Ramadan Memory: വെന്ത ഇറച്ചിയുടെയും ഇഞ്ചിയുടെയും മണമുള്ള കാറ്റ്
ഉപ്പ വാച്ചില്‍ സമയം നോക്കിക്കൊണ്ടിരിക്കെ, ഞങ്ങളുടെ വിടര്‍ത്തിപ്പിടിച്ച കാതുകളിലേക്ക് ബാങ്കലകള്‍ ആദ്യമായി കേള്‍ക്കുന്നത്ര സന്തോഷത്തോടെ വന്നുവീണു. ബാങ്ക് കൊടുത്തേ എന്നുള്ള നെട്ടോട്ടത്തിനിടെ മുറ്റത്ത് വീണ് എന്റെ കാലു മുറിഞ്ഞെങ്കിലും പൊടിയുന്ന ചോരയോ വേദനയോ പുല്ലിനു വകവെയ്ക്കാതെ തിണയില്‍ വിരിച്ചുവെച്ച, നീലപ്പുക്കള്‍ വിടര്‍ന്നു നിന്ന സുപ്പറയിലേക്ക് ഞങ്ങള്‍ പറന്നിരുന്നു
അവിടെനിന്നും അനേകം കിലോ മീറ്ററുകള്‍ അകലെ, വിദൂരമായ ഒരു നഗരത്തിന്റെ തിരക്കുകള്‍ എന്നെയും വിഴുങ്ങി. നോമ്പ് ഒരു സാധാരണ കാര്യമായി മാറി. എങ്കിലും കണ്ണടച്ചിരുന്നാല്‍, ശാന്തമായ ഇത്തിരിനേരം ഉള്ളില്‍ നിറഞ്ഞാല്‍, പഴയൊരു വീട് ഉള്ളിലിങ്ങനെ തെളിയും. ബാങ്ക് കൊടുത്തോ എന്ന ആകാംക്ഷയിലേക്ക് ഇരു കാതുകളും വിടര്‍ത്തിവെച്ച് മുറ്റക്കൊള്ളിലോ കോണിപ്പടിയിലോ നിന്ന് റോഡിലേക്ക് നോക്കിയിരിക്കുന്ന മൂന്ന് കുട്ടികള്‍ ബാങ്ക് കൊടുത്തേ എന്നുച്ചത്തില്‍ വിളിച്ചുപറഞ്ഞ് വീട്ടകത്തേക്ക് പായും. വാച്ചില്‍ സമയം നോക്കിയിരിക്കുന്നതിനിടെ ഞങ്ങളുടെ ഓട്ടം കണ്ട് ഉപ്പ കണ്ണിക്കസേരയില്‍നിന്നും എഴുന്നേറ്റ് നില്‍ക്കും. അടുക്കളയില്‍നിന്നും ഉയരുന്ന വെന്ത ഇറച്ചിയുടെയും ഇഞ്ചിയുടെയും മണമുള്ള കാറ്റിലൂടെ ഉമ്മ ഇറങ്ങി വാതുക്കലേക്ക് വരും.
കസേരയും മേശയും പീഠങ്ങളും അടുക്കളയിലെ മരസാധനങ്ങളുമെല്ലാം മുറ്റത്തേക്കിട്ട്, അലക്കുകല്ലിന്റെ അരികത്തുള്ള പാറോത്തിന്റെ ഇലകള്‍ പറിച്ചെടുത്ത്, ചുവന്ന പാട്ടയില്‍ വെള്ളം മുക്കി, വിറകുകൂടേന്റെ അപ്പുറത്തിട്ട് തേച്ചുതേച്ചു കഴുകുന്ന ഒരു നാലു മണിയുടെ വെയിലാണ് നോമ്പോര്‍മ്മകളുടെ അങ്ങേത്തലയ്ക്കല്‍.
നോമ്പ് തുടങ്ങുന്നതിന്റെ ഒന്നു രണ്ടു ദിവസം മുമ്പാണത്. ഞാനും ഇളയ പെങ്ങമ്മാരുമെല്ലാം അന്ന് കുട്ടികള്‍. ഉമ്മയെ സഹായിക്കാനെന്ന മട്ടില്‍ ഞങ്ങളൊരു പടയായി അടുത്തുണ്ട്. ഓരോ പീഠവും ഉരച്ചു കഴുകി, പിന്നിലെ മുറ്റത്ത്, കൂടയുടെ അരികെ നിരത്തിവെച്ച്, എന്തോ കഠിന ജോലികള്‍ ചെയ്തതിന്റെ ക്ഷീണത്തോടെ പെങ്ങന്‍മാരും ഞാനും ചെന്ന് തെണയില്‍ ഇരിക്കുന്നത് ഓര്‍മ്മയുണ്ട്. മേശപ്പുറത്തെ പഴയ നാഷനല്‍ പനാസോണിക് ടേപ്പ് റെക്കോര്‍ഡര്‍ മാത്രം ഏതോ പഴയ പാട്ട് പാടിക്കൊണ്ടിരിക്കുന്നുണ്ടാവും.
പിന്നെ, കാത്തുകാത്തങ്ങനെ നോമ്പ് വന്നു.
കുട്ടികളാണ്, നോമ്പെടുക്കാന്‍ പറ്റില്ലെന്ന് ഉമ്മ അന്ത്യശാസനം പുറപ്പെടുവിച്ചു. എന്നാലും നോമ്പല്ലേ, എങ്ങനെ എടുക്കാതിരിക്കുമെന്ന തോന്നലില്‍, ഞങ്ങള്‍ വാശിപിടിച്ചു കരഞ്ഞും ഉമ്മാക്ക് ഒരു സൈ്വര്യവും കൊടുക്കാതെ അലമ്പായി നിന്നു. റേഡിയോയില്‍ മാസം കണ്ട വാര്‍ത്ത കേട്ടതും, നോമ്പായെന്ന് പരസ്പരം പറഞ്ഞുപറഞ്ഞ് മൊത്തത്തില്‍ മറ്റൊരു മൂഡിലേക്ക് പതിയെ പോയി.
നോമ്പെടുക്കുന്നില്ലേലും നൊയക്കാന്‍ വിളിക്കാമെന്ന് സമ്മതിച്ചാണ് അന്ന് ഉമ്മ ഉറങ്ങിയത്. ആ വാക്ക് പാലിക്കപ്പെട്ടു. പുലര്‍ച്ചെ നല്ല ഉറക്കത്തില്‍ വിളിച്ചെണീപ്പിക്കപ്പെട്ട ഞങ്ങള്‍ കണ്ണ് പാതി അടഞ്ഞ്, വരിവരിയായി, റെഡ് ഓക്സൈഡിട്ട വാതുക്കലെ തെണമേല്‍ ചെന്നിരുന്ന് പിന്നേം പാതി ഉറങ്ങി. ഉപ്പയും ഞങ്ങള്‍ കുട്ടികളും അവിടിരുന്ന് പയറിന്റെ ഉപ്പേരിയും ചെറുപയര്‍ കറിയും അച്ചാറും മീന്‍ കറിയും പപ്പടവും കൂട്ടി ചോറു തിന്നു. ഉമ്മ അടുക്കളയിലും.
അനന്തരം, നോമ്പ് എടുത്തേ പറ്റൂ എന്ന കടുത്ത നിലപാടില്‍ ഞങ്ങളും പറ്റില്ലാ എന്ന നിര്‍ബന്ധത്തില്‍ ഉമ്മയും ഉപ്പയും ഉറച്ചു നിന്നു. സംഗതി ഒരു തീരുമാനവുമില്ലാതെ നീണ്ടപ്പോള്‍ ഉപ്പ ഇടപെട്ടു. എന്നാല്‍, പിന്നെ നിയ്യത്ത് എടുത്തോട്ടെ, നാളെ ഉച്ച ആവുമ്പോള്‍ നോമ്പ് മുറിച്ചാല്‍ മതി എന്ന സമവായം പതുക്കെ രൂപപ്പെട്ടു. അതാണെങ്കില്‍, അത് എന്ന സമവാക്യത്തിലേക്ക് ഞങ്ങളും മാറി. പിന്നെ, നിയ്യത്ത് വെക്കപ്പെട്ടു. ഉമ്മ പറഞ്ഞുതന്ന അറബി വാക്കുകള്‍ ഞങ്ങളും ഉരുവിട്ടതോടെ, ഞങ്ങള്‍ കുട്ടികളും നോമ്പിന്റെ ഹരം പിടിക്കുന്ന സാദ്ധ്യതയിലേക്ക് വലിയ ആളുകളുടെ മട്ടും മാതിരിയുമായി ഇറങ്ങിനിന്നു.
പറഞ്ഞതുപോലെ, ഉച്ചയാവുന്നതിനു മുമ്പേ വിശന്നു. ആദ്യ ഇളയ അനുജത്തി റസീനയും പിന്നാലെ ഞങ്ങളും അടുക്കളയിലെ നാലു കാലും ചെറിയ മരക്കഷണവുമുള്ള പീഠങ്ങളില്‍ ചെന്നിരുന്ന് ദോശയും മീന്‍കറിയും കൂട്ടി നോമ്പ് മുറിച്ചു. ആദ്യത്തെ നോമ്പ്. ആദ്യത്തെ നോമ്പു മുറിക്കല്‍.
സംഗതി നോമ്പ് മുറിഞ്ഞുവെങ്കിലും, ഭക്ഷണം കഴിച്ചുവെങ്കിലും, നോമ്പ് എന്ന ആവേശത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല. ഉമ്മ നിസ്‌കരിക്കുമ്പോള്‍ അപ്പുറത്ത് കളിക്കാന്‍ പോവാറുള്ള ഞങ്ങള്‍ എല്ലാ പരിപാടികളും മാറ്റിവെച്ച്, ചങ്ങാതിമാര്‍ പറഞ്ഞും മദ്രസ്സയില്‍നിന്ന് കേട്ടുമറിഞ്ഞ ആ വിശുദ്ധമായ നേരങ്ങളുടെ ഭാഗമായി. തെണയിലിരുന്ന് ഉപ്പാന്റെ വാച്ചു നോക്കിനോക്കി നിന്ന് എങ്ങനെയോ വൈകുന്നേരമായി.
അങ്ങാടിയില്‍ നിന്ന് വന്ന് ഉപ്പയുടെ കൈയിലെ തുണിസഞ്ചിയില്‍നിന്നും വത്തയ്ക്കയും മുന്തിരിയും എടുത്ത് അടുക്കളയില്‍ വെയ്ക്കുമ്പോള്‍ അസാധാരണമായ എന്തോ ഒന്നിലേക്ക് പോവുകയാണ് ഞങ്ങളെന്ന് തീര്‍ച്ചയായി. അടുക്കയിലെ പഴയ സ്റ്റീല്‍ ചെമ്പില്‍, ഉമ്മ പഞ്ചാര വെള്ളം ഇളക്കിയിളക്കി ശരിയാക്കുമ്പോള്‍ ഞങ്ങള്‍ അടുത്തുതന്നെ കൂടി. ചെറിയുള്ളിയും പഞ്ചസാരയും അല്‍പ്പം ഏലക്കായുമിട്ട് കിണറ്റുവെള്ളത്തിന്റെ ശാശ്വതമായ തണുപ്പ് മാത്രമായി ഞങ്ങള്‍ക്കു വേണ്ടി തയ്യാറായ ആ വെള്ളത്തിന് ആ ദിവസത്തെ മുഴുവന്‍ കാത്തിരിപ്പിന്റെയും മധുരമുണ്ടായിരുന്നു. പിന്നെ ഞങ്ങള്‍ വാതുക്കലെ റോഡിനും ഞങ്ങളുടെ പറമ്പിനുമിടയിലുള്ള, ചെങ്കല്ലുകള്‍ അങ്ങിങ്ങ് പോയ കോണിയില്‍ ചെന്നു നിന്നു. അന്ന് വാണിമേല്‍ പള്ളിയില്‍നിന്നും കേള്‍ക്കണമായിരുന്നു ബാങ്ക്. ഉപ്പ വാച്ചില്‍ സമയം നോക്കിക്കൊണ്ടിരിക്കെ, ഞങ്ങളുടെ വിടര്‍ത്തിപ്പിടിച്ച കാതുകളിലേക്ക് ബാങ്കലകള്‍ ആദ്യമായി കേള്‍ക്കുന്നത്ര സന്തോഷത്തോടെ വന്നുവീണു. ബാങ്ക് കൊടുത്തേ എന്നുള്ള നെട്ടോട്ടത്തിനിടെ മുറ്റത്ത് വീണ് എന്റെ കാലു മുറിഞ്ഞെങ്കിലും പൊടിയുന്ന ചോരയോ വേദനയോ പുല്ലിനു വകവെയ്ക്കാതെ തിണയില്‍ വിരിച്ചുവെച്ച, നീലപ്പുക്കള്‍ വിടര്‍ന്നു നിന്ന സുപ്പറയിലേക്ക് ഞങ്ങള്‍ പറന്നിരുന്നു. ഇരുണ്ട നിറമുള്ള, കടുകട്ടിയായ കാരയ്ക്ക ആദ്യത്തെ കടികൊണ്ട് രണ്ട് കഷണമാക്കി, ഞങ്ങളും നോമ്പെടുത്തു തളര്‍ന്ന മട്ടില്‍ തിന്നാന്‍ തുടങ്ങി. പഞ്ചാരവെള്ളം കുടിച്ചിരിക്കെ ഉമ്മ നല്ല കട്ടിയുള്ള, നല്ലോണം മൊരിഞ്ഞ, പയ്യിന്റെ നെയ്യില്‍ നന്നായി പൊതിഞ്ഞ ടയര്‍ പത്തിരിയും നിറയെ എല്ലുകള്‍ക്കിടയില്‍ ഇത്തിരി ഇറച്ചിയുള്ള, എരിവു തീരെ കുറഞ്ഞ കറിയുമായി വന്നു. ഒപ്പം, മഞ്ഞളിന്റെ മുന്‍കൈയാല്‍, പ്രത്യേക നിറമായി രൂപപ്പെട്ട ഉള്ളിവടയും, തൊടുമ്പോള്‍ തേന്‍ ഒഴുകുമെന്നു തോന്നിക്കുന്ന മധുരമുള്ള പഴം പൊരിച്ചതും കുറച്ച് കുഞ്ഞിപ്പത്തിലും. ഉമ്മ അടുക്കളയിലാണ് നോമ്പു തുറക്കുക. വാതുക്കലെ തുറ ഞങ്ങള്‍ക്കുള്ളതാണ്. കുട്ടികള്‍ക്ക് മാത്രം കഴിയുന്ന വിശുദ്ധമായ എന്തോ സങ്കല്‍പ്പങ്ങളുടെ മാധുര്യത്തോടെ നിരത്തിവെച്ച പ്ലേറ്റുകളിലേക്ക് മനസ്സ് സമര്‍പ്പിച്ചിരിക്കവേ, അറിഞ്ഞു, അങ്ങനെയിതാ ഞങ്ങള്‍ നോമ്പു തുറന്നു!
അത് കഴിഞ്ഞ്, മുറ്റത്തെ അസര്‍ മുല്ലപ്പൂവിന്റെ മണത്തിലേക്ക് മൂക്ക് ചേര്‍ത്തുവെച്ച്, ചേതിക്കല്‍ വെച്ച വക്കുകളില്‍ പായലിന്റെ ഇളം പച്ച കലര്‍ന്ന ജാടിയില്‍നിന്നും കൈകളിലേക്ക് വെള്ളമൊഴിക്കുമ്പോള്‍ അപാരമായ സന്തോഷയിരുന്നു ഉള്ളിലാകെ. അവിടന്നു നോക്കുമ്പോള്‍ അപ്പുറത്തെ പൊര കാണാം. അമ്മായീന്റെ പുരയുടെ പിന്‍ഭാഗത്തെ പീഠങ്ങളിലിരുന്ന് ഞങ്ങളുടെ കളിക്കൂട്ടുകാരായ റസിയയും ഹാജറയും ആസ്വദിച്ച് നോമ്പു തുറക്കുന്നത് കണ്ടു.
പിന്നെ, മഗ്രിബ് നിസ്‌കാരം. ഇളം പച്ച നിറത്തില്‍ അനേകം വട്ടക്കളങ്ങളുള്ള ചന്ദന നിറത്തിലുള്ള മന്തിരിയയില്‍ വിരിച്ചിട്ട മുസല്ലയില്‍ ഉപ്പ ഇമാമായി നിന്നു. ഞാന്‍ പുറകിലും. പഠിച്ചു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ നിസ്‌കാരം. എങ്കിലും, തലയിലൊരു കുഞ്ഞി ടവ്വലിട്ട്, ട്രൗസറിന്റെ മീതെ, പാതി കീറിയ കള്ളി മുണ്ടു ചുറ്റി ഞാനും ഉപ്പയെ പിന്തുടര്‍ന്നു. അതു കഴിഞ്ഞ് വാതുക്കലിരുന്ന് വര്‍ത്തമാനം പറയുമ്പോള്‍ ഉമ്മയും കൂട്ടിനു വന്നു. ഇന്നും കൂടി നിയ്യത്ത് എടുക്കണമെന്നും നാളെയും നോമ്പ് നൊയക്കണമെന്നുമുള്ള പിടിവാശിയിലേക്ക് ഞങ്ങള്‍ പിന്നെയും മാറിയപ്പോള്‍ സംഘര്‍ഷമൊഴിവാക്കാന്‍ ഉപ്പ പിന്നെയും മൂളി. ഇശാഅ് നിസ്‌കാരത്തിന് ഉപ്പ കുളപ്പറമ്പത്തെ ചെറിയ സെറാമ്പിയിലേക്ക് പോവുമ്പോള്‍, ചെറുപ്പക്കാരനാവാന്‍ പോവുന്നൊരു ബലത്തില്‍ ഞാനും കൂടെപ്പോവാന്‍ നോക്കിയെങ്കിലും, അത് വകവെയ്ക്കാതെ, അവിടവിടെ ഉര വീണ സ്റ്റീലിന്റെ നിറമുള്ള ടോര്‍ച്ചുമെടുത്ത് ഉപ്പ റോട്ടിലേക്ക് ഇറങ്ങി. ഇത്തിരി നേരം കരഞ്ഞിരുന്നുവെങ്കിലും ഒരൊറ്റ ബാലരമ കൊണ്ട് എന്റെ കരച്ചില്‍ മാഞ്ഞുപോയി. പെങ്ങന്‍മാരാവട്ടെ പഴയ വെള്ളക്കുപ്പിയില്‍ കാലങ്ങളായി കൊണ്ടുനടക്കുന്ന കുപ്പിവളക്കഷണങ്ങള്‍ വെച്ച് അവര്‍ക്കു മാത്രം സാദ്ധ്യമാവുന്ന വാശിയോടെ തൊട്ടടുത്തിരുന്ന് കളി തുടങ്ങി. കറങ്ങുമ്പോള്‍ വല്ലാത്ത ഒരൊച്ച കേള്‍പ്പിക്കുന്ന, പഴയ റാലി ടേബിള്‍ ഫാന്‍ ഉഷ്ണകാലത്തിന്റെ വിയര്‍പ്പുകടലുകളെ ഒപ്പിയെടുത്ത് അതിന്റെ പണിയും തുടങ്ങി. അടുത്തുള്ള പ്ലാസ്റ്റിക് കസേരയിലിരുന്ന് ഉമ്മ ഖുര്‍ആനോതി.
തറാവീഹ് നിസ്‌കാരവും കഴിഞ്ഞ് ഉപ്പ വരുമ്പോള്‍ പിന്നെയും വൈകും, ഉറങ്ങിക്കോളാന്‍ പറഞ്ഞ് ഉമ്മ ഒച്ചയിടുന്നതുവരെ ബാലരമയില്‍ത്തന്നെ കുരുങ്ങിപ്പോയി ഞാന്‍. അപ്പോഴേക്കും പെങ്ങമ്മാര്‍ കളി കഴിഞ്ഞ്, അപ്പുറത്ത് വിരിച്ചിട്ട പായിന്റെ അറ്റങ്ങളില്‍ കോടിക്കിടന്നിരുന്നു. ഞാനും പോയി അരികത്ത് കിടന്നുവെങ്കിലും മുറ്റത്തേക്ക് പരിചിതമായ ആ ടോര്‍ച്ചുവെട്ടം വന്നതോടെ എണീറ്റു വാതുക്കലേക്ക് നടന്നു. പിറകിലെ മൂടി തുറന്ന് അമ്പതു പൈസ നാണയം വെച്ച് പല തവണ ശ്രമിച്ച് കല പോക്കിയ ടോര്‍ച്ചിന്റെ വട്ടത്തിലൂടെ ഉപ്പയും പീടികയുള്ള പറമ്പത്ത് മൊയ്തുക്കയും കയറി വന്നു. ഉമ്മാന്റെ ആങ്ങളയാണ് മൊയ്തൂക്ക. ഏതു ദിവസമായാലും പൊരയില്‍ കയറി ഉമ്മാനെ ഒന്ന് കാണാതെ മൊയ്തൂക്ക പോവില്ല. വാതുക്കലിട്ട കണ്ണിക്കസേരയിലിരുന്ന് റേഡിയോയില്‍ കോഴിക്കോട് സ്റ്റേഷന്‍ വെക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന മൊയ്തൂക്കാന്റെ അടുത്ത് ഞാനും ചെന്നുനിന്നു. അപ്പോഴേക്കും തേങ്ങാപ്പാലൊഴിച്ച ജീരകക്കഞ്ഞിയും വയനാട്ടില്‍നിന്ന് ഉമ്മാക്ക് ആരോ കൊണ്ടക്കൊടുത്ത തുറമാങ്ങയുടെ കഷണവും കായുപ്പേരിയും തെണയിലെ സുപ്പറയില്‍വന്നിരുന്നു. പിന്നെ, ഉപ്പയും മൊയ്തൂക്കയും ഞാനും കൂടി കഞ്ഞികുടിക്കാനിരുന്നു.
'ഓന് നോമ്പ് നൊയക്കണോലും'-ഉമ്മ മൊയ്തൂക്കാനോട് പറഞ്ഞു.
'അയിനെന്താ ഓന്‍ നൊയറ്റോട്ടെ, ഓനിപ്പോ ബെലിയ ബാല്യേക്കാരനായില്ലേ'-മൊയ്തൂക്ക അതും പറഞ്ഞ് ബീഡിക്കറ മായാത്ത പല്ലു കാട്ടി ഉറക്കെ ചിരിച്ചു.
ഉപ്പ ഒന്നും പറയാതെ, കഞ്ഞി വേഗം തീര്‍ക്കാനുള്ള പണിയിലായിരുന്നു. അതു കഴിഞ്ഞ്, എന്തോ വര്‍ത്താനവും പറഞ്ഞ് മൊയ്തൂക്ക ഇറങ്ങിപ്പോവുമ്പോള്‍ എന്തായാലും നാളെ നോമ്പെടുക്കാമെന്ന വിചാരത്തില്‍ ഞാന്‍ നിന്നു തുള്ളി. എന്നാല്‍, അല്‍പ്പം കഴിഞ്ഞ്, 'കുട്ട്യേള് നോമ്പൊന്നുൂം നൊയക്കണ്ട, കുറച്ചും കൂടി വല്തായിട്ട് മതി', എന്ന് പതിവുപോലെ ഉപ്പ നിലപാട് വ്യക്തമാക്കിയതോടെ ആ സാദ്ധ്യത അവിടെ തീര്‍ന്നു. പിന്നെ ഉമ്മയായിരുന്നു അഭയം. ഞാന്‍ അത് തന്നെ പറഞ്ഞോണ്ടിരുന്നപ്പോള്‍ തലേന്നത്തെ അതേ സമവാക്യത്തില്‍ കാര്യങ്ങള്‍ക്ക് സമവായമായി. പുലര്‍ച്ചെ വിളിക്കാം. ഭക്ഷണം കഴിക്കാം. ഉച്ച വരെ നോമ്പ് എടുക്കാം.
അതോടെ കാര്യങ്ങളില്‍ ഏതാണ്ട് തീരുമാനമായി. കണ്ണില്‍ ഉറക്കം അതിന്റെ വാതില്‍ തുറന്നു. പുലര്‍ച്ചെ വിളിക്കുമെന്ന ഒരൊറ്റ വിചാരത്തിലേക്ക് മനസ്സ് പറത്തി, കണ്ണടച്ച് പതിയെ ഉറക്കത്തിന്റെ നദിയിലേക്ക് ഞാനുമിറങ്ങി.
ആ നോമ്പു കാലത്ത്, ഏതാണ്ട് എല്ലാ ദിവസങ്ങളിലും ഇതു തന്നെയായിരുന്നു കഥ. ഇടയ്ക്ക് നോമ്പു തുറക്കാന്‍ കുടുംബ വീടുകളില്‍ പോയതൊഴിച്ചാല്‍, ഒരനുഷ്ഠാനം പോലെ നോമ്പ് എടുക്കാനുള്ള സമരവും കരച്ചിലും സമവായവും അതേ പോലെ തുടര്‍ന്നു. അതു കഴിഞ്ഞ് പിന്നെയും വന്നു നോമ്പു കാലങ്ങള്‍. മുതിര്‍ന്ന കുട്ടികളായി എന്ന അറിവോടെ ഞങ്ങള്‍ അതേ ആവേശത്തോടെ തന്നെ നോമ്പുകാലങ്ങളെ കാത്തുകാത്തിരുന്നു. അതും കഴിഞ്ഞ്, ജീവിതം പിന്നെയും മാറി. കോളജുകള്‍. ഹോസ്റ്റലുകള്‍. ജോലി സ്ഥലങ്ങള്‍. പല നഗരങ്ങള്‍. നോമ്പും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഏറെ മാറിയെങ്കിലും കുട്ടിക്കാലത്തെ ആ നോമ്പു കാലം തന്നെയായിരുന്നു ഉള്ളിലുണ്ടായിരുന്നത്. പിന്നൊരു നോമ്പു നാളില്‍ ഉമ്മ പോയി. അതോടെ ചരടറ്റ പട്ടം കണക്കെ ഞങ്ങളെല്ലാം പല വഴിക്കായി. ഓര്‍മ്മയുടെ ഖജനാവില്‍നിന്നും പഴയ കാലങ്ങളെല്ലാം ഒലിച്ചുപോയ ഒരാളെപ്പോലെ പരീക്ഷീണമായ ഏറെ കാലങ്ങളുടെ വിജനതയില്‍നിന്നും ഉപ്പ കൂടി പോയതോടെ കാര്യങ്ങള്‍ക്ക് പൂര്‍ണ്ണവിരാമമായി. സ്നേഹത്തിന്റെയും കരുതലിന്റെയും കടുപ്പമുള്ളൊരു നൂലിനാല്‍ ബന്ധിക്കപ്പെട്ടിരുന്ന സഹോദരങ്ങളെല്ലാം ഓര്‍മ്മകളെ അതാതിന്റെ വഴിക്കുവിട്ട് അവരവരുടെ വഴിക്കായി. ആ വീട് അടഞ്ഞുകിടന്ന്, കാടും പടലും മാത്രമായി.
അവിടെനിന്നും അനേകം കിലോ മീറ്ററുകള്‍ അകലെ, വിദൂരമായ ഒരു നഗരത്തിന്റെ തിരക്കുകള്‍ എന്നെയും വിഴുങ്ങി. നോമ്പ് ഒരു സാധാരണ കാര്യമായി മാറി. എങ്കിലും കണ്ണടച്ചിരുന്നാല്‍, ശാന്തമായ ഇത്തിരിനേരം ഉള്ളില്‍ നിറഞ്ഞാല്‍, പഴയൊരു വീട് ഉള്ളിലിങ്ങനെ തെളിയും. ബാങ്ക് കൊടുത്തോ എന്ന ആകാംക്ഷയിലേക്ക് ഇരു കാതുകളും വിടര്‍ത്തിവെച്ച് മുറ്റക്കൊള്ളിലോ കോണിപ്പടിയിലോ നിന്ന് റോഡിലേക്ക് നോക്കിയിരിക്കുന്ന മൂന്ന് കുട്ടികള്‍ ബാങ്ക് കൊടുത്തേ എന്നുച്ചത്തില്‍ വിളിച്ചുപറഞ്ഞ് വീട്ടകത്തേക്ക് പായും. വാച്ചില്‍ സമയം നോക്കിയിരിക്കുന്നതിനിടെ ഞങ്ങളുടെ ഓട്ടം കണ്ട് ഉപ്പ കണ്ണിക്കസേരയില്‍നിന്നും എഴുന്നേറ്റ് നില്‍ക്കും. അടുക്കളയില്‍നിന്നും ഉയരുന്ന വെന്ത ഇറച്ചിയുടെയും ഇഞ്ചിയുടെയും മണമുള്ള കാറ്റിലൂടെ ഉമ്മ ഇറങ്ങി വാതുക്കലേക്ക് വരും.