'ചിക്കൻ ബ്ലഡ് ഇഞ്ചക്ഷൻ', ചൈനയിൽ കുട്ടികളെ ഒന്നാമതാക്കാൻ രക്ഷിതാക്കൾ ഏതറ്റം വരെയും പോകുന്നുവെന്ന് റിപ്പോർട്ട്

യുഎസ്സില്‍ നിലനില്‍ക്കുന്ന 'ഹെലികോപ്ടര്‍ പാരന്‍റിംഗി'നോട് ഏറെ സാമ്യമുള്ളതാണ് ഈ 'ചിക്കന്‍ ബ്ലഡ് പാരന്‍റിംഗും'. ഇത്തരത്തിലുള്ള മാതാപിതാക്കൾ വിശ്വസിക്കുന്നത് ഒരു സ്കൂൾ മാത്രം പോരാ, കുട്ടിക്ക് നല്ല ഗ്രേഡുകൾ മതിയാകില്ല, പകരം തങ്ങളുടെ കുട്ടി എല്ലാവരേക്കാളും മികച്ച നിലയിലെത്തണം എന്നാണ്.

Chicken parenting in China

ഇത് മത്സരങ്ങളുടെ ലോകമാണ് അല്ലേ? ആവറേജ് മനുഷ്യര്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന ലോകം. അതില്‍ ഭൂരിഭാഗം രക്ഷിതാക്കളും തങ്ങളുടെ കുട്ടികള്‍ ഏറ്റവും മിടുക്കന്മാരായി എല്ലാത്തിലും ഒന്നാമതായി വളരണം എന്നാണ് ആഗ്രഹിക്കുന്നത്. അതിനുവേണ്ടി അവര്‍ക്ക് പരിശീലനം നല്‍കുന്നതൊക്കെ നാം കണ്ടിട്ടുണ്ട്. ചൈനയിലെ മധ്യവർ​ഗകുടുംബങ്ങളിൽ ഇത് വളരെയധികം വർധിച്ചുവരുന്നുവെന്നാണ് പുതിയ ചില റിപ്പോർട്ടുകൾ പറയുന്നത്.

അതിനെ 'ചിക്കന്‍ പാരന്‍റിംഗ്' എന്ന് പറയുന്നുവെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതുപ്രകാരം രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ സൂപ്പര്‍ കിഡ് ആയി മാറുന്നതിന് വേണ്ടി തങ്ങളെ കൊണ്ട് പറ്റാവുന്നതെല്ലാം ചെയ്യുകയാണ്. എന്തുകൊണ്ടാണ് അതിന് 'ചിക്കൻ പാരന്റിം​ഗ്' എന്ന് പേരുവന്നത്? ചൈനയിൽ, നേരത്തെ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കോഴിയുടെ ചോര കുത്തിവയ്ക്കുന്നത് ഒരു പരിഹാരമായി കണ്ടിരുന്നു. 1950 -കളില്‍ തന്നെ ആളുകള്‍ ശരീരത്തില്‍ ഫ്രഷ് ആയിട്ടുള്ള കോഴിയുടെ ചോര കുത്തിവയ്ക്കുമായിരുന്നത്രെ. കാന്‍സര്‍, വന്ധ്യത, കഷണ്ടി തുടങ്ങിയവ ഇല്ലാതെയാവാന്‍ ഇത് സഹായിക്കും എന്നാണ് അവരുടെ വിശ്വാസം. 

Chicken parenting in China

കാലം കഴിഞ്ഞപ്പോള്‍ ഈ രീതി പയ്യെപ്പയ്യെ ഇല്ലാതായി. എങ്കിലും 'ചിക്കൻ ബ്ലഡ് ഇഞ്ചക്ഷൻ' എന്ന വാക്ക് നിലനിന്നു. എല്ലാത്തിലും മികച്ചവരായി നിലനിൽക്കാൻ നടത്തുന്ന ശ്രമങ്ങളെയാണ് ഈ വാക്ക് കൊണ്ടുദ്ദേശിക്കുന്നത്. supchina.com റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് കുട്ടികൾ വിദ്യാഭ്യാസമേഖലയിലും കായികമേഖലകളിലും തുടങ്ങി സകലതിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ രക്ഷിതാക്കൾ തങ്ങളെ കൊണ്ട് കഴിയുന്നതെല്ലാം ചെയ്യുകയാണ്. 

ചൈനയിലെ മധ്യവര്‍ഗകുടുംബങ്ങള്‍ തങ്ങളുടെ മക്കളെ മികച്ചവരാക്കാന്‍ എന്ത് പ്രയത്നവും ചെയ്യുന്നു. അതിനായി ശമ്പളത്തിന്‍റെ നാലിലൊന്നോ രണ്ടിലൊന്നോ ചെലവാക്കാന്‍ അവര്‍ക്ക് മടിയില്ല. അതുപോലെ നീണ്ട യാത്രകളൊഴിവാക്കാനും അതിനായുള്ള സമയലാഭത്തിനും പലരും സ്കൂളിനടത്തു തന്നെ വീട് വാങ്ങുകയാണ് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാത്രവുമല്ല, കുട്ടികൾക്ക് വേണ്ടി ഒരുനിമിഷം പോലും വിശ്രമമില്ലാത്ത തരത്തിലുള്ള ടൈംടേബിളാണ് രക്ഷിതാക്കൾ തയ്യാറാക്കുന്നത്. അത് അതിരാവിലെ തുടങ്ങുന്നു. പഠനം, സ്പോർട്സ്, ആർട്സ് തുടങ്ങി സകലതിലും അവർക്ക് പരിശീലനം നൽകുന്നു.

Chicken parenting in China

യുഎസ്സില്‍ നിലനില്‍ക്കുന്ന 'ഹെലികോപ്ടര്‍ പാരന്‍റിംഗി'നോട് ഏറെ സാമ്യമുള്ളതാണ് ഈ 'ചിക്കന്‍ ബ്ലഡ് പാരന്‍റിംഗും'. ഇത്തരത്തിലുള്ള മാതാപിതാക്കൾ വിശ്വസിക്കുന്നത് ഒരു സ്കൂൾ മാത്രം പോരാ, കുട്ടിക്ക് നല്ല ഗ്രേഡുകൾ മതിയാകില്ല, പകരം തങ്ങളുടെ കുട്ടി എല്ലാവരേക്കാളും മികച്ച നിലയിലെത്തണം എന്നാണ്. അങ്ങനെ, കുട്ടികളുടെ രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ മികച്ച സ്കൂളുകളിൽ എത്തിക്കുന്നതിനും അതിനുശേഷം നല്ല ജോലിയിലെത്തിക്കുന്നതിനും വേണ്ടി പറ്റാവുന്നതെല്ലാം ചെയ്യുന്നു. രക്ഷിതാക്കളുടെ പ്രതീക്ഷകളും പരിശീലനങ്ങളും കുത്തിവയ്ക്കപ്പെട്ട് വളരുന്ന ഈ കുട്ടികളെ 'ചിക്കൻ ബേബി' എന്നാണ് പൊതുവെ അറിയപ്പെടുന്നത്. രക്ഷിതാക്കളിലെ ഈ അമിതപ്രതീക്ഷയും സമ്മര്‍ദ്ദവും കാരണം കുട്ടികളില്‍ വിഷാദം വര്‍ധിച്ചു വരികയാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

2019-20 ദേശീയ മാനസികാരോഗ്യ വികസന റിപ്പോർട്ടിൽ 25 ശതമാനം ചൈനീസ് കൗമാരക്കാരും വിഷാദരോഗം ബാധിച്ചവരാണെന്നും 7.4 ശതമാനം പേർ കടുത്ത വിഷാദരോഗമുള്ളവരാണെന്നും സിംഗപ്പൂർ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

(ചിത്രങ്ങൾ പ്രതീകാത്മകം)

Latest Videos
Follow Us:
Download App:
  • android
  • ios