അവിടെത്തിയാല്‍ ശാന്തന്‍ ദൈവത്തോട് പറയും, 'പറ്റില്ലെങ്കില്‍ പറയ്, നമ്മക്കൊര് ടീമുണ്ട്'
അകാലത്തില്‍ വിടപറഞ്ഞ നാടകപ്രതിഭ എ ശാന്തകുമാറിനെക്കുറിച്ച് സുഹൃത്തും നാടകപ്രവര്‍ത്തകനുമായ എം യു പ്രവീണ്‍ എഴുതുന്നു.
ശരീരാധിഷ്ഠിതമായ ഉത്തരാധുനിക -അക്കാദമിക് അരങ്ങുകളിലേക്ക് അയാളുടെ നാടകസാഹിത്യം ട്രോജന്‍ കുതിര പോലെ നുഴഞ്ഞുകയറി ഒരെതിര്‍ ചേരിയുണ്ടാക്കി. ഭാഷ മരിച്ചില്ലെന്നും അരങ്ങിലെ കഥാപാത്രങ്ങള്‍ക്ക് നാടകീയമായ ഭാഷണങ്ങള്‍ ഇന്നും ഉതകുമെന്നും ശാന്തേട്ടന്‍ തന്റെ കൃതികളിലൂടെ ഉറപ്പിച്ചു പറഞ്ഞു. അക്കാദമിക് കോറസുകള്‍ അയാളുടെ നാടകങ്ങളെ തൊട്ടതേയില്ല. എന്നാല്‍ യൂണിവേഴ്‌സിറ്റികള്‍ അദ്ദേഹത്തിന്റെ നാടകങ്ങള്‍ പഠിപ്പിച്ചു.
എ ശാന്തകുമാര്‍
1997 മുതലാണ് എ ശാന്തകുമാര്‍ എന്ന ശാന്തേട്ടനെ കാണാന്‍ തുടങ്ങിയത്. ഞാനന്ന് കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ പഠിക്കുകയാണ്. സൗഹൃദങ്ങള്‍ പലതും കോഴിക്കോട് ഗവ. ആര്‍ട്‌സ് കോളജില്‍ ആയിരുന്നതിനാല്‍ വൈകുന്നേരം മാനാഞ്ചിറയില്‍ എത്തും മുമ്പ് ആര്‍ട്‌സ് കോളജില്‍ ഒരു സന്ദര്‍ശനമുണ്ടാകും. അക്കാലത്ത് ശാന്തേട്ടന്റെ ഏട്ടന്‍ എ സോമന്‍ അവിടെ പഠിപ്പിക്കുന്നുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൈക്കൂലി വാങ്ങിയ ഒരു ഡോക്ടറെ ജനകീയ വിചാരണ നടത്തിയ ആളാണ് സോമന്‍ മാഷ്. എനിക്കാദ്യം സോമന്‍ മാഷുമായി ആയിരുന്നു അടുപ്പം.
അക്കാലത്ത് ടൗണ്‍ഹാളില്‍ നടന്ന ഒരു ബ്രഹ്ത് അനുസ്മരണത്തിന് 'എമ്പറര്‍ ജോണ്‍സ്' എന്ന നാടകം കഴിഞ്ഞുള്ള സ്വകാര്യ ചര്‍ച്ചയില്‍ ശാന്തേട്ടനെ കുറിച്ച് പറയുന്നത് സോമന്‍ മാഷാണ്.
ശാന്തകുമാര്‍ അപ്പോഴേക്കും കേരളത്തിലെ മികച്ച നാടകകൃത്തുക്കളില്‍ ഒരാളായി മാറിയിരുന്നു. ഒരു പത്താം ക്ലാസുകാരിയുടെ ചോര പടര്‍ന്ന കമ്മീസുമായി 'സുഖനിദ്രകളിലേക്ക്' എന്ന നാടകം അദ്ദേഹം അവതരിപ്പിക്കുമ്പോള്‍ അത് കാണാന്‍ ഞാനും പോയിരുന്നു. കയ്യില്‍ ഒരു കത്തി മുറുകെ പിടിച്ച് ഉറങ്ങാന്‍ ശ്രമിക്കുന്ന പത്താം ക്ലാസുകാരിയായിരുന്നു മുഖ്യ കഥാപാത്രം. കരഞ്ഞുകൊണ്ടു മാത്രമേ ആ നാടകം കണ്ടുതീര്‍ക്കാനായുള്ളൂ.
ശാന്തന്റെ നാടകങ്ങളിലൊന്ന്
അത്ഭുതകരമാം വണ്ണം സൂക്ഷ്മനിരീക്ഷണങ്ങളായിരുന്നു ശാന്തേട്ടന്റെ നാടകങ്ങളുടെ ജീവന്‍. കാമനയും നീതികേടുകളും നിലവിളികളും അടങ്ങിയ മനുഷ്യാവസ്ഥകളെയും വികാരങ്ങളെയും ജീവിതത്തിന്റെ അരികു പറ്റി ജീവിക്കുന്ന കഥാപാത്രങ്ങളുടെ ജീവിത സാഹചര്യങ്ങളുമായി ചേര്‍ത്ത് വെച്ച് അയാള്‍ അസാധ്യ നാടകങ്ങള്‍ എഴുതി അരങ്ങിനെയും നാടക രചനാ രീതികളേയും അമ്പരപ്പിച്ചു. നിരന്തര കലഹമായിരുന്നു ആ നാടകങ്ങളുടെ ജീവിത ലക്ഷ്യം. വാമൊഴിയുള്‍പ്പെടെ ഭാഷാധിഷ്ഠിതമായിരുന്നു ആ രചനാരീതികള്‍. ശരീരാധിഷ്ഠിതമായ ഉത്തരാധുനിക -അക്കാദമിക് അരങ്ങുകളിലേക്ക് അയാളുടെ നാടകസാഹിത്യം ട്രോജന്‍ കുതിര പോലെ നുഴഞ്ഞുകയറി ഒരെതിര്‍ ചേരിയുണ്ടാക്കി.
ഭാഷ മരിച്ചില്ലെന്നും അരങ്ങിലെ കഥാപാത്രങ്ങള്‍ക്ക് നാടകീയമായ ഭാഷണങ്ങള്‍ ഇന്നും ഉതകുമെന്നും ശാന്തേട്ടന്‍ തന്റെ കൃതികളിലൂടെ ഉറപ്പിച്ചു പറഞ്ഞു. അക്കാദമിക് കോറസുകള്‍ അയാളുടെ നാടകങ്ങളെ തൊട്ടതേയില്ല. എന്നാല്‍ യൂണിവേഴ്‌സിറ്റികള്‍ അദ്ദേഹത്തിന്റെ നാടകങ്ങള്‍ പഠിപ്പിച്ചു.
എ ശാന്തകുമാര്‍ പല കാലങ്ങളില്‍
ശാന്തന്റെ കഥാപാത്രങ്ങളില്‍ മുഴുവനും ദളിതരായിരുന്നു. അല്ലെങ്കില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍. 'പ്രണയ കഥകളി'യെന്ന നാടകം പോലും കോരപ്പന്റേയും കാന്തയുടേയും പാവിരിയിലാണ് അവസാനിക്കുന്നത്.
ശാന്തന്‍ തന്റെ കൃതികളില്‍ ആദ്യം എല്ലാം തകര്‍ക്കുകയാണ് പതിവ്, പിന്നീട് അലറിക്കൊണ്ട് ഓരോന്നായി എടുത്തു വയ്ക്കും, മഴയും വെയിലും പ്രതീക്ഷയും പ്രണയവും എല്ലാം.
'വീടുകള്‍ക്ക് എന്ത് പേരിടും' എന്നൊരു നാടകമുണ്ട് ഏകാന്തതയെ ഇത്ര ഭീതിദമായി അനുഭവിപ്പിച്ച മറ്റൊരു നാടകം ഉണ്ടാവില്ല. 'ദാഹം' എന്ന നാടകത്തിന്റെ പ്രവേശികയില്‍ ശാന്തന്‍ ഇങ്ങനെ എഴുതുന്നു, 'താങ്ങാനാകാത്ത വില കൊടുത്താല്‍ മാത്രം ജീവിക്കാവുന്ന ഒരു ലോകമുണ്ട്.' ചാത്തുക്കുട്ടി എന്ന വെടിമരുന്നു പോലൊരു സാധാരണക്കാരനാണിത് പറയുന്നത്. നാടകത്തിനൊടുവില്‍ കളവുപോയ കിണറ്റിലെ ജലം അന്വേഷിച്ച് കിണറ്റിന്റെ ഇരുട്ടിലേക്ക് ഊളിയിടുന്ന ചാത്തുക്കുട്ടി! ജലക്കച്ചവടം എന്ന ഭീകര കോര്‍പ്പറേറ്റ് കച്ചവടത്തിനെതിരെ ശാന്തകുമാര്‍ മുറുക്കി യുടുത്ത രാഷ്ട്രീയ കച്ചയായിരുന്നു ആ നാടകം.
ടാഗോറിന്റെ മുക്തധാരയിലാണ് ഇതിനു മുമ്പ് ഇത്ര ശക്തമായ ഒരു കഥാപാത്രത്തെ കണ്ടത്. ശാന്തകുമാറിന്റെ ദാഹം പ്രാദേശികമായ ജലക്കച്ചവടത്തിനെതിരെയുള്ള നാടക യുദ്ധമായിരുന്നു. അതിലെ ചാത്തുക്കുട്ടി ചോദ്യങ്ങളുടെ ഒരു പെരുങ്കടലായിരുന്നു. അശാന്തിയോട് അത്രമാത്രം പൊരുതിയ ശാന്തനെന്ന നാടകകൃത്തുമായി ആ കഥാപാത്രത്തിന് അപാര സാമ്യമുമുണ്ടായിരുന്നു.
തിരശ്ശീല ഉയരുന്നതിന് തൊട്ടുമുമ്പ്, ശാന്തന്‍. ഒരു നാടക അരങ്ങില്‍നിന്നുള്ള ചിത്രം
ശാന്തകുമാര്‍ മരിച്ചു പോയി എന്ന് ഞാന്‍ കരുതുന്നില്ല, ഭൂമിയിലെ തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച് ദൈവത്തോട്,
'ഓയ് നിങ്ങള്‍ക്ക് പറ്റില്ലെങ്കില്‍ പറയ്, നമ്മക്കൊര് ടീമുണ്ട്' എന്ന് പറയാന്‍ പോയതായി തോന്നുന്നു.
കോഴിക്കോട് നഗരത്തിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ സാധാരണക്കാര്‍ക്കുള്ള മറ്റൊരു ബാറുമുണ്ട് -കണ്‍ട്രി ലഗൂണ്‍. നാടകരെല്ലാം അവിടെ സായാഹ്ന ചര്‍ച്ചയ്ക്ക് കുടിയേറും. ശാന്തന്‍ നാലെണ്ണം അടിച്ച് കത്തിക്കയറും. പുള്ളിപ്പയ്യും ചിരുതയും എല്ലാം അവിടെ നിന്ന് അദ്ദേഹം നേരിട്ട് പറഞ്ഞിട്ടുണ്ട്.
അവിടെ കള്ളൊഴിക്കുന്ന ഒരു മാനേജര്‍ ഉണ്ട്-സുരേന്ദ്രന്‍ ഉണ്ണി എന്ന ഉഗ്രന്‍ നാടകകൃത്ത്. പോരേ പൂരം. വൈകുവോളം അവിടെ നാടക ചര്‍ച്ചകളാണ്. നിന്ദിതരേയും പീഡിതരേയും കുറിച്ച് മാത്രം സംസാരിക്കുന്നവര്‍. ആരെയും ട്രോളാത്തവരുടെ ഒരു വലിയ കൂട്ടം. ശാന്തനായിരുന്നു അവരുടെ നേതാവ്. നിരവധി ക്ഷുഭിതയൗവനങ്ങളുടെ സൗഹൃദ സമ്പത്തിനാല്‍ ധനികനായിരുന്നു ശാന്തകുമാര്‍.
എ ശാന്തകുമാര്‍
ആ നഗരത്തിലെ അലക്കുകാരും ഭ്രാന്തരും ജീവിക്കാന്‍ മറ്റു വഴികളില്ലാത്ത സ്ത്രീകളും ബംഗ്ലാദേശ് കോളനിയിലെ മനുഷ്യരും എല്ലാം ഗാന്തന്റെ നാടകത്തിലെ കഥാപാത്രങ്ങളായി. ആധുനിക മലയാള നാടക രചയിതാക്കളില്‍ ഒന്നാമതാണ് ശാന്തകുമാറിന്റെ സ്ഥാനം. ഓരോ വാക്കിലും നിലവിളി മുഴങ്ങുന്ന രചനാപാടവം.
'ഒറ്റരാത്രിയുടെ കാമുകിമാര്‍' എന്ന നാടകം ഉണ്ടാകുന്നത് നഗരത്തിന്റെ രാത്രികളുടെ തേങ്ങലില്‍ നിന്നാണ്.
അതിനെല്ലാം ശേഷമാണ്, 'നാസര്‍ നിന്റെ പേരെന്താണ്' എന്ന നാടകം എഴുതുന്നത്. പേരില്‍ പോലും ഭയത്തെ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന ഭരണകൂട ഭീകരതയ്ക്ക് എതിരെയായിരുന്നു ആ നാടകം. ആ നാടകം മാത്രമല്ല അയാളുടെ എല്ലാ നാടകങ്ങളും തുടങ്ങുന്നതും അവസാനിക്കുന്നതും അങ്ങനെയാണ്. അധികാരത്തിനെതിരെയുള്ള ജീവിവര്‍ഗങ്ങളുടെ നിരന്തര സമരമായിരുന്നു ശാന്തന്റെ നാടകങ്ങള്‍.
സംഗീത നാടക അക്കാദമി പുരസ്‌കാരം നേടിയ 'പെരുങ്കൊല്ലന്‍' ഉള്‍പ്പെടെ നൂറുകണക്കിന് നാടകങ്ങള്‍ എഴുതിയിട്ടുണ്ട്, 'ഭൂമിയിലെ മനോഹര സ്വകാര്യം' സിനിമയുമായി. സാഹിത്യ അക്കാദമി പുരസ്‌കാരം, അബുദാബി ശക്തി പുരസ്‌കാരം, തോപ്പില്‍ ഭാസി പുരസ്‌കാരം, തുടങ്ങി ശാന്തനെ തേടിയെത്താത്ത പുരസ്‌കാരങ്ങള്‍ ഇല്ല. 'കുരുടന്‍ പൂച്ച', 'ഒരു ദേശം നുണ പറയുന്നു', 'കറുത്ത വിധവ', 'കര്‍ക്കിടകം' തുടങ്ങിയ നാടക സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ശാന്തനെ മരണത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ല, അയാള്‍ അവശേഷിപ്പിച്ച നാടക രചനകള്‍ ബാക്കിയുള്ള കാലത്തോളം ആ ജീവിതഭാഷ അരങ്ങില്‍ നിന്നും അരങ്ങിലേക്ക് പടരുകതന്നെ ചെയ്യും.