വയറ്റില്‍ കുത്തുക, നാവില്‍ ഇരുമ്പ് കുത്തിയിറക്കുക, നാവ് മുറിക്കുക, എന്താണ് കുത്തി റാത്തീബ്?

കീര്‍ത്തനങ്ങളുടെ അവസാന ഭാഗത്ത് ആയുധം കൊണ്ട് സ്വന്തം ശരീരത്തില്‍ വെട്ടലും കുത്തലും അടക്കം പലമുറകളും കാണിക്കും. വയറ്റില്‍ കുത്തുക.  നാവിലൂടെ ഇരുമ്പ് കുത്തിയിറക്കുക, നാവ് മുറിക്കുക അങ്ങനെ പലതും. ഇക്കാരണത്താലാണ് കുത്തി റാത്തീബ് എന്ന പേരില്‍ ഇത് അറിയപ്പെട്ടത്. -സുഹൈല്‍ അഹമ്മദ് എഴുതുന്നു

Kuthu Ratheeb or Rifai Raatheeb a ritual eveolved from sufi tradition

മതവിശ്വാസങ്ങളുടെ വൈവിധ്യങ്ങള്‍ക്ക് അനുസരിച്ച് ആചാരങ്ങളിലും വ്യത്യസ്ത ഉണ്ടാകും. വിശ്വാസ തീവ്രത അനുസരിച്ചാകും മത ജീവിതം, മതപ്രകടനം, കര്‍മങ്ങളുടെ പിന്തുടരല്‍, വിധേയത്വം എന്നിവയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുക. 

ഗോത്ര ജീവിതങ്ങളും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. എതിരു നില്‍ക്കുന്നവരെ അകറ്റുന്നതും ഉന്മൂലനം ചെയ്യുന്നതുമൊക്കെ ഏറ്റക്കുറച്ചിലിന്റെ ബാക്കി പത്രമാണ്. ആത്മപീഡനവും സ്വന്തം ദേഹത്തെ മുറിവേല്‍പ്പിക്കുന്ന അനുഷ്ഠാനങ്ങളും വിശ്വാസത്തിന്റെ ഈ പറയുന്ന ഏറ്റക്കുറച്ചിലില്‍ ഉള്‍പ്പെടുമോ?

വടക്കന്‍ കേരളത്തില്‍ കാണുന്ന തെയ്യങ്ങളില്‍ സ്വദേഹപീഡകളും അതിലുള്ള ഉന്മാദവും ഏറെ പരിചിതമെങ്കിലും 'കുത്തി റാത്തിബ്' എന്ന പേരില്‍ മുസ്‌ലിങ്ങള്‍ക്ക് ഇടയില്‍ പ്രചാരമുള്ള ആചാരം/പ്രാര്‍ത്ഥന അത്ര സുപരിചിതമായിരിക്കില്ല. സ്വന്തം ശരീരത്തെ മാരകമായി  മുറിവേല്‍പ്പിച്ച്, ആത്മീയ ലഹരി നുണയുകയാണ് അതിന്റെ രീതി. കാണുന്നവരില്‍ പോലും ആ ഉന്‍മാദ ലഹരി പ്രവഹിക്കുന്നു.  

...................................

Also Read : എര്‍ത്തുഗ്രുലിന്റെ പോരാട്ടങ്ങള്‍, തുര്‍ക്കിയില്‍നിന്നൊരു കിടിലന്‍ സീരീസ്!

...................................

 

എന്താണ് കുത്തി റാത്തീബ്?

റാത്തിബ് എന്ന് അറബ് വാക്കിനര്‍ത്ഥം  പതിവായി ചെയ്യുന്നത്/ചൊല്ലുന്നത് എന്നൊക്കെയാണ്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഇറാഖില്‍ ജീവിച്ചിരുന്ന ശൈഖ് അഹ്മദ് കബീര്‍ അല്‍ രിഫാഇ എന്ന സൂഫീവര്യന്റെ പേരില്‍ സംഘടിപ്പിക്കുന്ന റാത്തീബാണ് രിഫാഈ റാത്തീബ്.

എല്ലാ സൂഫീ സരണികള്‍ക്കും ഇത്തരം റാത്തീബുകള്‍ ഉണ്ട്. പ്രത്യേക കീര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളും ആയുധംകൊണ്ട് സ്വശരീരത്തില്‍ കാണിക്കുന്ന പീഡനങ്ങളും ചേര്‍ന്ന  ആചാരമാണ് രിഫാഈ റാത്തീബ്. രിഫാഈ സൂഫി സരണികളിലെ പിന്തുടര്‍ച്ചക്കാര്‍ കീര്‍ത്തനങ്ങളുടെ അവസാന ഭാഗത്ത് ആയുധം കൊണ്ട് സ്വന്തം ശരീരത്തില്‍ വെട്ടലും കുത്തലും അടക്കം പലമുറകളും കാണിക്കും. വയറ്റില്‍ കുത്തുക.  നാവിലൂടെ ഇരുമ്പ് കുത്തിയിറക്കുക, നാവ് മുറിക്കുക അങ്ങനെ പലതും. 

ഇക്കാരണത്താലാണ് കുത്തി റാത്തീബ് എന്ന പേരില്‍ ഇത് അറിയപ്പെട്ടത്. മലബാറിലും തിരുവിതാംകൂറിലുമെല്ലാം ഇത്തരം റാത്തീബുകള്‍ സാധാരണമായിരുന്നു, ഒരു കാലത്ത്. പരസ്യമായല്ല, ക്ഷണിക്കപ്പെട്ട ആളുകള്‍ക്കു മുന്നിലായിരുന്നു ഇത് നടന്നിരുന്നത്.  എന്നാല്‍, പിന്നീട്, കാലം മാറിയപ്പോള്‍ ഈ ആചാര പരമായ പ്രാര്‍ത്ഥനാ കര്‍മം തീരെ ചുരുങ്ങിവന്നു. 

 

..................................

Read Also: സൂഫികള്‍ക്ക് എന്താണ് പക്ഷികളോട് ഇത്ര പ്രണയം?

..................................


ആളിക്കത്തുന്ന അഗ്‌നിയില്‍ നൃത്തം ചെയ്യുക,  ജീവനുള്ള പാമ്പുകളെ തിന്നുക...

ശൈഖ് അഹ്മദ് കബീര്‍ അല്‍ രിഫാഇയുടെ കാലഘട്ടത്തില്‍ തന്നെ, ഇശാ നമസ്‌കാര ശേഷം ( രാത്രി നമസ്‌കാരം) ഇത്തരം സദസ്സുകള്‍ പതിവായിരുന്നത്രെ. അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങള്‍/അനുചരന്മാര്‍ ശരീരത്തെ മുറിവേല്‍പ്പിക്കുന്നതടക്കം പലവിധ പ്രകടനങ്ങള്‍ നടത്തിയിരുന്നു എന്നാണ് വിശ്വാസം. 

ആളിക്കത്തുന്ന അഗ്‌നിയില്‍ നൃത്തം ചെയ്യുക, ജീവനുള്ള പാമ്പുകളെ തിന്നുക, സിംഹപ്പുറമേറിയുള്ള സവാരി ഒക്കെ കുത്തി റാത്തീബിന്റെ ചരിത്രത്തോട് ചേര്‍ത്തുപറയുന്നതായി കാണാം. വഫയാത്തുല്‍ അഅ്‌യാന്‍ എന്ന ഗ്രന്ഥം ഉദ്ധരിച്ചാണ് ഇത്തരം വിശദീകരണങ്ങള്‍.

ഈ അത്ഭുതപ്രവൃത്തികളുടെ തുടര്‍ച്ചയെന്നോണം രൂപപ്പെട്ടുവന്നതാണ് കുത്തി റാത്തീബ് എന്ന സമ്പ്രദായം.  ഇന്ത്യക്ക് പുറമെ ഇറാഖ് , മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും രിഫാഈ റാത്തിബും സ്വദേഹത്തെ മുറിപ്പെടുത്തുന്ന ആയുധാഭ്യാസ മുറകളും ഇന്നും നിലനില്‍ക്കുന്നുണ്ട്.

 

....................................

Also Read :  പ്രണയകാമനകള്‍ പരന്നൊഴുകിയ അറബ് കവിതകള്‍, ഇമ്രുല്‍ ഖൈസ് മലയാളത്തില്‍

....................................

 

കേരളത്തിലേക്കുള്ള വരവ്

ആദ്യകാലത്ത് വസൂരിപോലെയുള്ള മാരകരോഗങ്ങള്‍ മാറാനും സാമ്പത്തിക ദുരിതങ്ങള്‍ക്ക് അറുതി വരുത്താനും കുത്തി റാത്തീബ് നേര്‍ച്ചയായി  അനുഷ്ഠിച്ചിരുന്നു. എന്നാല്‍ ഇന്ന് ഇതത്ര പതിവില്ല. 

കുത്തി റാത്തിബ് ചെയ്യുന്നവര്‍ അറബനമുട്ട്, ദഫ്മുട്ട്, ആയുധപ്രയോഗങ്ങള്‍ എന്നിവ പാരമ്പര്യമായി ആര്‍ജിച്ചുവരുന്നതാണ്. നിലവിലെ ഓരോ ഗുരുവില്‍ നിന്ന് തുടങ്ങി മുകളിലേക്ക് ശൈഖ് അഹ്മദ് കബീര്‍ രിഫാഈ വരെ എത്തി നില്ക്കുന്ന ഗുരു പാരമ്പര്യമാണ്  (സനദ്) പ്രധാന സവിശേഷത.

ലക്ഷ്വദീപുകാരനായ മുഹമ്മദ് ഖാസിം വലിയുള്ളാഹി എന്ന വ്യക്തിയാണ് കുത്ത് റാത്തീബിന് കേരളത്തില്‍ വേരോട്ടം ഉണ്ടാക്കിയത്. അറക്കല്‍ രാജകുടുംബവുമായി ബന്ധമുണ്ടായിരുന്ന അദ്ദേഹം, സന്ദര്‍ശന വേളകളിലാണ് രിഫാഈ റാത്തീബ് കേരളത്തിന് പരിചയപ്പെടുത്തിയത് എന്നാണ് പറയപ്പെടുന്നത്. കണ്ണൂരില്‍ ഇതിനായി റാത്തീബ് പുരകള്‍ നിര്‍മ്മിച്ചിരുന്നത്രെ.

 

.............................

Also Read : മനുഷ്യരെ പ്രണയിച്ച ജിന്നുകള്‍, ഹുസുനുല്‍ ജമാലും ബദറുല്‍ മുനീറും മലയാളത്തില്‍ പ്രണയിച്ച് ഒന്നര നൂറ്റാണ്ട്
.............................

 

കുത്തി റാത്തീബ് നടക്കുന്നത് ഇങ്ങനെ

അംഗശുദ്ധി വരുത്തിയാണ് എല്ലാവരും സദസ്സില്‍ എത്തുക. സുഗന്ധ ദ്രവ്യങ്ങള്‍ പുകയ്ക്കും. സൂഫി ശ്രേണിയിലെ പ്രമുഖരുടെ പേരുകളില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉരുവിടും. പിന്നാലെ തുടക്ക പ്രാര്‍ത്ഥന. പതിയെ കീര്‍ത്തനങ്ങള്‍ ആലപിക്കാന്‍ തുടങ്ങും. പദ്യങ്ങള്‍ ചൊല്ലി സദസ്സ് പുരോഗമിക്കുമ്പോള്‍, താളത്തില്‍ ദഫ് മുട്ടി കീര്‍ത്തനങ്ങളുടെ മുറുക്കും കൂട്ടും. കൂട്ടത്തിലുള്ള ഒരാള്‍ രിഫാഈ ശൈഖിനോട് അനുമതി തേടും. 

യാ ശൈഖ് റളിയള്ളാ, ഉസ്താദ് യാ ശൈഖ് എന്നൊക്കെയാകും അനുമതിക്കുള്ള സംബോധന. പിന്നാലെ ആയുധ മുറകള്‍ തുടങ്ങും. ഷര്‍ട്ട് അഴിച്ചിട്ടാകും അഭ്യാസങ്ങള്‍. വയറ്, ചെവി, വായ, തല എന്നിവയില്‍ ശൂലം കുത്തിയിറക്കും.  നാവ് മുറിച്ചെടുത്ത്  സദസ്യര്‍ക്ക് കാണിച്ചു കൊടുക്കും. അതോടെ, സദസ്സും റാത്തീബും ഉന്മാദത്തിന്റെ സമൂര്‍ത്തതയില്‍ എത്തും. ഇതിനിടയില്‍ കീര്‍ത്തനങ്ങളുടെ മുറുക്കം കൂടും. ദഫ് മുട്ടിന്റെ താളവും മുറുകും.

അഞ്ചു മണിക്കൂറോളം നീളും റാത്തീബ് പൂര്‍ത്തിയാകാന്‍. ശൈഖിന്റെ തടവലോടെ  ദേഹത്തേല്‍ക്കുന്ന പരിക്കുകള്‍ ഭേദമാകുന്നു എന്നാണ് വിശ്വാസം. വേദനാജനകമായ അവസ്ഥയില്‍ നിന്നും ഉയര്‍ന്ന രീതിയില്‍ മനോധൈര്യവും ശക്തിയും ആത്മീയോത്സാഹവും സ്വായത്തമാക്കുന്ന തലത്തിലേക്ക് കടക്കുമ്പോള്‍, അതൊരു വിശുദ്ധ വേദനയാകുന്നു എന്നാണ് ഈ ആചാരങ്ങളെ പിന്തുടരുന്നവര്‍ കരുതുന്നത്. 

വേദനയും ഉന്‍മാദവും, സൂഫി വ്യാഖ്യാനം

ഇതിനെ കുറിച്ച് സൂഫികള്‍ പറയുന്നത് ഇക്കാര്യമാണ്: വേദന മാനസികമായ അനുഭൂതിയാണ്.  മനോബലത്തിന് അനുസരിച്ച് അത് കുറയാം, കൂടാം.  എന്നാല്‍ പ്രത്യക്ഷ ലോകത്ത് നിന്നും ബന്ധം വിച്ഛേദിക്കപ്പെടുന്ന അഭ്യാസിക്ക് വേദനിക്കുന്നില്ല/ വേദന അനുഭവിക്കാന്‍ കഴിയുന്നില്ല.

വേദന നിലനില്‍ക്കുന്നുണ്ടെങ്കിലും ആത്മീയോന്മാദമായ മനസ്സിന്റെ അനുഭവ പരിസരത്ത് നിന്നും പുറത്താണ് അത് എന്നാണ് മറ്റൊരു സൂഫി വ്യാഖ്യാനം. ഈ സാഹചര്യത്തില്‍ വേദന ഉന്മാദമാകുന്നു. ഭക്തിയും വിശ്വാസവും മെയ്‌വഴക്കവും ഒത്തുചേരുമ്പോള്‍, കിട്ടുന്നൊരു ഉന്മാദം. 

 

 

 

മുഹര്‍റത്തിലെ ഷിയാ അനുഷ്ഠാനം

 

കുത്തി റാത്തീബിനെ പോലെ തോന്നിപ്പിക്കുന്ന ഒന്നാണ് മുഹര്‍റവുമായി ബന്ധപ്പെട്ട് ഷിയാ വിഭാഗക്കാര്‍ നടത്തുന്ന ശരീരപീഡകള്‍. എന്നാല്‍, അത് തികച്ചും വ്യത്യസ്തമാണ്. കര്‍ബല യുദ്ധത്തില്‍ വധിക്കപ്പെട്ട പ്രവാചകന്‍ മുഹമ്മദ് നബിയുടെ പേരമകന്‍ ഹുസൈന്റെ രക്തസാക്ഷിത്വത്തില്‍ അനുശോചിച്ചാണ് മുഹര്‍റത്തോട് അനുബന്ധിച്ച് ഷിയാ വിഭാഗം സ്വന്തം ശരീരത്തെ മുറിവേല്‍പ്പിക്കാറുള്ളത്. രക്തസാക്ഷിത്വത്തില്‍ ദു:ഖം രേഖപ്പെടുത്തിയാണ് മുഹര്‍റത്തിലെ കര്‍ബല നാളില്‍  വാളുകള്‍ കൊണ്ടും കത്തി-ചങ്ങലകള്‍ കൊണ്ടും സ്വശരീരങ്ങളെ അതിശക്തമായി മുറിവേല്‍പ്പിക്കുന്നത്.

കുത്ത് റാത്തീബ പ്രകടന ശേഷം ശൈഖിന്റെ തടവലോട് കൂടെ വ്രണങ്ങള്‍ ഭേദമാവുന്നു എന്നാണ് കുത്തി റാത്തീബിനെക്കുറിച്ച് പറയാറുള്ളത്. എന്നാല്‍ ഇവിടെ സംഭവിക്കുന്നത് നേരെ മറിച്ചാണ്. പ്രയോഗസമയത്ത് ഷിയാ വിഭാഗത്തിലെ പ്രയോഗികള്‍  എത്തിപ്പെടുന്ന മാനസിക അവസ്ഥ മൂലം അവര്‍ പ്രകടന സമയത്ത് വേദന അനുഭവിക്കുന്നില്ല. എന്നാല്‍ പ്രകടന ശേഷം അവര്‍ ചികിത്സ തേടാറുണ്ട്. മതവിധികള്‍ ഇവയെ വെവ്വേറെയായി നിര്‍വചിക്കുന്നതും കാണാം.
 

Latest Videos
Follow Us:
Download App:
  • android
  • ios