Love Debate : സൗന്ദര്യം നശിക്കുമ്പോള്‍ തീരും ,ചില പ്രണയങ്ങള്‍
പ്രണയമെഴുത്തുകള്‍. പ്രണയദിനത്തിലാരംഭിച്ച പ്രണയസംവാദം തുടരുന്നു. ഇന്ന് ദീപ്തി ഷിബി എഴുതുന്നു
പ്രണയമെഴുത്തുകള്‍. പ്രണയദിനത്തിലാരംഭിച്ച പ്രണയസംവാദം തുടരുന്നു. ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളോട് എഴുത്തിലൂടെ വായനക്കാര്‍ക്കും സംവദിക്കാം. നിങ്ങളുടെ പ്രണയക്കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. പ്രണയമെഴുത്തുകള്‍ എന്ന് സബ്ജക്ട് ലൈനില്‍ എഴുതണം. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും വെക്കണം.
അനുഭവിച്ചറിയേണ്ട അനുഭൂതിയാണ് പ്രണയം. അത് നമ്മളിലേക്ക് വന്നുചേരുക തന്നെ ചെയ്യും. പല കാലങ്ങളിലൂടെ കടന്നുപോവുമ്പോള്‍ പ്രണയവും നമ്മോടൊപ്പം നടക്കുന്നത് അതിനാലാണ്. എന്തിനോടെങ്കിലും അടക്കാനാവാത്ത ഒരു അഭിനിവേശം. വേണമെങ്കില്‍, അങ്ങനെ കരുതാം പ്രണയത്തെ. പിന്നെയത് നീ എന്റേത് മാത്രം ആവണം എന്നാവും. ഞാന്‍ നിന്റേതു മാത്രം ആയിരിക്കും എന്ന ഉറപ്പായി മാറും പിന്നീടത്.
കൗമാരം എടുക്കാം. ബാഹ്യമായ സൗന്ദര്യം കണ്ടു തന്നെയാണ് ആ പ്രായത്തില്‍ നമ്മളില്‍ ആകര്‍ഷണം നിറയ്ക്കുന്നത്. അത് ചിലപ്പോള്‍ ആദ്യ നോട്ടത്തിലെ അനുരാഗമാവാം. അല്ലെങ്കില്‍ സ്വാഭാവികമായ വിരിയലാവാം. ആദ്യനോട്ടത്തില്‍ തന്നെ പ്രണയത്തിലകപ്പെടുന്നത് തെറ്റൊന്നുമല്ല. പക്ഷേ അതിന് പലപ്പോഴും ആയുസ്സ് കുറവായിരിക്കും. ആ സൗന്ദര്യം നശിക്കുമ്പോള്‍ അവസാനിക്കും ആ അടുപ്പം.
പ്രായം അല്‍പ്പം കൂടി കൂടുമ്പോള്‍ പ്രണയസങ്കല്‍പ്പവും ധാണകളും മാറും. കുറച്ച് കൂടെ പക്വതയും ജീവിതാനുഭവങ്ങളും വരും. അന്നേരം സൗന്ദര്യത്തെക്കാള്‍ സ്വഭാവത്തിന് പ്രാധാന്യം കൈ വരും. മറ്റുള്ളവരോടുള്ള പെരുമാറ്റമാണ് അവിടെ മുഖ്യ ഘടകമാവുന്നത്. അതോടൊപ്പം സുരക്ഷിതത്വ ബോധവും.
പിന്നെ വരുമ വിവാഹം. വിവാഹത്തോട് കൂടി സ്ത്രീകള്‍ക്ക് പ്രണയം എന്ന് പറയാനേ പേടി തോന്നിയേക്കാം. കേള്‍ക്കുന്നവര്‍ തെറ്റിദ്ധരിക്കുമോ എന്നതാണ് ഒരു സംശയം. മറ്റൊരു പുരുഷനോട് പ്രണയം തോന്നുകയാണേല്‍ അല്ലേ തെറ്റിദ്ധരിക്കപ്പെടുക. എന്നാല്‍, നല്ല സൗഹൃദങ്ങളോട് പ്രണയം തോന്നാം. ഒരു സ്ത്രീക്കോ പുരുഷനോ ഒരു പാഷന്‍ ഉണ്ടായിരിക്കാം. അതിനോട് പ്രണയം തോന്നുന്നതില്‍ എന്താണ് തെറ്റ്. ഒരിക്കലുമില്ല. പാട്ടു കേള്‍ക്കുന്നത്, വരയ്ക്കുന്നത്, എഴുത്ത് തുടങ്ങി ഒരുപാട് ഇഷ്ടങ്ങള്‍. അയെയെല്ലാം പ്രണയിക്കാനാവും. എ
വിവാഹശേഷം ജീവിതത്തിലെ ഉത്തരവാദിത്തങ്ങള്‍ കൂടും. അത് നിറവേറ്റുന്നതിനുള്ള പെടാപ്പാടുകള്‍ ആവും. അന്നേരം അതുവരെ കൊടുത്തു കൊണ്ടിരുന്ന/കിട്ടിക്കൊണ്ടിരുന്ന സ്‌നേഹത്തിനു ചാഞ്ചാട്ടം വന്നേക്കാം. അതാണ് ശരിക്കും വിവാഹാനന്തരം സംഭവിക്കുന്നത്. എന്നാല്‍, പരസ്പര ധാരണ ഉണ്ടെങ്കില്‍ പ്രശനങ്ങള്‍ക്ക് അവിടെ സ്ഥാനമുണ്ടാവില്ല.
സിനിമയിലും സാഹിത്യത്തിലുമൊക്കെ കാണാറുള്ള പ്രണയങ്ങളാണ് പലപ്പോഴും നമ്മുടെ പ്രണയസങ്കല്‍പ്പങ്ങളെ നിര്‍ണയിക്കുക. സിനിമയില്‍ കാണുന്ന ഉള്ള മിക്ക പ്രണയങ്ങളും സൗന്ദര്യത്തിന്റെ അടിസ്ഥാനത്തില്‍ ആണ് തുടങ്ങുന്നത്. അവയുടെ നില്‍പ്പും ഗ്ലാമറിലും കാല്‍പ്പനികതയുടെ ആഘോഷങ്ങളിലുമായിരിക്കും. സൗന്ദര്യത്തിനു പുറത്തുള്ള ഘടകങ്ങളെ പ്രണയവുമായി ബന്ധപ്പെടുത്തി ആഘോഷിക്കുന്ന സിനിമകള്‍ വളരെ ചുരുക്കമേ കാണാറുള്ളൂ.
സിനിമ സൃഷ്ടിക്കുന്ന സൗന്ദര്യ സങ്കല്‍പ്പങ്ങളും മാറിവരുന്നുണ്ട്. സെലിബ്രിറ്റികള്‍ പലരും ഇപ്പോള്‍ മേക്കപ്പ് ഒന്നുമിടാതെ പ്രത്യക്ഷപ്പെടുന്നത് കാണാറില്ലേ. പൊതുസ്ഥലങ്ങളില്‍ സാധാരണ മട്ടിലുള്ള വരവുകള്‍. അവ സാധാരണക്കാരന് ആത്മവിശ്വാസം പകരുന്നുണ്ട്. സാധാരണ മനുഷ്യരാണ് സെലിബ്രിറ്റികളുമെന്ന ധാരണ ഉണ്ടാവുന്നുണ്ട്. അതിനാല്‍ തന്നെ സൗന്ദര്യം എന്ന അച്ചുതണ്ടി മാത്രം കറങ്ങുന്നതില്‍ കാര്യമില്ല എന്ന തോന്നലും സാര്‍വത്രികമാവുന്നുണ്ട്. ഒരു വ്യക്തി എങ്ങനെയോ അങ്ങനെ തന്നെ ആ വ്യക്തിയെ അംഗീകരിക്കാനും ഇഷ്ടപ്പെടാനും പുതിയ തലമുറ പഠിച്ചു വരികയാണ്.