സ്ത്രീകൾക്ക് മാത്രം പ്രവേശനം, പുരുഷന്മാരെ പുറത്ത് നിർത്തുന്ന മേള നടക്കുന്നത് ഈ ഇന്ത്യൻ സംസ്ഥാനത്ത്
സ്ത്രീകൾ തന്നെയാണ് ഇവിടെ മേളയ്ക്ക് ആവശ്യമായ കാര്യങ്ങൾ ഒരുക്കുന്നതും എല്ലാം. അതുപോലെ ആ ദിവസം സ്ത്രീകൾ തങ്ങളുടെ മുഖം മറക്കേണ്ടതില്ല എന്നും പറയുന്നു.
ലോകത്തിന്റെ പല ഭാഗത്തും പലതരം മേളകളും നടക്കുന്നത് നമുക്ക് അറിയാം. നമ്മുടെ നാട്ടിൽ തന്നെ നടക്കാറുണ്ട് അനവധി മേളകൾ. എന്നാൽ, വളരെ കൗതുകകരമായ ഒരു മേള നമ്മുടെ ഇന്ത്യയിൽ തന്നെ ഒരിടത്ത് നടക്കുന്നുണ്ട്. മധ്യപ്രദേശിലാണത്. ഈ മേളയുടെ പ്രത്യേകത അത് സ്ത്രീകൾക്ക് വേണ്ടി മാത്രമുള്ളതാണ് എന്നതാണ്. പുരുഷന്മാർക്ക് അങ്ങോട്ട് പ്രവേശനമേ ഇല്ല.
മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ ഗോർമി പട്ടണത്തിലാണ് ഇത് നടക്കുന്നത്. ഇവിടെ ശ്രീകൃഷ്ണന്റെ പ്രതിഷ്ഠയുള്ള ഒരു ക്ഷേത്രമുണ്ട്. 182 വർഷമായി ഇവിടെ ഈ മേള നടക്കുന്നു. ഫൂൽ ഡോൾ ഗ്യാരസ് ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന ജൽവിഹാർ മേളയാണ് അത്. ക്ഷേത്രത്തിലെ പുരോഹിതനായിരുന്ന പരേതനായ കേശവദാസ് മഹാരാജാണ് ഈ ഫെസ്റ്റിവൽ ആരംഭിച്ചത്. അഞ്ച് ദിവസത്തെ ഈ ഫെസ്റ്റിവലിൽ രണ്ട് ദിവസം സ്ത്രീകൾക്ക് മാത്രമുള്ളതാണ്. പുരുഷന്മാർക്ക് അങ്ങോട്ട് പ്രവേശനം ഇല്ല.
ആദ്യത്തെ മൂന്ന് ദിവസം അതുപോലെ പുരുഷന്മാർ മാത്രമാണ് മേളയിൽ പങ്കെടുക്കുന്നത്. സ്ത്രീകൾ മാത്രമുള്ള ദിവസം പുരുഷന്മാർക്ക് അങ്ങോട്ട് പ്രവേശനമില്ലാത്തതിന് കാരണമായി പറയുന്നത് അവർക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടോ അപകടമോ ഇല്ലാതിരിക്കാൻ വേണ്ടിയാണത്രെ.
ഗ്വാളിയോർ-ചമ്പൽ ഡിവിഷനിലെ ഈ തരത്തിലുള്ള ഒരേയൊരു പരിപാടി ഇത് മാത്രമാണ് എന്നാണ് പറയുന്നത്. സ്ത്രീകൾ തന്നെയാണ് ഇവിടെ മേളയ്ക്ക് ആവശ്യമായ കാര്യങ്ങൾ ഒരുക്കുന്നതും എല്ലാം. അതുപോലെ ആ ദിവസം സ്ത്രീകൾ തങ്ങളുടെ മുഖം മറക്കേണ്ടതില്ല എന്നും പറയുന്നു. സ്ത്രീകൾ വളരെ ആസ്വദിച്ചും സ്വാതന്ത്ര്യത്തോടുമാണ് ഈ മേളയിൽ പങ്കെടുക്കുന്നത് എന്നാണ് പറയുന്നത്. അതുപോലെ തന്നെ മേളയുടെ ഭാഗമായി വിവിധ പരിപാടികളും ഉണ്ടാകാറുണ്ട്.