മഹാമാരിക്കാലത്തെ നന്മ: വീടില്ലാത്തവർക്കായി ഹോട്ടലിന്റെ വാതിൽ തുറന്ന് വച്ച് ദമ്പതിമാർ
പലതരത്തിൽ പെട്ട മനുഷ്യർ താമസിക്കുന്നതിനാൽ തന്നെ വലിയ ഉത്തരവാദിത്വമുണ്ട് ആൻഡ്ര്യൂവിനും ജെസിനും. അതിനാൽ തന്നെ അവർ സുരക്ഷിതരായി ഇരിക്കുന്നുണ്ടോ എന്നറിയാൻ രാവിലെ ഓരോ വാതിലിലും മുട്ടി അവർ അന്വേഷിക്കുന്നു.
ഈ കൊവിഡ് കാലം മനുഷ്യരെ പലതരത്തിലാണ് ബാധിച്ചത്. പലർക്കും ജോലി ഇല്ലാതെയായി. കയ്യിൽ പണമില്ലാതെയായി. കിടപ്പാടം വരെ ഒഴിയേണ്ടി വന്ന പലതരം മനുഷ്യർ ലോകത്തിന്റെ നാനാഭാഗങ്ങളിലുണ്ട്. വീടില്ലാതെയായവര്‍ കിടക്കാനൊരിടമില്ലാതെ പലപ്പോഴും അലഞ്ഞു നടക്കേണ്ടി വന്നു. കാനഡയിലെ സ്കാർബോറോയിലെ ഈ ദമ്പതിമാർ ഇങ്ങനെ വീടില്ലാത്തവർക്കായി തങ്ങളുടെ ഹോട്ടൽ തുറന്ന് വച്ചിരിക്കുകയാണ്. ഒരു സർക്കാർ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്.
ആന്‍ഡ്ര്യൂവും ജെസ്സും അവരുടെ ഹോട്ടല്‍ തുറന്ന് വച്ചിരിക്കുന്നത് വീടില്ലാത്ത മനുഷ്യര്‍ക്കായിട്ടാണ്. 2020 മാര്‍ച്ച് മുതല്‍ ഇതുവരെയായി 397 വീടില്ലാത്തവര്‍ക്കാണ് അവര്‍ അഭയം നല്‍കിയത്. കൊവിഡ് മഹാമാരിക്ക് ശേഷമാണ് ഈ ഹോട്ടലിന്‍റെ വാതിലുകള്‍ വീടില്ലാത്തവര്‍ക്കായി തുറന്ന് വയ്ക്കപ്പെട്ടത്. പലതരത്തിലുള്ള മനുഷ്യര്‍ അവിടെയെത്താറുണ്ട്. മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവര്‍, മയക്കുമരുന്നിന് അടിമകളായിപ്പോയവര്‍, അതില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്നവര്‍, ഒക്കെ അതില്‍ പെടുന്നു.
രണ്ട് കുട്ടികളാണ് ആന്‍ഡ്ര്യൂവിനും ജെസ്സിനും. കുട്ടികളുടെ കാര്യങ്ങൾ നോക്കുന്നതിനിടയിലും ഹോട്ടലിലെ കാര്യങ്ങളിൽ മണിക്കൂറുകളോളം ചിലപ്പോൾ ചിലവഴിക്കേണ്ടി വരും ഇവർക്ക്. 'മണിക്കൂറുകളോളം ചിലപ്പോള്‍ ജോലി ചെയ്യേണ്ടി വരും. എന്നാലും പരാതിയില്ല. ചെയ്യുന്നതില്‍ സംതൃപ്തിയുണ്ട്' എന്ന് ജെസ് പറയുന്നു.
ഡാരന്‍ ഇതുപോലെ മഹാമാരിക്കാലത്ത് വീട് നഷ്ടപ്പെട്ട ഒരാളാണ്. 'എന്‍റെ മകള്‍ എന്നെ ഇങ്ങനെ വീടില്ലാത്ത ഒരാളായി കാണുന്നത് എനിക്കിഷ്ടമല്ല' എന്നാണ് ഡാരന്‍ പറയുന്നത്. എന്നാലും വീടില്ലാതായതിനെ തുടര്‍ന്ന് ഒരു സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി ഡാരനെ അയച്ചത് ആന്‍ഡ്ര്യൂവിന്‍റെ ഹോട്ടലിലേക്കാണ്. അതുവരെ കാറിനുള്ളിലാണ് ഡാരന്‍ ഉറങ്ങിക്കൊണ്ടിരുന്നത്. 'ആന്‍ഡ്ര്യൂവും ജെസ്സും മറ്റുള്ളവര്‍ ചെയ്യുന്നതിനേക്കാളും മികച്ച കാര്യങ്ങളാണ് ചെയ്യുന്നത്. ഓരോ ദിവസവും അവര്‍ അടുത്ത് വരും. ഞാനെങ്ങനെ ഇരിക്കുന്നു, എങ്ങനെയുണ്ട് എന്നെല്ലാം അന്വേഷിക്കും. ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നുപോവുകയായിരുന്നു ഞാന്‍. ജോലി ഇല്ല, കാശില്ല അങ്ങനെ പലതും. അതെല്ലാം അവരന്വേഷിച്ചിരുന്നു' എന്ന് ഡാരൻ പറയുന്നു.
പലതരത്തിൽ പെട്ട മനുഷ്യർ താമസിക്കുന്നതിനാൽ തന്നെ വലിയ ഉത്തരവാദിത്വമുണ്ട് ആൻഡ്ര്യൂവിനും ജെസിനും. അതിനാൽ തന്നെ അവർ സുരക്ഷിതരായി ഇരിക്കുന്നുണ്ടോ എന്നറിയാൻ രാവിലെ ഓരോ വാതിലിലും മുട്ടി അവർ അന്വേഷിക്കുന്നു. ലോക്ക്ഡൌണ്‍ പിന്‍വലിച്ച് കഴിയുമ്പോള്‍ വീടില്ലാത്തവര്‍ക്കായി സ്ഥിരമായി ഒരു താല്ക്കാലിക പാര്‍പ്പിടം ഒരുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ആന്‍ഡ്ര്യൂവും ജെസ്സും. അതിനായി നിക്ഷേപവും തുടങ്ങി കഴിഞ്ഞു.