സ്വവര്‍ഗവിവാഹത്തിന് അനുമതി നൽകി ചർച്ച് ഓഫ് സ്കോട്ട്‍ലന്‍ഡ്

തിങ്കളാഴ്ചത്തെ വോട്ടെടുപ്പിന് മുമ്പ്, സഭയിലെ അംഗങ്ങൾ നിരവധി തരത്തിലുള്ള അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയും ചർച്ചകളുണ്ടാവുകയും ചെയ്‍തിട്ടുണ്ട്. അക്കൂട്ടത്തിൽ റവ സ്കോട്ട് റെന്നിയും ഉൾപ്പെടുന്നു. താൻ ഒരു ​ഗേ ആണ് എന്ന് തുറന്നു പറഞ്ഞ ചർച്ച് ഓഫ് സ്കോട്ട്‍ലന്‍ഡിഡിലെ ആദ്യത്തെ പുരോഹിതനാണ് അദ്ദേഹം. 

Church of Scotland has voted to allow same sex marriage

ആദ്യമായി സ്വവർ​ഗവിവാഹത്തിന് (same-sex marriages) അനുകൂലമായി വോട്ട് ചെയ്ത് ചർച്ച് ഓഫ് സ്കോട്ട്‍ലന്‍ഡ് (Church of Scotland). എഡിൻബറോയിലെ ജനറൽ അസംബ്ലിയിലെ അംഗങ്ങൾ വർഷങ്ങളുടെ പ്രചാരണത്തെത്തുടർന്നാണ് ഇപ്പോൾ സഭാനിയമം മാറ്റാൻ വോട്ട് ചെയ്തിരിക്കുന്നത്. ഇതോടുകൂടി സ്വവർ​ഗാനുരാ​ഗികൾക്ക് പള്ളിയിൽ വച്ച് വിവാഹം കഴിക്കാനുള്ള അനുമതി ലഭിക്കും. വിവാഹത്തിൽ പങ്കെടുക്കാൻ പുരോഹിതനോടും സഭാശുശ്രൂഷകനോടും അപേക്ഷിക്കാനുമാവും. എന്നാൽ, അവരോട് നിർബന്ധമായും വിവാഹത്തിൽ പങ്കെടുക്കണം എന്ന് ആവശ്യപ്പെടാനാവില്ല. 

274 പേരാണ് സ്വവർ​ഗവിവാഹത്തിന് അനുകൂലമായി വോട്ട് ചെയ്തത്. അതേസമയം 136 പേർ ഇതിനെതിരായി വോട്ട് ചെയ്തു. ജനറൽ അസംബ്ലിയുടെ മോഡറേറ്റർ റവ. ഡോ. ഇയാൻ ഗ്രീൻഷീൽഡ്സ് പറഞ്ഞത്, ചർച്ച് ഓഫ് സ്കോട്ട്‍ലന്‍ഡ് ഒരു വിശാലമായ പള്ളിയാണ്. അതിനാൽ തന്നെ അതിലെ അം​ഗങ്ങൾക്കിടയിൽ വ്യത്യസ്തമായ വീക്ഷണവും അഭിപ്രായങ്ങളും ഉണ്ടായിരിക്കും എന്നാണ്. 

കുറേയേറെ വർഷങ്ങളായി എല്ലാത്തരം വൈവിധ്യങ്ങളെയും പരി​ഗണിക്കുന്നതിനും പരിഹാരം കാണുന്നതിനും എല്ലാവരുടേയും വിശ്വാസം സംരക്ഷിക്കുന്നതിനുമായി ചർച്ചിന്റെ എല്ലാ തലങ്ങളിലും വിശാലമായ ചർച്ചകളും സംവാദങ്ങളും നടന്നുവരികയാണ്. മനുഷ്യത്വത്തിലൂന്നിയാണ് ചർച്ചകളെല്ലാം നടന്നത്. എല്ലാവരുടേയും അവകാശങ്ങൾ സംരക്ഷിക്കാനും എതിർശബ്ദങ്ങളെ ബഹുമാനിക്കാനും കഴിഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. 

തിങ്കളാഴ്ചത്തെ വോട്ടെടുപ്പിന് മുമ്പ്, സഭയിലെ അംഗങ്ങൾ നിരവധി തരത്തിലുള്ള അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയും ചർച്ചകളുണ്ടാവുകയും ചെയ്‍തിട്ടുണ്ട്. അക്കൂട്ടത്തിൽ റവ സ്കോട്ട് റെന്നിയും ഉൾപ്പെടുന്നു. താൻ ഒരു ​ഗേ ആണ് എന്ന് തുറന്നു പറഞ്ഞ ചർച്ച് ഓഫ് സ്കോട്ട്ലൻഡിലെ ആദ്യത്തെ പുരോഹിതനാണ് അദ്ദേഹം. എന്നാൽ, അദ്ദേഹത്തിന് തന്റെ പങ്കാളിയെ മതപരമായ ചടങ്ങിലൂടെ വിവാഹം കഴിക്കാനായിരുന്നില്ല, അദ്ദേഹം അത് ആ​ഗ്രഹിച്ചിരുന്നു എങ്കിലും. 

സംശയത്തിലായിരിക്കുന്ന ആളുകളെ പോലും സഹായിക്കാനാവുന്ന തരത്തിലുള്ള നിലപാടുകൾ സഭ സ്വീകരിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്ന് അദ്ദേഹം പറയുകയുണ്ടായി. തന്റെ വിവാഹം ഒരു മനോഹരമായ അനുഭവം ആയിരുന്നു. തന്റെ ഭർത്താവ് ഡേവ് തന്റെ ജീവിതം എല്ലാതരത്തിലും പൂർണമാവാൻ സഹായിച്ചു. സ്ത്രീയും പുരുഷനും വിവാഹിതരാവുന്നത് പോലെ തന്നെയാണ് രണ്ട് സ്ത്രീയോ രണ്ട് പുരുഷനോ വിവാഹം ചെയ്യുന്നത് എന്നും അദ്ദേഹം പറയു‌കയുണ്ടായി. 

കഴിഞ്ഞ വർഷം, സ്വവർഗ വിവാഹങ്ങൾ അനുവദിക്കുന്ന യുകെയിലെ ഏറ്റവും വലിയ മതവിഭാഗമായി മെത്തഡിസ്റ്റ് ചർച്ച് മാറിയിരുന്നു. ചർച്ച് ഓഫ് ഇംഗ്ലണ്ടിലോ റോമൻ കത്തോലിക്കാ സഭയിലോ ഇത് അനുവദനീയമല്ല. എന്നാൽ സ്കോട്ടിഷ് എപ്പിസ്കോപ്പൽ ചർച്ച്, യുണൈറ്റഡ് റിഫോംഡ് ചർച്ച്, ക്വേക്കേഴ്സ് എന്നിവിടങ്ങളിൽ സ്വവർ​ഗവിവാഹത്തെ സ്വാ​ഗതം ചെയ്യുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios