തിമിംഗല സ്രാവ്: നീന്തിച്ചെന്ന് പുറത്തുകയറിയാലും വിരോധം കാണിക്കാത്ത സാധു!
ലോകത്തിലെ ഏറ്റവും വലിയ മത്സ്യം കണ്‍മുന്നില്‍. നാവികനായ ബക്കര്‍ അബു എഴുതുന്നു
രണ്ട് ദിവസം മുമ്പ് ഞങ്ങള്‍ ഇറാന്‍ - ഖത്തര്‍ അതിര്‍ത്തിയിലൂടെ യാത്ര ചെയ്യുമ്പോഴാണ് അതു സംഭവിച്ചത്. ഒരു തിമിംഗല സ്രാവ് കപ്പലിന്റെ അരികിലേക്ക് നീന്തിവന്നു. വളരെ ശാന്തനാണവന്‍. അരിപ്രാവിന്റെ പുറംപുള്ളിച്ചിറകുകൊണ്ട് തോല്‍ക്കുപ്പായം തുന്നിയണിഞ്ഞ പുറംമോടി. കടല്‍ കണ്ണാടിപോലെ തിളങ്ങുന്ന നേരമായതിനാല്‍, ഉഷ്ണമേഖല ജലോപരിതലത്തില്‍ തിമിംഗല സ്രാവ് നിശ്ശബ്ദമായി ഇഴഞ്ഞുനീങ്ങിപ്പോവുന്നത് വളരെ വ്യക്തമായി കാണാം. നമ്മള്‍ മനുഷ്യര്‍ നീന്തിച്ചെന്ന് അതിന്റെ പുറത്തുകയറിയാലും വിരോധം കാണിക്കാത്ത സൗമ്യ പ്രകൃതിക്കാരനാണ് തിമിംഗലസ്രാവ്. മനുഷ്യനെ കടന്നാക്രമിക്കാത്ത ഭീമാകാരനായ ഒരു ജലജീവി.
ലോകത്തിലെ ഏറ്റവും വലിയ മത്സ്യമെന്ന് അറിയപ്പെടുന്നവനാണ് കണ്‍മുന്നില്‍. തിമിംഗലസ്രാവ്!
തിമിംഗല സ്രാവാണ് സമുദ്രത്തിലെ ഏറ്റവും വലിയ മത്സ്യം എന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് സംശയമുണ്ടാവും. നീലതിമിംഗലമല്ലേ ഏറ്റവും വലിയ സമുദ്രജീവി, പിന്നെയെന്തുകൊണ്ടാണ് തിമിംഗല സ്രാവിനെ വലിയ മീനെന്നു വിളിക്കുന്നത്?
അതിനൊരു കാരണമുണ്ട്. സമുദ്രജീവികളില്‍ സ്രാവ് മത്സ്യവിഭാഗത്തിലും തിമിംഗലം സസ്തനി വിഭാഗത്തിലുമാണ്. തിമിംഗലം കുഞ്ഞുങ്ങളെ പ്രസവിക്കും, അതിനെ മുലയൂട്ടും, ശ്വാസകോശം വഴി ശ്വസിക്കും. എന്നാല്‍ തിമിംഗല സ്രാവ് അതുപോലല്ല. സസ്തനിയുടെ ജീവിതരീതിയല്ല അതിന്.
രണ്ട് ദിവസം മുമ്പ് ഞങ്ങള്‍ ഇറാന്‍ - ഖത്തര്‍ അതിര്‍ത്തിയിലൂടെ യാത്ര ചെയ്യുമ്പോഴാണ് അതു സംഭവിച്ചത്. ഒരു തിമിംഗല സ്രാവ് കപ്പലിന്റെ അരികിലേക്ക് നീന്തിവന്നു. വളരെ ശാന്തനാണവന്‍. അരിപ്രാവിന്റെ പുറംപുള്ളിച്ചിറകുകൊണ്ട് തോല്‍ക്കുപ്പായം തുന്നിയണിഞ്ഞ പുറംമോടി. കടല്‍ കണ്ണാടിപോലെ തിളങ്ങുന്ന നേരമായതിനാല്‍, ഉഷ്ണമേഖല ജലോപരിതലത്തില്‍ തിമിംഗല സ്രാവ് നിശ്ശബ്ദമായി ഇഴഞ്ഞുനീങ്ങിപ്പോവുന്നത് വളരെ വ്യക്തമായി കാണാം. നമ്മള്‍ മനുഷ്യര്‍ നീന്തിച്ചെന്ന് അതിന്റെ പുറത്തുകയറിയാലും വിരോധം കാണിക്കാത്ത സൗമ്യ പ്രകൃതിക്കാരനാണ് തിമിംഗലസ്രാവ്. മനുഷ്യനെ കടന്നാക്രമിക്കാത്ത ഭീമാകാരനായ ഒരു ജലജീവി.
കപ്പല്‍ കാണാനെത്തിയ ഈ വിരുന്നുകാരനെക്കുറിച്ച് പറയുന്നതിന് മുമ്പ് അനുഭവങ്ങളില്‍ നിന്ന് ഒരു തിമിംഗല കഥ പറയാം.
സാങ്കോ ലൈനിന്റെ ആല്‍ഫാകോസ്മോസ് എന്ന കപ്പലിലായിരുന്നു അന്ന്. ജപ്പാനിലെ കവാസാക്കിയില്‍ നിന്നും ടുണീഷ്യയിലേക്കും അമേരിക്കന്‍ ഈസ്റ്റ് കോസ്റ്റ് പോര്‍ട്ടുകളിലേക്കുമായി സ്റ്റീല്‍ കയറ്റിപ്പോവുന്നു. ഒടുവില്‍ ചരക്കിറക്കേണ്ടിയിരുന്നത് നോര്‍ത്ത് അറ്റ്ലാന്റിക് ഭാഗത്തെ പോര്‍ട്ട്‌ലാന്റ് എന്ന അമേരിക്കന്‍ തുറമുഖത്തായിരുന്നു.
തിമിംഗലങ്ങളെ കണ്ടാല്‍ എന്നെ വിളിച്ചു പറയണമെന്ന് കപ്പലിലെ ചീഫ് എഞ്ചിനീയറുടെ ഭാര്യ രാധ പലപ്പോഴായി എന്നെ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. ഡോള്‍ഫിനെ നമുക്ക് പലയിടങ്ങളിലായി കാണാം, എന്നാല്‍ തിമിംഗലങ്ങള്‍ ഉപരിതലത്തില്‍ വന്ന് വെള്ളം ചീറ്റുന്നത് സാധാരണമല്ല. രാധയ്ക്ക് തിമിംഗലത്തിനെ കണ്ടാല്‍ മാത്രം പോരാ, അത് വെള്ളം ചീറ്റുന്നത് തന്നെ കാണണം.
സമുദ്രാന്തര്‍ഭാഗത്ത്, വെളിച്ചം ചെന്നെത്താത്ത ഇടങ്ങളില്‍, രണ്ടായിരം മീറ്റര്‍ അഗാധതയില്‍ പോലും മുങ്ങിത്താഴുന്ന നൂറു മുതല്‍ നൂറ്റമ്പത് ടണ്‍ ഭാരമുള്ള ഈ അതിഭീമനെ കാണുക എന്നത് തന്നെ പലരുടെയും സ്വപ്നമാകുന്നു. മറ്റുജീവികളില്‍ നിന്നും സവിശേഷതകള്‍ ഏറെയുള്ള ഒരു സസ്തനിയാണ് തിമിംഗലം. അതിന്റെ കഴിവുകള്‍ പലതും ശാസ്ത്രത്തിന് ഇന്നും പിടികിട്ടാതെ കിടക്കുന്നുമുണ്ട്.
ഉദാഹരണത്തിന് ബീക്ക്ഡ് വെയില്‍സിനെ എടുക്കാം. രണ്ടായിരം മീറ്റര്‍ താഴേക്ക് ഊളിയിടുമ്പോള്‍ അവ ഹൃദയമിടിപ്പ് കുറച്ചുകൊണ്ടുവരികയും ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കുമുള്ള രക്തയോട്ടം നിര്‍ത്തിവെക്കുകയും ചെയ്യും. ലിവറും കിഡ്നിയും തല്ക്കാലത്തേക്ക് പ്രവര്‍ത്തനരഹിതമാക്കും. ലങ്‌സിന് പകരം ഓക്സിജന്‍ രക്തത്തിലും പേശികളിലും ശേഖരിച്ചു നിറുത്തും. രണ്ട് കിലോമീറ്റര്‍ അഗാധതയിലേക്ക് താഴ്ന്നുപോവുന്ന തിമിംഗലം അവിടെ അനുഭവപ്പെടുന്ന മര്‍ദ്ദവ്യത്യാസത്തെ അതിജീവിച്ച് ജീവഹാനിയൊന്നും സംഭവിക്കാതെ എങ്ങിനെ തിരിച്ചു വരുന്നുവെന്നത് ഇന്നും ശാസ്ത്രീയ പഠനങ്ങള്‍ക്ക് പഠനവിധേയമാണ്.
സവിശേഷതകള്‍ ഏറെയുള്ള ഈ അത്ഭുതജീവിയെ നേരില്‍ കാണാന്‍ ആശിച്ചതിനു പിന്നില്‍ രാധക്കൊരു വിശ്വാസമുണ്ടായിരുന്നു. തിമിംഗലം പുറത്തേക്ക് വെള്ളം ചീറ്റുന്നത് കാണുന്ന നേരത്ത്, നമ്മള്‍ മനസ്സില്‍ ഒരു കാര്യം ആഗ്രഹിച്ചാല്‍ അത് സാധിക്കും എന്ന്. എന്താണ് ആ ആഗ്രഹം എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, അത് രഹസ്യമാണ് എന്ന് പറഞ്ഞു അവര്‍ ഒഴിഞ്ഞുമാറി.
ഞങ്ങളുടെ കപ്പല്‍ നോര്‍ത്ത് അറ്റ്ലാന്റികിലെ റൈറ്റ് വെയില്‍സ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മേഖലയിലൂടെ യാത്ര ചെയ്യുകയായിരുന്നു. സീസണ്‍ മാറുന്നതിന് അനുസരിച്ച്, ഈ ഭാഗത്ത് തിമിംഗലങ്ങള്‍ കാണപ്പെടും. കടല്‍ നൗകകള്‍ ചെറുതോ വലുതോ ആവട്ടെ, അവയൊന്നും തിമിംഗലത്തെ ചെന്നിടിക്കാന്‍ പാടില്ല എന്ന നിയമമുണ്ട്. മാത്രമല്ല ഇവയെ കണ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണം. കപ്പല്‍ കടന്നു പോവുമ്പോള്‍ റേഡിയോ ഐഡിയുള്ള തിമിംഗലങ്ങളുടെ നീക്കം സാറ്റലൈറ്റ് ട്രാക്കിലൂടെ മനസ്സിലാക്കി ഗ്രൗണ്ട് സ്‌റ്റേഷന്‍ ആ വിവരം കപ്പലിന് കൈമാറും. വേഗത കുറച്ചും റൂട്ട് മാറ്റിയും കപ്പല്‍ യാത്ര തുടരണമെന്നത് ഒരു അന്താരാഷ്ട്ര നിയമമാണ്. കപ്പല്‍ ഇടിച്ചു മരിക്കുന്ന ജലജീവികളുടെ എണ്ണം വര്‍ഷം തോറും കൂടിവരുന്നത് കൊണ്ടാണ് ഇത്തരം നിയമം.
രാധയ്ക്ക് ഭാഗ്യമുണ്ടായിരുന്നു.
മൂന്ന് തിമിംഗലങ്ങളെ ഞങ്ങള്‍ കണ്ടു. അവ ഉപരിതലത്തില്‍ വന്നു ജലം ചീറ്റുന്നു!
അതു കണ്ട് അവര്‍ നെഞ്ചത്ത് കൈ വെച്ച് വീല്‍ ഹൗസിന്റെ പുറത്ത് നിന്ന് പ്രാര്‍ഥിച്ചു. തിമിംഗലെത്ത കണ്ട റിപ്പോര്‍ട്ട് ടെലെക്സ് ചെയ്ത് ഞങ്ങള്‍ യാത്ര തുടരുകയും ചെയ്തു. കപ്പലില്‍ തിമിംഗല നിരീക്ഷണത്തിന് ഒരാളെ പ്രത്യേകം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എത്രയൊക്കെ മുന്‍കരുതലുകള്‍ എടുത്താലും രാത്രിയില്‍ പല കപ്പലുകളും ഇവയെ ഇടിക്കുകയും, റിപ്പോര്‍ട്ട് പോലും ചെയ്യാതെ യാത്ര തുടരുകയും ചെയ്യുന്നത് കപ്പല്‍ ലോകത്തിനറിയാം.
തിമിംഗലം കപ്പലിടിച്ചു മരിക്കാതിരിക്കാന്‍ ഇത്രയധികം കോടികള്‍ ചെലവാക്കുന്ന അമേരിക്ക തന്നെയല്ലേ അഫ്ഗാനിസ്ഥാനിലും ഇറാഖിലും നിരപരാധികളായ അനേകം അമ്മമാരെയും കുഞ്ഞുങ്ങളെയും കൊന്നൊടുക്കിയത് എന്നൊരു ചോദ്യം മനസ്സില്‍ പുകയുന്നുണ്ടായിരുന്നു. തിമിംഗലത്തിന് വംശനാശം വരാതിരിക്കാന്‍ കടലിലേക്ക് ഉപഗ്രഹങ്ങളുടെ കണ്ണ് തുറപ്പിക്കുന്നതും മനുഷ്യനാശത്തിന് മിസൈലുകളാല്‍ തീ തുപ്പിക്കുന്നതും ഒരേ തലച്ചോറിലെ ചിന്തയില്‍ നിന്നാവുമ്പോഴാണ് നമ്മള്‍ ആധുനിക മനുഷ്യരായിത്തീരുന്നത്.
ന്യുയോര്‍ക്കില്‍ നിന്ന് ന്യുഫൗണ്ടിലാന്റിലേക്ക് വേനല്‍ കാലത്തും ഫ്ളോറിഡയില്‍ നിന്ന് ജോര്‍ജിയന്‍ ഭാഗത്ത് ശീതകാലത്തും നോര്‍ത്ത് അറ്റ്ലാന്റിക് തിമിംഗലങ്ങള്‍ ആഹാരത്തിനായി യാത്രചെയ്യും. ആ സമയമാണ് കപ്പലുകള്‍ വളരെയധികം ശ്രദ്ധിച്ച് ഈ മേഖലകളിലൂടെ സഞ്ചരിക്കേണ്ടത്. പോര്‍ട്ട്ലാന്‍ഡ് ജെട്ടിയില്‍ എത്തിയപോള്‍ ഒരു വീഡിയോ കാസറ്റും ചില ബ്രോഷറുകളുമായി ഒരു മറൈന്‍ ഉദ്യോഗസ്ഥന്‍ കപ്പലിലേക്ക് കയറിവന്നു. എങ്ങിനെയാണ് തിമിംഗലങ്ങള്‍ കൂട്ടം കൂട്ടമായി സഞ്ചരിക്കുന്നിടത്ത് Whale Navigation നിര്‍വ്വഹിക്കേണ്ടത് എന്ന് മനസ്സിലാക്കിത്തരാനായിരുന്നു അദ്ദേഹം വന്നത്. ഭൂമിയുടെ ഉപരിതലത്തില്‍ എഴുപത്തൊന്നു ശതമാനം ജലമാണെങ്കിലും മനുഷ്യരുടെ മനോവിരുതിനനുസരിച്ച് അതിലെ ജീവികളെ കൊന്നും സമുദ്രങ്ങള്‍ മലിനപ്പെടുത്തിയും ജീവിച്ചുകൂടാ എന്നൊരു താക്കീതിന്റെ പ്രതിനിധിയാണ് അയാള്‍.
വലുപ്പത്തിലും ഭാരത്തിലും തിമിംഗലത്തേക്കാള്‍ ചെറുതാണ് തിമിംഗല സ്രാവ്. കൂടിവന്നാല്‍ അറുപത് അടി നീളവും നാല്‍പത് ടണ്‍ ഭാരവും ഇവക്കുണ്ടാകും എന്നാണ് ഏകദേശ കണക്ക്. ആയുസാവട്ടെ നൂറിനും നൂറ്റമ്പതിനും ഇടയ്ക്ക്. എഴുന്നൂറ് മീറ്റര്‍ സമുദ്രാന്തര്‍ഭാഗത്തേക്ക് മുങ്ങിത്താഴാന്‍ ഇവയ്ക്ക് കഴിയും. പെണ്‍സ്രാവുകള്‍ക്ക് ആണിനേക്കാള്‍ ഭാരവും വലുപ്പവുമുണ്ടാകും. ഒരു തിമിംഗലസ്രാവിന്റെ കുട്ടിക്കാലം ഇരുപത്തഞ്ച് വയസ്സുവരെയാണത്രെ. നമ്മുടെ വിരുന്നുകാരന്റെ വിശേഷങ്ങള്‍ അങ്ങിനെ തുടരുന്നു.
ഉപ്പുതണ്ണിയുടെ സ്ഫടിക തിളക്കത്തില്‍ വെള്ളയോ നേര്‍ത്ത മഞ്ഞയോ ചാര നിറത്തിലോ ഉള്ള പുള്ളികള്‍ നീന്തിപ്പോവുന്നത് കണ്ടാല്‍ അത് തിമിംഗല സ്രാവാണെന്ന് മനസ്സിലാക്കാം. താപനില ഇരുപത്തിയൊന്നു ഡിഗ്രിക്ക് താഴെയുള്ള സമുദ്രജലത്തില്‍ പൊതുവേ ഇവയെ കാണാറില്ല. ഭക്ഷണം കഴിക്കാന്‍ വായില്‍ ഇതിനൊരു അരിപ്പയുണ്ട്. വലിച്ചെടുക്കുന്ന ജലത്തിലെ ചെറുമത്സ്യങ്ങളെയും, കൂന്തലുകളെയും, പ്ലാങ്കറ്റനുകളെയും ഗില്‍റാക്കറുകള്‍ കൊണ്ട് അരിച്ചെടുത്താണ് ഇവ കഴിക്കുന്നത്.
മനുഷ്യന്‍ എന്നും ശൂന്യാകാശത്തേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു. ദൈവവും ഗ്രഹാന്തരജീവികളും തലക്ക് മുകളിലാണെന്ന ചിന്തയില്‍ കടലിനെ അവന്‍ ഗൗനിച്ചതേയില്ല. സൂര്യവെളിച്ചം കടന്നു ചെന്നെത്താത്ത പാരാവാര ഇരുളില്‍ മുകളില്‍ നിന്ന് താഴേക്ക് വരുന്ന ജൈവാശിഷ്ടങ്ങള്‍ ഭക്ഷിക്കാന്‍ കാത്തിരിക്കുന്ന അനേകം ജീവികളെക്കുറിച്ച് പഠിക്കാന്‍ നമ്മള്‍ വൈകി. കനത്ത ഇരുട്ടില്‍ കണ്ണുകള്‍ വേണ്ടാതെ ജീവിക്കുന്നവ, ഇണയെ തേടാന്‍ വെളിച്ചമില്ലാത്തത് കൊണ്ട് ലിംഗഭേദത്തിന്റെ ആവശ്യമില്ലാതെ സ്വയം പ്രജനനം നടത്തുന്നവ, അതിമര്‍ദ്ദത്തെ നിഷ്പ്രയാസം അതിജീവിച്ചു പോവുന്ന ജീവികള്‍ തുടങ്ങി സമുദ്രം നിഗൂഢതകള്‍ കൊണ്ട് ഇന്നും നിറഞ്ഞു നില്‍ക്കുകയാണ്.
പോര്‍ട്ട്‌ലാന്റില്‍ നിന്നും തിരികെ നോര്‍ഫ്‌ളോകില്‍ വന്ന്, രാധ നാട്ടിലേക്ക് പോവുമ്പോള്‍, എന്തായിരുന്നു തിമിംഗലത്തോട് ആവശ്യപ്പെട്ടെതെന്ന് ഞാന്‍ ഒരിക്കല്‍ കൂടി ചോദിച്ചു.
''അബൂനറിയോ, കല്ല്യാണം കഴിഞ്ഞിട്ട് ഏഴു വര്‍ഷായി, എനിക്കൊരു കുഞ്ഞുണ്ടായില്ല. ഒരു കൊച്ചിനെ തരാനാണ് ഞാനാ ജലതമ്പുരാനോട് മനമുരുകി ചോദിച്ചത്. ''
തിമിംഗലം ശക്തമായി ജലം പുറന്തള്ളുമ്പോള്‍ ആഗ്രഹം ചോദിക്കണം എന്നാണ് അവരുടെ വിശ്വാസം. നോര്‍ത്ത് അറ്റ്ലാന്റിക് സമുദ്രത്തിലെ തിമിംഗല കൂട്ടങ്ങള്‍ ആ പ്രാര്‍ത്ഥന കേട്ടോ എന്നെനിക്കറിയില്ല. വിവാഹിതയായ ഒരു സ്ത്രീ ഒരു കുഞ്ഞിക്കാല് കാണാന്‍ ആശകൊണ്ട് ഏതറ്റം വരെയും പോവും. പ്രസവം വൈകുന്തോറും വീടും നാടും കൊളുത്തുന്ന ചോദ്യപന്തങ്ങളില്‍ ഇനിയും കത്തിത്തീരാന്‍ അവര്‍ ആഗ്രഹിക്കില്ല.
തിമിംഗലം ഒരിക്കലും ജലം ചീറ്റുന്നതേയില്ല എന്ന കാര്യം അവര്‍ അറിഞ്ഞു കാണില്ല. തിമിംഗലം ജലോപരിതലത്തില്‍ വന്നാല്‍ അതിന്റെ ശ്വാസകോശത്തിലുള്ള നേരത്തെ ശ്വസിച്ച വായുവിനെ ഊക്കോടെ പുറന്തള്ളുകയാണ് ചെയ്യുന്നത്. അകത്തുള്ള വായുവിന് പുറത്തുള്ളതിനേക്കാള്‍ ചൂട് കൂടുതല്‍ ഉണ്ടാവും. അപ്പോള്‍ നടക്കുന്ന ഘനീഭാവസ്ഥയില്‍ ജലമാണ് പുറത്തേക്ക് വരുന്നതെന്ന് ദൂരത്ത് നിന്ന് കാണുന്ന ഒരാള്‍ക്ക് തോന്നിപ്പോവും. മൂക്ക് തലയുടെ മുകളില്‍ ആയത് കൊണ്ട് സ്ട്രൈറ്റ് ആയിട്ട് ആ ചീറ്റല്‍ കാണുകയും ചെയ്യാം.
ഉഷ്ണമേഖലാ ജലപ്രവാഹത്തിലൂടെ യാത്ര തുടരുകയാണ്.
തിമിംഗല സ്രാവ് ഇനിയും വന്നേക്കും, അവയെ പേടിയില്ല, എന്നാല്‍ കടലിലെ വേട്ടപ്പട്ടികള്‍ എന്നറിയപ്പെടുന്ന കൊലയാളി തിമിംഗലങ്ങളെ ഭയവുമുണ്ട്. ഭയപ്പെടുന്നതെന്തിനെയും ഇല്ലായ്മ ചെയ്യാന്‍ മനുഷ്യര്‍ക്ക് അവകാശമില്ല, തിമിംഗലത്തെയോ തിമിംഗല സ്രാവിനെയോ കണ്ടാല്‍ കപ്പല്‍ ഇടിക്കാതെ ചക്രം തിരിച്ച് വേണം യാത്ര തുടരാന്‍.