ക്യാപ്സ്യൂൾ ഹോട്ടൽ മുതൽ ചൈൽഡ് ടോയ്‌ലറ്റ് വരെ; അനുകരണീയം ജപ്പാൻകാരുടെ ഈ മാതൃകകൾ
സാധാരണയായി നമ്മുടെ നാട്ടിൽ ഹോട്ടലുകളിലും മറ്റും മുറിയെടുക്കുമ്പോൾ അവിടെ എന്താണ് ഉള്ളത് അത് ഉപയോഗിക്കുക എന്നതാണ് രീതി. എന്നാൽ, ജപ്പാനിൽ അങ്ങനെയല്ല.
ജപ്പാൻ സന്ദർശിച്ചിട്ടുള്ള ആളുകളുടെ എല്ലാം ഏറ്റവും പ്രിയപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ തീർച്ചയായും ജപ്പാനും ഉണ്ടാകും. വ്യത്യസ്തതകൾ ഏറെയുണ്ടെങ്കിലും ലോകത്തിൻറെ വിവിധ കോണുകളിൽ നിന്നുള്ള ആളുകളെ ആകർഷിക്കത്തക്ക വിധത്തിൽ എന്തൊക്കെയോ ഒളിഞ്ഞു കിടപ്പുണ്ട് ജപ്പാനിൽ. അതിൽ അവരുടെ ജീവിത രീതിയും, ഭക്ഷണവും, അതിഥി മര്യാദയും ഒക്കെ ഉൾപ്പെടും. ഇവയൊന്നും അല്ലാതെ ജപ്പാൻകാരെ മറ്റു രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്ന മറ്റൊരു കാര്യം കൂടി ഉണ്ട്. ഒരുപക്ഷേ, നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളെ ആയാസകരമാക്കാൻ ആവശ്യമായ വിധത്തിൽ ഇത്രയേറെ കണ്ടുപിടുത്തങ്ങൾ നടത്തിയ മറ്റൊരു രാജ്യവും ഉണ്ടാകില്ല. അത്രത്തോളം ഉണ്ട് ജപ്പാൻകാരുടെ പുതുമയാർന്ന കണ്ടുപിടിത്തങ്ങൾ. ഇവയിൽ പലതും മറ്റു രാജ്യങ്ങൾക്കും അനുകരിക്കാവുന്നതു കൂടിയാണ്.
പുതുമയാർന്നതും അമ്പരപ്പിക്കുന്നതുമായ നിരവധി കാര്യങ്ങൾ ജപ്പാനിൽ ഉണ്ടെങ്കിലും അവയിൽ ഏറ്റവും ആകർഷകമായ ചില കാര്യങ്ങൾ ഇതാ:
ക്യാപ്സ്യൂൾ ഹോട്ടൽസ്
സ്ഥലപരിമിതിയെ മറികടക്കാൻ ജപ്പാൻകാരോളം വരില്ല ആരും എന്ന തെളിയിക്കുന്നതാണ് ക്യാപ്സ് ഹോട്ടൽസ്. സ്ഥലത്തിൻറെ അഭാവം കണക്കിലെടുത്ത് തുറസ്സായ സ്ഥലങ്ങൾ ഭക്ഷണം കഴിക്കുന്നതിനും ഡോർമിറ്ററികളായി ഉപയോഗിക്കുന്നതും ഒക്കെ എല്ലാ സ്ഥലങ്ങളിലും സാധാരണയായി ചെയ്തു വരുന്നതാണ്. എന്നാൽ, ജപ്പാൻകാർ ആകട്ടെ ഈ പ്രശ്നത്തെ വ്യക്തികളുടെ സ്വകാര്യതയെ മാനിച്ചും അതോടൊപ്പം കലാപരമായും ആണ് കൈകാര്യം ചെയ്യുന്നത്. ഒരു വലിയ തുറസായ സ്ഥലത്ത് ഓരോ വ്യക്തികൾക്കും സ്വന്തമായി താമസിക്കാൻ കഴിയും വിധമുള്ള ക്യാപ്സ്യൂൾ മോഡൽ ബെഡ്റൂം ആണ് ഇവർ ഒരുക്കിയിരിക്കുന്നത്. ഒരാൾക്ക് കിടക്കാൻ കഴിയുന്ന ഒരു ബെഡ്ഡും, വൈ വൈഫൈയും, ചാർജിങ് പോഡുകളും ടെലിവിഷനും ഉൾപ്പെടെയുള്ള സൗകര്യങ്ങളോടുകൂടിയ ക്യാപ്സ്യൂൾ ബെഡ്റൂമുകൾ ഏറെ ആകർഷകമാണ്. മാത്രമല്ല വളരെ ചെലവ് കുറഞ്ഞ ബജറ്റിൽ ഇവിടെ താമസിക്കാനും കഴിയും.
നിങ്ങൾക്കാവശ്യമുള്ള തലയണകൾ നിങ്ങൾക്ക് തന്നെ തിരഞ്ഞെടുക്കാം
വ്യക്തികളുടെ സ്വകാര്യതയെയും താല്പര്യങ്ങളെയും ജപ്പാൻകാർ എത്രമാത്രം മാനിക്കുന്നുണ്ട് എന്നതിന് തെളിവാണ് ഇത്. സാധാരണയായി നമ്മുടെ നാട്ടിൽ ഹോട്ടലുകളിലും മറ്റും മുറിയെടുക്കുമ്പോൾ അവിടെ എന്താണ് ഉള്ളത് അത് ഉപയോഗിക്കുക എന്നതാണ് രീതി. എന്നാൽ, ജപ്പാനിൽ മിക്കയിടത്തും അങ്ങനെയല്ല. ഹോട്ടലുകളിൽ മുറിയെടുക്കുമ്പോൾ ഇവിടെ നമ്മുടെ ഇഷ്ടാനുസരണം തലയിണകൾ തിരഞ്ഞെടുക്കാൻ കഴിയും. വലുപ്പം കൂടിയതോ കുറഞ്ഞതോ മാർദ്ദവമുള്ളതോ ഇങ്ങനെ ഏത് തരത്തിലുള്ള തലയിണകളും നമ്മുടെ ഇഷ്ടാനുസരണം ഇവിടെ ലഭ്യമാണ്.
ആർക്കും വേണമെങ്കിലും സ്‌ട്രോളറുകൾ
പലപ്പോഴും നമ്മുടെ നാട്ടിൽ ഷോപ്പിങ്ങിനും മറ്റും ഇറങ്ങുമ്പോൾ കാണുന്ന സ്ഥിരം കാഴ്ചയാണ് കുട്ടികളുമായി കഷ്ടപ്പെടുന്ന മാതാപിതാക്കൾ. സ്വന്തമായി സ്‌ട്രോളറുകൾ ഉള്ളവർ മാത്രമാണ് നമ്മുടെ നാട്ടിൽ സാധാരണയായി അത് ഉപയോഗിക്കാറ്. എന്നാൽ, ജപ്പാനിൽ അങ്ങനെയല്ല. എല്ലാ ഷോപ്പിംഗ് മാളുകളിലും മാതാപിതാക്കൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിൽ ആവശ്യാനുസരണം സ്‌ട്രോളറുകൾ ഇവിടെ സൗജന്യമായി ലഭ്യമാണ്. ഷോപ്പിംഗ് അവസാനിക്കും വരെ യഥേഷ്ടം ഇവ ഉപയോഗിക്കാം.
ഭാരമുള്ള വസ്തുക്കൾ കൊണ്ടുപോകാൻ ട്രോളികൾ
സാധാരണയായി യാത്ര കഴിഞ്ഞു വരുമ്പോൾ ഭാരമുള്ള ലഗേജുകളും ആയി സ്റ്റെപ്പുകൾ കയറിയിറങ്ങിയും മറ്റും നമ്മൾ മടുക്കാറുണ്ട്. എന്നാൽ ജപ്പാനിൽ ഈ പ്രശ്നമില്ല. എല്ലാ പൊതുവിടങ്ങളിലും ഭാരമുള്ള സാധനങ്ങൾ ഒരാൾക്ക് വളരെ അനായാസകരമായി കൊണ്ടുപോകാൻ സാധിക്കുന്ന വിധത്തിലുള്ള പ്രത്യേകം തയ്യാറാക്കിയ കാർട്ടുകൾ ഇവിടെ ലഭ്യമാണ്. വളരെ എളുപ്പത്തിൽ പടികൾ കയറാനും ഇറങ്ങാനും കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.
കുട്ടികൾക്കായുള്ള ടോയ്ലറ്റ്
സാധാരണ നമ്മുടെ നാട്ടിൽ എവിടെയും കാണാത്ത ഒരു രീതിയാണ് ഇത്. പൊതുവിടങ്ങളിലും മറ്റും മുതിർന്നവർക്ക് മാത്രമാണ് ടോയ്ലറ്റുകൾ കാണാറുള്ളത്. അതുകൊണ്ടുതന്നെ കുട്ടികൾ പലപ്പോഴും ഇത് ഉപയോഗിക്കുമ്പോൾ ആകെ വൃത്തിഹീനമായി ഇടാറുമുണ്ട്. എന്നാൽ ജപ്പാനിൽ അങ്ങനെയല്ല. പൊതുവിടങ്ങളിൽ ഒപ്പം തന്നെ കുട്ടികൾക്കായുള്ള പ്രത്യേക ടോയ്ലറ്റുകൾ ഉണ്ട്. വളരെ ആകർഷകമായ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ടോയ്‌ലറ്റ് കുട്ടികൾക്ക് യാതൊരു ബുദ്ധിമുട്ടുകളും കൂടാതെ എളുപ്പത്തിൽ ഉപയോഗിക്കുവാനും കഴിയും.