കമ്പ്യൂട്ടർ മാൻ, ഡ്രിങ്ക് വാട്ടർ, മാക്രോണി: വിചിത്രമായ ചില പേരുകളുള്ള മനുഷ്യർ!

അവന് മൂന്ന് വയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. അതിനാല്‍ അച്ഛനോട് നേരിട്ട് ചോദിക്കാനായില്ല. ഏതായാലും ഈ പേര് അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടിയാണ് ലിമ്മിന്. 

his original name is computer man

'കമ്പ്യൂട്ടര്‍ മാന്‍' എന്നൊരാള്‍ക്ക് പേരുണ്ടാകുമോ? ഉണ്ട്, ഫിലിപ്പൈൻസിലെ ആൽബെ പ്രവിശ്യയിൽ ജനിച്ച ഈ 22 -കാരന്റെ പേര് കമ്പ്യൂട്ടർ മാൻ ഡിയോളോള ലിം എന്നാണ്. “എന്‍റെ പേര് ഇതാണ് എന്ന് അറിയുമ്പോള്‍ എല്ലാവരും അന്തം വിടും. പിന്നെ, അവരോട് പേരെങ്ങനെ വന്നു എന്ന് വിശദീകരിക്കേണ്ടിയും വരും. ഞാൻ കോളേജ് പ്രവേശന പരീക്ഷാഫലങ്ങൾ നോക്കാന്‍ പോയപ്പോൾ, അഡ്മിനിസ്ട്രേറ്റർമാർ ആദ്യം ചോദിച്ചത് എന്റെ പേരിനെക്കുറിച്ചാണ്. കമ്പ്യൂട്ടർ മാൻ എന്ന പേര് കേട്ടപ്പോൾ ഞാൻ കളി പറയുകയാണ് എന്നാണ് എല്ലാവരും വിചാരിച്ചത്. ” ലിം പറയുന്നു. 

ഇതുപോലുള്ള പേരുകൾ ഫിലിപ്പൈൻ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലാകാറുണ്ട്. ഈ വർഷത്തിന്റെ തുടക്കത്തിൽ, ഒരു കുഞ്ഞിന് ഗ്ലൈൻ‌നൈൽ ഹിൽ‌ഹൈർ യെസിഗൈൽ (Glhynnyl Hylhyr Yzzyghyl) അഥവാ വ്യഞ്ജനാക്ഷരമെന്ന് പേരിട്ടതും വാര്‍ത്തയായിരുന്നു. ആ പേരിന്റെ പ്രത്യേകത അതിൽ സ്വരാക്ഷരങ്ങളില്ല എന്നതായിരുന്നു. 'ഡ്രിങ്ക് വാട്ടർ റിവേറ' എന്ന പേരുള്ളയാളും ഉണ്ട്. ഡ്രിങ്ക് വാട്ടറിന്റെ സഹോദരന്മാരുടെ പേരുകൾ അതിലും രസകരമാണ്, 'മാക്രോണി 85, സ്പാഗെട്ടി 88, സിന്‍സിയേര്‍ലി യുവർസ് 98' എന്നൊക്കെയാണത്.

പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, സ്പാഗെട്ടി 88 കുടുംബത്തിൽ ഇത്തരം പേരുകൾ നിലനിർത്തുന്നു. അവളുടെ കുട്ടികൾക്ക് ചീസ് പിമിയന്റോ, പാർമെസൻ ചീസ് എന്ന് പേരിട്ടുവത്രെ. മാക്രോണി തന്റെ കുട്ടിക്ക് ഹൈപ്പർടെക്സ്റ്റ് മാർക്ക്അപ്പ് ലാംഗ്വേജ് അല്ലെങ്കിൽ എച്ച്ടിഎംഎൽ എന്നാണ് പേരിട്ടത്. വാസ്തവത്തിൽ, ഈ HTML -നെക്കുറിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റിൽ അഭിപ്രായമിട്ടതിന് ശേഷമാണ് ലിം വൈറലായത്. "ക്ലബ്ബിലേക്ക് സ്വാഗതം! കമ്പ്യൂട്ടർ മാൻ എന്റെ യഥാർത്ഥ പേര്” എന്നാണ് ലിം ആ പോസ്റ്റിൽ കമന്റ് ചെയ്തത്. 

ഇപ്പോള്‍ പലരും എന്നോട് എന്‍റെ ജനന സര്‍ട്ടിഫിക്കറ്റ് കാണിക്കാനാണ് പറയുന്നത് എന്നും ലിം പറയുന്നു. പല സമയത്തും ലിം തന്‍റെ നിക്ക്നെയിമായ സിമാന്‍ എന്ന പേരിലാണ് പരിചയപ്പെടുത്തുന്നത്. എന്നാല്‍, മുഴുവന്‍ പേരും വെളിപ്പെടുത്തേണ്ട ഘട്ടം വന്നാല്‍ ആളുകള്‍ അന്തം വിട്ട് നോക്കാന്‍ തുടങ്ങും. പിന്നെ വിശദീകരണവും നല്‍കേണ്ടി വരും. സ്കൂളില്‍ നിന്നും പേരിന്‍റെ പേരില്‍ ഒറ്റപ്പെടുത്തലുകളോ മറ്റോ ഉണ്ടായിട്ടില്ല എന്നും ലിം പറയുന്നു. എന്നാല്‍, കമ്പ്യൂട്ടര്‍ മാന്‍ എന്ന യഥാര്‍ത്ഥ പേരില്‍ ഒരു ഫേസ്ബുക്ക് അക്കൌണ്ട് തുടങ്ങാന്‍ കാലങ്ങളായി ലിം ശ്രമിക്കുന്നുണ്ട്. എന്നാല്‍, അതിന് സാധിക്കുന്നില്ല. അങ്ങനെ ചെയ്യാന്‍ നോക്കുമ്പോഴെല്ലാം കമ്പനിയോ ഓര്‍ഗനൈസേഷനോ ആയി അക്കൌണ്ട് 
ക്രിയേറ്റ് ചെയ്യാനാണ് ഫേസ്ബുക്ക് ആവശ്യപ്പെടുന്നത്. 

അടുത്തിടെ ലിം മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. തന്‍റെ പേര് തന്‍റെ കരീറിനെങ്കിലും ഫിറ്റാണ് എന്നാണ് ഇപ്പോള്‍ ലിം ആശ്വസിക്കുന്നത്. വൈ 2 കെ ബഗിനോടുള്ള പ്രതികരണമായി തന്റെ പിതാവാണ് കമ്പ്യൂട്ടർ മാൻ എന്ന് പേരിട്ടതെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യ, ബാങ്കിംഗ്, ഊർജ്ജ നിലയങ്ങൾ, ഗതാഗതം, മറ്റ് വ്യവസായങ്ങൾ എന്നിവയിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ചിലർ വിശ്വസിച്ചു. എന്നിരുന്നാലും, പുതിയ മില്ലേനിയം വന്നാൽ എല്ലാ കമ്പ്യൂട്ടറുകളും അപ്രത്യക്ഷമാകുമെന്നാണ് ലിമിന്റെ അച്ഛൻ മനസ്സിലാക്കിയത്. അങ്ങനെ വരുമ്പോള്‍ മകന് അങ്ങനെയൊരു പേരിട്ടാല്‍ ആ കമ്പ്യൂട്ടറെങ്കിലും നിലനില്‍ക്കുമല്ലോ എന്ന് അദ്ദേഹം കരുതിയത്രെ. 

ലിമ്മിന്‍റെ അമ്മയും ബന്ധുക്കളും പറഞ്ഞുകൊടുത്ത കഥയാണിത്. അവന് മൂന്ന് വയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. അതിനാല്‍ അച്ഛനോട് നേരിട്ട് ചോദിക്കാനായില്ല. ഏതായാലും ഈ പേര് അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടിയാണ് ലിമ്മിന്. ഓരോ തവണ സ്വന്തം പേര് വായിക്കുമ്പോഴും അച്ഛനെ കുറിച്ചോര്‍ക്കും. അതുകൊണ്ടാണ് അസാധാരണമായ പേരാണെങ്കിലും താനതിനെ സ്നേഹിക്കുന്നത് എന്ന് ലിം വൈസ് ന്യൂസിനോട് പറഞ്ഞു. 
 

Latest Videos
Follow Us:
Download App:
  • android
  • ios