അഞ്ചു കോടിയും സുഖജീവിതവും, ഗുജറാത്തിലെ തെരുവ് നായകളുടെ രാജകീയയോഗം ഇങ്ങനെ
ജാതിമതഭേദമില്ലാതെ എല്ലാ ഗ്രാമവാസികളും ഇന്നും ഈ പാരമ്പര്യം പിന്തുടരുന്നു. നായ്ക്കൾക്ക് പതിച്ച് നൽകിയിരിക്കുന്ന ഈ ഭൂമിയുടെ ഇന്നത്തെ മതിപ്പ് വില അഞ്ച് കോടിയ്ക്ക് മുകളിൽ വരും.
സ്വന്തം പേരിൽ അഞ്ചുകോടി വിലമതിക്കുന്ന ഭൂമി, ഒപ്പം പ്രത്യേക ഭക്ഷണം, പരിചാരകർ. ആർക്കാണെന്നല്ലേ? ഏതായാലും മനുഷ്യർക്കല്ല. ഗുജറാത്തിലെ കുഷ്കൽ ഗ്രാമത്തിലെ തെരുവ് നായ്ക്കൾക്ക് ആണ് ഈ രാജകീയ യോഗം.
ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ പാലൻപൂർ താലൂക്കിലാണ് കുഷ്‌കൽ ഗ്രാമം. ആ ഗ്രാമവാസികൾക്ക് തെരുവ് നായ്ക്കൾ തങ്ങളേക്കാൾ ശ്രേഷ്ഠരാണ്. ഏറെ ബഹുമാനത്തോടെ അല്ലാതെ ആരും നായ്ക്കളോട് പെരുമാറാൻ പാടില്ല. എന്നുവെച്ചാൽ ഒരു നോട്ടം കൊണ്ട് പോലും അവരെ വേദനപ്പിക്കരുത് എന്ന് അർത്ഥം.
കുഷ്കാൽ ഗ്രാമത്തിലെ നായ്ക്കൾക്ക് ഈ രാജകീയ ജീവിതം കിട്ടിയ കഥ ഇങ്ങനെ. സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് പാലൻപൂർ, നവാബ് ഭരണത്തിൻ കീഴിലായിരുന്നു. ആ സമയത്ത് അന്നത്തെ ഭരണാധികാരി ഗ്രാമവാസികൾക്ക് കുറച്ച് ഭൂമി നൽകിയിരുന്നു. ഗ്രാമവാസികളായ അവിടുത്തെ ജനങ്ങൾക്ക് കൃഷി ചെയ്ത് ജീവിക്കാനായിരുന്നു അദ്ദേഹം 20 ബിഗാസ് കൃഷി ഭൂമി അവർക്ക് അനുവദിച്ചത്.
എന്നാൽ, അന്നത്തെ ഗ്രാമ മുഖ്യനും ഗ്രാമവാസികളും ചിന്തിച്ചത് ഏറെ വിചിത്രമായി ആയിരുന്നു. മനുഷ്യർക്ക് ഉപജീവനമാർഗം കണ്ടെത്താനും സ്വയം ഭക്ഷണം നേടിയെടുക്കാനും കഴിയുമെന്ന് ഗ്രാമവാസികൾ കരുതി, എന്നാൽ തെരുവ് നായ്ക്കളുടെ കാര്യമോ? അവർക്ക് സ്വന്തമായി ഒന്നിനും കഴിയില്ല. അതുകൊണ്ട് അവർ ആ കൃഷിഭൂമി നായ്ക്കൾക്ക് നൽകാൻ തീരുമാനിച്ചു. അതിനുശേഷം ഈ ഭൂമിയിൽ നിന്നുള്ള വരുമാനം തെരുവ് നായ്ക്കളുടെ ക്ഷേമത്തിനായി ചെലവഴിച്ചു.
ജാതിമതഭേദമില്ലാതെ എല്ലാ ഗ്രാമവാസികളും ഇന്നും ഈ പാരമ്പര്യം പിന്തുടരുന്നു. നായ്ക്കൾക്ക് പതിച്ച് നൽകിയിരിക്കുന്ന ഈ ഭൂമിയുടെ ഇന്നത്തെ മതിപ്പ് വില അഞ്ച് കോടിയ്ക്ക് മുകളിൽ വരും. ഗ്രാമത്തിൽ നായ്ക്കൾക്ക് ഭക്ഷണം പാചകം ചെയ്യാനും അവയ്ക്ക് ഭക്ഷണം കൊടുക്കാനും പ്രത്യേക സ്ഥലവും പാത്രങ്ങളുമുണ്ട്. ഇതിനായി പ്രത്യേകം ആളുകളുമുണ്ട്. ഗ്രാമത്തിലെ 700 -ഓളം നിവാസികളിൽ ഭൂരിഭാഗവും ചൗധരി സമുദായത്തിൽ നിന്നുള്ളവരാണ്.
150 ഓളം തെരുവ് നായ്ക്കളാണ് ഇവിടെ ഉള്ളത്. ഇവയുടെ ആരോഗ്യകാര്യങ്ങളിൽ എല്ലാ ഗ്രാമവാസികളും പ്രത്യേക ശ്രദ്ധ പുലർത്തുന്നു. ഭൂവുടമകളായി ആണ് ഇവയെ ഗ്രാമവാസികൾ കാണുന്നത്. എല്ലാ ദിവസവും ഇവയ്ക്ക് മധുരപലഹാരങ്ങൾ നൽകിയും സന്തോഷിപ്പിക്കാറുണ്ട് ഗ്രാമവാസികൾ.