അല്ലോഹലന്‍റെ തലയരിഞ്ഞ് അങ്കം ജയിച്ച അമ്മത്തെയ്യം, അങ്കക്കുളങ്ങരപ്പോതി!
ഒടയ്ക്ക് ചുറ്റും കത്തിജ്ജ്വലിക്കും കുത്തുപന്തങ്ങള്‍. തലയിലെ വട്ടമുടിക്ക് കീഴെ പന്തീരായിരം പന്തങ്ങളുടെ പ്രഭ കെടുത്തും ജ്വാലാമുഖം. ജ്വലിക്കുന്ന കണ്ണുകളില്‍ ആഴമറിയാപ്പെണ്‍കരുത്ത്. തെയ്യപ്പറമ്പുകളിലെ പേരുകേട്ട അമ്മത്തെയ്യങ്ങളിലൊരാളാണിത്. പേര്, അങ്കക്കുളങ്ങര ഭഗവതി. അത്യുത്തരകേരളത്തിന്‍റെ സ്വന്തം അങ്കക്കുളങ്ങരപ്പോതിയെന്ന അമ്മത്തെയ്യത്തിന്‍റെ കഥകള്‍
വാഴ്‍കയെന്‍റെ അങ്കക്കുളം ചോരക്കുളം
ദേവര്‍ക്കുന്ന് തീക്കുഴിച്ചാല്
പൂവടംകല്ല്, പുറപ്പാറവട്ടം
അട്ടത്തവണ്ണം മണിയറവയല്..
യുദ്ധഭൂമി പടുവളം തീക്കുഴിച്ചാല് മുൻപേതുമായി
നിലനിന്നു പോരും കാലങ്ങളില്‍..
അരയിലെ ഒടയ്ക്ക് ചുറ്റും കത്തിജ്ജ്വലിക്കും കുത്തുപന്തങ്ങള്‍. തലയിലെ വട്ടമുടിക്ക് കീഴെ പന്തീരായിരം പന്തങ്ങളുടെ പ്രഭ കെടുത്തും ജ്വാലാമുഖം. ജ്വലിക്കും കണ്ണുകളില്‍ ആഴമറിയാപ്പെണ്‍കരുത്ത്. തെയ്യപ്പറമ്പുകളിലെ പേരുകേട്ട അമ്മത്തെയ്യങ്ങളിലൊരാളാണിത്. പേര്, അങ്കക്കുളങ്ങര ഭഗവതി. പണ്ടുള്ള മരകള്‍ അസുരാദികള്‍ പടപൊരുതുമ്പോള്‍ ആയോരുധിരത്തില്‍ നിന്നും പൊടിച്ചെഴുന്നുടയ മൂര്‍ത്തി. പടുവളം നാട്ടിൽ നാടുവാഴികൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ നല്ലമ്മയുടെ വാക്കുകേട്ട് ശരിപക്ഷം ചേർന്ന് യുദ്ധം നയിച്ച മൂന്ന് ദേവതകളിൽ ഒരാള്‍. അത്യുത്തരകേരളത്തിന്‍റെ സ്വന്തം അങ്കക്കുളങ്ങരപ്പോതിയെന്ന അമ്മത്തെയ്യത്തിന്‍റെ കഥകളിലേക്ക്.
പേരില്‍ത്തന്നെയുണ്ട് പലവിധ കഥകളുടെ സാഗരമായ അങ്കക്കുളങ്ങര ഭഗവതിയുടെ യുദ്ധവീര്യം. ദേവാസുര യുദ്ധസമയത്ത് അസുരരെ നിഗ്രഹിക്കാൻ രുധിരപ്പുഴയിൽ നിന്നും പൊടിച്ചുണ്ടായ ദേവതയെന്നാണ് ഒരു ഐതിഹ്യം. "പണ്ടുള്ള മരകൾ അസുരാദികൾ പടപോരുമ്പോൾ ആയോരുധിരത്തിൽ പൊടിച്ചെഴുന്നുടയ മൂർത്തി' എന്ന് തോറ്റം. എന്നാല്‍ നാട്ടുകഥകളിലെ അങ്കക്കുളങ്ങരയമ്മയ്ക്ക് മറ്റൊരു പാശ്ചാത്തലമാണ്. രയരമംഗലത്തമ്മയുടെ മൂന്നാം തൃക്കണ്ണില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട ഒരു ഉഗ്ര ദേവതയാണ് അങ്കക്കുളങ്ങര ഭഗവതി. ലക്ഷ്യം അല്ലോഹലൻ എന്ന ദുഷ്‍പ്രഭുവിന്‍റെ തലയറുത്ത് ഉയിരെടുക്കല്‍. നാടുവാഴികളും ഇടപ്രഭുക്കളും തമ്മില്‍ പടപൊരുതിയിരുന്ന ഒരു കാലത്തിന്‍റെ ചിത്രവും ചരിത്രവും പറയുന്ന അക്കഥ ഇങ്ങനെ.
അള്ളടം ദേശം അഥവാ അള്ളടം മുക്കാതം നാട്. തെക്ക് തൃക്കരിപ്പൂരിലെ ഒളവറ പുഴ മുതല്‍ വടക്ക് ചിത്താരി പുഴവരെ പരന്നുകിടന്ന പഴയ നാട്ടുരാജ്യം. ഒരുകാലത്ത് അത്യുത്തര കേരളത്തിന്‍റെ രാഷ്ട്രീയ അധികാരത്തിന്‍റെ ആസ്ഥാനം. അള്ളടം വാണൊരു ദുഷ്‍പ്രഭുവായിരുന്നു അല്ലോഹലൻ. ഈ അല്ലോഹലന്‍റെ ഉയിരെടുക്കാൻ പൊടിച്ചുണ്ടായ തിരുമകളാണ് അങ്കക്കുളങ്ങരപ്പോതി. അമ്മയും നായനാരുമായ രയരമംഗലത്തമ്മയുടെ ആജ്ഞ പ്രകാരമായിരുന്നു പടുവളത്തിനും രയരമംഗലത്തിനും ഇടയിൽ ഉള്ള അങ്കക്കുളത്തിന്റെ കരയിൽ ഭഗവതി പടപ്പുറപ്പാട് നടത്തിയത്. അങ്ങനെ അങ്കക്കുളങ്ങര ഭഗവതി എന്ന നാമം കൊണ്ടു .
പടക്കളത്തിൽ രാപ്പകൽ യുദ്ധം. ഒടുവില്‍ അല്ലോഹലന്‍റെ തലയരിഞ്ഞു ഭഗവതി. അതോടെ പടുവളത്തിങ്കല്‍ പരദേവതയെന്ന പേരും കിട്ടി. കാലിക്കടവില്‍ നിന്നും വടക്കുമാറി ഇന്നത്തെ ദേശീയപാതയോരത്താണ് പടുവളം ദേശം. അവിടെ പണ്ടൊരു യുദ്ധം നടന്നതായി തോറ്റംപാട്ടില്‍ സൂചനയുണ്ട്. രണ്ട് ഇടപ്രഭുക്കന്മാര്‍ തമ്മില്‍ നടന്ന ഈ യുദ്ധത്തില്‍ ഒരാളെ ദേവതമാര്‍ സഹായിച്ചു. അങ്കക്കുളങ്ങര ഭഗവതി, വിഷ്‍ണുമൂര്‍ത്തി, രക്തചാമുണ്ഡി എന്നീ പടുവളത്തില്‍ പരദേവതമാര്‍.
"രണ്ടുസ്വരൂപവും അണഞ്ഞിട്ടു പട പൊരുതുമ്പോള്‍
രാവും പകലും പടുവളമുടയൊരുത്തി
വട്ടപിടിച്ചു വായ്ക്കുരലിട്ട് പട പൊരുതുമ്പോള്‍
അന്ന് പട മുന്നില്‍ തിരിയുന്ന കുടയും പേരും
മണ്ടിവരുന്നല്ലോ കരിവില്ലും വെടിയും വട്ടം
മാനിച്ചിരുപാടുമഴകുള്ള പരദേവത
അങ്കമിളകുമാറളറിയിച്ചു കുറച്ചുമാറ്റി.."
എന്ന് പടയക്കുറിച്ച് അങ്കക്കുളങ്ങര ഭഗവതിയുടെ തോറ്റം.
അല്ലോഹലന്‍റെ തലയരിഞ്ഞു. അള്ളടംനാട് ദുഷ്‍പ്രഭുത്വത്തില്‍ നിന്നും മോചിതയായി. പക്ഷേ എന്നിട്ടും അങ്കക്കുളങ്ങര ഭഗവതിയുടെ കലിയടങ്ങിയില്ല. രയരമംഗലം വടക്കേം വാതിലിൽ കയ്യെടുത്തു ഭഗവതി. മഞ്ഞത്തൂർ കാവിൽ ശേഷിപ്പെടാൻ രയരമംഗലത്തമ്മയുടെ കല്‍പ്പന. അങ്ങനെ നല്ലമ്മ ചൊല്ലിയതനുസരിച്ച് മഞ്ഞത്തൂർ കാവിൽ ശേഷിപ്പെട്ടു ഭഗവതി. എന്നിട്ടും കോപം ശമിച്ചില്ല. ക്രോധ സ്വരൂപിണിയായിത്തന്നെ മഞ്ഞത്തൂർകാവ് ആധാരമായി നിലയുറപ്പിച്ചു ദേവി. മകളുടെ കോപം കണ്ട് നല്ലമ്മയുടെ കണ്ണുകലങ്ങി. തിരുമകളുടെ കോപം ശമിപ്പിക്കാൻ വിഷ്‍ണുമൂർത്തിയെയും രക്തചാമുണ്ഡിയെയും നിയോഗിച്ചു രയരമംഗലത്തമ്മ. സാന്ത്വന വാക്കുകളുമായി വിഷ്‍ണുമൂർത്തിയും രക്തചാമുണ്ഡിയും അങ്കക്കുളങ്ങര ഭഗതവിയെ സമീപിച്ചു. എന്നാൽ യുദ്ധത്തിമിര്‍പ്പുണ്ടാക്കിയ കോപക്കടലില്‍ ആറാടുകയായിരുന്ന ഭഗവതി ഇരുവരെയും കണ്ടതായിപ്പോലും നടിച്ചില്ല.
നിരാശരായ രക്തചാമുണ്ഡിയും വിഷ്‍ണുമൂര്‍ത്തിയും മടങ്ങി. കാവിൽ നിന്നും അല്‍പ്പം കിഴക്ക് മാറി നിലയുറപ്പിച്ചു അവര്‍. ഇന്നും കാവിനകത്ത് കാണുന്ന മുണ്ട്യയാണ് അവര്‍ നിലയിുറപ്പിച്ച ആ സ്ഥാനം. പിന്നീട് പതിയെപ്പതിയെ അങ്കക്കുളങ്ങര ഭഗവതിയുടെ കോപം ശമിച്ചു. രക്തചാമുണ്ഡിയോടും വിഷ്‍ണുമൂര്‍ത്തിയോടും ലോഹ്യം പറഞ്ഞു ഭഗവതി. ഒടുവില്‍ കൂട്ടുകൂടി ചങ്ങാത്തത്തിലായി മൂവരും. അങ്ങനെ പടുവളത്തിങ്കൽ പരദേവത മൂവര് എന്ന പുതുനാമം കൈവരിച്ചു മൂവര്‍ സംഘം. പിന്നെ പുത്തിലോട്ട് അണ്ടാൾ തറവാട് ഒന്നാം സ്ഥാനമായി നിലയുറപ്പിച്ചു. അങ്ങനെ അള്ളടം മുക്കാതം നാട്ടിൽ എണ്ണിയാൽ ഒടുങ്ങാത്ത സ്ഥാനങ്ങളിൽ പ്രധാന ആരാധനാ മൂർത്തികളായി മൂവരും.
പുത്തിലോട്ട് മാപ്പിട്ടച്ചേരി കാവ്, ഒളവറ മുണ്ട്യ ,നടക്കാവ് മുണ്ട്യ ,കുന്നച്ചേരി പൂമാലക്കാവ് ,കരിവെള്ളൂർ വാണിയില്ലം , കൊഴുമ്മൽ മാക്കീൽ മുണ്ട്യ, കുട്ടമത്ത് പൊന്മാലം, തിമിരി കൊട്ടുമ്പുറം എന്നിവ അങ്കക്കുളങ്ങര ഭവതിയുടെ പ്രധാന സ്ഥാനങ്ങളാണ് . മൂവരും ഒരേ പീഠത്തിൽ എന്ന രീതിയിലാണ് സ്ഥാനങ്ങളിലെല്ലാം പ്രിതിഷ്‍ഠിക്കപ്പെട്ടിട്ടുള്ളത് . വണ്ണാൻ സമുദായക്കാര്‍ക്കാണ് അങ്കക്കുളങ്ങര ഭഗവതി തെയ്യം കെട്ടിയാടുന്നതിനുള്ള അവകാശം. അരയില്‍ കുത്തുപന്തവും, വൈരിദ്ദളമെന്ന പ്രത്യേക മുഖത്തെഴുത്തുമുള്ള ഈ തെയ്യത്തിന്റെ മുടി വട്ട മുടിയാണ്.
തെയ്യം കഥകള്‍ കേള്‍ക്കണോ? താഴെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യൂ
തുലാപ്പത്ത് പിറന്നു, ദൈവങ്ങള്‍ മണ്ണിലേക്ക്; വടക്കൻ കേരളത്തില്‍ ഇനി തെയ്യക്കാലം!
നോക്കിനില്‍ക്കെ മുതലയായി മാറിയ കന്യക, അപൂര്‍വ്വകാഴ്‍ചയായി മുതലത്തെയ്യം!
കൂട്ടുകാരനെ തേടി തോണിയേറി, പുഴ കടക്കും തെയ്യങ്ങള്‍!
ഉറഞ്ഞാടി കരിഞ്ചാമുണ്ഡി, വാങ്കുവിളിച്ച് നിസ്‍കരിച്ച് മാപ്പിളത്തെയ്യം!
ചെമ്പടിച്ച ശ്രീകോവിലു വേണ്ട, പണം കിലുങ്ങും നേര്‍ച്ചപ്പെട്ടി വേണ്ടേവേണ്ട; ഇതാ ഒരു അമ്മത്തെയ്യം!
തെയ്യലോകത്തെ ഭൂതസാന്നിധ്യം; ഭക്തരെ ചിരിപ്പിച്ചും രസിപ്പിച്ചും ശ്രീഭൂതം!
ഇതാ അപൂര്‍വ്വമായൊരു മുത്തപ്പൻ, ഇത് കരിമ്പാലരുടെ സ്വന്തം വെള്ളമുത്തപ്പൻ!
നടവഴി പലവഴി താണ്ടി റെയില്‍പ്പാളം കടന്ന് കുന്നുകയറി ഒരു തെയ്യം, ലക്ഷ്യം ഇതാണ്!
കെട്ടുപൊട്ടിച്ചോടി, പിന്നെ പുരപ്പുറത്ത് ചാടിക്കയറി ഒരു ഭൂതം!
നെഞ്ചുപൊള്ളുന്നൊരു കഥയുണ്ട് പറയാൻ കനല്‍ക്കുന്നില്‍ ആറാടുന്ന തീച്ചാമുണ്ഡിക്ക്!
തീരത്തൊരു കപ്പലുകണ്ടു, കനല്‍ക്കുന്നില്‍ നിന്നിറങ്ങി കടലിലേക്ക് ഓടി തെയ്യം!
മൂന്നാള്‍ കുഴിയില്‍ നിന്നും ഉയിര്‍ത്ത പെണ്‍കരുത്ത്, ചെമ്പും തന്ത്രിമാരെയും കണ്ടാല്‍ അടിയുറപ്പ്!
ചെത്തുകാരന്‍റെ മകൻ വിഷവൈദ്യനായി, വിഷമനസുകള്‍ ചതിച്ചുകൊന്നപ്പോള്‍ തെയ്യവും!
തുണി തല്ലിയലക്കും, നേര്‍ച്ചയായി വസ്‍ത്രങ്ങള്‍; ഇതാ അപൂര്‍വ്വമായൊരു അമ്മത്തെയ്യം!
ഇതാ, ദൈവം ക്ഷമിച്ചാലും ക്ഷമിക്കാത്ത ഗുളികൻ എന്ന കാവല്‍ക്കാരൻ!
പുഴകടന്ന് അംബുജാക്ഷി താഴെക്കാവിലെത്തി, ദേവക്കൂത്ത് നാളെ
മെസ്സി വിളിച്ചു, മുത്തപ്പൻ കേട്ടു; മുത്തപ്പൻ വെള്ളാട്ടവും അന്നദാനവും നടത്തി ആരാധകര്‍!
കത്തിക്കരിഞ്ഞൊരു കര്‍ഷകൻ തെയ്യമായി പുനര്‍ജ്ജനിച്ച കഥ!
തെയ്യപ്രപഞ്ചത്തിലെ ഏക പെണ്ണുടല്‍, ഇതാ വള്ളിയമ്മയും ദേവക്കൂത്തും!
ആണഹന്ത കുടിച്ചുവറ്റിച്ച് കുന്നിക്കുരു ശോഭയാര്‍ന്ന പെണ്‍കരുത്ത്; ഇതാ രക്തചാമുണ്ഡി!
നടന്നെത്തും ഇടമെല്ലാം നിനക്കെന്ന് പരിഹാസം, ഒറ്റക്കാലുമായി ഒറ്റനിമിഷത്തില്‍ കാതങ്ങള്‍ താണ്ടി കന്യക!
ജലത്തിലും ആകാശത്തും ഒരേസമയം പ്രത്യക്ഷയായി അമ്മത്തെയ്യം, ഇതാ ഭ്രമിപ്പിക്കും മായക്കാഴ്‍ച!