ജോണ്‍സണ്‍ സ്മൃതി; ഏതോ ജന്മ കൽപ്പനയിൽ പോയ് മറഞ്ഞ താരകം

ഗൃഹാതുരത്വത്തിനും പ്രണയത്തിനും വിഷാദത്തിനും വിരഹത്തിനും മലയാളിക്ക് പകരം വയ്ക്കാനുള്ളത് ജോണ്‍സണ്‍ മാഷിന്‍റെ പാട്ടുകളാണ്. അദ്ദേഹത്തിന്‍റെ ഓർമ്മ ദിനത്തില്‍ ജയശ്രീ ജോൺ എഴുതിയ കുറിപ്പ് വായിക്കാം. 

Johnson master's 13th Memorial Day


ലയാളികളുടെ എൺപതുകളും തൊണ്ണൂറുകളും സംഗീത സാന്ദ്രമാക്കിയതിൽ ജോൺ വില്യംസ് എന്ന ജോൺസൺ മാസ്റ്ററോട് എന്നും നാം കടപ്പെട്ടിരിക്കുന്നു. അനുരാഗിണി ഇതാ, മെല്ലെ മെല്ലെ മുഖപടം, പവിഴം പോൽ, സ്വർണ്ണമുകിലേ, രാജഹംസമേ, ശ്യാമാംബരം, മന്ദാര ചെപ്പുണ്ടോ, പൊന്നുരുകും പൂക്കാലം, തങ്കത്തോണി, കണ്ണീർപ്പൂവിന്‍റെ, ആടി വാ കാറ്റേ.. എന്നിങ്ങനെ എത്ര പറഞ്ഞാലും പാടിയാലും തീരാത്ത, ലളിത സുന്ദരമായ, ഹൃദയത്തിൽ തൊടുന്ന 700 -ൽ പരം മനോഹര ഗാനങ്ങളാണ് ജോൺസൺ മാസ്റ്റർ നമുക്ക് സമ്മാനിച്ചത്. ഗൃഹാതുരത്വത്തിന്‍റെയും പ്രണയത്തിന്‍റെയും വിഷാദത്തിന്‍റെയും വിരഹത്തിന്‍റെയും ഭാവങ്ങൾക്ക്, മലയാള മനസുകളിൽ ജോൺസൺ മാസ്റ്ററിന്‍റെ ഈണങ്ങളുടെ മാസ്മരികതയാണ്...

തൃശ്ശൂർ നെല്ലിക്കുന്നിൽ ആന്‍റെണിയുടെയും മേരിയുടെയും മകനായി ജനിച്ച ജോൺസൺ, ഇടവക പള്ളിയിലെ ഗായക സംഘത്തിലൂടെയാണ് തൻ്റെ സംഗീത ജീവിതത്തിന് തുടക്കം കുറിച്ചത്. തന്‍റെ പതിനഞ്ചാമത്തെ വയസ്സിൽ സുഹൃത്തുക്കളോടൊപ്പം രൂപീകരിച്ച ‘വോയിസ് ഓഫ് തൃശ്ശൂർ’ എന്ന സംഗീത ക്ലബ് പിൽക്കാലത്ത് കേരളത്തിലെ തന്നെ മികച്ച സംഗീത ഗ്രൂപ്പുകളിൽ ഒന്നായി മാറി. പ്രശസ്ത പിന്നണി ഗായകൻ പി  ജയചന്ദ്രന്‍റെ ഗാനമേളകളിൽ ഉപകരണ സംഗീതം കൈകാര്യം ചെയ്തതിലൂടെ ഉള്ള പരിചയം സൗഹൃദമായി മാറിയതാണ് സിനിമ സംഗീത ലോകത്തേക്ക് ശ്രദ്ധ തിരിയാൻ കാരണം. ജയചന്ദ്രനിലൂടെയാണ് ജോൺസൺ മാസ്റ്റർ പ്രശസ്ത സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്ററെ പരിചയപ്പെടുന്നതും അങ്ങനെ മദ്രാസിൽ എത്തിച്ചേരുന്നതും. ശേഷം ചരിത്രം.

ദേവരാജൻ മാസ്റ്ററുടെ അസിസ്റ്റന്‍റായി 4 വർഷം പ്രവർത്തിച്ചതിന് ശേഷം 1978 -ലാണ് ഭരതന്‍റെ ആരവം എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കി, സ്വാതന്ത്ര്യ സംഗീത സംവിധായകനായി മാറുന്നത്. 81 ലെ 'ഇണയെത്തേടി' എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്ന് തുടങ്ങിയ ഈ സംഗീതയാത്ര മലയാളികളുടെ സൗഭാഗ്യമായി മാറി.  

പത്മരാജൻ, ഭരതൻ, മോഹൻ, സിബി മലയിൽ, ലോഹിതദാസ്, കമൽ അവരുടെ സിനിമകൾ സ്ഥിരം സാന്നിധ്യമായിരുന്നു ജോൺസൺ മാസ്റ്റർ. കൂടെവിടെ എന്ന സിനിമയിൽ ആരംഭിച്ച ജോൺസൺ - പത്മരാജൻ കൂട്ടുകെട്ട് പിന്നീട് വന്ന മിക്ക പത്മരാജൻ സിനിമകളിലും തുടർന്നു. ആടി വാ കാറ്റേ, പവിഴം പോൽ, ആകാശമാകെ, മേഘം പൂത്തു തുടങ്ങി, ഒന്നാം രാഗം പാടി, പാലപ്പൂവേ, ദേവാങ്കണങ്ങൾ എന്നിങ്ങനെ ഒരുപിടി മനോഹര ഗാനങ്ങളാണ് ഇതിലൂടെ  മലയാളികൾക്ക് ലഭിച്ചത്.

പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്‍റെ നിരവധി ചിത്രങ്ങൾക്ക് ഈണം പകർന്നത് ജോൺസൺ മാസ്റ്റർ ആണ്. സത്യൻ അന്തിക്കാട് ചിത്രങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം  ഏറ്റവും കൂടുതൽ ഗാനങ്ങളൊരുക്കിയതും. ഗ്രാമീണ നിഷ്കളങ്കതയുടെ പശ്ചാത്തലത്തിലുള്ള ഈ ലളിത മനോഹര നർമ ചിത്രങ്ങൾക്ക് പ്രത്യക ചാരുത പകരുന്നതിൽ ജോൺസൺ മാസ്റ്റരുടെ സംഗീതത്തിന്‍റെ പങ്ക് ചെറുതല്ല. കുന്നിമണി ചെപ്പു തുറന്ന്, ജന്മങ്ങൾ എന്‍റെ കൺമുന്നിൽ, തങ്കത്തോണി, പള്ളിത്തേരുണ്ടോ, വെള്ളാരപ്പൂമല മേലേ, ആകാശഗോപുരം, താനെ പൂവിട്ട മോഹം, മായപ്പൊന്മാനെ, പീലിക്കണ്ണെഴുതി, തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി, വെണ്ണിലാവോ ചന്ദനമോ, ആദ്യമായ് കണ്ടനാൾ, എത്രനേരമായ് ഞാൻ... എന്നിങ്ങനെ എത്രയോ മനോഹരമായ ഗാനങ്ങൾ! ഇവയിൽ പല ഗാനങ്ങളും രചിച്ചതും സത്യൻ അന്തിക്കാടാണ് .

Johnson master's 13th Memorial Day

നാദം നിലയ്ക്കാത്ത മന്ദാരച്ചെപ്പ്; ജോണ്‍സണ്‍ ഇല്ലാത്ത 13 വര്‍ഷങ്ങള്‍

ജോൺസൺ മാസ്റ്റർക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗാനങ്ങൾ എഴുതിയിട്ടുള്ളത് കൈതപ്രമാണ്. കൈതപ്രം - ജോൺസൺ കൂട്ടുകെട്ടിൽ 196 ഗാനങ്ങളാണ് പിറന്നത്. കണ്ണീർ പൂവിന്‍റെ, ശ്യാമാംബരം, തങ്കത്തോണി, ആകാശഗോപുരം, പാതിമെയ് മറഞ്ഞതെന്തേ, മായപ്പൊന്മാനെ, ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ, പാലപ്പൂവേ, മഞ്ചാടി മണികൊണ്ട്, നീലരാവിലിന്ന്, മൗനസരോവരം, രാജഹംസമേ, രാഗദേവനും, മധുരം ജീവാമൃത ബിന്ദു, ചന്ദനച്ചോലയിൽ മുങ്ങി നീരാടി, എന്തേ കണ്ണന് കറുപ്പ് നിറം, എന്നിവയെല്ലാം അവയിൽ ചിലത് മാത്രം. ഈ സൂപ്പർഹിറ്റ് ജോഡിയെ ഇവർ രണ്ട് പേരാണെന്നറിയാതെ കൈതപ്രം ജോൺസൺ എന്ന ഒറ്റപേരിൽ വിളിക്കുമായിരുന്നു അക്കാലത്ത് എന്ന് കൈതപ്രം പിന്നീട് പറഞ്ഞിട്ടുണ്ട്. 

സന്ദർഭത്തിന് അനുയോജ്യമായ പശ്ചാത്തല സംഗീതം ഒരുക്കാൻ ജോൺസൺ മാസ്റ്ററിനുള്ള അതുല്യ വൈഭവം തൂവാനത്തുമ്പികൾ, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്നിവയുടെ പ്രസിദ്ധമായ പശ്ചാത്തല സംഗീതത്തിലൂടെ നാം കേട്ടറിഞ്ഞതാണ്. മഴയെയും ക്ലാരയെയും, ജയകൃഷ്ണന്‍റെയും ക്ലാരയുടെയും അനിർവചനീയമായ ബന്ധത്തെയും നാം ഇത്രകണ്ട് സ്നേഹിക്കാൻ കാരണം, പെരുമഴയിലൂടെ കുടയും ചൂടി ക്ലാര നടന്നു വരുമ്പോൾ കേൾക്കുന്ന ആ പശ്ചാത്തല സംഗീതം തന്നെയല്ലേ? പ്രണയത്തിന്‍റെയും ചേർത്തു നിർത്തലിന്‍റെയും തീവ്ര ഭാവങ്ങളാണ്, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളുടെ തീം മ്യൂസിക് പകർന്നു തരുന്നത്. വന്ദനത്തിലെ ‘ലാ ലാ ലാ ലാ’ എന്ന പ്രണയവും വിരഹവും ഇഴ കലർന്ന ബിജിഎം മറ്റൊരു ഉദാഹരണം. അനിർവാച്യമായ അനുഭൂതികൾ പകരുന്ന ജോൺസൺ മാജിക്. 

1994, 95 വർഷങ്ങളിൽ പശ്ചാത്തല സംഗീതത്തിന് രണ്ട് തവണ അദ്ദേഹം ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. സുകൃതം, പൊന്തന്മാട എന്നീ ചിത്രങ്ങൾക്കാണ് അവാർഡ് ലഭിച്ചത്.  ഈ വിഭാഗത്തിൽ രണ്ട് തവണ ദേശീയ അവാർഡ് മറ്റൊരു മലയാളിയും കരസ്ഥമാക്കിയിട്ടില്ല.  പൊന്തന്മാടയിലെ സംഗീതത്തിന് മികച്ച സംഗീത സംവിധായകനുള്ള ദേശീയ അവാർഡും അദ്ദേഹത്തിന് ലഭിച്ചിരുന്നു. കേരള സംസ്ഥാന അവാർഡ് 5 തവണയാണ് അദ്ദേഹത്തെ തേടിയെത്തിയത്. സല്ലാപം, സദയം എന്നീ ചിത്രങ്ങളിലൂടെ രണ്ട് തവണ മികച്ച പശ്ചാത്തല സംഗീതത്തിനും അങ്ങനെ ഒരു അവധിക്കാലത്ത്, മഴവിൽക്കാവടി / വടക്കുനോക്കിയന്ത്രം, ഓർമ്മയ്ക്കായി, എന്നീ ചിത്രങ്ങളുടെ സംഗീത സംവിധാനത്തിലൂടെ മൂന്ന് തവണയും.

 

Latest Videos
Follow Us:
Download App:
  • android
  • ios