Love Debate : കുട്ടികളുടെ ഭാവിയ്ക്കു വേണ്ടിയോടുമ്പോള്‍ പരസ്പരപ്രണയം മറക്കുന്നവരാണോ നിങ്ങള്‍?
പ്രണയമെഴുത്തുകള്‍. പ്രണയദിനത്തിലാരംഭിച്ച പ്രണയസംവാദം തുടരുന്നു. ഇന്ന് ദീപ വിഷ്ണു എഴുതിയ പ്രണയകുറിപ്പ്
പ്രണയമെഴുത്തുകള്‍. പ്രണയദിനത്തിലാരംഭിച്ച പ്രണയസംവാദം തുടരുന്നു. ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളോട് എഴുത്തിലൂടെ വായനക്കാര്‍ക്കും സംവദിക്കാം. നിങ്ങളുടെ പ്രണയക്കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. പ്രണയമെഴുത്തുകള്‍ എന്ന് സബ്ജക്ട് ലൈനില്‍ എഴുതണം. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും വെക്കണം.
പ്രണയം ആര്‍ക്കും ആരോടും എപ്പോഴായാലും തോന്നാം; പ്രണയത്തിന് കണ്ണില്ല. പ്രായം, ലിംഗം, ജാതി, മതം, സാമ്പത്തിക നിലവാരം, സാമൂഹിക പദവി എന്നതൊന്നും ഒരാളുടെ മനസ്സില്‍ പ്രണയം തോന്നുന്നതില്‍ ഒരു ഘടകം ആവുന്നില്ല. ഇണ എന്ന രീതിയില്‍, ഒരാള്‍ക്ക് വേറാരാളോടും തോന്നാത്ത തരത്തിലുള്ളൊരാകര്‍ഷണം മറ്റൊരാളോട് തോന്നുന്നതാണ് പ്രണയമെന്ന് പറയാം. അങ്ങനെ ഒരാകര്‍ഷണം തോന്നാന്‍ ആ വ്യക്തിക്ക് ഇഷ്ടമുള്ള എന്തെങ്കിലും രണ്ടാമത്തെ വ്യക്തിയില്‍ ഉണ്ടായിരിക്കും; സവിശേഷമായ വ്യക്തിത്വം, ശരീരഭംഗി, മാനസികമായ അടുപ്പം തോന്നുന്ന പെരുമാറ്റം, ഒരേ താത്പര്യങ്ങള്‍, സമാനചിന്തകള്‍, അഭിപ്രായങ്ങള്‍, സ്‌നേഹിക്കാനുള്ള കഴിവ് അങ്ങനെ എന്തും ആവാം രണ്ടുപേരെ തമ്മില്‍അടുപ്പിക്കുന്നത്; അത് മറ്റൊരു വ്യക്തിക്ക് ആകര്‍ഷണീയമായി തോന്നണമെന്നില്ല.
ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ആകസ്മികമായും ആവാം ആ കണ്ടെത്തല്‍. അതാണ് ഗാഢവും അതിശക്തവുമായ പല അടുപ്പങ്ങളും ജന്മജന്മാന്തരബന്ധങ്ങളായിട്ടൊക്കെ വര്‍ണിക്കപ്പെടാറുള്ളത്.
അങ്ങനെ ചിന്തിക്കുമ്പോള്‍ തീര്‍ച്ചയായും പ്രണയത്തിന് കാല്പനികതയുടെ ചുവയുണ്ട്. ഒരു പക്ഷേ, ഒരു വ്യക്തിയുടെ പ്രണയ സങ്കല്പങ്ങള്‍ രൂപം കൊള്ളുന്നത് അയാള്‍/ അവള്‍ വായിക്കുന്ന പുസ്തകങ്ങള്‍, കേള്‍ക്കുന്ന പാട്ടുകള്‍, കാണുന്ന സിനിമകള്‍ എന്നിവയൊക്കെ വഴിക്കാകാം. സാഹിത്യപരമായും കലാസാംസ്‌കാരികപരവുമ ഘടകങ്ങളുടെ സാന്നിധ്യം ഒരാളില്‍ പില്‍ക്കാലത്ത് പ്രണയവികാരം ഉണ്ടാകുന്നതിനെ സ്വാധീനിക്കാം.
ഉദാഹരണത്തിന്, പ്രണയം പ്രമേയമായ പുസ്തകങ്ങള്‍ വായിച്ചും പ്രണയപ്രധാനമായ ചലച്ചിത്രങ്ങള്‍ കണ്ടും വലുതായി വരുന്ന ഒരാള്‍ക്ക് പ്രണയം എന്ന വികാരം ജനിക്കാനുള്ള സാധ്യത, ഇതൊന്നുമില്ലാതെ വളര്‍ന്ന ആളേക്കാള്‍ കൂടുതലാവാം. ഇതിനു പുറമേ, ജനിതകപരമായ വ്യത്യാസങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവയും ഓരോ വ്യക്തിയുടേയും സ്വഭാവവിശേഷങ്ങളെ വിഭിന്നങ്ങളാക്കുന്നതില്‍ കാര്യമായ പങ്കുവഹിക്കുന്നുണ്ടല്ലോ. ഇതെല്ലാം ആവാം ചിലരെ ആരോടും പ്രണയം തോന്നാത്തവര്‍' ആക്കുന്നത്. ചിലരെ എല്ലാവരോടും പ്രണയം തോന്നുന്നവര്‍ ആക്കുന്നതും.
ഓരോ വ്യക്തിയും തന്റെ പ്രണയിതാവിലോ പ്രണയിനിയിലോ കാണാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ വ്യത്യസ്തമാവാം. ഒരു സ്ത്രീ താന്‍ പ്രണയിച്ച വ്യക്തിയെ വിവാഹംകഴിച്ച്, എല്ലാം പരസ്പരം പങ്കുവെച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍, ഒരു പുരുഷന്‍ തന്റെ പ്രണയിനി തന്നെ എപ്പോഴും മനസ്സിലാക്കി പ്രവര്‍ത്തിക്കണം എന്നായിരിക്കാം പ്രതീക്ഷിക്കുന്നത്.
ഇന്ത്യയില്‍ മാത്രമാണ് വിവാഹങ്ങള്‍ കുടുംബങ്ങളിലെ മുതിര്‍ന്നവര്‍ തീരുമാനിച്ചു നടത്തുന്നത്; പാശ്ചാത്യരാജ്യങ്ങളില്‍ പ്രണയിക്കാതെയോ പരസ്പരം മനസിലാക്കാതേയോ ആരും വിവാഹിതരാവുന്നില്ല. ജീവിതപങ്കാളിയെ കണ്ടെത്താനുള്ള സ്വാതന്ത്ര്യം ആ വ്യക്തിക്ക് (ആണിനായാലും പെണ്ണിനായാലും) നല്‍കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതിയുടെ ഗുണഫലം ആണത്. വിവാഹത്തിന്റെ കാര്യം വരുമ്പോള്‍ കേള്‍ക്കാറുള്ള 'ജോലിയുണ്ടോ രണ്ടാള്‍ക്കും' എന്ന ചോദ്യത്തേക്കാള്‍ പ്രധാനമാണ് 'പ്രണയമുണ്ടോ പരസ്പരം' എന്ന ചോദ്യം.
കാലം കഴിയുമ്പോള്‍ ദാമ്പത്യബന്ധങ്ങളില്‍ മടുപ്പ് അല്ലെങ്കില്‍ വിള്ളല്‍ ഉണ്ടാകുന്നതു പോലും പ്രണയത്തിന് വേണ്ടത്ര പ്രാധാന്യം കൊടുക്കാത്തത ്‌കൊണ്ടാണ്. നമ്മുടെ നാട്ടില്‍ മിക്കവാറും കുടുംബങ്ങളില്‍ കുട്ടികളുടെ കാര്യങ്ങള്‍ക്ക് അച്ഛനമ്മമാര്‍ അമിതപ്രാധാന്യം നല്‍കിപ്പോരുന്നുണ്ട്. അവരുടെ ജീവിതം ഭദ്രമാക്കാനായുള്ള ഓട്ടപ്പാച്ചിലില്‍ അച്ഛനമ്മമാര്‍ (പ്രണയിച്ചു വിവാഹിതരാണെങ്കില്‍ പോലും) പരസ്പരപ്രണയം മറന്നുപോകുന്നു. അല്ലെങ്കില്‍ അവര്‍ക്ക് പ്രണയം നിലനിര്‍ത്താന്‍ സമയം കണ്ടെത്താനാവുന്നില്ല. പ്രണം ഏറെ ആവശ്യമാണ് എന്നൊരു വിചാരവും അതിനുള്ള ശ്രമവും ഭാര്യാഭര്‍ത്താക്കന്മാരുടെ അജണ്ടയില്‍ ഏറ്റവും പ്രാധാന്യത്തോടെ ഉണ്ടാവണം. അല്ലെങ്കില്‍ കുട്ടികള്‍ അവരുടെ ജീവിതം തുടങ്ങിക്കഴിയുമ്പോഴേക്കും, ഏകാന്തമായ വാര്‍ധക്യകാലത്ത് ഈ അച്ഛനമ്മമാര്‍ക്ക് പരസ്പരം കണ്ടുകൂടാതാവും. അവരുടെ ജീവിതം തീര്‍ത്തും ഒറ്റപ്പെട്ടതും ദുസ്സഹവുമാകും.
ഇതോടൊപ്പം പറയേണ്ടതാണ് പ്രണയിച്ചത് കൈക്കലാക്കണം എന്ന സ്വാര്‍ത്ഥചിന്ത. അതാണ് പലരേയും ബലപ്രയോഗങ്ങളിലേക്കും അക്രമങ്ങളിലേക്കുമൊക്കെ എത്തിക്കുന്നത്. തനിക്കിഷ്ടമുള്ള ആള്‍ താനാഗ്രഹിക്കന്നആ സ്‌നേഹം തിരിച്ചും ഇഷ്ടപ്പെടണം എന്ന നിര്‍ബന്ധം; അതിന് ഒരാള്‍ തയ്യാറായില്ലെങ്കില്‍ ശിക്ഷകള്‍. ജീവനെടുക്കുക, ആസിഡ് ഒഴിക്കുക എന്നൊക്കെയുള്ള നീച ചിന്തകള്‍. നോക്കൂ, അതൊരിക്കലും സ്‌നേഹക്കൂടുതലോ പ്രണയമോ ആയി പരിഗണിക്കാനാവില്ല.
ടോക്‌സിക് ബന്ധങ്ങള്‍ പ്രണയത്തെ നരകമാക്കുകയാണ് ചെയ്യുന്നത്. അവ വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കും. മനുഷ്യരെ സംശയരോഗികളാക്കും. ഇണയെ കര്‍ശനനിയന്ത്രണങ്ങളില്‍ തളച്ചിടും. ശാരീരിക മാനസിക പീഡനങ്ങള്‍ ഏല്‍പ്പിക്കും. ഇതൊന്നും പ്രണയത്തിന്റെ പേരില്‍ സഹിക്കേണ്ടതില്ല എന്ന തിരിച്ചറിവാണ് പ്രധാനം. കാരണം, ഇതല്ല പ്രണയം. അത് വിഷമയമായ ഒരു മനസ്സിന്റെ രോഗാതുരമായ പ്രകടനങ്ങള്‍ മാത്രമാണ്. ഇത്തരം ബന്ധങ്ങളില്‍ നിന്നും എത്രയുംപെട്ടെന്ന് മോചിതരാവുകയാണ് ഉചിതം.
അനുരാഗം എല്ലാ വിഷണ്ണതകളുമകറ്റി മനസ്സുകളില്‍ നിത്യമായ ആനന്ദം നിറക്കുമെന്നതില്‍ സംശയമില്ല. ആ അനുഭൂതിവിശേഷം അനുഭവിച്ചറിയേണ്ടത് തന്നെയാണ്. പ്രണയമില്ലെങ്കിലും പരസ്പരസ്‌നേഹവും വിശ്വാസവും ഉണ്ടെങ്കില്‍ ദമ്പതികള്‍ക്ക് ഒരുമിച്ചു ജീവിക്കാം. പക്ഷെ പ്രണയമുണ്ടെങ്കില്‍, ആ ജീവിതം ഏറ്റവും സുന്ദരവും അവിസ്മരണീയവുമായിരിക്കും.
പ്രണയമെഴുത്തുകള്‍ വായിക്കാം:
പ്രവാസികള്‍, അവര്‍ക്കെന്നും പ്രണയദിനമാണ്!
ഇന്നലെ ഒരു ശലഭം എന്റെ പിന്‍കഴുത്തില്‍ ചുംബിച്ചു
പിടിച്ചുവെക്കരുത് ആരെയും, വിട്ടുകൊടുക്കലാണ് പ്രണയം!
പ്രണയവെയില്‍ത്തീരം, രാജി സ്നേഹലാല്‍ എഴുതിയ കഥ
വാക്കുകള്‍ പടിയിറങ്ങുമ്പോള്‍ ചുംബനച്ചിറകില്‍ നാമത് വീണ്ടെടുത്തു, ഒരു പ്രണയലേഖനം
നിന്നെ പ്രണയിക്കുന്നതിന്‍ മുമ്പ്, നെരൂദയുടെ കവിത
രതിദംശനങ്ങള്‍, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത
ആഞ്ഞുകൊത്തുന്ന പ്രണയം, വിമല്‍ജിത്ത് എഴുതിയ കവിത
പാടി മറന്നൊരു പല്ലവിയോ നാം, മൂന്ന് പ്രണയഗാനങ്ങള്‍
നീ എന്നോട് പ്രണയത്തിലാകുന്ന നിമിഷം മുതല്‍
സ്വപ്‌നമെത്തയില്‍ അവന്‍, കബനി കെ ദേവന്‍ എഴുതിയ പ്രണയകഥ
തിരിച്ചൊന്നും ആവശ്യപ്പെടാത്ത സ്‌നേഹം, അതല്ലേ യഥാര്‍ത്ഥ പ്രണയം!
കാമപൂര്‍ത്തീകരണത്തോടെ അവസാനിക്കുന്നത് യഥാര്‍ത്ഥ പ്രണയമാണോ?