3 മിനിറ്റ് ജീവനോടെ ശവപ്പെട്ടിയിൽ കിടക്കാൻ 600 രൂപ, 'മരണത്തിന്റെ ഉത്സവം സംഘടിപ്പിച്ച്' ടോക്കിയോ, ലക്ഷ്യം ഇത്

മൂന്ന് മിനിറ്റ് ശവപ്പെട്ടിയിൽ കിടന്നു കഴിയുമ്പോൾ ശവപ്പെട്ടി തുറക്കും. 'ഈ ലോകത്തിലേക്ക് വീണ്ടും സ്വാ​ഗതം' എന്നും പറഞ്ഞുകൊണ്ടാണ് അവരെ സംഘാടകർ സ്വീകരിക്കുന്നത്. 

death festival conducted in Shibuya district of Tokyo

2023 -ൽ ജപ്പാനിൽ മരിച്ചത് ഏകദേശം 1.6 ദശലക്ഷം ആളുകളാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 'രാജ്യത്തെ ഏറ്റവും മരണനിരക്ക് കൂടിയ വർഷം' എന്നാണ് ഈ വർഷത്തെ രാജ്യത്തെ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. മരണം എല്ലാവർക്കും ഭയമുള്ള കാര്യം തന്നെയാണ്. അതുകൊണ്ടാണ് നമ്മൾ ജീവിതം പരമാവധി മനോഹരമായി ജീവിക്കുകയും ആസ്വദിക്കുകയും ചെയ്യേണ്ടത്. ഈ ഓർമ്മപ്പെടുത്തലുമായി വളരെ അപൂർവമായ ഒരു ആഘോഷം ജപ്പാനിലെ ടോക്കിയോയിൽ സംഘടിപ്പിച്ചു. 

ഏപ്രിൽ 13 -ന് ടോക്കിയോയിലെ ഷിബുയ ജില്ലയിലായിരുന്നു ആറ് ദിവസത്തെ ഈ ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. 'ഡെത്ത് ഫെസ്റ്റിവൽ' എന്നായിരുന്നു ഫെസ്റ്റിവലിന്റെ പേര്. ഫെസ്റ്റിവലിനെത്തിയവർ‌ വെർച്വൽ റിയാലിറ്റി ​ഗ്ലാസ് ധരിക്കുകയും മരണാനന്തരജീവിതം എങ്ങനെയായിരിക്കുമെന്ന് അനുഭവിച്ചറിയുകയും ചെയ്തുവത്രെ. തങ്ങളുടെ ബക്കറ്റ് ലിസ്റ്റ് തയ്യാറാക്കുകയും ചെയ്തു. അതിൽ ഈ ജീവിതത്തിൽ തങ്ങൾക്ക് ഇനിയെന്തൊക്കെ ചെയ്യാനുണ്ടെന്നും അനുഭവിച്ചറിയാൻ ആ​ഗ്രഹമുണ്ടെന്നും സന്ദർശകർ കുറിച്ചു. ടോക്കിയോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എൻജിഒകളും മീഡിയാ കമ്പനികളും ഫ്യൂണറൽ പ്രൊഫഷണലുകളും ഒക്കെ ചേർന്നാണ് ഈ ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. 

എന്നാൽ, ഇതിലൊക്കെ ഉപരിയായി ശവപ്പെട്ടിയിൽ മൂന്ന് മിനിറ്റ് കിടക്കാനുള്ള അവസരവും ഇവിടെ ഉണ്ടായിരുന്നത്രെ. 1,100 യെൻ ആയിരുന്നു ശവപ്പെട്ടിയിൽ കിടക്കുന്നതിന് വേണ്ടി സന്ദർശകർ നൽകേണ്ട തുക. ഇന്ത്യൻ രൂപയിൽ ഇത് 600 രൂപയിൽ താഴെയാണ്. മൂന്ന് മിനിറ്റ് ശവപ്പെട്ടിയിൽ കിടന്നു കഴിയുമ്പോൾ ശവപ്പെട്ടി തുറക്കും. 'ഈ ലോകത്തിലേക്ക് വീണ്ടും സ്വാ​ഗതം' എന്നും പറഞ്ഞുകൊണ്ടാണ് അവരെ സംഘാടകർ സ്വീകരിക്കുന്നത്. 

അതോടൊപ്പം ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള വിവിധ ക്ലാസുകൾ, മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ വിളമ്പുന്ന ഭക്ഷണം ഒക്കെയും ആറ് ദിവസത്തെ ഫെസ്റ്റിവലിൽ ഉണ്ടായിരുന്നു. 

ഈ ഫെസ്റ്റിവലിൽ ഓർമ്മിപ്പിക്കുന്നത് ജീവിതത്തിന്റെ പ്രാധാന്യത്തെ കുറിച്ചാണ്. നമുക്കുള്ള ജീവിതം മനോഹരമായി ജീവിക്കണമെന്നും നാം നന്ദിയും ദയയും പരസ്പര സ്നേഹവും ഉള്ളവരായിരിക്കണം എന്നും ഫെസ്റ്റിവൽ സംഘാടകർ പറയുന്നു. അവസാന നിമിഷങ്ങളിൽ ജീവിതം ശരിക്കും ജീവിച്ചില്ലല്ലോ എന്നോർത്ത് ദുഖിക്കുന്നതിന് പകരം മനോഹരമായി ജീവിക്കണം എന്നാണത്രെ ഈ ഫെസ്റ്റിവൽ ഓർമ്മിപ്പിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios