മരിച്ചു കഴിഞ്ഞാൽ മൃതദേഹം കഴുകന് ഭക്ഷിക്കാൻ നൽകും, തികച്ചും വ്യത്യസ്തമായ ആചാരത്തിന് പിന്നിൽ
ആദ്യം മൃതദേഹം ആദ്യം കഷ്ണങ്ങളാക്കി മുറിക്കുന്നു. പിന്നീട്, മരിച്ചവരുടെ ബന്ധുക്കളുടെ സാന്നിധ്യത്തിൽ അത് കഴുകന്മാർക്ക് ഭക്ഷിക്കാൻ വേണ്ടി നൽകുന്നു.
ഓരോ നാടിനും ഓരോ സമൂഹത്തിനും അവരുടേതായ ചില രീതികളും ആചാരവും ഒക്കെ കാണും. അതിപ്പോൾ ജനനമായാലും വിവാഹമായാലും മരണമായാലും അതിനനുസരിച്ചാണ് മിക്ക ആളുകളും പ്രവർത്തിക്കുന്നത്. മരണത്തിന്റെ കാര്യത്തിലാണ് എങ്കിൽ ചിലർ മൃതദേഹം അടക്കം ചെയ്യും. മറ്റ് ചിലർ ദഹിപ്പിക്കും. എന്നാൽ, ടിബറ്റിലും ക്വിംഗ്ഹായ്, മംഗോളിയ എന്നിവയുടെ ചില ഭാഗങ്ങളിലും വളരെ വ്യത്യസ്തമായ രീതിയിലും ശവസംസ്കാരം നടക്കാറുണ്ട്. മരിച്ചവരുടെ ദേഹങ്ങൾ കഴുകന് ഭക്ഷിക്കാൻ നൽകുക എന്ന രീതിയാണ് ഇവിടെ ഉള്ളവർ അവലംബിക്കുന്നത്.
ടിബറ്റൻ, മംഗോളിയൻ ജനങ്ങളിൽ മിക്കവാറും ആളുകൾ വിശ്വസിക്കുന്നത് ഒരാൾ മരിച്ചുകഴിഞ്ഞാൽ, അവരുടെ ആത്മാവ് മരിച്ച വ്യക്തിയുടെ ഉള്ളിൽ നിന്ന് പുറത്തുപോവുകയും ശരീരത്തെ ഒരു ഒഴിഞ്ഞ പാത്രം പോലെ ഉപേക്ഷിക്കുകയും ചെയ്യുന്നു എന്നാണ്. പ്രത്യേക ബുദ്ധമതം പിന്തുടരുന്നവരുടേതാണ് ഈ ആചാരം. ഈ ആചാരം പിന്തുടരുന്ന ആളുകൾ ആത്മാക്കളുടെ കൈമാറ്റത്തിൽ വിശ്വസിക്കുന്നവരും ആണ്. അവരുടെ അഭിപ്രായത്തിൽ, ആത്മാവ് ശരീരം വിട്ട് പോകുമ്പോൾ ആകാശത്താണ് ശരിക്കും ശവസംസ്കാരം നടക്കുന്നത്.
അതിന് വേണ്ടി ആദ്യം മൃതദേഹം ആദ്യം കഷ്ണങ്ങളാക്കി മുറിക്കുന്നു. പിന്നീട്, മരിച്ചവരുടെ ബന്ധുക്കളുടെ സാന്നിധ്യത്തിൽ അത് കഴുകന്മാർക്ക് ഭക്ഷിക്കാൻ വേണ്ടി നൽകുന്നു. ശരീരത്തിൽ ആത്മാവ് ഇല്ലാത്തതിനാൽ തന്നെ അതിനെ സംരക്ഷിക്കേണ്ടതില്ല എന്നാണ് അവരുടെ വിശ്വാസം. മാത്രമല്ല, അങ്ങനെ മൃതദേഹം പൂർണമായും ഇല്ലാതാക്കി കളയുമ്പോൾ മരിച്ചവരുടെ ആത്മാവിന് പൂർണമായും ശാന്തി കിട്ടും എന്നും അവർ വിശ്വസിക്കുന്നു.
മൃതശരീരം കഴുകന്മാർ കഴിച്ചു കഴിഞ്ഞാൽ, ശേഷിക്കുന്ന അസ്ഥികളും അസ്ഥികൂടങ്ങളും പൊടിക്കും. ചിലപ്പോൾ, അസ്ഥികൾ ധാന്യമാവ്, വെണ്ണ, പാൽ എന്നിവയിൽ കലർത്തി പരുന്തുകൾക്കും കാക്കകൾക്കും നൽകും. കഴുകന്മാർ ശവശരീരം ഭക്ഷിക്കുമ്പോൾ അവ തൃപ്തരാകുമെന്നും ആട്ടിൻകുട്ടികൾ, മുയൽ തുടങ്ങിയ ചെറുജീവികളുടെ ജീവൻ രക്ഷിക്കപ്പെടുകയും ചെയ്യുമെന്നും അതിനാൽ അവയുടെ ജീവൻ രക്ഷിക്കപ്പെടുമെന്നും ഇവർ വിശ്വസിക്കുന്നു.
ശവശരീരങ്ങൾ ഒരു വർഷത്തോളം ടവർ ഓഫ് സയലൻസിന് മുകളിൽ സൂക്ഷിക്കുകയും പിന്നീട് ജീർണ്ണിക്കുമ്പോൾ കഴുകനെപ്പോലുള്ളവ ഭക്ഷണമാക്കാറുണ്ട് എന്നും പറയപ്പെടുന്നുണ്ട്. സ്ത്രീകളുടെയും പുരുഷന്മാരുടെയും മൃതദേഹങ്ങൾ വ്യത്യസ്ത അറകളിലാണ് സൂക്ഷിക്കുന്നത്.