International Women's Day : കയ്യില്ലാത്ത ഉടുപ്പിട്ടാല്‍, 40 കഴിഞ്ഞ് ജീന്‍സിട്ടാല്‍ ചൂഴ്ന്നു നോക്കുന്ന നാട്!
സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള അവബോധം ലോകമാകെ വ്യാപകമാവുന്നതിനിടയിലും കേരളത്തിലെ പെണ്‍ജീവിതം ഏതു വഴിക്കാണ് നീങ്ങുന്നത്. ലോക വനിതാ ദിനത്തില്‍ ഒരന്വേഷണം. മഞ്ജു മംഗലത്ത് എഴുതുന്നു
എന്റെ പെണ്ണുങ്ങളേ എനിക്ക് നിങ്ങളോടു പറയാനുള്ളത് നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി ജീവിക്കുക എന്നതാണ്. സ്വയം സ്‌നേഹിക്കുക. സ്വയം സന്തോഷം കണ്ടെത്തുക. സ്വയം കരുതുക, കരുത്തയാവുക. ചിലപ്പോ ഒന്നുറക്കെയുള്ള ചിരിയോ പാട്ട് പാടലോ ഡാന്‍സ് കളിക്കലോ തനിച്ചൊരു യാത്ര പോകലോ ഒക്കെ നിങ്ങളെ സന്തോഷിപ്പിക്കുകയോ നിങ്ങളിലെ ആത്മവിശ്വാസം കൂട്ടുകയോ ചെയ്‌തേക്കാം.
അവള്‍ക്കെന്താണ് കുഴപ്പം? വീടില്ലേ, കാശില്ലേ, നല്ലൊരു മാസവരുമാനമുള്ള ഭര്‍ത്താവില്ലേ , ഉണ്ണാനും ഉടുക്കാനുമില്ലേ അവള്‍ക്കെന്താണ് കുഴപ്പം?
ഉപയോഗിച്ച് ജീര്‍ണ്ണിച്ചടര്‍ന്നിട്ടും കാലഹരണപ്പെടാതെയോടിക്കൊണ്ടിരിക്കുന്ന ഇത്തരം ചോദ്യങ്ങളില്‍ തുടങ്ങുന്നു പെണ്ണിനോടുള്ള കൊമ്പുകുത്തല്‍. ഇവിടെയൊരു മറു ചോദ്യമുണ്ട് ഇത്തരക്കാരോട് ചോദിക്കാന്‍. നിങ്ങള്‍ക്ക് അവളെ അറിയുമോ? പുറമെ വാരി വിതറിയ കടും നിറങ്ങള്‍ക്കപ്പുറത്ത്, നിറങ്ങളെല്ലാം വറ്റി വിളര്‍ത്ത, സ്വപ്നങ്ങളുടഞ്ഞു പോയ, ജീവിതത്തോട് നിരന്തരം കലഹിച്ചു കൊണ്ടിരിക്കുന്ന ഒരുവളുണ്ടാവും മിക്ക പെണ്ണുങ്ങളുടെയും ഉള്ളില്‍. അവളെ നിങ്ങള്‍ക്കറിയുമോ?
പെണ്ണിനെ അറിയാത്തതും അവളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിസ്തരിക്കാന്‍ വ്യഗ്രത കാണിക്കുന്നതും പെണ്ണ് തന്നെയാണെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. അമ്മയോ അമ്മൂമ്മയോ പറഞ്ഞു പഠിപ്പിക്കുന്ന പെണ്‍പ്രമാണങ്ങളില്‍ തുടങ്ങുന്നു അത്. അങ്ങനെ ഇരിക്കരുത്, ഇങ്ങനെ നടക്കരുത്, അവിടെ പോകരുത്, ഇങ്ങനെ അരുതുകളുടെ നഴ്സറിക്കാലം. കയ്യില്ലാത്ത ഉടുപ്പിട്ടാല്‍ നാല്പത് കഴിഞ്ഞൊന്ന് ജീന്‍സിട്ടാല്‍ ആണ്‍ സൗഹൃദങ്ങളുണ്ടായാല്‍ ചൂഴ്ന്നു നോക്കുന്ന കണ്ണുകളുള്ളവരുടെ നാട്ടിലാണ് ഇന്നും നമ്മളൊക്കെ ജീവിക്കുന്നത് ..
ഇഷ്ടമുള്ളത് ചെയ്യാന്‍, ഇഷ്ടമുള്ള പോലെ ആയിരിക്കാന്‍, അത്രയും കൊണ്ട് തന്നെ താനും ജീവിക്കുന്നു എന്ന് സന്തോഷത്തോടെ സ്വയം രേഖപ്പെടുത്താന്‍ തയ്യാറാണ് നമ്മുടെ പെണ്ണുങ്ങളില്‍ ഭൂരിഭാഗവും. സ്വതന്ത്രയായിരിക്കുക എന്നാല്‍ ചിന്തകളിലും ,നിലപാടുകളിലും ഒപ്പം സാമ്പത്തിക ഭദ്രതയിലും ആ സ്വാതന്ത്യം അനുഭവിക്കുക എന്ന് കൂടിയാണ്. പെണ്ണുങ്ങളെ ഓര്‍ക്കുക, ഒരു പൊട്ടോ കണ്മഷിയോ വാങ്ങാന്‍ പോലും അച്ഛനെയോ ആങ്ങളെയേയോ ,ഭര്‍ത്താവിനെയോ ആശ്രയിക്കേണ്ട ഗതികേട് നമുക്ക് നമ്മള്‍ തന്നെ ഉണ്ടാക്കാതിരിക്കുക .
ഒന്നുമില്ലായ്മയില്‍ നിന്ന് തുടങ്ങി നാല് പേരറിയുന്ന തരത്തില്‍ ഉയരങ്ങള്‍ കീഴടിക്കിയ, അതിജീവനത്തിലെ കനല്‍പ്പക്ഷികളായ പെണ്ണുങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാണ്. ജീവിതത്തിന്റെ ഏറ്റവും ഇല്ലായ്മകളിലും ജീവിക്കാന്‍ പെടാപ്പാട് പെടുന്ന പെണ്ണുങ്ങളേ നിങ്ങളോടെനിക്ക് പ്രിയമാണ് .
അതിജീവനത്തെ പറ്റി പറയുമ്പോള്‍ എനിക്ക് പ്രിയപ്പെട്ടൊരാളെ എഴുതാതെ വയ്യ. മായാ ബാലകൃഷ്ണന്‍ എന്ന എന്റെ മായേച്ചി. റുമാറ്റോയ്ഡ് എന്ന അസുഖം ബാധിച്ച് പത്താംക്ലാസ്സോടെ പഠനമുപേക്ഷിക്കേണ്ടി വന്നു മായേച്ചിക്ക്. അന്ന് മുതല്‍ ഒരു കിടക്കയില്‍, ഒരു മുറിയില്‍ തന്റെ ലോകമൊതുങ്ങിയപ്പോഴും പെന്‍സിലോ പേനയോ പിടിക്കാനാവാത്ത വിധം വിരലുകള്‍ ചരുങ്ങിയപ്പോഴും ശാരീരിക വേദനകളില്‍ നട്ടം തിരിയുമ്പോഴും എഴുത്തും ,വായനയും തപസ്യയാക്കി മായേച്ചി. ഒന്ന് തിരിഞ്ഞു കിടക്കാന്‍ പരസഹായം വേണ്ടി വരുന്ന കിടപ്പില്‍ കിടന്ന് മൂന്ന് പുസ്തകങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചു. അവരുടെ ശ്രമത്തിന്റെ, ചിരിയുടെ, ഒരു തുള്ളി ഊര്‍ജ്ജം മതി നമുക്കൊക്കെ ജീവിതത്തോട് പൊരുതാന്‍.
എന്റെ പെണ്ണുങ്ങളേ എനിക്ക് നിങ്ങളോടു പറയാനുള്ളത് നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി ജീവിക്കുക എന്നതാണ്. സ്വയം സ്‌നേഹിക്കുക. സ്വയം സന്തോഷം കണ്ടെത്തുക. സ്വയം കരുതുക, കരുത്തയാവുക. ചിലപ്പോ ഒന്നുറക്കെയുള്ള ചിരിയോ പാട്ട് പാടലോ ഡാന്‍സ് കളിക്കലോ തനിച്ചൊരു യാത്ര പോകലോ ഒക്കെ നിങ്ങളെ സന്തോഷിപ്പിക്കുകയോ നിങ്ങളിലെ ആത്മവിശ്വാസം കൂട്ടുകയോ ചെയ്‌തേക്കാം. അത്രയും ചെറുതും നിസാരവുമായ പലതിലും നിങ്ങളെ കണ്ടെത്താനായേക്കാം. .അത് കണ്ടെത്തി , നിങ്ങളായിരിക്കാന്‍ ശ്രമിക്കൂ. നിങ്ങളുടെ സന്തോഷത്തിന്റെ, ,ഇഷ്ടങ്ങളുടെ, വിജയത്തിന്റെ ഒക്കെ താക്കോല്‍ നിങ്ങളുടെ തന്നെ കയ്യിലാണ്. നിങ്ങളുടെ വഴി നിങ്ങള്‍ കണ്ടെത്തൂ. ചിറകുമാകാശവും നിങ്ങളില്‍ തന്നെയാണ്. ഉയരെ പറക്കൂ.