ആദ്യമായി ഇന്ത്യയിൽ നിന്നും കടത്തിക്കൊണ്ടുപോയ പുരാവസ്തുക്കൾ തിരികെ നൽകാൻ യുകെ മ്യൂസിയം
ഇതാദ്യമായിട്ടല്ല ഗ്ലാസ്‌ഗോ മ്യൂസിയം മറ്റ് രാജ്യങ്ങളിൽ നിന്നും കടത്തിക്കൊണ്ടു വരുന്ന വസ്തുക്കൾ തിരികെ നൽകുന്നത്. കുറേക്കാലങ്ങളായി ഇങ്ങനെ വസ്തുക്കൾ സ്വന്തം രാജ്യത്തിന് നൽകുന്ന പ്രവർത്തനങ്ങൾ തുടർന്ന് വരികയാണ് എന്ന് ഗ്ലാസ്‌ഗോ മ്യൂസിയം തലവൻ ഡങ്കൻ ഡോർനാൻ പറയുന്നു.
ഇന്ത്യയിൽ നിന്നും കടത്തിയ പുരാവസ്തുക്കൾ ഇന്ത്യയ്ക്ക് തന്നെ തിരികെ നൽകുമെന്ന് ഗ്ലാസ്‌ഗോ മ്യൂസിയം. ഇത് സംബന്ധിച്ച കരാറിൽ ഇതിനകം തന്നെ ഒപ്പുവച്ചു കഴിഞ്ഞു. യുകെയിലെ ഒരു മ്യൂസിയത്തിൽ നിന്ന് ഇന്ത്യയിലേക്ക് ആദ്യമായിട്ടാണ് ഇങ്ങനെ കടത്തിക്കൊണ്ടു പോയ വസ്തുക്കൾ തിരികെ കൊണ്ടുവരുന്നത്.
14 -ാം നൂറ്റാണ്ടിലെ കൊത്തുപണികളും 11-ാം നൂറ്റാണ്ടിലെ കൽവാതിൽ ജാമുകളും ഉൾപ്പെടെ ആറ് ഇനങ്ങളാണ് 19 -ാം നൂറ്റാണ്ടിൽ ആരാധനാലയങ്ങളിൽ നിന്നും ക്ഷേത്രങ്ങളിൽ നിന്നും മോഷ്ടിക്കപ്പെട്ടതായിട്ടുള്ളത്. 1905 -ൽ ഹൈദരാബാദ് നൈസാമിന്റെ ശേഖരത്തിൽ നിന്ന് അദ്ദേഹത്തിന്റെ പ്രധാനമന്ത്രി മോഷ്ടിച്ച ആചാരപരമായ വാളാണ് ഏഴാമത്തെ വസ്‌തു. പിന്നീട് അദ്ദേഹം അത് ബ്രിട്ടീഷ് ജനറൽ സർ ആർക്കിബാൾഡ് ഹണ്ടറിന് വിറ്റു.
ഇവയെല്ലാം തന്നെ പിന്നീട് ഗ്ലാസ്‌ഗോ മ്യൂസിയത്തിന് നൽകി. കാൺപൂർ, കൊൽക്കത്ത, ഗ്വാളിയോർ, ബിഹാർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ളവയാണ് അവയെന്ന് കരുതുന്നു എന്ന് ഗ്ലാസ്‌ഗോ മ്യൂസിയം അറിയിച്ചു. അതിൽ ചില വസ്തുക്കൾ ആയിരം വർഷം വരെ പഴക്കമുള്ളവയാണ്. ഇന്ത്യൻ ഹൈക്കമ്മീഷണറുടെ ചുമതലയുള്ള സുജിത് ഘോഷ് വസ്തുക്കൾ തിരികെ തരുന്നതിനെ സ്വാഗതം ചെയ്തു.
അദ്ദേഹം പറഞ്ഞു: “ഈ പുരാവസ്തുക്കൾ നമ്മുടെ നാഗരിക പൈതൃകത്തിന്റെ അവിഭാജ്യ ഘടകമാണ്. അവ ഇപ്പോൾ നാട്ടിലേക്ക് അയയ്‌ക്കുന്നു എന്നത് സന്തോഷം നൽകുന്നു. ഇത് സാധ്യമാക്കിയ എല്ലാവരോടും, പ്രത്യേകിച്ച് ഗ്ലാസ്‌ഗോ ലൈഫിനും ഗ്ലാസ്‌ഗോ സിറ്റി കൗൺസിലിനും ഞങ്ങളുടെ അഭിനന്ദനം അറിയിക്കുന്നു.“
ഇതാദ്യമായിട്ടല്ല ഗ്ലാസ്‌ഗോ മ്യൂസിയം മറ്റ് രാജ്യങ്ങളിൽ നിന്നും കടത്തിക്കൊണ്ടു വരുന്ന വസ്തുക്കൾ തിരികെ നൽകുന്നത്. കുറേക്കാലങ്ങളായി ഇങ്ങനെ വസ്തുക്കൾ സ്വന്തം രാജ്യത്തിന് നൽകുന്ന പ്രവർത്തനങ്ങൾ തുടർന്ന് വരികയാണ് എന്ന് ഗ്ലാസ്‌ഗോ മ്യൂസിയം തലവൻ ഡങ്കൻ ഡോർനാൻ പറയുന്നു. ഈ വർഷം അവസാനമായിരിക്കും കടത്തിക്കൊണ്ടുപോയ ഏഴ് വസ്തുക്കളും ഇന്ത്യയിലേക്ക് തിരികെ എത്തുക.