വീടും വേണ്ട, ഓഫീസും വേണ്ട, സമാധാനം മതി; വാരാന്ത്യങ്ങള്‍ ഹോട്ടലിൽ ചെലവഴിച്ച് ചൈനയിലെ യുവാക്കള്‍
"ഗ്യാപ്പ് ഡേയ്‌സ്" എന്നാണ് ഈ പുതിയ ട്രെൻഡിനെ വിശേഷിപ്പിക്കുന്നത്. തിരക്കേറിയ ജീവിതത്തിൽ നിന്ന് രക്ഷപ്പെടാൻ വാരാന്ത്യങ്ങളിൽ ചെറിയ ഇടവേളകൾ എടുക്കുകയും ആഡംബര ഹോട്ടലുകളിലും മറ്റും സമയം ചെലവഴിക്കുകയും ചെയ്യുന്ന രീതിയാണ് ഇത്.
ചൈനയിലെ യുവാക്കൾക്കിടയിൽ മാനസിക സമ്മർദ്ദം കൂടി വരുന്നതുമായി ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്. ഇപ്പോഴിതാ മാനസിക സമ്മർദ്ദങ്ങളിൽ രക്ഷപെടാൻ ചൈനക്കാർ നടത്തുന്ന ശ്രമങ്ങളും മാധ്യമങ്ങളിൽ ഇടം പിടിക്കുകയാണ്. മാനസിക സമ്മർദ്ദം കുറയ്ക്കാനും ഒറ്റപ്പെടൽ ഒഴിവാക്കാനുമായി താൽക്കാലിക പങ്കാളികളെ തേടുന്ന ശീലം ചെറുപ്പക്കാർക്കിടയിൽ കൂടി വരുന്നതായി ഏതാനും ദിവസങ്ങൾക്കു മുൻപ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ സമ്മർദ്ദത്തെ മറികടക്കാൻ വാരാന്ത്യങ്ങൾ ഹോട്ടലുകളിൽ ചെലവഴിക്കുന്ന പതിവിലേക്ക് കൂടി ചൈനക്കാർ മാറിയിരിക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്.
"ഗ്യാപ്പ് ഡേയ്‌സ്" എന്നാണ് ഈ പുതിയ ട്രെൻഡിനെ വിശേഷിപ്പിക്കുന്നത്. തിരക്കേറിയ ജീവിതത്തിൽ നിന്ന് രക്ഷപ്പെടാൻ വാരാന്ത്യങ്ങളിൽ ചെറിയ ഇടവേളകൾ എടുക്കുകയും ആഡംബര ഹോട്ടലുകളിലും മറ്റും സമയം ചെലവഴിക്കുകയും ചെയ്യുന്ന രീതിയാണ് ഇത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഈ പ്രവണതയെ പിന്തുണയ്ക്കുന്നവർ ഹോട്ടലുകളിൽ താമസിക്കുന്നത് സാമൂഹികവും കുടുംബപരവുമായ ഉത്തരവാദിത്തങ്ങളിൽ നിന്നും മാറിനിൽക്കാനും ജോലിയിൽ നിന്നുള്ള സമ്മർദ്ദം കുറയ്ക്കുന്നതിനായിമാണ്. ഒരു സ്വകാര്യമായ ഇടം എന്ന രീതിയിലാണ് പലരും ഹോട്ടലുകളിൽ താമസിക്കുന്നത്.
ചൈനയിലെ നിരവധി ചെറുപ്പക്കാർ ജോലി ഉത്തരവാദിത്തങ്ങൾ, സാമ്പത്തിക പിരിമുറുക്കം, കുടുംബ ബാധ്യതകൾ, കുട്ടികളെ വളർത്തൽ തുടങ്ങിയ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതായാണ് പഠന റിപ്പോർട്ടുകൾ പറയുന്നത്. ഇത്തരത്തിലുള്ള എല്ലാ വെല്ലുവിളികൾക്കും ഒരു താൽക്കാലിക ഇടവേള എന്ന രീതിയിലാണ് പലരും "ഗ്യാപ്പ് ഡേയ്‌സ്" എന്ന ആശയത്തെ കാണുന്നത്. സാമൂഹികമായ ഇടപെടലുകളിൽ നിന്നും ഒഴിഞ്ഞുമാറി സാമൂഹിക മാധ്യമങ്ങളിൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന യുവതി യുവാക്കളുടെ എണ്ണവും ചൈനയിൽ ഇപ്പോൾ കൂടി വരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.