സംസ്കൃതം മാത്രം സംസാരിക്കുന്ന ജനങ്ങളുള്ള ഒരു ഗ്രാമം..!
മറ്റൂര് ഒരു സംസ്കൃത ഗ്രാമമായി മാറിയതിന് പിന്നിലും ഒരു കഥയുണ്ട്. ഏകദേശം 4 പതിറ്റാണ്ടുകൾക്ക് മുമ്പാണ് അതിന്റെ തുടക്കം.
ഇന്ത്യൻ സംസ്‌കാരത്തിലും അതിൻ്റെ ചരിത്രത്തിലും സംസ്‌കൃതം എന്ന ഭാഷയ്ക്ക് വലിയ പങ്കുണ്ടായിരുന്നു. സംസ്‌കൃതത്തിലാണ് മിക്കവാറും പുരാതന ഗ്രന്ഥങ്ങളും പുരാണങ്ങളും രചിക്കപ്പെട്ടിരിക്കുന്നത്. 18-ാം നൂറ്റാണ്ടിലാണ് ഇന്ത്യയിൽ യൂറോപ്യന്മാർ കുടിയേറിത്തുടങ്ങിയത്. ഇതോടെയാണ് ഇംഗ്ലീഷ് ഭാഷ സമസ്ത മേഖലകളിലും മേൽക്കോയ്മ നേടുന്നത്.
ഇന്ത്യയിൽ സംസ്‌കൃതം മാത്രം സംസാരിക്കുന്ന ഒരു ഗ്രാമമുണ്ട്. ഇന്ത്യൻ പ്രാദേശിക ഭാഷകൾ നിലനിൽക്കാൻ പാടുപെടുന്ന ഈ കാലഘട്ടത്തിൽ, സംസ്‌കൃതം സംസാരിക്കുന്നതിൽ അഭിമാനിക്കുന്ന ഒരു ജനവിഭാഗം കർണാടകയിലെ ഷിമോഗ ജില്ലയിൽ ഇപ്പോഴുമുണ്ട്. തുംഗ നദിയുടെ തീരത്തുള്ള കർണാടകയിലെ ഒരു ഗ്രാമമായ മറ്റൂരിനെയാണ് 'സംസ്കൃത ഗ്രാമം' എന്ന് വിളിക്കുന്നത്. ഇവിടുത്തെ കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ യാതൊരു വേർതിരിവുകളുമില്ലാതെ ദൈനംദിന സംഭാഷണങ്ങൾക്കായി ഉപയോഗിക്കുന്നത് സംസ്‌കൃതമാണ്.
സംസ്കൃത ഭാഷയുടെ ഉപയോഗത്തിന്, ലിംഗഭേദമോ പ്രായമോ സാക്ഷരതാ നിലവാരമോ ജാതിയോ മതമോ ഒന്നും ഇവിടെ തടസമല്ല. കുട്ടികൾ തെരുവുകളിൽ ഒന്നിച്ചിരുന്ന് സംസ്‌കൃത ശ്ലോകങ്ങൾ ചൊല്ലി കളിക്കുന്നത് ഇവിടുത്തെ പതിവ് കാഴ്ചയാണ്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ സംസ്‌കൃതം പഠിക്കാൻ മറ്റൂരിലെത്താറുണ്ട്.
മറ്റൂര് ഒരു സംസ്കൃത ഗ്രാമമായി മാറിയതിന് പിന്നിലും ഒരു കഥയുണ്ട്. ഏകദേശം 4 പതിറ്റാണ്ടുകൾക്ക് മുമ്പാണ് അതിന്റെ തുടക്കം. സംസ്‌കൃതം പ്രോത്സാഹിപ്പിക്കുന്നതിനായി പരിശ്രമിച്ചു വന്നിരുന്ന ഒരു അസോസിയേഷൻ ആയ, സംസ്‌കൃത ഭാരതി, ഏകദേശം നാൽപ്പത് വർഷം മുമ്പ് മറ്റൂരിൽ 10 ദിവസത്തെ ശിൽപശാല സംഘടിപ്പിച്ചു. ഉഡുപ്പിയിലെ പെജാവർ മഠത്തിലെ ദർശകൻ ഉൾപ്പെടെ നിരവധി അറിയപ്പെടുന്ന ആളുകൾ അതിൽ പങ്കെടുത്തുവത്രേ.
സംസ്‌കൃതം നിലനിർത്താനുള്ള ശിൽപ്പശാല പ്രവർത്തകരുടെ ആവേശം കണ്ടപ്പോൾ സംസ്‌കൃത ഗ്രാമം സ്ഥാപിക്കാനുള്ള ദർശകൻ്റെ നിർദ്ദേശം മറ്റൂരിലെ നിവാസികൾ ആവേശത്തോടെ സ്വീകരിച്ചതാണ് ഇങ്ങനെ ഒരു ഗ്രാമത്തിന്റെ പിറവിക്ക് കാരണമായത് എന്നാണ് പറയപ്പെടുന്നത്.
കർണാടകയിലെ മറ്റൂരിന് പുറമേ, മധ്യപ്രദേശിലും ഒരു സംസ്‌കൃത ഗ്രാമമുണ്ട്. രാജ്ഗഡ് ജില്ലയിലുള്ള ഇത് ജീരി ഗ്രാമം എന്നാണ് അറിയപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം