കഷ്ടത സഹിച്ചും സത്യത്തിന് വേണ്ടി നിലനിൽക്കണമെന്ന് ഓർമ്മിപ്പിക്കുന്ന ഈസ്റ്റർ; ദിനം നിശ്ചയിക്കുന്നത് എങ്ങനെ?
ഈസ്റ്റർ തിയതി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ക്രൈസ്തവ പണ്ഡിതർ വിവിധ ഗ്രന്ഥങ്ങൾ പരാമർശിച്ചിട്ടുള്ള വിശദീകരണം ഇങ്ങനെയാണ്, യഹൂദരുടെ പെസഹാ ആഘോഷദിനങ്ങളിലാണ് യേശു കുരിശിൽ തറയ്ക്കപ്പെടുന്നത്. നീസാൻ മാസത്തിലാണ് അവർ പെസഹാ ആചരിക്കുന്നത്.
ക്രൈസ്തവ വിശ്വാസ പ്രകാരം യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മ കൊണ്ടാടുന്ന ദിനമാണ് ഈസ്റ്റർ (Easter) അഥവാ ഉയിർപ്പ് തിരുനാൾ. ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റർ ആചരിക്കുന്നത്. തിന്മയുടെയും അസത്യത്തിന്റെയും ജയം താൽക്കാലികം ആണെന്നും വളഞ്ഞവഴികൾ തേടാതെ കഷ്ടതകൾ സഹിച്ചും സത്യത്തിനു വേണ്ടി നില നിൽക്കണം എന്നും ആണ് ഈസ്റ്റർ നൽകുന്ന രണ്ടു സുപ്രധാന പാഠങ്ങൾ.
അൻപത് ദിവസം നീണ്ടുനിൽക്കുന്ന നോമ്പാചരണത്തിന്റെ അവസാനം കൂടിയാണ് ഈസ്റ്റർ. ഈസ്റ്ററിന് മുന്നോടിയായി വിശ്വാസികൾ ഏറെ പ്രാധന്യത്തോടെ ആചരിക്കുന്ന രണ്ട് പ്രധാന ദിനങ്ങൾ കൂടിയുണ്ട് പെസഹാ വ്യാഴവും ദുഖവെള്ളിയും. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച് അവരുടെ കാലുകൾ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച ദിനമായാണ് പെസഹാ വ്യാഴം ആചരിക്കുന്നത് അതിനെ തുടർന്നുള്ള ദുഃഖ വെള്ളിയിൽ യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാൽവരി മലയിലെ കുരിശു മരണത്തെയുമാണ് അനുസ്മരിക്കുന്നത്.
ഡിസംബർ 25 ന് ക്രിസ്തുമസ് ആഘോഷിക്കുന്നത് പോലെ എല്ലാവർഷവും കൃത്യമായി ആഘോഷിക്കുന്ന ചില ദിവസങ്ങളുണ്ട്. എന്നാൽ ഈസ്റ്ററിനെ സംബന്ധിച്ചിടത്തോളം അങ്ങനെ കൃത്യമായ ഒരു തീയതിയിലല്ല ആഘോഷിക്കുന്നത്. ഓരോ വർഷവും ഇത് മാറിമാറി വരുന്നു. അതുകൊണ്ട് തന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് ഈസ്റ്റർ തീയതി നിശ്ചയിക്കുന്നത് എന്ന ഒരു സംശയം നിലനിൽക്കുന്നുണ്ട്. ഈസ്റ്റർ ദിനം എന്നായിരിക്കണം എന്നത് സംബന്ധിച്ച് ആദിമസഭയിൽപ്പോലും തർക്കം ഉണ്ടായിരുന്നു. ഒടുവിൽ എ.ഡി. 325 -ൽ നടന്ന നിഖ്യാ സൂനഹദോസിൽ വച്ചാണ് ഈസ്റ്റർ തീയതിയെക്കുറിച്ചു സഭയിൽ ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടാവുന്നത്.
ഈസ്റ്റർ തിയതി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ക്രൈസ്തവ പണ്ഡിതർ വിവിധ ഗ്രന്ഥങ്ങൾ പരാമർശിച്ചിട്ടുള്ള വിശദീകരണം ഇങ്ങനെയാണ്, യഹൂദരുടെ പെസഹാ ആഘോഷദിനങ്ങളിലാണ് യേശു കുരിശിൽ തറയ്ക്കപ്പെടുന്നത്. നീസാൻ മാസത്തിലാണ് അവർ പെസഹാ ആചരിക്കുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് നീസാൻ മാസം വരുക. അതിനാൽത്തന്നെ നീസാൻ മാസത്തിലാണ് യേശുവിന്റെ മരണവും ഉയിർപ്പും ഉണ്ടായത് എന്നുറപ്പിക്കാം. നീസാൻ മാസം 14 -നാണ് യേശുവിനെ കുരിശിൽ തറച്ചത് എന്ന് കണക്കുകൂട്ടപ്പെട്ടിട്ടുണ്ട്.
അതിനാൽ നീസാൻ മാസം 14 കഴിഞ്ഞുവരുന്ന ഞായർ ആയിരിക്കും ഈസ്റ്റർ ആഘോഷിക്കേണ്ടത് എന്ന് നിഖ്യാ സൂനഹദോസ് പ്രഖ്യാപിച്ചു. ആഴ്ചയുടെ ആദ്യദിവസം ആണ് യേശു ഉയിർത്തത് എന്ന് ബൈബിളിൽ പറയുന്നുണ്ട് (യോഹ 20 :1 ). അതിനാലാണ് ഞായറാഴ്ച ഈസ്റ്റർ ആഘോഷിക്കണം എന്ന് നിശ്ചയിച്ചത്. 2024 -ൽ മാർച്ച് 29 ആണ് നീസാൻ മാസം 14 (വെള്ളി) ആയി വരുന്നത്. അതിനാൽ അതുകഴിഞ്ഞുവരുന്ന ഞായർ ആയ 31 ഈ വർഷം ഈസ്റ്ററായി ആഘോഷിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം