സംസ്‌കാരം പഠിപ്പിക്കാന്‍ കാശിറക്കി സര്‍ക്കാര്‍, മുട്ടന്‍ പണി കൊടുത്ത് പിള്ളേര്‍!
എന്നാല്‍, സംഭവിച്ചത് രസകരമായ കാര്യമാണ്. ഉന്നത മൂല്യമുള്ള പുസ്തകങ്ങള്‍ വാങ്ങാനോ കലാപരമായി മെച്ചപ്പെട്ട സിനിമ കാണാനോ ക്ലാസിക്കല്‍ സംഗീത പരിപാടി കാണാനോ കലാമ്യൂസിയങ്ങളിലേക്കുള്ള ടിക്കറ്റെടുക്കാനോ നില്‍ക്കാതെ, 18 വയസ്സുകാരൊക്കെ വാങ്ങിച്ചുകൂട്ടിയതിലേറെയും ജപ്പാനില്‍നിന്നും വരുന്ന തട്ടുപൊളിപ്പന്‍ മാംഗ കോമിക്കുകളാണ്!
പുതുതലമുറയെ സാംസ്‌കാരികമായി ഉയര്‍ത്താനാണ് ഫ്രഞ്ച് സര്‍ക്കാര്‍ ഈയടുത്ത് 'കള്‍ച്ചര്‍ പാസ്' എന്ന പദ്ധതി ആവിഷ്‌കരിച്ചത്. 18 വയസ്സുകാര്‍ക്ക് മൊബൈല്‍ ആപ്പ് വഴി സര്‍ക്കാര്‍ 300 യൂറോ (26,500 രൂപ) നല്‍കും. അവര്‍ക്കിതിന് സാംസ്‌കാരികമായ വളര്‍ച്ച സാദ്ധ്യമാക്കുന്ന പല കാര്യങ്ങളും ചെയ്യാം. മികച്ച പുസ്തകങ്ങള്‍ വാങ്ങാം, മ്യൂസിയം സന്ദര്‍ശിക്കാം, നാടകം കാണാം, നൃത്തമോ, സംഗീതമോ പഠിക്കാം എന്നിങ്ങനെയാണ് സര്‍ക്കാര്‍ നല്‍കിയ സൗകര്യങ്ങള്‍. വയലന്‍സില്ലാത്ത വീഡിയോ ഗെയിം വാങ്ങാം, പക്ഷേ, ഒരു കണ്ടീഷനുണ്ട്, ഇതെല്ലാം ഫ്രാന്‍സിന്റെ സാംസ്‌കാരിക തനിമ ഉദ്‌ഘോഷിക്കുന്നതായിരിക്കണം.
എന്നാല്‍, സംഭവിച്ചത് രസകരമായ കാര്യമാണ്. ഉന്നത മൂല്യമുള്ള പുസ്തകങ്ങള്‍ വാങ്ങാനോ കലാപരമായി മെച്ചപ്പെട്ട സിനിമ കാണാനോ ക്ലാസിക്കല്‍ സംഗീത പരിപാടി കാണാനോ കലാമ്യൂസിയങ്ങളിലേക്കുള്ള ടിക്കറ്റെടുക്കാനോ നില്‍ക്കാതെ, 18 വയസ്സുകാരൊക്കെ വാങ്ങിച്ചുകൂട്ടിയതിലേറെയും ജപ്പാനില്‍നിന്നും വരുന്ന തട്ടുപൊളിപ്പന്‍ മാംഗ കോമിക്കുകളാണ്!
ഈ മാസം വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ യുവാക്കള്‍ ആപ്പ് വഴി വാങ്ങിയിരിക്കുന്നതില്‍ 75 ശതമാനത്തിലധികവും പുസ്തകങ്ങളാണ്. ആ പുസ്തകങ്ങളിലാവട്ടെ, മൂന്നില്‍ രണ്ട് ഭാഗവും ജാപ്പനീസ് മാംഗ കോമിക്കുകളാണ്. ഫ്രാന്‍സിന്റെ സാംസ്‌കാരിക നവോത്ഥാനം മുന്നില്‍ കണ്ടിറക്കിയ പദ്ധതി പാളിപ്പോയോ എന്ന സംശയത്തിലാണ് അധികാരികള്‍.
അപ്രതീക്ഷിതമായിവന്ന കൊവിഡ് മഹാമാരിയെതുടര്‍ന്ന് നിര്‍ജീവമായ ഫ്രാന്‍സിന്റെ സാംസ്‌കാരിക മേഖലയെ ഒന്നുണര്‍ത്തി എടുക്കാന്‍ എന്നു പറഞ്ഞാണ് 18 വയസുള്ള യുവാക്കള്‍ക്ക് സര്‍ക്കാര്‍ 'കള്‍ച്ചര്‍ പാസ്' എന്ന പേരില്‍ സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷന്‍ കൊണ്ടുവന്നത്. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഓരോരുത്തര്‍ക്കും 300 യൂറോ ലഭിക്കും. ഇത് സാംസ്‌കാരിക കാര്യങ്ങള്‍ക്ക് ഉപയോഗിക്കണം.
മെയ് മാസത്തിലാണ് ആപ്പ് നിലവില്‍ വന്നത്. ആപ്പില്‍ 8,000 ത്തിലധികം സ്ഥാപനങ്ങളുടെയും ബിസിനസ്സുകളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 18 തികഞ്ഞ ഓരോ ഫ്രഞ്ചുകാരനും പാസ് ഉപയോഗിച്ച് രണ്ട് വര്‍ഷം വരെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. ഈ പണം ഉപയോഗിച്ച് പുസ്തകങ്ങള്‍, സംഗീതോപകരണങ്ങള്‍ എന്നിവ വാങ്ങാം. അല്ലെങ്കില്‍ സിനിമാ പ്രദര്‍ശനങ്ങള്‍, നാടകങ്ങള്‍, ക്ലാസിക്കല്‍ സംഗീത പരിപാടികള്‍, മ്യൂസിയം പ്രദര്‍ശനങ്ങള്‍ എന്നിവ കാണാം. അതുമല്ലെങ്കില്‍ നൃത്ത, കലാ പരിശീലന പരിപാടികള്‍ക്ക് ചേരാം. ഇറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ ആപ്പ് യുവാക്കള്‍ക്കിടയില്‍ വലിയ പ്രചാരം നേടി.
അതിനിടെയാണ് ഈ കാശു കൊണ്ട് ചെറുപ്പക്കാര്‍ എന്തൊക്കെയാണ് ചെയ്തത് എന്ന കണക്കുകള്‍ പുറത്തുവന്നത്. അതോടെ, ഫ്രഞ്ച് സംസ്‌കാരം പരിപോഷിപ്പിക്കാനുള്ള പദ്ധതി ജപ്പാന്‍ പുസ്തക വിപണിക്കാണ് ഗുണം ചെയ്തതെന്ന് വിമര്‍ശനം ഉയര്‍ന്നത്.
പല വിധ വിമര്‍ശനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുണ്ട്. എട്ടുലക്ഷത്തിന് മീതെ വരുന്ന കൗമാരക്കാരെ സൗജന്യമായി സിനിമ കാണിക്കാന്‍ നികുതിദായകരുടെ പണം ഈ വിധം പാഴാക്കുന്നത് ശരിയല്ലെന്നാണ് ഇതിനെ എതിര്‍ക്കുന്നവരുടെ പക്ഷം. പദ്ധതിക്ക് ഈ വര്‍ഷം തന്നെ 80 ദശലക്ഷം യൂറോ ചിലവായി. ഇത് അടുത്ത വര്‍ഷം ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാംസ്‌കാരിക മന്ത്രാലയത്തിന്റെ ഏകദേശം 4 ബില്ല്യണ്‍ യൂറോ ബജറ്റിന്റെ ഒരു വലിയ ഭാഗം ആപ്പ് കൊണ്ടുപോവുമെന്നാണ് കരുതുന്നത്.
അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചെറുപ്പക്കാരുടെ വോട്ടു വാരിക്കൂട്ടാനാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആപ്പുമായി രംഗത്തിറങ്ങിയത് എന്നും വിമര്‍ശനമുണ്ട്. ആപ്പിന് അതിനാല്‍ തന്നെ പ്രസിഡന്‍ഷ്യല്‍ ഗാഡ്ജെറ്റ് എന്ന പരിഹാസപ്പേരും വീണുകഴിഞ്ഞു.