കുട്ടിക്ക് വയസ് ഏഴ്, ഭ്രമം പേടിപ്പെടുത്തുന്ന പാവകളോടും വേഷങ്ങളോടും!
കാണുക മാത്രമല്ല, അത്തരം കഥാപാത്രങ്ങളുടേത് പോലെ വസ്ത്രങ്ങൾ ധരിക്കാനും അവൾക്ക് വളരെ ഇഷ്ടമാണ്. ചെറുപ്പം മുതലേ അവളുടെ അമ്മ ചെന്നെക്ക് മകളുടെ ഈ പ്രത്യേക താല്പര്യത്തെ കുറിച്ച് അറിയാമായിരുന്നു.
ഒരു ഡിസ്‌നി രാജകുമാരിയെ പോലെ വേഷം ധരിക്കുക എന്നത് മിക്ക പെൺകുട്ടികളുടെയും ആഗ്രഹമായിരിക്കും. എന്നാൽ പക്ഷേ, ഏഴു വയസ്സുകാരിയായ കോറൽ അവരിൽ നിന്നെല്ലാം വ്യത്യസ്തമാണ്. അവൾക്ക് മറ്റ് കുട്ടികളെ പോലെ പാവയും, ഭംഗിയുള്ള തിളങ്ങുന്ന ഉടുപ്പും ഒന്നുമല്ല താല്പര്യം. രക്തമൊലിപ്പിച്ച് ഭയപ്പെടുത്തുന്ന പ്രേത വേഷങ്ങളോടാണ് അവൾക്ക് താല്പര്യം. ചെറുപ്പത്തിൽ കുട്ടികൾക്ക് ഹൊറർ സിനിമകൾ കാണാൻ കൗതുകമുണ്ടാകുമെങ്കിലും, ഭയം കാരണം മിക്കവരും അതിന് മുതിരാറില്ല. എന്നാൽ, വെറും ഏഴു വയസ് മാത്രമുള്ള അവൾക്ക് താല്പര്യം അത്തരം പേടിപ്പിക്കുന്ന സിനിമകൾ കാണാനാണ്.
കാണുക മാത്രമല്ല, അത്തരം കഥാപാത്രങ്ങളുടേത് പോലെ വസ്ത്രങ്ങൾ ധരിക്കാനും അവൾക്ക് വളരെ ഇഷ്ടമാണ്. ചെറുപ്പം മുതലേ അവളുടെ അമ്മ ചെന്നെക്ക് മകളുടെ ഈ പ്രത്യേക താല്പര്യത്തെ കുറിച്ച് അറിയാമായിരുന്നു. ചൈൽഡ്സ് പ്ലേ എന്ന സിനിമയിലെ ആളുകളെ കൊല്ലുന്ന പ്രധാന വില്ലൻ കഥാപാത്രമായ ചക്കിയായിട്ടാണ് അവൾ ആദ്യമായി വേഷമിട്ടത്. അന്ന് അവൾ ഒരു കൊച്ചുകുട്ടി മാത്രമായിരുന്നു. ചെയിൻ അവളെ പ്രോത്സാഹിപ്പിക്കുകയും പിന്നീട് ഇതുവരെ 60 -ഓളം ഭയാനകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അവസരം നൽകുകയും ചെയ്തു. "അവൾക്കൊരിക്കലും രാജകുമാരിയുടേത് പോലുള്ള വസ്ത്രങ്ങളോട് താല്പര്യമുണ്ടായിരുന്നില്ല" കോറലിന്റെ അമ്മ പറഞ്ഞു. അവൾക്ക് എപ്പോഴും താല്പര്യം പ്രേതക്കഥകളോടായിരുന്നു അവർ പറഞ്ഞു. രണ്ടു വയസുമുതൽ തുടങ്ങിയതാണ് അവൾക്ക് ഈ ഹൊറർ സിനിമകളോടുള്ള താത്പര്യം.
ഐടിയിലെ പെന്നിവൈസ്, ജോക്കർ, ബ്രൈഡ് ഓഫ് ഫ്രൈങ്കൻസ്റ്റീൻ എന്നിവയാണ് കോറൽ അവതരിപ്പിച്ച ചില ജനപ്രിയ കഥാപാത്രങ്ങൾ. അവൾക്ക് മേക്കപ്പിടുന്നത് അമ്മ തന്നെയാണ്. കഥാപാത്രത്തെയും സാഹചര്യത്തെയും ആശ്രയിച്ച് വേഷം ധരിക്കാൻ 15 മിനിറ്റ് മുതൽ 20 മണിക്കൂർ വരെ എടുക്കുമെന്ന് അവർ പറഞ്ഞു. അവൾക്ക് @Kid_Dreadful എന്ന പേരിൽ ഒരു ഇൻസ്റ്റാഗ്രാം പേജുമുണ്ട്. അതിൽ അവൾ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളായി വേഷമിട്ട ചിത്രങ്ങൾ പങ്കുവയ്ക്കുന്നു. മിക്ക ആളുകളും പിന്തുണയ്ക്കുന്നവരാണ് എന്നവളുടെ അമ്മ പറയുന്നു. വളരെ കുറച്ച് ആളുകൾ മാത്രമാണ് ഇതിനെ നിരുത്സാഹപ്പെടുത്തുന്നതെന്നും അവർ അഭിപ്രായപ്പെട്ടു. എന്നിരുന്നാലും വെറും ഏഴു വയസ് മാത്രമുള്ള ഒരു കുട്ടിയ്ക്ക് എങ്ങനെയാണ് ഇത്തരം ഭയപ്പെടുത്തുന്ന കാര്യങ്ങൾ ഇഷ്ടപ്പെടുന്നതെന്നത് മിക്ക ആളുകളെയും ഞെട്ടിക്കുന്ന ഒരു കാര്യമാണ്.