പുറത്തിറങ്ങാതെ, നടക്കാതെ, സ്വന്തം വീട്ടിന്റെ മുറ്റത്ത് പോലും ഇറങ്ങാതെ നമ്മുടെ ജീവിതങ്ങള്‍!

ടെലിവിഷന്‍ ഇല്ലായിരുന്നു. വൈകുന്നേരങ്ങളില്‍ പഠിക്കുമ്പോള്‍ സഹോദരിമാര്‍ തമ്മിലുള്ള സ്വകാര്യം പറച്ചില്‍ മാത്രമാണ് ആകെയൊരു വിനോദം. എന്റെ പത്താം ക്ലാസും ഏഷ്യാഡും ഒരേ കൊല്ലം വന്നു. ദൂരദര്‍ശനില്‍ മഹാഭാരതവും. രാമായണം അപ്പോഴേക്കും സംപ്രേഷണം ചെയ്ത് കഴിഞ്ഞിരുന്നു.

childhood then and now article by Dr Beena PG

ഇത് കുട്ടികള്‍ വായിക്കണ്ടതല്ല എന്ന അശരീരികള്‍ ചുറ്റും നിന്ന് മുഴങ്ങുമെങ്കിലും അതൊന്നും അന്നത്തെ ന്യൂ ജനറേഷന്‍ ചെവിക്കൊണ്ടില്ല. ജോണ്‍സണ്‍ പുളിങ്കുന്ന്, സുധാകര്‍ മംഗളോദയം ഇവരുടെയൊക്കെ നോവലുകളും, കഥാപാത്രങ്ങളുമൊക്കെ വേറൊരുതരം ജീവിതത്തെ പരിചയപ്പെടുത്തി.

 

childhood then and now article by Dr Beena PG

കാലം പഴയതല്ല, പുതിയതായി. പഴയതും പുതിയതും കലര്‍ന്ന ജീവിതമാണ് 1970 -നു ശേഷം ജനിച്ച എന്നെപ്പോലുള്ള മധ്യവയസ്‌കര്‍ക്ക്. ലാന്‍ഡ് ഫോണും വൈദ്യുതിയും പോലും ഇല്ലാതിരുന്ന വീട്ടില്‍ ജനിച്ചു വളര്‍ന്ന, ഇപ്പോള്‍ മൊബൈലും കെട്ടിപ്പിടിച്ചുറങ്ങുന്ന പരുവത്തിലെത്തി. 

ചെറുപ്പകാലം അത്ര മധുരമനോഹരമായിരുന്നു എന്നൊന്നും തോന്നുന്നില്ല. അന്ന് അന്നത്തെ പ്രശ്‌നം വലുതായിരുന്നു - കളിക്കാന്‍ കൂട്ടാത്തതും, കളിയില്‍ തോല്‍ക്കുന്നതും, സെറ്റുകൂടാത്തതും, മറ്റുള്ളവരോട്  തെറ്റി മിണ്ടാതിരിക്കലും, തമ്മില്‍ തമ്മിലുള്ള കളിയാക്കലും  ഒക്കെ അന്തരംഗ വിഷാദങ്ങളായി. എന്നാലും വലിയ വലിയ ചിന്തകളൊന്നും അന്ന് അലട്ടിയിരുന്നില്ല. 

കല്ലുകളി ഒരു വലിയ ഭ്രമമായിരുന്നു. അഞ്ചു കല്ല് കളി. ഏഴു കല്ല് കളി. നല്ല ഭംഗിയുള്ള, ഉള്ളം കയ്യിലൊതുങ്ങുന്ന  ഒരേ വലിപ്പമുള്ള ചെറിയ ഉരുളന്‍ ചരല്‍ക്കല്ലുകള്‍ കൊണ്ടുള്ള കളി. ഇരുന്നു കളിക്കാം, കൊത്തങ്കല്ല് കളി എന്ന് നാടന്‍ പേര്. ''കല്ലാടും മുറ്റത്ത്  നെല്ലാടില്ല'' എന്ന് അമ്മമ്മ പഴഞ്ചൊല്ല് പറയും. ആരു കേള്‍ക്കാന്‍. 'കല്ലുകളി' തുടങ്ങിയാല്‍ പിന്നെ ഹരമാണ്. 'കല്ലു കളിക്കാന്ണ്ടാ?' എന്നും ചോദിച്ച് എല്ലാവരുടെയും പിന്നാലെ നടക്കും. സന്ധ്യ കഴിഞ്ഞാല്‍ കളികള്‍ക്കൊക്കെ  വിലക്കാണ്. നമശ്ശിവായ ചൊല്ലുക വല്ലതും പഠിക്കുക, ഭക്ഷണം കഴിക്കുക, ഉറങ്ങുക.
 
പകല്‍ നേരക്കളികളിലെ വേറൊരു പ്രധാന ഐറ്റമായിരുന്നു വട്ട് കളി. ഓട്ടിന്‍ കഷണം വട്ടത്തിലോ ചതുരത്തിലോ പൊട്ടിച്ച് അറ്റങ്ങള്‍ മിനുസപ്പെടുത്തി, മുറ്റത്ത് കളം വരച്ച് ഒറ്റക്കാല്‍ കൊണ്ട് കൊച്ചി തട്ടി നീക്കലാണ് ആ കളി. കുട്ടിയും കോലും കളി, ഗോട്ടികളി (ഗോലി എന്ന് അച്ചടിമലയാളം) ഇവയ്ക്ക് ആണ്‍ മേല്‍ക്കോയ്മയുണ്ടായിരുന്നു. 'കളികളുടെ ബാല്യം നിഷ്‌ക്കളങ്കം' എന്ന അവസ്ഥയൊന്നുമല്ല - കളങ്കവും, നുണയും കെണിയും, തല്ലു കൂട്ടവുമൊക്കെ പ്രായത്തിനനുസരിച്ച് ഉണ്ടായിരുന്നു. മുതിര്‍ന്നവര്‍ ആരും   ഗൗനിക്കാതെയാവുമ്പോള്‍ തനിയെ അങ്ങു തീരും. ചിലപ്പോള്‍ ഒന്നുരണ്ടു ദിവസത്തെ ഒറ്റപ്പെടലുണ്ടാവും. ബാക്കിയുള്ളവരൊക്കെ ഒരു സെറ്റായി എന്ന് അമ്മയോടൊക്കെ പരാതി പറയും വരെയും എത്തും.

പ്രൈമറി സ്‌ക്കൂള്‍ കാലം എന്നും  അച്ഛന്റെ വീട്ടില്‍ നിന്ന് അമ്മയുടെ വീടിനടുത്തു വരെയുള്ള നടത്തമാണ്. അമ്മ വീട് സ്‌ക്കൂളിനടുത്തായിരുന്നതിനാല്‍ ഉച്ചയൂണ് അവിടെ നിന്നായിരുന്നു പതിവ്. അച്ഛന്‍ മാത്രം ചോറു കൊണ്ടു വരും, തട്ടുകളുള്ള പാത്രത്തില്‍. ഉച്ചക്ക് അമ്മമ്മയുടെ അടുത്ത് പോയി ചോറുണ്ണും. അവിടെയുള്ള മംഗള മനോരമകളൊക്കെ ഒന്ന് ഓടിച്ച് വായിക്കും. വായനാ ശീലം വളര്‍ത്തിയ പൈങ്കിളികള്‍. വൈകുന്നേരങ്ങളില്‍ അമ്മമ്മയുടെ അടുത്തു നില്‍ക്കുന്ന ദിവസങ്ങളില്‍ രാത്രി പഠിപ്പും കഴിഞ്ഞും ഈ വായനയ്ക്കുള്ള സമയം കിട്ടും. കണ്ണട വെച്ച് കിടയ്ക്കയില്‍ കാലും നീട്ടിയിരുന്ന് അമ്മമ്മ വായിക്കും. താഴെ കമിഴ്ന്നു കിടന്ന് ഞാനും. 

ഇത് കുട്ടികള്‍ വായിക്കണ്ടതല്ല എന്ന അശരീരികള്‍ ചുറ്റും നിന്ന് മുഴങ്ങുമെങ്കിലും അതൊന്നും അന്നത്തെ ന്യൂ ജനറേഷന്‍ ചെവിക്കൊണ്ടില്ല. ജോണ്‍സണ്‍ പുളിങ്കുന്ന്, സുധാകര്‍ മംഗളോദയം ഇവരുടെയൊക്കെ നോവലുകളും, കഥാപാത്രങ്ങളുമൊക്കെ വേറൊരുതരം ജീവിതത്തെ പരിചയപ്പെടുത്തി. പാവപ്പെട്ടവള്‍ എന്നാല്‍ അതി സുന്ദരി - കാമുകന്‍ മിക്കപ്പോഴും ചതിച്ചു സ്ഥലം വിടുന്നവനാകും. അപ്പോള്‍ ഒന്നുകില്‍ ആത്മഹത്യ, അല്ലെങ്കില്‍ ഒരു കുഞ്ഞ്. പിന്നെ ആ വഴിക്കു നീങ്ങും കഥ.

ഏഴാം ക്ലാസ് കഴിഞ്ഞതോടെ സ്‌കൂള്‍ മാറി. അമ്മമ്മയുടെ അടുത്തു നിന്നുള്ള ഉച്ചയൂണും 'മ' വായനയും ഏതാണ്ട് നിലച്ചു. വല്ലപ്പോഴും വരുമ്പോള്‍ വായിക്കുമ്പോള്‍ ആകെ ഒരു ഗുമ്മില്ലാത്ത അവസ്ഥ . അച്ഛന്‍ വീടിന്റെ അയല്‍പക്കം രാധച്ചേച്ചിയും ബാലേട്ടനും പുസ്തക വായനക്കാരായിരുന്നു. മനോരാജ്യവും മാതൃഭൂമിയും അവിടെ കിട്ടും. മനോരാജ്യം പൈങ്കിളിയുടെയും ബുജി വാരികകളുടെയും മധ്യത്തില്‍ നില്‍ക്കും. മാതൃഭൂമി ബാലപംക്തി മാത്രമേ ആദ്യം തുണയായുള്ളൂ.

സി രാധാകൃഷ്ണന്റെ 'മുമ്പേ പറക്കുന്ന പക്ഷികളും', പത്മരാജന്റെ 'പ്രതിമയും രാജകുമാരിയും' ഒക്കെ അക്കാലത്ത് വായിച്ചു. 

അന്നൊക്കെ അശാന്തമായ നേരങ്ങളും, വാര്‍ത്തകളും കുറവായിരുന്നു. സമയം ഓരോന്നിനും നിശ്ചിതമായിരുന്നു. ടെലിവിഷന്‍ ഇല്ലായിരുന്നു. വൈകുന്നേരങ്ങളില്‍ പഠിക്കുമ്പോള്‍ സഹോദരിമാര്‍ തമ്മിലുള്ള സ്വകാര്യം പറച്ചില്‍ മാത്രമാണ് ആകെയൊരു വിനോദം. എന്റെ പത്താം ക്ലാസും ഏഷ്യാഡും ഒരേ കൊല്ലം വന്നു. ദൂരദര്‍ശനില്‍ മഹാഭാരതവും. രാമായണം അപ്പോഴേക്കും സംപ്രേഷണം ചെയ്ത് കഴിഞ്ഞിരുന്നു. രാമായണം കാണാറുള്ള ടീച്ചര്‍മാരുടെ വിവരണം കേട്ടു കേട്ട് മഹാഭാരതമെങ്കിലും തുടക്കം മുതല്‍ കാണാന്‍ വീട്ടില്‍ ടി.വി. വാങ്ങി. പത്താം ക്ലാസുകാരിയായ ഞാന്‍ ടി.വിക്ക് മുഴുവനായും കീഴടങ്ങിയില്ല. കണ്ടും കാണാതെയും പരീക്ഷക്കാലം കഴിഞ്ഞു. പിന്നെ ദൂരദര്‍ശനിലെ ഞായറാഴ്ച സിനിമകളും ഹിന്ദി സിനിമകളും വരെ കാണാന്‍ തുടങ്ങി. ചിത്രഗീതം, ചിത്ര ഹാര്‍. മലയാളം ദൂരദര്‍ശനില്‍ വന്നിരുന്ന സീരിയലുകള്‍ എന്നിവയും. സീരിയലിന് -പരമ്പര - എന്നായിരുന്നു അന്നത്തെ പേര്. ജഗന്നാഥന്‍ അഭിനയിച്ചിരുന്ന 'കൈരളീ വിലാസം ലോഡ്ജ്' ഒരു തമാശ സീരിയലായിരുന്നു എന്ന് ഓര്‍മ്മയുണ്ട്.

പുതിയ കാലം പുതിയ ജീവിതം 

കാലമൊരുപാട് മാറിയെന്ന് ഉറപ്പിച്ചു പറയാനാവും, ഈ പ്രായത്തില്‍, ഈ കാലത്തില്‍ നിന്ന് പുറകോട്ട് തിരിഞ്ഞു നോക്കുമ്പോള്‍. ജീവിതവും ഏറെ മാറി. ഏതാണ് നല്ലത്, ഏതാണ് ചീത്ത എന്നൊന്നും സാമാന്യവല്‍ക്കാനാവില്ല. പക്ഷേ, അതിശയിക്കാനാവും. നോക്കിനോക്കി നില്‍ക്കേ കണ്‍മുന്നില്‍ എല്ലാം എത്രവേഗമാണ് മാറിപ്പോയത്!

ഏത് സമയം വേണമെങ്കിലും ഏത് പരിപാടിയും കാണാവുന്ന ധാരാളിത്തത്തിലാണ് ഇന്ന് നമ്മള്‍. പുറത്തിറങ്ങാതെ, നടക്കാതെ, സ്വന്തം വീട്ടിന്റെ മുറ്റത്ത് പോലും ഇറങ്ങാതെ, സമയം ചെലവാകുന്നു. മാങ്ങ പഴുത്തു വീണാലും, ചക്ക മൂത്താലും അറിയുന്നില്ല. ഒന്നുമേ അറിയുന്നില്ല. സൈബര്‍ ലോകത്ത്  മറ്റൊരു ജീവിതം . കുട്ടികളും മുതിര്‍ന്നവരും ഒരു പോലെത്തന്നെ. കുട്ടികള്‍ക്ക് സാങ്കേതിക വിദ്യയില്‍ അറിവും മികവും കൂടുമെന്ന് മാത്രം.. 

പഴയത് നല്ലത്, പുതിയത് അപകടം എന്ന സാമാന്യവല്‍ക്കരണം കൊണ്ട് ഒരു കാര്യവുമില്ല. മാറുന്ന ലോകത്ത് മാറിയ ജീവിതം ജീവിക്കുക, ആത്മാവിന് വലിയ പരുക്കേല്‍പ്പിക്കാതെ, കാലത്തിന്റെ മാറ്റം മണ്ണും മനസ്സും മാനവുമൊക്കെ ഉള്‍ക്കൊണ്ടേ പറ്റൂ. രണ്ടു കാലത്തും ജീവിച്ചവര്‍ക്ക്, രണ്ടിന്റെയും മെറിറ്റും ഡി മെറിറ്റും ഉള്‍ക്കൊള്ളാം.

പുതിയ കാലത്ത് നമ്മളൊക്കെ വളരെ 'ഇരുത്തം'  വന്നവരായി. നമ്മുടെ ശരീരത്തിലെ അവയവങ്ങളും നടത്തമോ ഓട്ടമോ മതിയാക്കി ഇരുന്നേക്കാം എന്ന് തീരുമാനിച്ചേക്കും. മനസ്സിനും ഇരുട്ടു മൂടാം.. കൊറോണക്കുഞ്ഞന്‍ വൈറസും പാഠങ്ങളൊരു പാട് പഠിപ്പിക്കുന്നു. മുഴുവനായും റിവേഴ്‌സ് ഗിയറില്‍ പോയി ഒന്നു ഫ്രഷ്് ആയി തിരിച്ചു വരുവാനുള്ള അവസരമൊന്നുമില്ല.  കൊതി തീരും വരെ ജീവിക്കാം എന്ന വ്യാമോഹവും വേണ്ട. ഗുണമേന്‍മയുള്ള ജീവിതം ജീവിക്കാം. കുറച്ച് കാലമാണെങ്കിലും. അതിനായി കണ്ണുകളുയര്‍ത്തി നോക്കാം, എഴുന്നേറ്റു നടക്കാം, കാറ്റും വെയിലും പച്ചപ്പും കണ്ട് അനുഭവിക്കാം.

Latest Videos
Follow Us:
Download App:
  • android
  • ios