ലോകത്തിലേറ്റവും മുടിയുള്ള സ്ത്രീകൾ ഈ നാട്ടിലാണോ? നീണ്ട ഇടതൂർന്ന മുടിക്ക് പിന്നിലെ രഹസ്യം?
ഒരു സ്ത്രീയുടെ സാമൂഹിക നിലയെ സൂചിപ്പിക്കുന്നതിലും മുടിക്ക് ഒരു പ്രധാന പങ്കുണ്ട്. അവിവാഹിതരായ യാവോ സ്ത്രീകൾ ഒരു കറുത്ത തലപ്പാവ് കൊണ്ട് മുടി മൂടുന്നു. കാരണം അവിവാഹിതരായ സ്ത്രീകൾക്ക് അവരുടെ മുടി പരസ്യമായി പ്രദർശിപ്പിക്കാൻ അനുവാദമില്ല.
പണ്ട് കാലത്ത് മുട്ടറ്റം വരെയുള്ള മുടി(hair) സൗന്ദര്യത്തിന്റെ ലക്ഷണമായിട്ടാണ് കണക്കാക്കിയിരുന്നത്. ഇന്ന് ഇപ്പോൾ അതൊരു അപൂർവമായ കാഴ്ചയാണ് നമ്മുടെ നാട്ടിൽ. സമയക്കുറവും, മടിയും മൂലം പലരും അതിന് മുതിരാറില്ല. എന്നാൽ അങ്ങ് ചൈനയിൽ ഒരു ഗ്രാമത്തിൽ ഇന്നും മുടി നീട്ടിവളർത്താൻ ഇഷ്ടപ്പെടുന്ന സ്ത്രീകളുണ്ട്.
അധികമാരും കേൾക്കാത്ത ചൈനയിലെ ഒരു ഉൾഗ്രാമമാണ് ഹനൻഗ്ലോ യാവോ(Huangluo Yao). ജിൻഷ നദിയുടെ തീരത്താണ് ആ ഗ്രാമം സ്ഥിതിചെയ്യുന്നത്. 2002 -ൽ ചൈനീസ് സർക്കാർ ഒരു ടൂറിസം പദ്ധതി ആരംഭിക്കുന്നത് വരെ വിദൂരമായ ഈ സ്ഥലത്തെ കുറിച്ച് അധികമാർക്കും അറിയില്ലായിരുന്നു. ക്വിൻ രാജവംശത്തിൽ നിന്ന് ഉത്ഭവിച്ച തദ്ദേശീയ സമൂഹമായ റെഡ് യാവോ ജനതയാണ് അവിടെയുള്ളത്. 78 കുടുംബങ്ങളുള്ള അവിടെ മൊത്തം 600 പേരാണ് താമസിക്കുന്നത്. അവിടത്തെ ഏറ്റവും വലിയ പ്രത്യേകത, അവിടെയുള്ള സ്ത്രീകൾക്ക് കണങ്കാൽ വരെ എത്തി നിൽക്കുന്ന കറുത്ത ഇടതൂർന്ന മുടിയുണ്ട് എന്നതാണ്.
അവരെ സംബന്ധിച്ചിടത്തോളം മുടി അവരുടെ ഏറ്റവും വിലപ്പെട്ട സ്വത്താണ്. മാത്രമല്ല, 'World’s Longest Hair Village’ എന്ന ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡും ഈ ഗ്രാമം സ്വന്തമാക്കിയിട്ടുണ്ട്. പെൺകുട്ടികളുടെ മുടിയ്ക്ക് സാധാരണയായി 5 അടി വരെയാണ് നീളം. ഇതിന്റെ തൂക്കം ചിലപ്പോൾ ഒരു കിലോക്കടുത്ത് വരും. എന്നാൽ ആറടിയിൽ കൂടുതൽ മുടിയുള്ളവരും ഈ നാട്ടിലുണ്ട്. ഗ്രാമത്തിൽ രേഖപ്പെടുത്തിയ ഏറ്റവും നീളം കൂടിയ മുടി 2004 ൽ ഏഴടിയായിരുന്നു.
അവരെ സംബന്ധിച്ചിടത്തോളം ഇത്, തലമുറകളിൽ നിന്ന് തലമുറകളിലേക്ക് അഭിമാനത്തോടെ കൈമാറുന്ന ഒരു പാരമ്പര്യമാണ്. അവരുടെ തിളങ്ങുന്ന കറുത്ത നീളമുള്ള മുടിയുടെ പിന്നിലെ രഹസ്യം ലളിതമായ പ്രകൃതിദത്ത മാർഗ്ഗങ്ങളാണ്. എല്ലാ ദിവസവും, അവർ നദിയിലെ വെള്ളത്തിലാണ് മുടി കഴുകുന്നത്. ആഴചയിൽ ഒന്നോ രണ്ടോ തവണ മുടി കഴുകാൻ ഷാംപൂ പോലുള്ള ഒരു പ്രത്യേക മിശ്രിതവും അവർ ഉപയോഗിക്കുന്നു. കമ്പിളി നരകത്തിന്റെ തൊലിയും, ടീ ചെടിയുടെ വിത്തിൽ നിന്നുള്ള എണ്ണയും, പുളിച്ച കഞ്ഞിവെള്ളവും ചേർത്താണ് ഈ മിശ്രിതം നിർമ്മിച്ചിരിക്കുന്നത്. ഇതാണ് അവരുടെ നര ബാധിക്കാത്ത ഇടതിങ്ങിയ മുടിക്ക് കാരണമായി പറയുന്നത്.
ഈ ഗ്രാമത്തിലെ സ്ത്രീകൾക്ക്, നീണ്ട മുടി ദീർഘായുസ്സിന്റെ പ്രതീകം കൂടിയാണ്. ഒരാളുടെ മുടിയുടെ നീളം കൂടുന്തോറും, ആയുസ്സും കൂടുമെന്ന് ഇവർ വിശ്വസിക്കുന്നു. യാവോ സ്ത്രീകൾ അവരുടെ ജീവിതത്തിൽ ഒരിക്കൽ മാത്രമേ മുടി മുറിക്കുകയുള്ളൂ, അതും 18 വയസ്സ് തികയുമ്പോൾ. കാരണം, ഇവിടെ മുടി മുറിക്കുന്നത് ഒരു ആചാരമാണ്, പെൺകുട്ടിക്ക് പ്രായമായെന്നും വിവാഹത്തിന് തയ്യാറാണെന്നും സൂചിപ്പിക്കുന്നതിന്റെ ഭാഗമാണ് ഇത്. മുറിച്ച മുടി വലിച്ചെറിയാതെ, ഒരു ബൺ പോലെ ഉണ്ടാക്കി അവർ അമ്മമാരായതിനു ശേഷം അവരുടെ മുടിയിഴകളിൽ തിരുകി വയ്ക്കുന്നു. ഈ ബൺ വിവാഹിതരും അവിവാഹിതരുമായ സ്ത്രീകളെ വേർതിരിച്ചറിയാൻ സഹായിക്കുന്നു.
ഒരു സ്ത്രീയുടെ സാമൂഹിക നിലയെ സൂചിപ്പിക്കുന്നതിലും മുടിക്ക് ഒരു പ്രധാന പങ്കുണ്ട്. അവിവാഹിതരായ യാവോ സ്ത്രീകൾ ഒരു കറുത്ത തലപ്പാവ് കൊണ്ട് മുടി മൂടുന്നു. കാരണം അവിവാഹിതരായ സ്ത്രീകൾക്ക് അവരുടെ മുടി പരസ്യമായി പ്രദർശിപ്പിക്കാൻ അനുവാദമില്ല. പിന്നീട് വിവാഹശേഷം, അവളുടെ ഭർത്താവാണ് അവളുടെ മുടികെട്ട് അഴിക്കുന്നത്. വിവാഹദിനം വരെ ഒരു സ്ത്രീയുടെയും മുടി കാണാൻ ആരെയും അനുവദിച്ചിരുന്നില്ല. ഏതെങ്കിലും പുരുഷൻ വിവാഹത്തിന് മുൻപ് സ്ത്രീയുടെ മുടി കണ്ടാൽ, അയാളുടെ ജാതിയും സമുദായവും പരിഗണിക്കാതെ, അയാൾക്ക് പെൺകുട്ടിയുടെ മാതാപിതാക്കളോടൊപ്പം മരുമകനായി മൂന്ന് വർഷം താമസിക്കേണ്ടിവരും. എന്നാൽ, ഇന്ന് ആ പാരമ്പര്യം കുറെയൊക്കെ മാറി. ഒരു സ്ത്രീയുടെ മുടി തലയിൽ ചുറ്റി വച്ചിരിക്കയാണെങ്കിൽ, അതിനർത്ഥം അവൾ വിവാഹിതയാണെങ്കിലും കുട്ടികളില്ല എന്നതാണ്. ഒരു സ്ത്രീ തലയിൽ ബൺ ധരിച്ചിട്ടുണ്ടെങ്കിൽ, അതിനർത്ഥം അവൾ വിവാഹിതയും, അമ്മയുമാണെന്നാണ്. ഹനൻഗ്ലോ ഗ്രാമം ഇപ്പോൾ ഒരു പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കയാണ്.