ഒരു പന്തുകളിക്കാരന്റെ മകള്‍ മറഡോണയെ അറിഞ്ഞവിധം...
മറഡോണ: ആ വസന്തത്തിന്റെ പൂക്കളില്‍ ഒരിതള്‍ എന്റേതുമാണ്. രശ്മി കിട്ടപ്പ എഴുതുന്ന ആത്മകഥാപരമായ മറഡോണ കുറിപ്പ്
മറഡോണ അന്ന് കളിനിര്‍ത്തിയിരുന്നില്ല ഓരോ ലോകകപ്പ് മത്സരങ്ങളുടെ സമയത്തും ഇങ്ങ് ഉത്തരേന്ത്യയിലിരുന്ന് അച്ഛനെയോര്‍ത്ത് ഞാന്‍ പേടിച്ചു. കളിക്കുന്നവരേക്കാള്‍, കോച്ചിനേക്കാള്‍ വേവലാതിപ്പെടുന്ന മുഖവുമായി അച്ഛന്‍ ടി.വി.കാണാനിരിക്കുന്നതും ടെന്‍ഷന്‍ വരുമ്പോള്‍ നെഞ്ചുതടവി എഴുന്നേറ്റ് പോകുന്നതും ഓര്‍ത്ത് ഞാന്‍ നടുങ്ങി. എങ്കിലും കളി കാണാനിരിക്കരുതെന്ന് മാത്രം പറയാന്‍ എന്നെക്കൊണ്ട് കഴിഞ്ഞില്ല. ഓരോ തവണ ഡോക്ടറെ കാണാന്‍ പോകുമ്പോഴും നിങ്ങളൊരു പന്തുകളിക്കാരനായതുകൊണ്ടാണ് ഹൃദയസ്തംഭനത്തെ ഇങ്ങനെ അതിജീവിക്കുന്നതെന്ന് അദ്ദേഹം പറയുമ്പോള്‍ അച്ഛന്‍ അഭിമാനത്തോടെ ചിരിക്കും. 'പന്തുകളിക്കാരന്‍' അച്ഛന്റെ നിഘണ്ടുവിലെ ആദ്യത്തെ വാക്കായിരുന്നു.
അയാള്‍ പോയിരിക്കുന്നു. ബൂട്ടുകളണിഞ്ഞ കാലുകള്‍ ഭൂമിയിലെ താമസം മതിയാക്കി ഓടിയകന്നിരിക്കുന്നു. തീരാനഷ്ടം, വേദന, ആരവം നിറഞ്ഞ ഗാലറികളുടെ ഓര്‍മ്മകള്‍, വിശ്വസിക്കാനാവാത്ത ഗോളുകള്‍,അഞ്ചടി അഞ്ചിഞ്ച് ഉയരമുള്ള മനുഷ്യന്‍ ബാക്കിയാക്കി പോയതിന്റെ കണക്കുകള്‍ ഇവിടെ തീരുന്നില്ല.
മറഡോണയുടെ ജീവചരിത്രം എഴുതാന്‍ മാത്രം അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് എനിക്കൊന്നുമറിയില്ല എന്നതിനാല്‍ അതിന് മുതിരുന്നില്ല. എനിക്ക് പ്രതിപത്തി നമ്പര്‍ പത്തെന്നെഴുതിയ നീലയും വെള്ളയും വരകളുള്ള ജഴ്‌സിയോടാണ്, മുഴുവന്‍ നെറ്റിയും മറയുന്ന വിധത്തില്‍ വീണുകിടക്കുന്ന ആ കറുത്ത മുടിയിഴകളോടാണ്, ആരെയും കൂസാത്ത ആ ഭാവത്തോടാണ്, ആ കുതിപ്പിനോടാണ്.
''പന്ത് കാണുന്നത്, അതിനു പിറകെ ഓടുന്നത് എന്നെ ലോകത്തിലെ എറ്റവും സന്തോഷവാനായ മനുഷ്യനാക്കി മാറ്റുന്നു'' എന്ന് നിങ്ങള്‍ പറഞ്ഞത് വായിച്ച് ഞാന്‍ എതിരെഴുതുന്നു, ''നിങ്ങളെ കാണുന്നത്, നിങ്ങള്‍ പന്തുമായി കുതിക്കുന്നത്, ഞങ്ങളെ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള മനുഷ്യരാക്കി മാറ്റിയിരുന്നു.''
വേഗത, വൈദഗ്ദ്ധ്യം, കൗശലം, സൗന്ദര്യം ഇതെല്ലാം ഒരുമിച്ച് കളിയില്‍ പുറത്തെടുത്തിരുന്ന മറഡോണ സ്വന്തം നിബന്ധനകള്‍ക്കനുസരിച്ച് ജീവിക്കുകയും, പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വലിയ വിലകല്‍പിക്കാതെ സ്വയം ജീവിതം ആഘോഷിക്കുകയും ചെയ്തു. ലക്ഷ്യം മറന്ന് മൈതാനത്തുടനീളം പരക്കംപാഞ്ഞ് നടക്കുകയും ഗോള്‍ പോസ്റ്റിലേക്ക് എങ്ങിനെ പന്തടിച്ചുകയറ്റണം എന്നറിയാതെ അന്തംവിടുകയും ചെയ്യുന്ന കളിക്കാര്‍ക്ക് അപവാദമായിരുന്നു ആ കളിക്കാരന്‍. ചടുലമായ നീക്കങ്ങളും മനക്കരുത്തും കൊണ്ട് മറഡോണ ലോകത്തിനെ പഠിപ്പിച്ചു, ഇതാ, ഇങ്ങനെയാണ് കളിക്കേണ്ടതെന്ന്. മിക്കവരും പഠിച്ചു, പക്ഷെ ആരും അദ്ദേഹത്തെപ്പോലെ കളിച്ചില്ല.
ലേഖികയുടെ പിതാവ് സുകുമാരന്‍ വേങ്ങേരി
കാഞ്ഞിരവയലിലെ പന്തുകളി
വയലിലെ ചെളിയില്‍ കളിച്ചുകളിച്ച് മണ്ണിന്റെ നിറമായിപ്പോയ ഒരു പന്തിന് എന്നും ഞങ്ങളുടെ വീടിന്റെ മൂലയില്‍ ഒരു സ്ഥാനമുണ്ടായിരുന്നു. അച്ഛനും ഏട്ടനും കളിക്കുമ്പോള്‍ വെറുതെ ഇടയില്‍ തട്ടിക്കളിക്കുക എന്നതിലപ്പുറം എനിക്കതിനോട് സ്‌നേഹമൊന്നുമുണ്ടായിരുന്നില്ല, അക്കാലത്ത്. അതിരാവിലെ കാഞ്ഞിരവയലില്‍ കുട്ടികളെ പന്തുകളി പഠിപ്പിക്കാന്‍ പോകുന്ന അച്ഛന്റെ രൂപം ഓര്‍ക്കാന്‍ കഴിയുന്നുണ്ട്. അദ്ദേഹത്തിന്റെ പിറകെ നടന്നുനടന്ന് ആ ശീലങ്ങളും ഇഷ്ടങ്ങളും എപ്പോഴോ ഏറ്റുവാങ്ങിയപ്പോള്‍ അതില്‍ ഫുട്‌ബോളിന്റെ നിറവും മണവുമുണ്ടായിരുന്നു എന്ന് പിന്നീടറിഞ്ഞു. സിനിമാതാരങ്ങളെ ആരാധിക്കുന്ന കൂട്ടുകാരികള്‍ പുറത്തുണ്ടായപ്പോള്‍ വീട്ടിലെ പെണ്‍കുട്ടികള്‍ പന്തുകളിക്കാരുടെ പേരുകള്‍ പറയാനും അവരെ ഇഷ്ടപ്പെടാനും തുടങ്ങി.
കോഴിക്കോട്ടെ സ്‌റ്റേഡിയത്തിന്റെ ഗാലറിയിലേക്ക് ടൂര്‍ണമെന്റുകള്‍ കാണാന്‍ പോകുന്ന പെണ്‍കുട്ടികളെ നോക്കി നെറ്റിചുളിച്ചു അയല്‍പക്കങ്ങള്‍.
1960-ല്‍ കോഴിക്കോട് യംങ് ചാലഞ്ചേഴ്‌സിനുവേണ്ടി ബോംബെ റോവേഴ്‌സ് കപ്പില്‍ കളിക്കുകയും, 1960-61ല്‍ സന്തോഷ് ട്രോഫിക്ക് വേണ്ടി സംസ്ഥാന കോച്ചിംഗ് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും,അതിനുശേഷം ഗ്വാളിയോര്‍ റയോണ്‍സിനുവേണ്ടി കളിക്കുകയും ചെയ്ത അച്ഛനില്‍, നാടകവും കഥയെഴുത്തും ഉണ്ടായിരുന്നെങ്കില്‍പ്പോലും എന്നും നിറഞ്ഞുനിന്നത് പന്തുകളിയായിരുന്നു. ഒടുവില്‍ കുടുംബം പോറ്റാനുള്ള ഉപാധികളല്ല ഇതൊന്നുമെന്ന ഒരു സാധാരണക്കാരന്റെ തിരിച്ചറിവിലേക്ക് മടങ്ങിയെത്തിയപ്പോഴേക്കും കാലവും ജീവിതവും നരച്ചു തുടങ്ങിയിരുന്നു.
കാല്‍പ്പന്തുകളിയെക്കുറിച്ച് നിര്‍മിച്ച ആരവങ്ങള്‍ക്കിടയില്‍' എന്ന ഡോക്യുമെന്ററിയുടെ നിര്‍മാണത്തിനിടെ സുകുമാരന്‍ വേങ്ങേരി
ഫുട്‌ബോളിനെ പ്രേമിക്കാന്‍ വിധിക്കപ്പെട്ടവര്‍
വല്ലാത്ത ലഹരിയാണ് ഫുട്‌ബോള്‍. എന്തുകൊണ്ടതങ്ങിനെയാകുന്നു എന്നതിന് ഉത്തരമില്ല. നാട്ടിന്‍പുറത്തെ പ്രാദേശിക ടൂര്‍ണ്ണമെന്റില്‍ പോലും വീറും വാശിയും കലര്‍ന്ന ആഹ്ലാദത്തിമര്‍പ്പുകള്‍ ഇതിനുദാഹരണമായി നമുക്ക് കാണാന്‍ കഴിയും. കൊയ്ത്തുകഴിഞ്ഞപാടത്തും താഴ് വരകളിലും ഗ്രാമീണ മത്സരങ്ങള്‍ നടക്കുമ്പോള്‍ അവിടെ നുരച്ചുപൊന്തുന്നത് ഫുട്‌ബോള്‍ ലഹരിയല്ലാതെ മറ്റെന്താണ്? ഫുട്‌ബോള്‍, കൂട്ടുത്തരവാദിത്തത്തോടെ മെരുക്കിയെടുത്ത് ബുദ്ധിയും മനസ്സും ശക്തിയും ഒരുപോലെ പ്രവര്‍ത്തിപ്പിച്ച് കളിക്കേണ്ട ഒരു കളിയാണെന്ന് നമുക്കെന്നേ അറിയാമായിരുന്നു, മനക്കരുത്തും ആത്മവിശ്വാസവും സൂക്ഷ്മതയും അതിന് മേമ്പൊടികളാണെന്നും.
ഉള്ളില്‍ മറഡോണ ഭീമാകാരത്തില്‍ വളര്‍ന്നെങ്കിലും, മനസ്സുകളില്‍ പന്തുകളി ഉന്മാദാവസ്ഥയിലെത്തിയെങ്കിലും, നമ്മുടെ വിരലിലെണ്ണാവുന്ന കളിക്കാരൊഴിച്ച് ബാക്കിയാരും എവിടെയും എത്തിയില്ല, കൂട്ടത്തില്‍ ഫുട്‌ബോളും. കോച്ചുകളില്ലാതെ വയല്‍പ്രദേശങ്ങളില്‍ നിന്നും ചരല്‍പ്പറമ്പുകളില്‍ നിന്നും, പട്ടിണികിടന്ന് വിയര്‍പ്പൊഴുക്കി പഠിച്ച് കളികൊണ്ട് ജീവിക്കാന്‍ കഴിയണേ എന്ന പ്രാര്‍ത്ഥനയുമായാണ് നമ്മുടെ കളിക്കാര്‍ വളര്‍ന്നുവന്നത്. ഭാവിയെക്കുറിച്ച് ഉത്കണ്ഠപ്പെട്ടുകൊണ്ട് ഫുട്‌ബോളിനെ പ്രേമിക്കാന്‍ വിധിക്കപ്പെട്ടവര്‍.
കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ പിറവിയെടുക്കുന്നതിനു മുന്‍പ് പ്രശസ്തിയിലേക്കുയര്‍ന്നവരും, അല്ലാത്തവരുമായ നിരവധി ഫുട്‌ബോള്‍ കളിക്കാര്‍ നമുക്കുണ്ടായിട്ടുണ്ട്. അന്ന് യൂണിവേഴ്‌സിറ്റി കളിക്കാരോ സ്റ്റേറ്റ് കളിക്കാരോ ഉണ്ടായിരുന്നില്ല. കളിച്ചും കളി പഠിച്ചും അന്നിവിടെ കളിക്കാര്‍ വളര്‍ന്നത് പ്രാദേശിക ക്ലബ്ബുകളിലൂടെയും വ്യക്തികള്‍ സംഘടിപ്പിച്ചിരുന്ന ടൂര്‍ണ്ണമെന്റുകളിലൂടെയുമായിരുന്നു. കട്ടയുടച്ച് നിരപ്പാക്കിയ പാടത്തും, ചളിയും പുല്ലും നിറഞ്ഞ മൈതാനങ്ങളിലും അവര്‍ കളിച്ചുവളര്‍ന്ന് പ്രശസ്തിയിലേക്കുയര്‍ന്നു. കേട്ടുകേള്‍വിയിലൂടെ തലമുറയായി കൈമാറി വന്ന വാര്‍ത്തകള്‍ മാത്രമായിരുന്നു നമുക്കവരെക്കുറിച്ചോര്‍മ്മിക്കാനുള്ള ആധികാരികമായ രേഖകള്‍. ഒരോര്‍മ്മത്തെറ്റുപോലെ എവിടെയോ വെച്ച് മറന്നുപോയ അവരുടെ ഭാഗ്യനമ്പറുകള്‍ ആര്‍ക്കുമറിയില്ല. അവരായിരുന്നു യഥാര്‍ത്ഥത്തില്‍ കേരളാഫുട്‌ബോളിന് അസ്തിവാരമിട്ടവര്‍.
കാല്‍പ്പന്തുകളിയെക്കുറിച്ച് നിര്‍മിച്ച ആരവങ്ങള്‍ക്കിടയില്‍' എന്ന ഡോക്യുമെന്ററിയുടെ നിര്‍മാണത്തിനിടെ
പ്രാദേശിക വീരഗാഥകള്‍
കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കോട്ടയം എന്നിവിടങ്ങളില്‍ പ്രശസ്തരായ കളിക്കാരുണ്ടായത് അവിടങ്ങളില്‍ ഉടലെടുത്ത പ്രാദേശിക ക്ലബ്ബുകളിലൂടെയായിരുന്നു. കോഴിക്കോട് മാനാഞ്ചിറ മൈതാനം കളിത്തൊട്ടിലാക്കിയവരായിരുന്നു ലേയ്ബന്‍, കോട്ടായി അച്ചു, കേശവന്‍ നായര്‍, തമ്പുരാന്‍കണ്ടി ഗോപി എന്നീ പ്രശസ്തരായ കളിക്കാര്‍. കണ്ണൂര്‍ കോട്ടമൈതാനത്തെ കളിയാശാന്മാരായത് എന്‍.ടി.കരുണന്‍, ഡിക്രൂസ്, സി.പി.ചന്ദ്രന്‍, ചട്ടവാസു, പപ്പു എന്നിവരായിരുന്നു.
കോട്ടയം മീരാന്‍, സാലി എന്നിവര്‍ ഫുട്‌ബോള്‍ സംഘാടകരും പഴയകാല കളിക്കാരുമായിരുന്നു. മലപ്പുറം ആലിക്കുട്ടി, അയമു ഇരുമ്പനാലി, ഖാദര്‍, സെയ്തലവി എന്നിവരുടെ കളിമിടുക്കും പരിചയസമ്പത്തും ഈ തലമുറയില്‍ ആരിലും കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന കാര്യം അച്ഛന്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. മലപ്പുറം കോട്ടപ്പടി മൈതാനം കളരിയാക്കിയവരൊക്കെ പോലീസ് സായിപ്പന്മാര്‍ക്ക് ഇഷ്ടപ്പെട്ടവരായിരുന്നു.
കണ്ണൂരിലും തലശ്ശേരിയിലും കോഴിക്കോട്ടും വ്യവസായികളായ സായിപ്പന്മാര്‍ കപ്പലിറങ്ങിവരുമ്പോള്‍ ഫുട്‌ബോളും കൂടെ കൊണ്ടുവന്നു. അവര്‍ക്ക് കളിക്കാന്‍ മൈതാനവും അവരെ നേരിടാന്‍ കളിക്കാരുമുണ്ടായി. അന്ന് ബൂട്ടിട്ട് കളിക്കുന്ന വിദേശി സായിപ്പന്മാരെ കളിക്കാരും കാണികളും വിസ്മയത്തോടെ നോക്കിനിന്നു. നാടന്‍ കളിക്കാരുടെ കാലുകളില്‍ ചോരപൊടിഞ്ഞപ്പോള്‍ കളിക്ക് കൂടുതല്‍ വാശിയായി. വിദേശികള്‍ തോല്‍വി ഏറ്റുവാങ്ങിക്കൊണ്ട് കളിക്കളത്തിന് പുറത്തേക്ക് പിന്‍വാങ്ങി. സായിപ്പന്മാരില്‍നിന്നും കളിനിയമങ്ങള്‍ പലതും പഠിച്ചുവെങ്കിലും അന്ന് അവരില്‍ നിന്നും കളി പഠിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല നമ്മുടെ കളിക്കാര്‍ക്ക്. കോഴിക്കോട് മാനാഞ്ചിറ മൈതാനവും കണ്ണൂര്‍ കോട്ട മൈതാനവും പലപ്പോഴും നല്ല മത്സരങ്ങള്‍ക്ക് വേദിയൊരുക്കി. കേരളപ്പിറവിക്കു മുന്‍പ് ബോംബെ റോവേര്‍സ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്ത ഒരു മലബാര്‍ ടീമുണ്ടായിരുന്നു. കേരളത്തില്‍അങ്ങിനെയൊരു ശക്തമായ ടീം പിന്നീടുണ്ടായിട്ടില്ല.
പഴയ ഒരു കളിക്കളത്തില്‍നിന്ന്. ഇന്‍സെറ്റില്‍ സുകുമാരന്‍ വേങ്ങേരി
അച്ഛന്റെ കളിക്കളങ്ങള്‍
1940-കളുടെ തുടക്കത്തില്‍ കോഴിക്കോട് നാലാം ഗേറ്റിനു സമീപം അമലാപുരി പള്ളി നില്‍ക്കുന്ന സ്ഥലം വലിയൊരു പറമ്പായിരുന്നു. അവിടെ വാടകയ്ക്കായി കൊടുത്ത ആറുവീടുകളില്‍ ഒരു വീട്ടിലായിരുന്നു എന്റെ അച്ഛന്റെ കുട്ടിക്കാലം. ആ പറമ്പിലെ താമസക്കാരായ കുട്ടികളോടൊത്തായിരുന്നു കളി. അച്ഛന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. മുത്തച്ഛന്റെ കൂടെ ശനി-ഞായര്‍ ദിവസങ്ങളില്‍ മാനാഞ്ചിറ മൈതാനത്തെ ഫുട്‌ബോള്‍ കളി കാണാന്‍ പോവുക പതിവായിരുന്നു. വെള്ളക്കാരും ചാലഞ്ചേഴ്‌സിലെ കളിക്കാരും തമ്മിലായിരിക്കും മിക്കപ്പോഴും കളിയുണ്ടാവുക. അതില്‍ ജയിക്കുന്നത് ചാലഞ്ചേഴ്‌സും. സ്‌കൂള്‍ വിട്ടുവന്നാല്‍ ഷര്‍ട്ടഴിച്ചിടണം. ഷര്‍ട്ടിടാതെയാണ് കുട്ടികളുടെ കൂടെ കളിക്കുന്നത്. ചാലഞ്ചേഴ്‌സിന്റെ കളി കാണാന്‍ പലദിവസങ്ങളിലും സ്‌കൂള്‍ വിട്ടുവന്ന് തനിയെ അച്ഛന്‍ മാനാഞ്ചിറ മൈതാനത്ത് പോയിട്ടുണ്ട്. ആരും അറിയാതെ അച്ഛന്‍ ഒറ്റയ്ക്ക് കളി കാണാന്‍ പോവുന്നുണ്ടെന്നറിഞ്ഞ അച്ഛമ്മ അച്ഛന്റെ ഷര്‍ട്ട് ഒളിപ്പിച്ചു വെക്കുമായിരുന്നു. ഷര്‍ട്ടിടാതെ വെറും ട്രൗസര്‍ മാത്രം ധരിച്ചുകൊണ്ട് അച്ഛന്‍ എത്രയോ കുറി മാനാഞ്ചിറ മൈതാനത്തിന്റെ അരമതിലില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
നാലാം ഗെയിറ്റ് കടന്ന് റെയില്‍പ്പാളത്തിനരികിലെ വഴിയിലൂടെ തുടങ്ങുന്ന ഓട്ടം നില്‍ക്കുന്നത് ക്രൗണ്‍ തിയേറ്ററിനു പിന്‍വശത്തുണ്ടായിരുന്ന റെയില്‍വേ ആര്‍ച്ചിനരികിലാണ്. ആര്‍ച്ച് കടന്ന് റോഡിലെത്തി കോമണ്‍വെല്‍ത്തിനുമുന്നിലൂടെ മാനാഞ്ചിറ മൈതാനത്തെത്തും. കളി തുടങ്ങിയിട്ടുണ്ടാവില്ല. കളിക്കാര്‍ ഗ്രൗണ്ടില്‍ പന്തടിച്ച് പ്രാക്ടീസ് ചെയ്യുകയായിരിക്കും. ഓരോ തവണ കഥ കേള്‍ക്കുമ്പോഴും ഞാനും മനസ്സില്‍ അച്ഛന്റെ കൂടെ ഓടാന്‍ തുടങ്ങും.
അങ്ങിനെയാണ് ഗ്രൗണ്ടിനുചുറ്റും ആള്‍ക്കൂട്ടത്തിനരികിലൂടെ നടക്കുന്ന ''ഒറ്റപ്പൊളി''യെ ഞാനാദ്യമായി കണ്ടത്, മാനാഞ്ചിറ മൈതാനത്തുവെച്ച്. ചാലഞ്ചേഴ്‌സ് തോല്‍ക്കുമെന്ന് പറഞ്ഞാല്‍ ആളുകളെ അടിക്കാനെത്തുന്ന, മുഷിഞ്ഞ കോട്ടും തൊപ്പിയുമണിഞ്ഞ ഒരു വൃദ്ധന്‍, ചാലഞ്ചേഴ്‌സിന്റെ 'പൊളി.' അന്നാണ് കോഴിക്കോട് നഗരത്തിലെ ആര്‍പ്പും വിളിയും ബഹളവും കാണികളുടെ സന്തോഷവും നേരില്‍ക്കണ്ടത്, പച്ചപിടിച്ച മൈതാനത്ത് കളിക്കാര്‍ വീണുരുണ്ട് മലക്കം മറിയുന്നതും കളി ജയിക്കുമ്പോള്‍ ജനം കളിക്കാരെ ചുമലിലേറ്റി ആര്‍പ്പുവിളികളുമായി മൈതാനം വലംവെക്കുന്നതും അന്നാണ് കണ്ടത്. അച്ഛന്റെ കുഞ്ഞുമനസ്സില്‍ അന്നേ ഒരാഗ്രഹം ഉടലെടുത്തിരുന്നു, വലുതാകുമ്പോള്‍ ഈ മൈതാനത്ത് കളിക്കണം, ചാലഞ്ചേഴ്‌സ് ക്ലബ്ബിനുവേണ്ടി കളിക്കണം. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ചാലഞ്ചേഴ്‌സില്‍ കളിക്കാനുള്ള അവസരമുണ്ടാവുകയും പിന്നീട് നിരവധി അഖിലേന്ത്യാ ടൂര്‍ണ്ണമെന്റുകളില്‍ ചാലഞ്ചേഴ്‌സിന്റെ നീലക്കുപ്പായമിടുകയും ചെയ്തു അച്ഛന്‍.
സുകുമാരന്‍ വേങ്ങേരി
പന്തുകളിക്കാരന്റെ മകള്‍
പി.ടി.ഉഷയെ ടി.വിയില്‍ കാണുമ്പോഴെല്ലാം അച്ഛന്‍ എന്റെ നീണ്ട കാലുകള്‍ നോക്കി പറയും ''ഇവളെ ഓടിപ്പിക്കാമായിരുന്നു.''
അച്ഛന്റെ മുഖത്ത് നിരാശ നിറയും, അമ്മ മുഖം വെട്ടിക്കും.
കുട്ടിക്കാലത്തെ എന്റെ ശ്വാസംമുട്ടല്‍ രാത്രികളില്‍ നെഞ്ചില്‍ വിക്‌സ് പുരട്ടിത്തരാറുള്ള അമ്മ കൃത്യമായി അറിഞ്ഞിരുന്നു, ഞാനോടി എവിടംവരെ എത്തുമെന്ന്. അച്ഛനില്‍ സ്‌പോര്‍ട്‌സ് എന്ന ജ്വരം നിറഞ്ഞുകിടന്നു. ആയിടയ്ക്ക് മാതൃഭൂമി പത്രത്തിലെ സ്‌പോര്‍ട്‌സ് കോളത്തില്‍ സ്ഥിരമായി വരാറുണ്ടായിരുന്ന അച്ഛന്റെ ''ഓര്‍മ്മയില്‍ മിന്നുന്ന താരങ്ങള്‍'' എന്ന പംക്തിക്ക് വേണ്ടി അച്ഛന്‍ ഒരുപാട് യാത്രകള്‍ ചെയ്യുകയും പഴയ കളിക്കാരെ തിരഞ്ഞുപിടിക്കുകയും ചെയ്തു. ഫയലുകളില്‍ നിറയുന്ന ബ്ലാക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ നോക്കി അച്ഛന്‍ നെടുവീര്‍പ്പിട്ടു.
ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു.ഹൃദ്രോഗം അച്ഛനെ ശല്യം ചെയ്തുതുടങ്ങി.
മറഡോണ അന്ന് കളിനിര്‍ത്തിയിരുന്നില്ല ഓരോ ലോകകപ്പ് മത്സരങ്ങളുടെ സമയത്തും ഇങ്ങ് ഉത്തരേന്ത്യയിലിരുന്ന് അച്ഛനെയോര്‍ത്ത് ഞാന്‍ പേടിച്ചു. കളിക്കുന്നവരേക്കാള്‍, കോച്ചിനേക്കാള്‍ വേവലാതിപ്പെടുന്ന മുഖവുമായി അച്ഛന്‍ ടി.വി.കാണാനിരിക്കുന്നതും ടെന്‍ഷന്‍ വരുമ്പോള്‍ നെഞ്ചുതടവി എഴുന്നേറ്റ് പോകുന്നതും ഓര്‍ത്ത് ഞാന്‍ നടുങ്ങി. എങ്കിലും കളി കാണാനിരിക്കരുതെന്ന് മാത്രം പറയാന്‍ എന്നെക്കൊണ്ട് കഴിഞ്ഞില്ല. ഓരോ തവണ ഡോക്ടറെ കാണാന്‍ പോകുമ്പോഴും നിങ്ങളൊരു പന്തുകളിക്കാരനായതുകൊണ്ടാണ് ഹൃദയസ്തംഭനത്തെ ഇങ്ങനെ അതിജീവിക്കുന്നതെന്ന് അദ്ദേഹം പറയുമ്പോള്‍ അച്ഛന്‍ അഭിമാനത്തോടെ ചിരിക്കും. 'പന്തുകളിക്കാരന്‍' അച്ഛന്റെ നിഘണ്ടുവിലെ ആദ്യത്തെ വാക്കായിരുന്നു.
ആ വസന്തത്തിന്റെ പൂക്കളില്‍ ഒരിതള്‍
അച്ഛന്‍ കൂടെയില്ലാത്ത ആദ്യത്തെ ലോകകപ്പ് രണ്ടുവര്‍ഷം മുന്‍പ് കഴിഞ്ഞു. ആര്‍പ്പും ബഹളവും ഉയരുന്ന ഗാലറികള്‍, ഗോള്‍മുഖത്ത് ചില പ്രത്യേകസമയങ്ങളില്‍ ഉണ്ടാകുന്ന ധന്യമുഹൂര്‍ത്തങ്ങള്‍, ഒരു നല്ല നീക്കത്തിലൂടെ, പരസ്പരധാരണയിലൂടെ കോര്‍ത്തിണക്കിക്കൊണ്ടുവന്ന് പ്രതിരോധനിരയെ തകര്‍ത്ത് തരിപ്പണമാക്കി ഗോള്‍ പോസ്റ്റിലേക്ക് ബുള്ളറ്റ് ഷോട്ടുകള്‍ ഉതിര്‍ക്കുന്ന നിമിഷം, ഗോളാവുന്ന നിമിഷം, ഒരു കളിയിലെ മഹത്തായ നിമിഷം, ആ നിമിഷത്തെ ആഘോഷിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞാല്‍, കളിച്ചില്ലെങ്കിലും നിങ്ങളൊരു കളിക്കാരനോ കളിക്കാരിയോ ആയി മാറും.
മറഡോണ എന്നില്‍നിന്നും ഒരു കാലത്തെയാണ് അടര്‍ത്തിക്കൊണ്ട് പോകുന്നത്. ലോകത്തെമ്പാടുമിരുന്ന് കോടിക്കണക്കിന് ജനങ്ങള്‍ വേദനിക്കുകയും കരയുകയും ചെയ്യുന്നു. മുപ്പത്തിനാല് വര്‍ഷം മുന്‍പ് നടന്ന ''ദൈവത്തിന്റെ കൈ''യുടെ കളിയിലെ വെറി ഇനിയും മാറിയിട്ടില്ലാത്ത ഇംഗ്ലണ്ടിന്റെ ഗോളി പീറ്റര്‍ ഷില്‍ട്ടന്‍ പറയുന്നത് 'എന്നെങ്കിലും അയാള്‍ മാപ്പുപറയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു എന്നാണ്''
ഒരുപക്ഷെ പറയുമായിരിക്കും, ആകാശത്തില്‍ വെച്ച് ഞങ്ങള്‍ ഫുട്‌ബോള്‍ കളിക്കുമെന്ന് മഹാനായ പെലെ അനുശോചനസന്ദേശത്തില്‍ പറയുമ്പോള്‍ അങ്ങിനെ ചിന്തിക്കാനാണ് തോന്നുന്നത്. മറഡോണക്കാലം ഇതാ കൊഴിഞ്ഞുവീണിരിക്കുന്നു.ആ വസന്തത്തിന്റെ പൂക്കളില്‍ ഒരിതള്‍ എന്റേതുമാണ്.