Isadora Duncon : നഗ്‌നത അവളെ ഒരിക്കലും അലട്ടിയില്ല, നൃത്തത്തിലും പ്രണയത്തിലും ജീവിച്ച ഇസഡോറ!

ജീവിതം പോലെ തന്നെ ഇസഡോറയുടെ മരണവും ലോകത്തിന് 'വിചിത്ര'മായിരുന്നു.  പുതുതായി വാങ്ങിയ സ്‌പോര്‍ട്‌സ് കാറില്‍ കൊടുംവളവുകളിലൂടെ സഞ്ചരിക്കുകയായിരുന്നു അവള്‍. ആ സമയം കഴുത്തിലെ ഷാള്‍ ചക്രത്തില്‍ കുടുങ്ങിയായിരുന്നു മരണം. 

Life love  and dance tale of Isadora Duncon by RIni Raveendran

യാഥാസ്ഥിതിക ധാരണകളില്‍നിന്നും നൃത്തത്തെ വിമോചിപ്പിച്ചവരില്‍ പ്രധാനിയായ ഇസഡോറ ഡങ്കന്‍ പിറന്നിട്ട് ഇന്നേയ്ക്ക് 144 വര്‍ഷം. അസാധാരണമായ ആ ജീവിതത്തിലൂടെ ഒരു യാത്ര. റിനി രവീന്ദ്രന്‍ എഴുതുന്നു
 

ഇസഡോറ ഡങ്കന്റെ നൃത്തം ഒരു പ്രവാഹമായിരുന്നു. അവളുടെ ആത്മാവനുഭവിച്ചിരുന്ന ദാഹത്തിന്റെ പ്രതിഫലനമോ പൂര്‍ത്തീകരണമോ എന്ന് വിളിക്കാവുന്നത്. കലയോടുള്ള അടങ്ങാത്ത അഭിനിവേശത്തിലും, പ്രണയത്തിലും, വേദനയിലും അവര്‍ നൂറുശതമാനം സത്യസന്ധത പുലര്‍ത്തി. 1877 -ല്‍ ജനിച്ച് 1927 -ല്‍ മരിച്ചുപോയ ഇസഡോറ ഡങ്കന്‍. അമേരിക്കന്‍ നര്‍ത്തകി, കലയുടെ പ്രണയിനി. അവള്‍ക്കുശേഷം പലരും ഇസഡോറയാവാന്‍ ശ്രമിച്ചു. പക്ഷേ, നൃത്തത്തിലും ജീവിതത്തിലും ആ കലാകാരിക്ക് പകരക്കാരുണ്ടായില്ല. ഒരേയൊരു ഇസഡോറ. ഒരേയൊരു നൃത്തം. അതുപോലെ ഒരേയൊരു സ്ത്രീയും.

നൃത്തം- ആത്മാവും ശരീരവും ഒന്നാവുന്ന മാന്ത്രികത

നൃത്തം ഇസഡോറയിലേക്കാണോ അതോ ഇസഡോറ നൃത്തത്തിലേക്കാണോ സഞ്ചരിച്ച് തുടങ്ങിയത് എന്ന് ചോദിച്ചാല്‍ അതിന് ഉത്തരം കിട്ടുക പ്രയാസം. ആ കലാകാരിക്ക് ജീവിതവും നൃത്തവും പ്രകൃതിയായിരുന്നു -പ്രകൃതിയുടെ സ്വാഭാവികത. ആരാണ് നൃത്തം പഠിപ്പിച്ചത് എന്ന ചോദ്യത്തിന് ഇസഡോറ നല്‍കുന്ന മറുപടി തന്നെ 'പ്രകൃതി' എന്നാണ്. ഹോ, എത്ര മനോഹരമായ ഉത്തരം. കല പ്രകൃതിയും പ്രകൃതി കലയുമല്ലാതെ മറ്റെന്താണ്? അവള്‍ പ്രകൃതിക്കനുസരിച്ച് കൈകാലുകള്‍ ചലിപ്പിച്ചു. കാറ്റിന്റെയും കടലിന്റെയും ഭാവങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു. കടല്‍ത്തീരത്ത് ജനിച്ച താന്‍ ആദ്യചുവടുകള്‍ വച്ചത് തിരമാലയുടെ ശബ്ദത്തിനൊപ്പമായിരുന്നു എന്ന് അവള്‍ തന്നെ പറഞ്ഞിട്ടുണ്ട്. പ്രകൃതിയുടെ സംഗീതത്തെ തന്റെ ആത്മാവിലേക്ക് ആവാഹിക്കുകയും നൃത്തത്തിലൂടെ മോചിപ്പിക്കുകയും ചെയ്തു ഇസഡോറ.

'ആത്യന്തികമായി ഞാനൊരു നര്‍ത്തകിയാണ്. കുട്ടിയായിരുന്നപ്പോള്‍ വളര്‍ച്ചയുടെ പടവുകള്‍ സന്തോഷത്തോടെ നൃത്തം ചെയ്താണ് ഞാന്‍ കയറിയത്. പക്വതയേറിയപ്പോള്‍ ജീവിതത്തിന്റെ സുഖവും ദുഖവും നൃത്തത്തിലൂടെയാണ് സ്വീകരിച്ചത്. ലോകത്തിന്റെ ദയാരഹിതമായ തിരിച്ചടികളേയും ഞാനങ്ങനെയാണ് ലഘൂകരിച്ചത്' എന്നാണ് ആത്മകഥയില്‍ തനിക്ക് നൃത്തത്തോടുള്ള ബന്ധത്തെ കുറിച്ച് ഇസഡോറ കുറിച്ചത്.

അമ്മ മേരി ഡോറയും കലയെ അഗാധമായി സ്‌നേഹിച്ചവളായിരുന്നു. സംഗീതാധ്യാപിക. അവര്‍ മക്കളെ നൃത്തത്തിന്റെ വഴിയില്‍ നടത്തി. പക്ഷേ, അതിനുമപ്പുറമാണ് തന്റെ നൃത്തമെന്ന് തിരിച്ചറിഞ്ഞ് ഇസഡോറ വേറിട്ട വഴിയിലൂടെ യാത്ര തുടങ്ങിയിരുന്നു. മേരി മക്കള്‍ക്ക് ബീഥോവന്റെയും ഷൂമാന്റെയും ഷൂബറിന്റെയും മൊസാര്‍ട്ടിന്റെയും ഷോപ്പിന്റെയും സംഗീതത്തെ പരിചയപ്പെടുത്തി. ഷേക്‌സ്പിയറിന്റെയും ഷെല്ലിയുടെയും ബേണ്‍സിന്റെയും കീറ്റ്‌സിന്റെയും കൃതികള്‍ വായിച്ചുകൊടുത്തു. മേരി ഡോറയെന്ന അമ്മയായിരുന്നിരിക്കണം വിശാലാര്‍ത്ഥത്തില്‍, കലയുടെ ലോകത്തേക്ക് ഇസഡോറയെ കൈപിടിച്ചു നടത്തിയിട്ടുണ്ടാവുക. അല്ലെങ്കിലാരാണ് മകളുടെ നൃത്തത്തിന്റെയും കലയുടെയും ഉന്മാദവും ചുമന്ന് ഒഴിഞ്ഞ വയറുമായി അനവധി നഗരങ്ങളിലലയാന്‍ തയ്യാറാവുന്നത്? കാലങ്ങളോളം മേരി ഡോറ അത് ചെയ്തു. കലയുടെ ആത്മാവ് എവിടെയെന്നന്വേഷിച്ചലഞ്ഞ മകള്‍ക്കൊപ്പം ഒരു നിഴല്‍ പോലെ അവരുമുണ്ടായിരുന്നു. ദാരിദ്ര്യത്തിന്റെ തീക്കനല്‍ ചവിട്ടിപ്പൊള്ളിയ പാദങ്ങളില്‍ കലയെന്ന് പേരുള്ള ജലം തളിച്ച് അമ്മയും മകളും തണുപ്പ് തൊട്ടു.

നഗ്‌നത അവളെ ഒരിക്കലും അലട്ടിയില്ല

സുതാര്യവും ആത്മീയവുമായിരുന്നു പലപ്പോഴും ഇസഡോറയുടെ നൃത്തം. അയഞ്ഞ, നേര്‍ത്ത ട്യൂണിക്ക് മാത്രം ധരിച്ചാണ് അവള്‍ തന്റെ നൃത്തപരിപാടികളവതരിപ്പിച്ചത്. അതിലൂടെ അവളുടെ ശരീരം പലപ്പോഴും വ്യക്തമായി കാണാമായിരുന്നു. കൗമാരത്തിലും യൗവ്വനത്തിലും പിന്നീടുള്ള കാലങ്ങളിലുമെല്ലാം അത് തന്നെയായിരുന്നു അവളുടെ വേഷം. സദസ്സിനു മുന്നില്‍ വെളിപ്പെടുന്ന അതിനകത്തെ നഗ്‌നത അവരെ ഒരിക്കലും അലട്ടിയില്ല. ആത്മാവും ശരീരവും ഒന്നാവുന്ന മാന്ത്രികതയായി ഇസഡോറയുടെ നൃത്തം. ആരേയും ബോധ്യപ്പെടുത്താനൊന്നുമില്ലാത്തവണ്ണം അവര്‍ തുറന്ന സ്ത്രീയായി. അത് മനസിലായവര്‍ക്ക് ഇസഡോറ ദേവിയായി. അല്ലാത്തവര്‍ മുഖം ചുളിച്ചു കാണണം.

നഗ്‌നമായ ശരീരം മനോഹരമാണ് എന്നും, അത് ലൗകികമായ അനുഭൂതികളുടേതിനും അപ്പുറമാണ് എന്നും പറഞ്ഞുകൊണ്ട് അവര്‍ തന്റെ വേഷത്തില്‍ അസ്വസ്ഥമായവരെ ശാന്തമായി നേരിട്ടു. ഇസഡോറ ആഭരണങ്ങളണിഞ്ഞില്ല. മുടി അഴിച്ചിട്ടിരുന്നു -സ്വാതന്ത്ര്യം. നൃത്തം ചെയ്യുമ്പോള്‍ നഗ്‌നപാദയായിരുന്നു. അന്ന് ബാലെയാണ് വളരെയധികം പ്രചാരം നേടിയ നൃത്തരൂപമെന്നതിനാല്‍ തന്നെ നഗ്‌നപാദയായിട്ടുള്ള നൃത്തം ആളുകള്‍ക്ക് അപരിചിതമായിരുന്നു. അല്ലെങ്കിലും ഒന്നുകൊണ്ടും ഇസഡോറ ലോകത്തിന് പരിചിതയായിരുന്നില്ലല്ലോ?

നൃത്തത്തിന്റേതല്ല കലയുടെ തന്നെ ആത്മാവന്വേഷിച്ചായിരുന്നു ഇസഡോറയുടെ യാത്ര. എല്ലാത്തിലും സംഗീതത്തെ തേടി, നൃത്തത്തെ അറിഞ്ഞു -വേദനയിലും, ആനന്ദത്തിലും പോലും. കവികളെയും ശില്പികളെയും അവര്‍ ആദരിച്ചു. കലയെന്ന് അടയാളം കൊണ്ട ഓരോ നഗരത്തിലും ഒഴിഞ്ഞ വയറുമായി അവര്‍ അലഞ്ഞു. മ്യൂസിയവും ലൈബ്രറിയും ദേവാലയങ്ങളാക്കി. പകലുകളുടെ അലച്ചിലുകള്‍ക്ക് ശേഷം രാത്രി മുഴുവനും അവര്‍ നൃത്തം ചെയ്തു. അത്തരം ഏതിടങ്ങളേയും ഇസഡോറയും സഹോദരങ്ങളും അമ്മയും ആത്മാവിനോട് ചേര്‍ത്തുപിടിച്ചു. ഏതന്‍സില്‍ വണ്ടിയിറങ്ങിയപ്പോള്‍ താനും സഹോദരനും കണ്ണീരണിഞ്ഞതിനെ കുറിച്ച് അവര്‍ തന്നെ ആത്മകഥയില്‍ പറയുന്നുണ്ട്. ആളുകള്‍ തങ്ങള്‍ ഭ്രാന്തന്മാരോ കുടിയന്മാരോ ആണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ടാവാം എന്നാണ് ഇസഡോറ പറയുന്നത്.


കുഞ്ഞുങ്ങളുടെ നൃത്തം

മ്യൂണിക്കിനെ കുറിച്ച് അത്യാഹ്ലാദത്തോടെ ഇസഡോറ ഓര്‍ക്കുന്നു. തെരുവുകളിലെങ്ങും വിദ്യാര്‍ത്ഥികളെ കണ്ടത് അവരെ ആവേശത്തിലാക്കി. ഓരോ പെണ്‍കുട്ടികളുടെ കയ്യിലും പുസ്തകങ്ങളോ രാഷ്ട്രീയലേഖനങ്ങളോ കണ്ടത് അവരെ അഭിമാനത്തിലാക്കി. അവിടെ ഓരോ കടകളിലും പുസ്തകങ്ങള്‍ വില്‍പനയ്ക്ക് വച്ചതിനെ എന്തൊരുന്മാദത്തോടെയാണ് എന്നോ ഇസഡോറ വിവരിക്കുന്നത്. ജീവനുള്ള എല്ലാത്തിലും അവര്‍ കല ദര്‍ശിച്ചു, ആഴമുള്ളതെന്ന് തോന്നിയതിലേക്കെല്ലാം രണ്ടാമതൊന്ന് ചിന്തിക്കാന്‍ പോലും നില്‍ക്കാതെ നഗ്‌നപാദയായി ഇറങ്ങിച്ചെന്നു.

നൃത്തവിദ്യാലയത്തിന് വേണ്ടി ഫണ്ട് കണ്ടെത്തലായിരുന്നു മിക്കവാറും ഇസഡോറയെ അലട്ടിയിരുന്ന പ്രശ്‌നം. കിട്ടിയ പണമൊന്നും മിച്ചം വന്നില്ല. ഇസഡോറയുടെ സ്‌കൂളാവട്ടെ ആളുകള്‍ കുഞ്ഞുങ്ങളെ തള്ളാനുള്ള സ്ഥലങ്ങളായിപ്പോലും കണ്ടു. അസുഖബാധിതരായ കുഞ്ഞുങ്ങളെ അവിടെയുപേക്ഷിച്ച് പലരും തിരിഞ്ഞുനോക്കാതെ നടന്നുപോയി. ഇസഡോറ ആ കുഞ്ഞുങ്ങള്‍ക്ക് ജീവശ്വാസം നല്‍കി. പിന്നീടായിരുന്നു നൃത്തം. തന്റെ മക്കളെപ്പോലെ അവര്‍ ശിഷ്യരേയും ചേര്‍ത്തുപിടിച്ചു. എന്നെങ്കിലും അവര്‍ ലോകമാകെ അംഗീകരിക്കപ്പെടുന്ന നര്‍ത്തകരാവുമെന്നും നൃത്തത്തെ ആത്മാവ് കൊണ്ട് തൊട്ടറിഞ്ഞ കളങ്കമില്ലാത്ത കലാകാരന്മാരും കലാകാരികളുമാവുമെന്നും ഇസഡോറ സ്വപ്നം കണ്ടു.

ഉടമ്പടികളില്ലാത്ത പ്രണയത്തിന്റെ ആനന്ദവും ആത്മവേദനയും

പത്താമത്തെ വയസിലാണ് ഇസഡോറ ആദ്യമായി നൃത്തം പഠിപ്പിച്ച് തുടങ്ങുന്നത്. സ്‌കൂളില്‍ പോകാനവള്‍ക്ക് മടിയായിരുന്നു. പകരം നൃത്തം ചെയ്യാനും പഠിപ്പിക്കാനും ഇഷ്ടപ്പെട്ടു. ദാരിദ്ര്യത്തില്‍ അധ്യാപനം കൈത്താങ്ങ് കൂടിയായപ്പോള്‍ അവള്‍ക്ക് ഇനിയത് മതിയെന്നായി. പതിനൊന്നാമത്തെ വയസിലാണ് ആദ്യമായി അവളില്‍ പ്രണയമുണ്ടാവുന്നത് -അല്ലെങ്കിലും ഇസഡോറ നേരത്തേ മുതിര്‍ന്ന കുട്ടിയായിരുന്നു. ആ സമയത്ത് അവളുടെ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ചുരുക്കം ചില മുതിര്‍ന്നവരും എത്തിയിരുന്നു. അതില്‍ വെര്‍നോണ്‍ എന്ന് പേരായ ഒരു കെമിസ്റ്റുണ്ടായിരുന്നു. തീവ്രമായ പ്രണയമായിരുന്നു ഇസഡോറയ്ക്കയാളോട്.

അയാള്‍ ജോലി ചെയ്യുന്ന വളരെ ദൂരെയുള്ള മരുന്നുകടയിലേക്ക് ഒരുകാര്യവും കൂടാതെ അവള്‍ നടന്നുചെന്നു. ഒറ്റവാക്കോ മറ്റോ മിണ്ടി തിരികെ നടന്നു. ഇരുവരും ഒരുമിച്ച് ചെയ്ത നൃത്തത്തിന്റെ ലഹരി നുണഞ്ഞ് ദിവസങ്ങളോളം കഴിഞ്ഞു. എന്നാല്‍, ഒരിക്കലും വെര്‍നോണ്‍ ആ പ്രണയം അറിഞ്ഞിരുന്നില്ല. അയാള്‍ വിവാഹം ചെയ്തു. വധുവുമൊത്ത് അയാള്‍ നടന്നുനീങ്ങുന്ന രംഗം കണ്ട് ഇസഡോറ കഠിനമായി വേദനിച്ചു. പിന്നീട് വളരെ വളരെ കാലത്തിനുശേഷം യാദൃച്ഛികമായി ഒരു തവണ മാത്രമാണ് ഇസഡോറ അയാളെ കാണുന്നത്. അപ്പോഴും ആ പ്രണയം അവളുടെ മാത്രം രഹസ്യമായിരുന്നു.

'അതായിരുന്നു എന്റെ ആദ്യത്തെ പ്രണയം. അത് തീര്‍ത്തും ഭ്രാന്തവും തീവ്രവുമായിരുന്നു. പിന്നീട് അങ്ങനെയൊന്ന് ഞാന്‍ അനുഭവിച്ചിട്ടേയില്ല' എന്നാണ് ഇസഡോറ പറഞ്ഞത്.


നൃത്തത്തിലും പ്രണയത്തിലും ഇസഡോറ

ഇസഡോറയുടെ പ്രണയങ്ങളുടെ കണക്കെടുക്കുക പ്രയാസകരമാണ്. വര്‍ഷങ്ങള്‍ നീണ്ടുപോയതും ഒറ്റദിവസത്തില്‍ നിന്നുപോയതുമൊക്കെയായി അനേകം പ്രണയങ്ങള്‍. നൃത്തം ചെയ്യുമ്പോള്‍ അവര്‍ വിശപ്പോ ദാഹമോ അനുഭവിച്ചിരുന്നില്ല, സമയം കടന്നുപോകുന്നത് അറിഞ്ഞിരുന്നില്ല. അത് തന്നെയായിരുന്നു അവരുടെ പ്രണയങ്ങളിലും സംഭവിച്ചത്.

തോഡിന്റെ പ്രണയത്തെ കുറിച്ച് ഇസഡോറ പറയുന്നത് അയാളുടെ നോട്ടത്തില്‍, കണ്ണുകളിലെ പ്രണയത്തില്‍ താന്‍ മരണത്തെ കൊതിച്ചുപോയി എന്നാണ്. 'തോഡുമായി എത്രയോ രാത്രികളൊരുമിച്ച് കഴിഞ്ഞിരുന്നു, അപ്പോഴൊന്നും ലൈംഗികബന്ധമുണ്ടായിരുന്നില്ല. തോഡിനോടൊപ്പമായിരിക്കുമ്പോള്‍ അതിന്റെ ആവശ്യമേ തോന്നിയിരുന്നില്ല. ഒരു സ്പര്‍ശമോ നോട്ടമോ തന്നെ തനിക്ക് അവാച്യമായ അനുഭൂതി തന്നു. നൃത്തത്തില്‍ പോലും ആ പ്രണയത്തിന്റെ ആലസ്യത്തിലായിരുന്നു താനെ'ന്നും ഇസഡോറ പറയുകയുണ്ടായി. തോഡിനൊപ്പം ഒരു മണിക്കൂര്‍ മാത്രം ചെലവഴിക്കാനായി പാതിരാവണ്ടി കയറിപ്പോകുന്ന തരം ഭ്രാന്തായിരുന്നു ഇസഡോറയുടെ പ്രണയം. മിക്ക പ്രണയങ്ങളിലും ഇസഡോറ ഇങ്ങനെ തന്നെയായിരുന്നു. വേദനിച്ചപ്പോള്‍ പോലും ഒരു പ്രണയത്തെയും അവര്‍ തള്ളിപ്പറഞ്ഞില്ല. അത് നല്‍കിയിരുന്ന ആനന്ദത്തെയും ആശ്വാസത്തെയും മറന്നതുമില്ല.

അലന്‍ ടെറിയോട് എന്നും ആരാധനയായിരുന്നു ഇസഡോറയ്ക്ക്. ഒരു പരിപാടിക്ക് ശേഷം അലന്‍ ടെറിയുടെ മകന്‍ ക്രെയ്ഗ് അവളെ സമീപിച്ചു. 'നിങ്ങളുടെ അരങ്ങ് എന്റെ കല മോഷ്ടിച്ചുണ്ടാക്കിയതാണ്' എന്നും പറഞ്ഞായിരുന്നു സംസാരത്തിന്റെ തുടക്കം. അന്ന് തന്നെ ഇരുവരും പ്രണയത്തിലായി. 'നീയെന്റെ പെങ്ങളാണോ എന്ന് ചോദിപ്പിക്കും വിധം സാമ്യമുണ്ടായിരുന്നു ക്രെയ്ഗും താനും തമ്മില്‍' എന്നാണ് ഇസഡോറ പറഞ്ഞത്. അവളിലെ സകലവികാരങ്ങളെയും ക്രെയ്ഗ് ആളിക്കത്തിച്ചു. ഇസഡോറയുടെ മൂത്ത മകളുടെ പിതാവ് ക്രെയ്ഗായിരുന്നു. രണ്ടാമത്തെ കുഞ്ഞിന്റെ പിതാവ് കോടീശ്വരനായ പാരീസ് സിംഗറും.

പ്രണയം എന്ന് തോന്നിക്കഴിഞ്ഞാല്‍ അതിലേക്കെടുത്ത് ചാടുന്ന കുട്ടിയായി പലപ്പോഴും ഇസഡോറ. അനേകമനേകം പ്രണയങ്ങള്‍ അവരനുഭവിച്ചു, തീവ്രമായിത്തന്നെ. അതില്‍ കലാകാരനും എഴുത്തുകാരനുമായ റൊമാനോ റൊമാനെല്ലി, എഴുത്തുകാരിയായ മെഴ്സിഡസ് ഡി അക്കോസ്റ്റ എന്നിവരെല്ലാം പെടുന്നു. എന്നാല്‍, എത്ര പിറകേ നടന്നിട്ടും ഇസഡോറ പ്രണയത്തില്‍ വീഴാത്ത പുരുഷന്മാരും ഉണ്ട്. തന്റെ പ്രണയത്തിലെല്ലാം താന്‍ നൂറുശതമാനം സത്യസന്ധയായിരുന്നു എന്ന ഇസഡോറയുടെ തന്നെ വാക്കുകളെ വിശ്വസിക്കാനാണെനിക്കിഷ്ടം. അല്ലെങ്കിലും ഉടമ്പടികളില്ലാത്ത, നിരുപാധികമായ പ്രണയങ്ങളെ നാം പോസ്റ്റുമോര്‍ട്ടം ചെയ്യരുത്!

സ്ത്രീ, സമത്വം, വിപ്ലവം

സ്ത്രീ: ഒരു സ്ത്രീയെന്ന നിലയില്‍ വളരെ അധികം അമര്‍ഷം ഇസഡോറയ്ക്ക് ഈ സമൂഹത്തോടുണ്ടായിരുന്നു. ഒരുപക്ഷേ, കലയില്‍ മുഴുവനായും സമര്‍പ്പിച്ച ഒരു സ്ത്രീയായതു കാരണം അത് സ്വാഭാവികവുമായിരുന്നിരിക്കണം. ഇസഡോറ വിവാഹത്തെ അനുകൂലിച്ചിരുന്നില്ല. അത് വെറും കരാറാണ് എന്ന ചിന്തയായിരുന്നു അവള്‍ക്ക്. പ്രണയമെന്നാല്‍ സത്യസന്ധതയും വിശ്വാസവുമാണ് എന്നും അതിന് വിവാഹമെന്ന കരാര്‍ ഒപ്പിടേണ്ടതില്ലെന്നും ഇസഡോറ കരുതി. ഒരു കുഞ്ഞ് ജനിക്കാന്‍ പോലും വിവാഹത്തിന്റെ ആവശ്യമില്ല എന്ന് ഇസഡോറ നിലപാടെടുത്തു.

സ്വന്തം അമ്മയുടെയും അച്ഛന്റെയും വേര്‍പിരിയല്‍ തന്നെ അവളില്‍ മടുപ്പുളവാക്കിയിരുന്നു. സ്വന്തം വിവാഹജീവിതം വെറും പരാജയവും പീഡയുമായിരുന്നിട്ട് പോലും എന്തുകൊണ്ട് മകളും വിവാഹം കഴിക്കണമെന്ന നിലപാട് അമ്മയെടുത്തു എന്ന ചോദ്യം ഇസഡോറയേയും ആശ്ചര്യപ്പെടുത്തിയിരുന്നു. കോടതിവ്യവഹാരങ്ങളില്‍ എത്തിച്ചേരുന്ന ബന്ധങ്ങളുടെ തണുത്ത വിരസത അവളെ എപ്പോഴും വിവാഹത്തിന് എതിരാക്കി. എന്നാല്‍, ഇത്തരം അഭിപ്രായങ്ങളുടെ പേരില്‍ നിരവധി വിമര്‍ശനങ്ങളും ഇസഡോറ നേരിട്ടു.

ക്രെയ്ഗിനൊപ്പം ഒരുമിച്ച് താമസിച്ചപ്പോഴാവട്ടെ വിവാഹിതരല്ലായിരുന്നിട്ട് കൂടി പ്രശ്‌നങ്ങളുണ്ടായി. 'എന്തിനാണിങ്ങനെ ദിവസവും സ്റ്റേജില്‍ കയറി കൈകള്‍ വീശുന്നത്? എന്തുകൊണ്ട് എന്റെ ലെഡ് പെന്‍സില്‍ മുന കൂര്‍പ്പിച്ച് കൂടാ' എന്ന തനിപുരുഷന്റെ ചോദ്യമായിരുന്നു ക്രെയ്ഗ് ആ വലിയ കലാകാരിയോട് ചോദിച്ചത്. അതേ കുറിച്ച് ഇസഡോറ കുറിച്ചതിങ്ങനെ 'ഒരു കലാകാരനെന്ന നിലയിലുള്ള ജന്മസിദ്ധമായ അസൂയ, മറ്റൊരാളെ പ്രത്യേകിച്ച് സ്ത്രീയെ, അവരുടെ കലയെ അംഗീകരിക്കുന്നതില്‍ നിന്നും അദ്ദേഹത്തെ വിലക്കുകയായിരുന്നു.'

പ്രസവവേദനയുടെ മഹത്വത്തെയും 'സുഖ'ത്തെയും എക്കാലത്തും നാം വാഴ്ത്തി. ഇസഡോറ അതിനെ എതിര്‍ത്തിരുന്നു. പരിഷ്‌കൃതസമൂഹം സ്ത്രീകളെ വേദനയോടെ പ്രസവിക്കാന്‍ അനുവദിക്കരുത് എന്നവര്‍ ഊന്നിപ്പറഞ്ഞു. 'വേദനയില്‍ ഞാന്‍ മരിച്ചൊന്നുമില്ല, കുഞ്ഞിനെ കണ്ടപ്പോള്‍ വല്ലാത്ത ആഹ്ലാദവും അനുഭൂതിയും തോന്നുകയും ചെയ്തു. എങ്കിലും ആ വേദന ഇന്നും തനിക്കോര്‍ക്കാന്‍ വയ്യ. അതിനാല്‍ പ്രസവം വേദനാരഹിതമാക്കാനുള്ള വഴി തേടണം' എന്നുതന്നെയായിരുന്നു അവളുടെ നിലപാട്.

അപ്പോഴും കുഞ്ഞിനെ പിരിഞ്ഞിരിക്കേണ്ടി വരുമ്പോഴെല്ലാം അവള്‍ അതികഠിനമായി വേദനിച്ചു. പരിപാടിക്ക് പോകുമ്പോള്‍ ഉള്ളം നൊന്താണ് അവളിറങ്ങിയത്. അന്ന് 'പാല്‍പ്പനി' വന്ന് അവള്‍ ബോധരഹിതയായി. ഒരു സ്ത്രീക്ക് മാത്രം കടന്നുപോകേണ്ടി വരുന്ന നിസ്സഹായത!

സമത്വം: പ്രണയം വേണോ വേണോ നൃത്തം വേണോ എന്ന് ചോദിക്കുകയാണ് എങ്കില്‍ ഇസഡോറ നൃത്തത്തെ തെരഞ്ഞെടുത്തിരുന്നു. വേദനയോട് കൂടിയെങ്കിലും നൃത്തത്തിനു വിഘാതമായ ബന്ധത്തില്‍ നിന്നും അവളിറങ്ങിപ്പോന്നു. പലപ്പോഴും അവള്‍ പറഞ്ഞത് എന്റെ നൃത്തത്തെ ഇല്ലാതാക്കുന്ന ഒന്നും തന്നെ തനിക്ക് വേണ്ടതില്ല എന്നാണ്. പങ്കാളിയുടെ നിഴലായി നിന്ന് ഒടുങ്ങേണ്ടി വന്ന അനേകായിരം സ്ത്രീകളിലൊരാളാവാന്‍ അവള്‍ക്ക് കഴിയുകയേ ഇല്ലായിരുന്നു.

ഇസഡോറ എഴുതി, 'പ്രിയപ്പെട്ട ഒരാളെ സ്‌നേഹത്തോടെ പിരിയുമ്പോള്‍ അതിയായ വേദനയുണ്ടാകും. അതിദുസ്സഹമായ വേദനയ്ക്കിടയിലും സ്വാതന്ത്ര്യം തൊട്ടറിയുന്ന സുഖം ഞാന്‍ അപ്പോഴറിഞ്ഞു.'

വിപ്ലവം: ഇസഡോറ ഒരു വിപ്ലവകാരിയുമായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ അവളത് പ്രകടിപ്പിക്കുകയും ചെയ്തു. സ്‌കൂളില്‍ നിന്നും സാന്താക്ലോസിന്റേതെന്ന് പറഞ്ഞുകൊടുത്ത സമ്മാനങ്ങളെ 'സാന്താക്ലോസ് വെറും സങ്കല്പമാണ്' എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് നിരസിച്ച് അധ്യാപികയുടെ ശകാരമേറ്റുവാങ്ങിയ പെണ്‍കുട്ടിയായിരുന്നു ഇസഡോറ.

സാര്‍ ചക്രവര്‍ത്തിയോട് ഭക്ഷണമപേക്ഷിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ട് പൊട്ടിക്കരഞ്ഞ ഇസഡോറയുണ്ട്. തന്റെ സ്വന്തവേദനകളെല്ലാം എത്ര നിസാരമാണ് എന്നാണവള്‍ ചിന്തിച്ചത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം സോവിയറ്റ് സര്‍ക്കാരില്‍ നിന്നും ക്ഷണം കിട്ടി റഷ്യയിലേക്ക് ചെല്ലുമ്പോള്‍ അവള്‍ പറഞ്ഞത് 'താന്‍ സഖാക്കളിലൊരാളാവുന്നു' എന്നാണ്. 'ഇവിടെയാണ് ഞാന്‍ പണിയെടുക്കാനുദ്ദേശിക്കുന്ന പുതിയ ലോകം. ഇത് സഖാക്കളുടെ ലോകമാണ്. ബുദ്ധന്റെ പ്രജ്ഞയിലുദിച്ച സ്വപ്നം' എന്ന് അവളതിനെ വാഴ്ത്തി. അല്ലെങ്കിലും ഇസഡോറ വിവേകത്തോടൊപ്പം വികാരവും തുല്യ അളവില്‍ ചുമന്നിരുന്നു.

എന്നാല്‍, ഇസഡോറയുടെ ഏറ്റവും വലിയ വിപ്ലവം ഇതൊന്നുമായിരിക്കില്ല. അവളുടെ ജീവനായിരുന്ന രണ്ട് കുഞ്ഞുങ്ങളെയും ഒരുമിച്ച് മരണം കവര്‍ന്നു കളഞ്ഞു. ഇസഡോറയെ അടിമുടി തകര്‍ത്തില്ലാതാക്കിയ ദുരന്തം. അന്ന് ആ കുഞ്ഞുങ്ങളെ സംസ്‌കരിക്കുന്നതിന് പകരം അവളെടുത്ത തീരുമാനം ശവദാഹം നടത്താനായിരുന്നു. കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യം. പക്ഷേ, തന്റെ കുഞ്ഞുങ്ങളെ പുഴുവരിക്കുന്നത് തനിക്ക് സഹിക്കാനാവില്ലെന്നായിരുന്നു ഇസഡോറയുടെ പ്രതികരണം. മാത്രവുമല്ല ഏറ്റവും മനോഹരമായ യാത്രയയപ്പും അവളാ കുഞ്ഞുമാലാഖമാര്‍ക്ക് നല്‍കി -ഒരു കലാകാരിക്ക് മാത്രം കഴിയുന്നത്.

പിന്നീടങ്ങോട്ട് അവളുടെ ദിനങ്ങള്‍ മരണത്തെ തൊടുന്നതും ഭ്രാന്തവുമായിരുന്നു. ശേഷമുണ്ടായ മകന്‍ കൂടി ജനിച്ചയുടനെ മരണത്തിന് കീഴടങ്ങിയതോടെ ആ ദുരന്തം പൂര്‍ണമായി. തകര്‍ന്നടിഞ്ഞ അവള്‍ പക്ഷേ പിന്നീടും നൃത്തത്തിന്റെ കൈപിടിച്ച് നടന്നു.

കൊടും വളവുകളിലൂടെ ഒരു കാര്‍

വിവാഹത്തെ എതിര്‍ത്തിട്ടും ഇസഡോറ അവസാനം വിവാഹിതയായി. വളരെ കുറച്ച് വര്‍ഷങ്ങള്‍ മാത്രമായിരുന്നു ആ ജീവിതം നീണ്ടുനിന്നത്. ഭര്‍ത്താവ് സെര്‍ഗി യെസനന്‍ മദ്യത്തിനടിമയായിരുന്നു. അയാള്‍ ഇസഡോറയെ അവളല്ലാതാക്കിക്കൊണ്ടിരുന്നു. അങ്ങനെ, അവര്‍ വേര്‍പിരിഞ്ഞു. വിവാഹമോചനം കഴിഞ്ഞ് ഒന്നോരണ്ടോ വര്‍ഷങ്ങള്‍ക്ക് ശേഷം യെസനന്‍ ആത്മഹത്യ ചെയ്തു.

ഇസഡോറയുടെ ജീവിതം എപ്പോഴും സമൂഹം ചര്‍ച്ചയാക്കിയിരുന്നു. ആരാധകര്‍ എല്ലാക്കാലവും പിന്തുടര്‍ന്ന കലാകാരിയായിരുന്നിട്ടും അവളെ അരാജകവാദിയെന്നും അടക്കമില്ലാത്തവളെന്നും വിളിച്ചവരും കുറവല്ല. പക്ഷേ, അനേകദുരന്തങ്ങള്‍ക്കിടയിലും വിമര്‍ശനങ്ങള്‍ക്കിടയിലും അവള്‍ അവളുടെ ജീവിതം അവളായി ജീവിക്കുക തന്നെ ചെയ്തു. ജീവിതം പോലെ തന്നെ ഇസഡോറയുടെ മരണവും ലോകത്തിന് 'വിചിത്ര'മായിരുന്നു.  പുതുതായി വാങ്ങിയ സ്‌പോര്‍ട്‌സ് കാറില്‍ കൊടുംവളവുകളിലൂടെ സഞ്ചരിക്കുകയായിരുന്നു അവള്‍. ആ സമയം കഴുത്തിലെ ഷാള്‍ ചക്രത്തില്‍ കുടുങ്ങിയായിരുന്നു മരണം. അവളുടെ ജീവിതം പോലെതന്നെ സാഹസവും ധീരവുമെന്ന് ലോകമതിനെ വിളിച്ചു.

എന്താണ് ഇസഡോറ, ആരാണ് ഇസഡോറ എന്നതിന് ഉത്തരങ്ങളൊന്നുമില്ല. പിന്നീടൊരു ഇസഡോറ പിറന്നില്ല. ഇനി പിറക്കുകയുമില്ല. ഇസഡോറ നര്‍ത്തകിയോ, സമത്വവാദിയോ, വിപ്ലവകാരിയോ എന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ -അവള്‍ എല്ലാം സംയോജിപ്പിച്ച നൃത്തമായിരുന്നല്ലോ.  

Latest Videos
Follow Us:
Download App:
  • android
  • ios