C Radhakrishnan Birthday: എഴുത്തുകാര്‍ക്കിടയിലെ ശാസ്ത്രജ്ഞന്‍, ശാസ്ത്രജ്ഞര്‍ക്കിടയിലെ എഴുത്തുകാരന്‍!

മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ സി.രാധാകൃഷ്ണന് ഇന്ന് എണ്‍പതാം പിറന്നാള്‍.

Malayalam Writer C Radhakrishnan on his 80 th birth day

ഭഗവദ് ഗീത സയന്‍സാണെന്ന കാര്യത്തില്‍ സി.രാധാകൃഷ്ണന് സംശയമേ ഇല്ല. ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടു പോകണം, പാകപ്പിഴകളില്‍ നിന്ന് എങ്ങനെ വീണ്ടെടുക്കണം തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന യൂസേഴ്‌സ് മാനുവല്‍ ആണ് ഭഗവദ് ഗീതയെന്നാണ് രാധാകൃഷ്ണന്റെ യുക്തി.  

 

Malayalam Writer C Radhakrishnan on his 80 th birth day

 

മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ സി.രാധാകൃഷ്ണന് ഇന്ന് എണ്‍പതാം പിറന്നാള്‍. ശീലിച്ച എഴുത്തും പഠിച്ച ശാസ്ത്രവും ഒരു പോലെ പ്രിയങ്കരമായ സി ആറിനെ വേറിട്ട് നിര്‍ത്തുന്നത് പുലര്‍ത്തുന്ന സമീപനങ്ങളും വേണ്ടത് മാത്രം പറയുന്ന നിലപാടുമാണ്. സാഹിത്യരംഗത്ത് സാങ്കേതികതയും ശാസ്ത്രലോകത്ത് ഭാഷാലാളിത്യവും അവതരിപ്പിച്ച സി.രാധാകൃഷ്ണന്‍ എഴുത്തുകാര്‍ക്കിടയിലെ ശാസ്ത്രജ്ഞനും ശാസ്ത്രജ്ഞര്‍ക്കിടയിലെ എഴുത്തുകാരനുമാണ്. 

ഭാഷാപിതാവിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരം, സാഹിത്യമേഖലയിലെ സംസ്ഥാനത്തെ ഏറ്റവും വലിയ അംഗീകാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം ഏറ്റുവാങ്ങിയിട്ടുള്ള സി. രാധാകൃഷ്ണന്‍ തീക്കടല്‍ കടഞ്ഞ് തിരുമധുരം ഒരു നിയോഗമായി കാണുന്നു. ഭാഷാപിതാവിനുള്ള തന്റെ സമര്‍പ്പണമായി വിലയിരുത്തുന്നു. മലയാളം കണ്ട ഏറ്റവും വലിയ വിപ്ലകാരിയായ സാഹിത്യകാരനായാണ് അദ്ദേഹം എഴുത്തച്ഛനെ മനസ്സിലാക്കുന്നത്, പ്രണമിക്കുന്നത്. അംഗീകാരമോ, അനുമോദനങ്ങളോ പ്രതീക്ഷിക്കാനില്ലാതെ, അവമതിപ്പും അമര്‍ഷവും അടിച്ചമര്‍ത്തലും മാത്രം മുന്നില്‍ നില്‍ക്കെ സാഹിത്യത്തിന് വേണ്ടി ജീവനും ജീവിതവും സമര്‍പ്പിച്ച വേറെയാരുണ്ടെന്ന് ചോദിക്കും അദ്ദേഹം.  

സാഹിത്യവും ശാസ്ത്രവും കൂടി ഒരുമിച്ചെങ്ങനെ എന്ന് ചോദിച്ചാല്‍ രണ്ടിലുമുണ്ട് സൃഷ്ടിപരതയെന്ന് മറുപടി. വൈകാരികവും വൈജ്ഞാനികവമായ സൃഷ്ടി. ഒരേ സമയത്ത് ഉപയോഗിക്കാവുന്ന രണ്ടായുധങ്ങളും ഫലപ്രാപ്തിയിലെത്തുമ്പോള്‍ ഒരേ സന്തോഷമെന്നും വിശദീകരണം. ഇതിഹാസങ്ങളായ മഹാഭാരതത്തിനും രാമായണത്തിനുമുള്ള ശാസ്ത്രബന്ധവും ഉന്നയിക്കും സിആര്‍. കൗരവരുടെയും പാണ്ഡവരുടെയും സീതയുടെയുമെല്ലാം ജനനം സയന്‍സ് ഫിക്ഷന്‍ അല്ലാതെന്ത് എന്നാണ് ചോദ്യം. ഭഗവദ് ഗീത സയന്‍സാണെന്ന കാര്യത്തില്‍ സി.രാധാകൃഷ്ണന് സംശയമേ ഇല്ല. ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടു പോകണം, പാകപ്പിഴകളില്‍ നിന്ന് എങ്ങനെ വീണ്ടെടുക്കണം തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന യൂസേഴ്‌സ് മാനുവല്‍ ആണ് ഭഗവദ് ഗീതയെന്നാണ് രാധാകൃഷ്ണന്റെ യുക്തി.  


 

വിവാദങ്ങളിലും പ്രസ്ഥാനങ്ങളിലും പൊതുവെ കാണാറില്ലല്ലോ, പ്രതികരണങ്ങള്‍ക്ക് മടിയാണോ എന്ന ചോദ്യത്തിന് എഴുത്തുകാര്‍ എല്ലാത്തിനും എല്ലായിടത്തും പ്രതികരിക്കണമെന്ന് നിര്‍ബന്ധമെന്തെന്ന് മറുചോദ്യം. എഴുത്തുകാരെ എഴുത്തിന്റെ ലോകത്ത് വെറുതെ വിടണമെന്ന് അഭ്യര്‍ത്ഥന. അനാവശ്യവിവാദങ്ങളുണ്ടാക്കുന്നതും അനാവശ്യ പ്രതിഛായ നിര്‍മാണവും ഒഴിവാക്കണമെന്നാണ് സിആര്‍ പറയുന്നത്.   

സി. രാധാകൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച നാല് സിനിമകളും നിരൂപകപ്രശംസ നേടിയിരുന്നു. 78-79 കാലത്ത് അഗ്‌നി, പുഷ്യരാഗം, കനലാട്ടം തുടങ്ങിയ സിനിമകള്‍. പിന്നെ ഒരു നീണ്ട ഇടവേളക്ക് ശേഷം '93-ല്‍ ഒറ്റയടിപ്പാതകള്‍. എന്തുകൊണ്ട് സിനിമയുമായുള്ള ബന്ധം തുടര്‍ന്നില്ല എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം. പുസ്തകരചന നല്‍കുന്ന സൗന്ദര്യാത്മക സംതൃപ്തി തരാന്‍ സിനിമക്ക് കഴിയുന്നില്ല, അതു തന്നെ. പുസ്തകത്തിന്റെ പരിമിതിയും പ്രാപ്തിയും നിശ്ചയിക്കുന്നത് അവനവന്‍ മാത്രമാണ്. പക്ഷേ സിനിമയുടെ ഫലം നിശ്ചയിക്കുക ഒത്തിരി ഘടകങ്ങളാണ്. പുസ്തകം വായനക്കാരിലേക്ക് എത്തിക്കുന്നതിനും നിലനിര്‍ത്തുന്നതിനും സിനിമ കാഴ്ചക്കാരിലേക്ക് എത്തിക്കാനും നിലനിര്‍ത്താനുമുള്ളത്ര പ്രയാസമില്ല. എല്ലാ കലകളുടെയും സംഗമവേദിയായ സിനിമക്കായി അതിനുള്ള കഴിവുള്ളവര്‍ പ്രവര്‍ത്തിക്കട്ടെ, എനിക്ക് പറ്റുമെന്ന് കരുതുന്ന രചനാലോകത്ത് ഞാന്‍ തുടരട്ടെ, കാര്യകാരണസഹിതം വിശദീകരണം. 

കാലാവസ്ഥാമാപിനികളുമൊത്തുള്ള ഔദ്യോഗിക ജീവിതം, വിവിധ മാധ്യമസ്ഥാപനങ്ങളിലെ അനുഭവങ്ങള്‍, ശാസ്ത്ര രചനകള്‍, അവാര്‍ഡ് നിര്‍ണയസമിതികളിലെ അംഗത്വം. പത്തൊമ്പതാം വയസ്സില്‍ തുടങ്ങിയ എഴുത്തിനൊപ്പം സി.രാധാകൃഷ്ണന്‍ കയ്യൊപ്പ് ചാര്‍ത്തിയ മേഖലകള്‍ ചെറുതല്ല. തീര്‍ന്നില്ല, തന്റെ പുസ്തകം സ്വന്തമായി തന്നെ പ്രസിദ്ധീകരിക്കുന്ന എഴുത്തുകാരനാണ് സി.ആര്‍. എഴുത്തില്‍ സാങ്കേതികവിദ്യയുടെ മികവും ആദ്യമേ സ്വായത്തമാക്കിയ ആള്‍.

പുതിയ പുസ്തകമായ 'കാലം കാത്തുവെക്കുന്നത്' ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്ന തിരക്കിലാണ് ഇപ്പോള്‍ അദ്ദേഹം. രചനകളുടെ ആദ്യ വായനക്കാരിയായ ഭാര്യ വത്സലക്ക് ഏറ്റവും ഇഷ്ടപ്പെട്ട കൃതിയും അതാണ്. എന്തുകൊണ്ടെന്ന ചോദ്യത്തിന് ഉത്തരം റെഡി. അതൊരു സ്വപ്നമാണ്, വലിയൊരു ലോകത്തെ പറ്റിയുള്ള സുന്ദരസ്വപ്നമെന്ന് വിശദീകരണം. സമത്വസുന്ദരമായ ആ ലോകം വായിച്ചറിഞ്ഞതിന്റെ പൊരുളും തൃപ്തിയും വത്സലയുടെ മുഖത്ത് വിരിയുമ്പോള്‍ എഴുത്തുകാരന് ഇരട്ടി സന്തോഷം.  ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കുന്നതിന് കൂടുതല്‍ ഊര്‍ജം. 

Malayalam Writer C Radhakrishnan on his 80 th birth day

സിആറിന്റെ ഭാര്യ വത്സല

 

ചമ്രവട്ടത്തെ വീട്ടില്‍ ജന്മനാട്ടിന്റെ കാറ്റേറ്റ് നില്‍ക്കുമ്പോഴും എറണാകുളത്തെ വീട്ടില്‍ മകന്റേയും കുടുംബത്തിന്റെയും സ്‌നേഹത്തണലില്‍ നില്‍ക്കുമ്പോഴും സിആറിന്റെ മനസ്സില്‍ എഴുത്തിന്റെ കനലുകള്‍ മിന്നിക്കൊണ്ടിരിക്കും. അതൂതി തെളിക്കാന്‍ ആലോചനയുടെ ആഴങ്ങളില്‍ നിന്ന് ഭാവനയുടെ കാറ്റ് വീശും.  
 

Latest Videos
Follow Us:
Download App:
  • android
  • ios