിരിച്ചറിഞ്ഞു, ചിരിച്ചു കൊണ്ടു ചോദിച്ചു: 'എന്താപ്പോ ചെയ്യണെ?'
'ഗവണ്‍മെന്റ് ജോലി കിട്ടി ഇവിടത്തെ ആശുപത്രിയിലാണ് ഇപ്പൊ ജോലി'-ഞാന്‍ അഭിമാനത്തോടു കൂടി പറഞ്ഞു.
'ജോലി കിട്ടിയ വകയില്‍ ലഡു ഒന്നുമില്ലേ? ഈ ബസ്സിലല്ലേ പഠിക്കുമ്പോള്‍ യാത്ര ചെയ്തിരുന്നത്, അതൊക്കെ ഓര്‍മ്മ ണ്ടോ?' അദ്ദേഹം ചിരിച്ചുകൊണ്ടു ചോദിച്ചു.
'ഓര്‍മ്മ ണ്ട്'-ഞാന്‍ ചിരിച്ചുകൊണ്ടു മറുപടി പറഞ്ഞു. എന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു. കണ്ടക്ടര്‍ എന്റെ കണ്ണുനീര്‍ കാണാതിരിക്കാന്‍ ഞാന്‍ പാടുപെട്ടു.
ഒരു ലഡു അല്ല, ആയിരം ലഡു കൊണ്ട് ആ കണ്ടക്ടറെ അഭിഷേകം ചെയ്യാന്‍ തോന്നി, എനിക്ക് ആ നിമിഷത്തില്‍.
പതിയെ ഞാന്‍ പറഞ്ഞു. 'ഒരു ലഡു അല്ല എത്ര ലഡു വേണമെങ്കിലും തരാലോ.'
കണ്ടക്ടര്‍ വീണ്ടും തുടര്‍ന്നു: 'ലഡു ഒന്നും വേണ്ട, കുട്ടീ. ഞാനൊക്കെ അസുഖായി ആശുപത്രിയില്‍ വരുമ്പോള്‍ നല്ലോണം നോക്കിയാല്‍ മതി'
അത് പറയുന്നതിനിടയില്‍ അദ്ദേഹം എന്റെ യാത്രാചാര്‍ജ്ജ് വാങ്ങി മറ്റ് യാത്രക്കാരുടെ അടുത്തേക്ക് നടന്നുപോയി .
ബസ്സിറങ്ങാന്‍ നേരം ഞാന്‍ സ്‌നേഹത്തോടെ അയാളെ നോക്കി പുഞ്ചിരിച്ചു, അദ്ദേഹം തിരിച്ചും.
പിന്നീടൊരിക്കലും ഞാന്‍ ആ കണ്ടക്ടറെ കണ്ടിട്ടില്ല. എന്നാല്‍ ഈ ഭൂമിയിലെ നന്മയൊക്കെ വറ്റി എന്നാര് പറഞ്ഞാലും എന്റെ ഹൃദയത്തിലേയ്ക്കുവരുന്ന മുഖങ്ങളൊന്നില്‍ എന്നും ഈ കണ്ടക്ടറുമുണ്ട്. നന്മനിറഞ്ഞ കുറേ മനുഷ്യര്‍. ഈ ഭൂമി അവരിലൂടെയാണ് ഇങ്ങനെ മനോഹരമായി നിലനില്‍ക്കുന്നത്.