വിവാഹിതരായത് നഗ്നരായി, ജീവിക്കുന്നതും നഗ്നരായി വാനിനുള്ളിൽ, ജലസംവിധാനമോ വൈദ്യുതിയോ ഇല്ല
അവരുടെയീ നഗ്നരായി ജീവിക്കാനുള്ള തീരുമാനം കാരണം, അവരുടെ പല സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അവരെക്കുറിച്ച് തെറ്റായ ധാരണകളുണ്ട്.
ജീവിതം മുഴുവൻ നഗ്നരായി ജീവിച്ചാല്‍ എങ്ങനെയായിരിക്കുമെന്ന് നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ, ഈ നാച്ചുറിസ്റ്റ് ദമ്പതികൾ അങ്ങനെയൊരു ജീവിതം എങ്ങനെയിരിക്കുമെന്ന് ഒരു ധാരണ നമുക്ക് നല്‍കും. ഇംഗ്ലണ്ടിലെ ചിപ്പൻഹാമിൽ നിന്നുള്ള ജോണും ഹെലൻ ഡോൺസണും പ്രകൃതിദത്ത ജീവിതത്തെ അതിന്റെ എല്ലാ പരിശുദ്ധിയിലും പിന്തുടരുന്നവരാണ്. ഈ നാച്ചുറിസ്റ്റ് ദമ്പതികൾ പൂർണനഗ്നരായിട്ടാണ് ജീവിക്കുന്നത്. ലോംഗ്ഹോപ്പിലെ അവരുടെ പ്രിയപ്പെട്ട പൈൻസ് ഔട്ട്‌ഡോർ ക്ലബിൽ നഗ്നരായിട്ടാണ് അവര്‍ വിവാഹിതരായത് പോലും.
2011 -ലാണ് ഇരുവരും കണ്ടുമുട്ടിയത്. 2006 മുതൽ തന്നെ ഹെലന്‍ ഒരു നാച്ചുറിസ്റ്റായിരുന്നു. ജോണിനെ സംബന്ധിച്ചിടത്തോളം, സൈന്യത്തിൽ ആയിരുന്ന സമയത്ത് അദ്ദേഹം മറ്റുള്ളവര്‍ക്കൊപ്പം ഒരുമിച്ച് കുളിക്കുന്നതൊക്കെ പതിവായിരുന്നു. അതിനാൽ പ്രകൃതിയില്‍ മാത്രം അര്‍പ്പിച്ചുള്ള ജീവിതത്തിലേക്കുള്ള യാത്ര മറ്റുള്ളവർക്ക് തോന്നുന്നത്ര അപരിചിതമായിരുന്നില്ല അദ്ദേഹത്തിന്.
വര്‍ഷങ്ങളായി ഇരുവരും കൃത്യമായ ഒരു ജലസംവിധാനമോ, വൈദ്യുതിയോ ഇല്ലാതെയാണ് ജീവിക്കുന്നത്. ഒപ്പം പൂര്‍ണനഗ്നരായിട്ടും. അവരുടെ ജീവിതശൈലി വളരെ അപരിചിതമായി തോന്നുന്നതും പരിമിതികളും വെല്ലുവിളികളും കാരണം എല്ലാവർക്കും പിന്തുടരാനാകാത്ത ഒന്നാണെന്നും ജോൺ സമ്മതിച്ചു. അവരുടെയീ നഗ്നരായി ജീവിക്കാനുള്ള തീരുമാനം കാരണം, അവരുടെ പല സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അവരെക്കുറിച്ച് തെറ്റായ ധാരണകളുണ്ട്.
എപ്പോഴും സ്വന്തം ശരീരം നഗ്നമായി കാണുമ്പോള്‍ വല്ലായ്മ തോന്നില്ലേ എന്നാണ് മറ്റ് പലരുടേയും സംശയം. എന്നാല്‍, ഓരോ ദിവസവും കണ്ണാടിയില്‍ തന്‍റെ നഗ്നശരീരം കാണുമ്പോള്‍ ആഹാ, കുഴപ്പമില്ലല്ലോ എന്നാണ് തോന്നാറ് എന്ന് 69 -കാരനായ ജോണ്‍ പറയുന്നു. ജോണും ഹെലനും ഇപ്പോൾ കാടിനേയും കാട്ടുചെടികളെയും പൂക്കളെയും ഒക്കെ കുറിച്ച് പഠിക്കാൻ സമയം ചെലവഴിക്കുന്നു. അവരുടെ താൽക്കാലിക വാനിലാണ് അവര്‍ താമസിക്കുന്നത്. അതിനുചുറ്റും സംരക്ഷിത ഓര്‍ക്കിഡുകളുണ്ട്. അതിനാല്‍ തന്നെ അവര്‍ വളരെ ശ്രദ്ധിച്ചാണ് കഴിയുന്നത്.
ന്യൂഡിസ്റ്റുകളും നാച്ചുറിസ്റ്റുകളും തമ്മില്‍ വലിയ വ്യത്യാസമുണ്ട് എന്നും ജോണ്‍ പറയുന്നു. ന്യൂഡിസ്റ്റുകള്‍ വസ്ത്രം ധരിക്കാതെ ജീവിക്കുന്നു. എന്നാല്‍, ചുറ്റുമുള്ള ഒന്നിലും വലിയ താല്‍പര്യമില്ല. എന്നാല്‍, നാച്ചുറിസ്റ്റുകളങ്ങനെയല്ല. അവര്‍ ചുറ്റുമുള്ളവയെ കുറിച്ച് ശ്രദ്ധാലുക്കളാണ്. ഒപ്പം വൃത്തിയിലും വലിയ ശ്രദ്ധയാണ്. സ്വന്തം ടവ്വലുകളും സ്വന്തം ഇരിപ്പിടങ്ങളും അവരുപയോഗിക്കാന്‍ ശ്രദ്ധിക്കുന്നു. വസ്ത്രം പൂര്‍ണമായും ഇല്ലെങ്കില്‍ കസേരയില്‍ ഇരിക്കുമ്പോള്‍ ഒരു ടവ്വല്‍ അതിന് മുകളിലിടാന്‍ ശ്രദ്ധിക്കുന്നുവെന്നും ജോൺ പറയുന്നു.
എന്തായാലും ലോകം എന്ത് പറയുന്നുവെന്നതൊന്നും ജോണിനും ഹെലനും പ്രശ്നമല്ല. ഇരുവരും അവരുടെ നാച്ചുറിസ്റ്റ് ജീവിതം തുടരുകയാണ്.