Holi 2024: ചുവപ്പ്, മഞ്ഞ, നീല; ഹോളി ആഘോഷത്തിലെ ഓരോ നിറങ്ങൾക്കുമുണ്ട് പ്രത്യേകത
എന്നിരുന്നാലും നിറങ്ങളില്ലാതെ എന്ത് ഹോളി ആഘോഷം? പ്രധാനമായും ചുവപ്പ്, മഞ്ഞ, നീല, പച്ച, പർപ്പിൾ, പിങ്ക് എന്നീ നിറങ്ങളാണ് ഹോളി ആഘോഷങ്ങളിൽ ഉപയോഗിക്കുന്നത്.
നിറങ്ങളുടെ ഉത്സവമെന്നും വസന്തത്തിന്റെ ഉത്സവമെന്നും ഹോളിയെ കുറിച്ച് പറയാറുണ്ട്. നേരത്തെ നല്ല വിളവ് കിട്ടാൻ വേണ്ടി കർഷകർ ആഘോഷിച്ചിരുന്ന ഹോളി പിന്നീട് ഹിന്ദുക്കളുടെ ഉത്സവമായി മാറുകയായിരുന്നു. എന്നാൽ, നാനാജാതിമതസ്ഥർ ഇന്ന് ഹോളി ആഘോഷിക്കാറുണ്ട്. വിവിധ നിറങ്ങൾ പരസ്പരം വാരിയെറിയുമ്പോൾ ശത്രുത ഇല്ലാതാകുമെന്നും സൗഹൃദം ആഘോഷിക്കപ്പെടുമെന്നുമാണ് വിശ്വസിക്കുന്നത്.
ഹോളിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങൾ നിലവിലുണ്ടെങ്കിലും പ്രഹ്ലാദന്റെ കഥയാണ് അതിൽ പലരും വിശ്വസിക്കുന്നത്. തിന്മയുടെ മേൽ നന്മ നേടിയ വിജയമാണ് ഹോളി എന്നും പറയുന്നു. പല നാടുകളിലും പലതരത്തിലാണ് ഹോളി ആഘോഷിക്കുന്നത്. ഒരിക്കൽ ഉത്തരേന്ത്യക്കാരാണ് സജീവമായി ഹോളി ആഘോഷിച്ചിരുന്നതെങ്കിൽ ഇന്ന് ഇന്ത്യയിൽ എല്ലായിടത്തും ഏതെങ്കിലും തരത്തിൽ ഹോളി ആഘോഷിക്കപ്പെടാറുണ്ട്.
എന്നിരുന്നാലും നിറങ്ങളില്ലാതെ എന്ത് ഹോളി ആഘോഷം? പ്രധാനമായും ചുവപ്പ്, മഞ്ഞ, നീല, പച്ച, പർപ്പിൾ, പിങ്ക് എന്നീ നിറങ്ങളാണ് ഹോളി ആഘോഷങ്ങളിൽ ഉപയോഗിക്കുന്നത്. ഈ നിറങ്ങൾ പരസ്പരം വാരിയെറിഞ്ഞുകൊണ്ട് ആളുകൾ ഹോളി ആഘോഷിക്കുന്നു. ശത്രുവിനെ പോലും മിത്രമാക്കുന്ന ആഘോഷം എന്ന് ഹോളിയെ കുറിച്ച് പറയാറുണ്ട്.
ഇനി, ഈ ഹോളി ആഘോഷങ്ങളിൽ നിറങ്ങൾക്ക് എന്തെങ്കിലും പ്രത്യേകതകളുണ്ടോ? ഉണ്ടെന്നാണ് പറയുന്നത്. മഞ്ഞനിറം സൂചിപ്പിക്കുന്നത് സന്തോഷത്തെയാണ്. അതുപോലെ പുതുതായി എന്തെങ്കിലും ആരംഭിക്കുന്നതിനെയാണ് പച്ചനിറം കൊണ്ട് സൂചിപ്പിക്കുന്നത്. പിങ്ക് പ്രണയവും സൗഹൃദവും സൂചിപ്പിക്കുന്ന നിറമായും ചുവപ്പ് സ്നേഹവും സമ്പുഷ്ടതയും പ്രതിനിധീകരിക്കുന്ന നിറമായും അറിയപ്പെടുന്നു. അതേസമയം നീല വിഷ്ണുവിനെയും ചുവപ്പ് ശിവനെയും മഞ്ഞ ബ്രഹ്‌മാവിനെയും സൂചിപ്പിക്കുന്നു എന്ന വിശ്വാസവും ഉണ്ട്.
ഏതായാലും, ഈ വർഷം മാർച്ച് 25 -ന് ഹോളിയാണ്. പരസ്പരമുള്ള സ്നേഹവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്ന ആഘോഷമായി അത് മാറട്ടെ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം