IFFK 2022 : വൈകിട്ടുവരെ ചെങ്കല്ലുചെത്തിയ ശേഷം അയാള്‍ നാടിന് ലോകസിനിമ കാണിച്ചുകൊടുത്തു!
വൈകുന്നേരം വരെ ചെങ്കല്ലുചെത്താന്‍ പോകുന്ന ഒരു മനുഷ്യന്‍ സന്ധ്യയാവുന്നതോടെ കയ്യിലൊരു പ്രൊജക്ടറും വെള്ളത്തുണിയുമായി കവലകള്‍തോറും നടന്നു. പിന്നീടയാള്‍ നടന്നു കയറിയത് വീട്ടുമുറ്റങ്ങളിലേക്കും ചെറിയ ചെറിയ സദസുകളിലേക്കും സ്‌കൂളുകളിലേക്കുമൊക്കെയാണ്.
സ്‌കൂള്‍ജീവിതം കടക്കാനുള്ള അവസരം ജീവിതത്തിലുണ്ടായിട്ടില്ലെങ്കിലും പ്രേമേട്ടനോളം ചലച്ചിത്രവിദ്യാഭ്യാസം നേടിയ മറ്റൊരാളും ഞങ്ങളുടെ നാട്ടിലില്ല
ഇതോടൊപ്പമുള്ള ചിത്രത്തിലുള്ളത് ഒരു സിനിമാതിയറ്ററാണ്. അവിടെ ഒരു മനുഷ്യന്‍ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ജസ്റ്റിന്‍ ചാഡ് വിക്ക്, ലൂയീസ് മണ്ടോക്കി, ക്ലിന്റ് ഈസ്റ്റ് വുഡ്, കിം കി ഡുക്ക്, ലോല ഡൊയ്‌ലോണ്‍ തുടങ്ങി ലോകപ്രശസ്ത സിനിമാക്കാരെക്കുറിച്ചും അവരുടെ കലാജീവിതത്തെക്കുറിച്ചുമാണ് ആ സംസാരം.
മുന്നില്‍ കസേരകളെല്ലാതെ മറ്റാരുമില്ലേ? ഉണ്ട്. അവിടവിടെയായി ചിലരുണ്ട്. ചിലപ്പോളത് അഞ്ചുപേരാകും. ചിലപ്പോള്‍ അന്‍പതുപേര്‍. മറ്റുചിലപ്പോള്‍ നൂറിനടുത്താകാം ഈ കാണികള്‍. ഇനി ഒരാളാണെങ്കിലും അവര്‍ക്കുവേണ്ടി ആഴ്ചയില്‍ രണ്ടുദിവസം ഇവിടെ സിനിമ കളിച്ചിരിക്കും. ഒരിക്കല്‍ നിങ്ങളീ ഒഴിഞ്ഞ ഇരിപ്പിടങ്ങളില്‍പ്പെട്ടാല്‍ പെട്ടതുതന്നെ. പിന്നീട് ഒരു ബാധപോലെ ഒഴിയാതെ നിങ്ങള്‍ ഇയാള്‍ക്കായി സമയം കണ്ടെത്തും.
ഞങ്ങളിതിനെ IFFP എന്നു വിളിക്കും. ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് പ്രേമന്‍. IFFK-യും IFFI-യും പോലെ വര്‍ഷത്തില്‍ ഒരിക്കല്‍ സിനിമാപ്രേമികള്‍ സംഗമിക്കുന്ന ഇടമല്ല ഇവിടം. IFFP -ക്ക് വലിയ ആള്‍ക്കൂട്ടങ്ങളില്ല. സിനിമകളോട് അത്ര ഇഷ്ടമുള്ളവര്‍ മാത്രം വരും. സിനിമാക്കാഴ്ച മാത്രമല്ല. സിനിമ കഴിഞ്ഞാല്‍ അഭിപ്രായവും പറയണം. ആ ചര്‍ച്ചയുടെ ആമുഖമായി എപ്പോഴുമെത്തുക ചിത്രത്തിലുള്ള ഈ മുഖമാണ്.
പ്രദര്‍ശിപ്പിച്ച സിനിമയുടെ ചരിത്രം, സംവിധാനം, ആസ്വാദനം തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട അനേകം കൗതുകങ്ങള്‍ ആമുഖമായി കേള്‍ക്കാം. ഒപ്പം ഓരേ ാസിനിമയും നാട്ടിന്‍പുറത്തെ കവലകളില്‍ പ്രദര്‍ശിപ്പിച്ചപ്പോഴുണ്ടായ പലതരം പ്രതികരണങ്ങളുടെ പങ്കുവെക്കലുകള്‍ കൂടിയായിരുന്നു സിനിമയോളം ആസ്വാദ്യമായ ആ പ്രേമഭാഷണങ്ങള്‍.
ഈ ചലച്ചിത്രസ്ഥലിയാണ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഫാല്‍ക്കെ. മറിച്ചും പറയാം, ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് പ്രേമന്‍. അങ്ങനെ പറയാന്‍ കാരണം ഇവിടെ കാണിക്കുന്ന മുഴുവന്‍ സിനിമകളും പ്രേമേട്ടനെന്ന സാധാരണ മനുഷ്യന്റെ മാത്രം തിരഞ്ഞെടുപ്പാണ്. തനിച്ചിരിപ്പിന്റെ മടുപ്പില്ലാത്ത കാഴ്ചകളില്‍നിന്ന് അയാള്‍ മാത്രമായടര്‍ത്തുന്ന തിരവെളിച്ചങ്ങള്‍.
വടകരയിലെ സാംസ്‌കാരിക രാഷ്ട്രീയത്തിന്റെ അഭിമാനമുഖമാണ് ഫാല്‍ക്കെ ഫിലിം സൊസൈറ്റിയും ലൈബ്രറിയും. 1987-ലാണ് പുതിയാപ്പില്‍ ഈ സൊസൈറ്റി രൂപം കൊള്ളുന്നത്. 1998-ല്‍ ഇ.കെ നായനാര്‍ ഉദ്ഘാടനം ചെയ്ത കെട്ടിടം 2017-ല്‍ ഗംഭീരമായ ഒരു തിയറ്റര്‍ കൂടിയായി മാറി. ബുദ്ധിജീവികളുടെ ഫെസ്റ്റിവല്‍ വിനിമയങ്ങള്‍ മാത്രമായിരുന്ന ലോകസിനിമയെ ഞങ്ങളുടെ നാട്ടിന്‍പുറങ്ങളില്‍ സുപരിചിതമാക്കിയത് ഫാല്‍ക്കെയിലെ ഈ സാധാരണക്കാരനും കൂടിയാണ്.
വൈകുന്നേരം വരെ ചെങ്കല്ലുചെത്താന്‍ പോകുന്ന ഒരു മനുഷ്യന്‍ സന്ധ്യയാവുന്നതോടെ കയ്യിലൊരു പ്രൊജക്ടറും വെള്ളത്തുണിയുമായി കവലകള്‍തോറും നടന്നു. പിന്നീടയാള്‍ നടന്നു കയറിയത് വീട്ടുമുറ്റങ്ങളിലേക്കും ചെറിയ ചെറിയ സദസുകളിലേക്കും സ്‌കൂളുകളിലേക്കുമൊക്കെയാണ്. അയാള്‍ തന്റെ തിരക്കുകളെ മുഴുവന്‍ തിരശ്ശീലയില്‍ വെളിച്ചപ്പെട്ട മഹാജീവിതങ്ങളോടുള്ള ഐക്യദാര്‍ഢ്യത്തിനായി മാറ്റിവെച്ചു. ഇതാണ് ഏറ്റവും വലിയ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൊന്നെന്ന ബോധ്യം അയാളെ ഇപ്പോഴും ഫാല്‍ക്കെയുടെ തണലിലിരുത്തുന്നു.
വലിയവലിയ സിനിമാക്കാരുമൊന്നുമായും ബന്ധമില്ലാത്ത ഈ മനുഷ്യന്‍ തനിക്കിഷ്ടപ്പെട്ട സിനിമകള്‍ മാത്രമേ എവിടെയും കാണിച്ചിരുന്നുള്ളൂ. അതുകൊണ്ടുതന്നെ നാട്ടിന്‍പുറം ഒരിക്കലും ഫാല്‍ക്കെയുടെ ചലച്ചിത്രപ്രദര്‍ശനങ്ങള്‍ക്കു മുന്നില്‍ മുഷിഞ്ഞില്ല. ഒപ്പം കാണികളെ എപ്പോഴും അപരരുടെ ജീവിതങ്ങളിലേക്ക് നോക്കാന്‍ അയാള്‍ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു. അവരെ നിദ്രയില്‍നിന്നും ഉണര്‍ച്ചയുടെ പടവുകളിലിരുത്തി അയാള്‍ രാത്രികളില്‍ നിന്നും രാത്രികളിലേക്ക് ഭാരമില്ലാത്ത തിരശീലയുമായി ഇന്നും മടുപ്പില്ലാതെ ദൂരങ്ങള്‍ താണ്ടുന്നു. ഒരു നാട്ടിന്‍പുറത്തെ സാധാരണ മനുഷ്യന്റെ 'നാട്ടുനടപ്പല്ലി'ത്. അതുകൊണ്ടുതന്നെ സിനിമയ്ക്കൊപ്പമുള്ള ഈ നടപ്പും സിനിമപോലെ അടയാളപ്പെടുത്തേണ്ടതുണ്ട്.
സ്‌കൂള്‍ജീവിതം കടക്കാനുള്ള അവസരം ജീവിതത്തിലുണ്ടായിട്ടില്ലെങ്കിലും പ്രേമേട്ടനോളം ചലച്ചിത്രവിദ്യാഭ്യാസം നേടിയ മറ്റൊരാളും ഞങ്ങളുടെ നാട്ടിലില്ല.
ചില വിദ്യാലയങ്ങള്‍ ഫാല്‍ക്കെയില്‍ സംഘടിപ്പിക്കുന്ന ചലച്ചിത്രപ്രദര്‍ശനത്തിന് കുട്ടികള്‍ വരുന്നതല്ലാതെ IFFP-യ്ക്ക് ഇപ്പോള്‍ മൂന്നോ നാലോ കുട്ടികളേ സ്ഥിരമായി കാഴ്ചക്കാരായുള്ളൂ. അതൊരു സങ്കടമായി ഈ മനുഷ്യന്‍ കൊണ്ടുനടക്കാറുണ്ട്. കുട്ടികളെ സംബന്ധിച്ചിടത്തോളം ലോകസിനിമയെക്കുറിച്ച് ആഴത്തിലുള്ള സാക്ഷരതയ്ക്ക് ഇതുപോലുള്ള മറ്റൊരിടം ഇവിടെയുണ്ടാവില്ല. അതുകൊണ്ടാണ് ഫാല്‍ക്കെ സിനിമാതിയറ്റര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് 'ഈ നാട്ടിലെ കുട്ടികള്‍ ഭാഗ്യവാന്‍മാരാണ്' എന്നും 'ഇത്രയും നല്ല ഒരു തിയറ്റര്‍ കേരളത്തിലെ മറ്റൊരു ഫിലിം സൊസൈറ്റിക്കുമില്ലെ'ന്നും ലോകപ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വിളിച്ചു പറഞ്ഞത്.
ഉദ്ഘാടനം കഴിഞ്ഞ് തിരിച്ചു പോവുമ്പോള്‍ അടൂരിന് കൊടുത്ത പണമടങ്ങിയ കവര്‍ പ്രേമേട്ടനെ തിരിച്ചേല്‍പ്പിച്ച് സംവിധായകന്‍ ഇങ്ങനെ പറഞ്ഞു. 'ഞാനൊക്കെ പ്രൊജക്ടറും തലയിലേറ്റി ഒരിക്കല്‍ കേരളം ചുറ്റിയപ്പോഴത്തെ സ്വപ്നമാണ് നിങ്ങളിവിടെ യാഥാര്‍ത്ഥ്യമാക്കിയത്. അതുകൊണ്ട് എന്റെ സംഭാവനയായി ഇതിരിക്കട്ടെ'. അപ്പോള്‍ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞത് പ്രേമേട്ടന്റെത് മാത്രമായിരുന്നില്ല. ചുറ്റിലുമുണ്ടായിരുന്ന ഫാല്‍ക്കെ പ്രവര്‍ത്തകരുടേതുമായിരുന്നു.
ആദ്യ ഇന്ത്യന്‍സിനിമ എന്ന സ്വപ്നം സാക്ഷാത്കരിച്ചത് ദാദാസാഹിബ് ഫാല്‍ക്കെയാണെങ്കില്‍ ഒരു ഫിലിം സൊസൈറ്റിയ്ക്ക് ആദ്യ തിയറ്റര്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയത് അതേ പേരിലുള്ള വടകര ഫാല്‍ക്കെ ഫിലിം സൊസൈറ്റിയാണ്. അതിന്റെ സംഘാടകരുടെ അധികബലത്തിലാണ് പ്രേമേട്ടന്റെ സിനിമാ സഞ്ചാരങ്ങള്‍. ആ സൊസൈറ്റിക്ക് തിരശീലയുടെ അനശ്വരസമുദ്രത്തില്‍ ഒറ്റയ്ക്കിരുന്ന് വലയെറിയുന്ന ഈ മനുഷ്യനാണ് കാവലെന്നത് ചരിത്രത്തിന്റെ ആഹ്ലാദങ്ങളിലൊന്നാണ്.
തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഓരോ വര്‍ഷവും പ്രേമേട്ടനെയും കാണാം. ആള്‍ക്കൂട്ടത്തിനിടയില്‍ എവിടെയെങ്കിലും ഒറ്റയ്‌ക്കോ സൗഹൃദങ്ങളിലലിഞ്ഞോ ലോകസിനിമകള്‍ കാണാന്‍ കയറുന്ന ഈ മനുഷ്യന്‍ വെറുതേ ഓളത്തിലങ്ങ് പോവുന്നതല്ല. മറിച്ച് ഫാല്‍ക്കേയിലേക്കുള്ള പുതിയസിനിമകളുടെ തിരഞ്ഞെടുപ്പിന് കൂടിയാണത്. വിദേശ സിനിമകളുടെ സബ്‌ടൈറ്റില്‍ ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് മാറിയതോടെ പ്രേമേട്ടനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രേമികളുടെ സിനിമാക്കാഴ്ചകളില്‍ വന്‍ വിപ്ലവമാണ് സംഭവിച്ചത്. ദൃശ്യങ്ങള്‍ക്കു പുറമേ സബ്‌ടൈറ്റിലുകള്‍ കൂടി തുറക്കുന്ന വേറെയും വാതിലുകള്‍ സിനിമകള്‍ക്കുണ്ടല്ലോ.അതുകൊണ്ട് IFFK- യില്‍ ഇംഗ്ലീഷ് സബ് ടൈറ്റിലില്‍ കാണുന്ന ലോകങ്ങളെ തന്റെ സൗഹൃദങ്ങള്‍ വഴി മലയാളത്തിലാക്കി നാട്ടിന്‍ പുറത്തെത്തിക്കാനുള്ള യാത്രകൂടിയാണ് ഈ ഫെസ്റ്റിവലും.
IFFK ഈ മാസം 26 ന് അവസാനിക്കും. ഡെലിഗേറ്റ്‌സുകളെല്ലാം പലദിവസങ്ങളിലായി അവരവരുടെ നാടുകളിലേക്ക് മടങ്ങും. ഇനിയവരില്‍ ഭൂരിപക്ഷവും ലോകസിനിമയ്ക്കായി മൊബൈല്‍ സ്‌ക്രീനുകളെ ആശ്രയിച്ചേക്കാം. മറ്റുചിലര്‍ ലോകസിനിമയുടെ തിയറ്റര്‍ കാഴ്ചയ്ക്ക് അടുത്തവര്‍ഷത്തെ ഫിലിംഫെസ്റ്റുകള്‍ വരെ കാത്തിരുന്നേക്കാം.. പക്ഷെ പ്രേമേട്ടന്‍ മാത്രം തന്റെ ദൈനംദിന ജീവിതത്തിന്റെ സന്തോഷങ്ങള്‍ക്കും സങ്കടങ്ങള്‍ക്കുമൊപ്പം ലോകസിനിമകളെയുംകൂടി കൂടെക്കൂടും. ഒറ്റയ്ക്കായുള്ള ആഹ്ലാദത്തിനല്ല. മറിച്ച് ഇരുട്ടില്‍ തന്റെ ഒറ്റക്കണ്ണന്‍ പ്രൊജക്ടര്‍ പായിക്കുന്ന തിരവെളിച്ചം അനേകായിരം കണ്ണുകളെ ലോകത്തിലേക്കു തുറപ്പിക്കുന്ന പ്രതീക്ഷയില്‍.