കംഫർട്ടാണ് മുഖ്യം ബിഗിലേ; പൈജാമയിട്ട് ഓഫീസിൽ പോയാലെന്താ? ചൈനയിൽ മാറുന്ന ട്രെൻഡ്
ചൈനീസ് സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിൽ ഈ വസ്ത്രധാരണം വലിയ ട്രെൻഡായി മാറിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മിക്കവാറും ആളുകൾ തങ്ങൾക്ക് വളരെ സൗകര്യപ്രദമായ തരത്തിലുള്ള വസ്ത്രമാണ് ഓഫീസിൽ ധരിക്കാൻ ഇഷ്ടപ്പെടുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു.
ഓഫീസിൽ പോകുമ്പോൾ നല്ല വസ്ത്രം ധരിച്ചുവേണം പോകാൻ അല്ലേ? കുറച്ച് ഫോർമലായ വസ്ത്രമാണ് മിക്ക കമ്പനികളും സ്വീകാര്യമായി കാണുന്നത്. അല്ലാതെ വീട്ടിലിടുന്ന വസ്ത്രം ധരിച്ച് ആരും ഓഫീസിൽ പോകാൻ തയ്യാറല്ല. എന്നാൽ, ചൈനയിൽ ഇപ്പോൾ സ്ഥിതിഗതികൾ മാറുകയാണ്. അവിടെ പുതുതലമുറ വീട്ടിൽ ധരിക്കുന്ന അവർക്ക് കംഫർട്ട് എന്ന് തോന്നുന്ന വസ്ത്രം ധരിച്ചാണത്രെ ഇപ്പോൾ ഓഫീസിൽ എത്തുന്നത്.
അതിൽ ട്രാക്ക്സ്യൂട്ടുകൾ പൈജാമ, രാത്രിയിൽ വീട്ടിൽ ധരിക്കുന്ന തരം അയഞ്ഞ വസ്ത്രങ്ങൾ, സ്ലിപ്പറുകൾ എന്നിവയെല്ലാം പെടുന്നു. ചൈനീസ് സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിൽ ഈ വസ്ത്രധാരണം വലിയ ട്രെൻഡായി മാറിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മിക്കവാറും ആളുകൾ തങ്ങൾക്ക് വളരെ സൗകര്യപ്രദമായ തരത്തിലുള്ള വസ്ത്രമാണ് ഓഫീസിൽ ധരിക്കാൻ ഇഷ്ടപ്പെടുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു.
സത്യത്തിൽ ഇതിന് തുടക്കം കുറിച്ചത് കെൻഡൗ എസ് എന്നു പേരുള്ള ഒരു യുവതിയാണ്, സ്വെറ്ററും പൈജാമയും സ്ലിപ്പറുമൊക്കെ ധരിച്ച് ഓഫീസിൽ പോകുന്ന തന്റെ വീഡിയോ അവൾ ചൈനീസ് സാമൂഹിക മാധ്യമമായ ഡൗയിനിൽ പോസ്റ്റ് ചെയ്തിരുന്നു. തന്റെ വസ്ത്രധാരണത്തെ 'ഗ്രോസ്' എന്നാണ് തന്റെ ബോസ് വിശേഷിപ്പിക്കുന്നത് എന്നായിരുന്നു അവൾ പറഞ്ഞിരുന്നത്. മാത്രമല്ല, കമ്പനിക്ക് ഒരു മാന്യമായ പേരുണ്ട് എന്നും അത് സംരക്ഷിക്കുന്ന വസ്ത്രം വേണം ധരിച്ചുവരാൻ എന്നും ബോസ് അവളോട് പറഞ്ഞിരുന്നു.
എന്നാൽ, കെൻഡൗവിന്റെ പോസ്റ്റിന് പിന്നാലെ പലരും സമാനമായി വസ്ത്രം ധരിച്ചുകൊണ്ടുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് തുടങ്ങി. അതോടെയാണ് Gen Z ആയിട്ടുള്ള യുവാക്കൾ കൂടുതലും ഇത്തരം വസ്ത്രങ്ങളാണ് ഓഫീസിൽ ധരിക്കാനിഷ്ടപ്പെടുന്നത് എന്ന് മനസിലായത്.
ഒപ്പം തങ്ങളുടെ വസ്ത്രധാരണത്തിന്റെ അടിസ്ഥാനത്തിലല്ല കഴിവിന്റെ അടിസ്ഥാനത്തിൽ വേണം തങ്ങളെ വിലയിരുത്താൻ എന്നും ഇവർ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം