Asianet News MalayalamAsianet News Malayalam

ആദ്യത്തെ ദീര്‍ഘദൂര മോട്ടോര്‍ വാഹന ഡ്രൈവര്‍; അതൊരു പെണ്ണായിരുന്നു!

ഡോ. അനു ബി കരിങ്ങന്നൂര്‍ എഴുതുന്നു: ലോകത്തിലെ ആദ്യത്തെ ദീര്‍ഘദൂര മോട്ടോര്‍ വാഹന ഡ്രൈവര്‍ ഒരു സ്ത്രീയായിരുന്നു. അവരുടെ ഇച്ഛാശക്തിയാണ് ദീര്‍ഘദൂര  യാത്രയ്ക്ക് മോട്ടോര്‍ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് ലോകത്തിനു കാട്ടിക്കൊടുത്തത്.

Bertha Benz and the first road trip in history
Author
Benz, First Published Jun 23, 2021, 4:08 PM IST | Last Updated Jun 23, 2021, 4:49 PM IST

നിമിഷ നേരം കൊണ്ടു തന്നെ ക്രിയാത്മകവും പ്രായോഗികവുമായി  സാങ്കേതിക തകരാറുകള്‍ മാറ്റാനും പുതിയ കണ്ടെത്തലുകള്‍ നടത്താനുമുള്ള ബെര്‍ത്തയുടെ കഴിവു കൊണ്ടു മാത്രമാണ് അവര്‍ക്ക് ആ യാത്ര സാധ്യമായത്. 12 മണിക്കൂറുകള്‍ക്ക് ശേഷം, 106 കിലോമീറ്റര്‍ യാത്ര ബര്‍ത്തയും  മക്കളും വിജയകരമായി പൂര്‍ത്തിയാക്കി. ബര്‍ത്തയുടെ കണക്കുകൂട്ടലുകള്‍ പോലെതന്നെ ലോകം ആ യാത്രയെ ശ്രദ്ധിച്ചു.  കാള്‍ ബെന്‍സിന്റെ കാറുകള്‍ക്ക് ആവശ്യക്കാര്‍ വന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ 25 -ലധികം വാഹനങ്ങള്‍ വിറ്റഴിച്ചു.

 

ആരാണ് ലോകത്തിലെ ആദ്യത്തെ ദീര്‍ഘദൂര മോട്ടോര്‍ വാഹന ഡ്രൈവര്‍ എന്നറിയാമോ? പെണ്ണുങ്ങള്‍ക്ക് പറ്റിയതല്ല, ഡ്രൈവിംഗ് എന്ന പൊതുബോധം നമ്മുടെ നിരത്തുകളില്‍ ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍, അതൊരു പുരുഷനാവാനാണ് സാധ്യത എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടാവില്ല. 

എന്നാല്‍, തെറ്റി. ലോകത്തിലെ ആദ്യത്തെ ദീര്‍ഘദൂര മോട്ടോര്‍ വാഹന ഡ്രൈവര്‍ ഒരു സ്ത്രീയായിരുന്നു. അവരുടെ ഇച്ഛാശക്തിയാണ് ദീര്‍ഘദൂര  യാത്രയ്ക്ക് മോട്ടോര്‍ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് ലോകത്തിനു കാട്ടിക്കൊടുത്തത്. അതുമാത്രമല്ല, ദീര്‍ഘദൂര യാത്രയ്ക്ക് പറ്റുന്നൊരു വാഹനം നിരത്തിലിറക്കുന്നതിലും അവര്‍ നിര്‍ണായകമായ പങ്കാണ് വഹിച്ചത്. 

1188 ഓഗസ്റ്റ് അഞ്ചിനാണ് തന്റെ രണ്ടു മക്കളെയും കൂട്ടി ബെര്‍ത്ത ബെന്‍സ് എന്ന സ്ത്രീ ചരിത്രത്തിലേക്ക് വാഹനം ഓടിച്ചു കയറി. 106 കിലോമീറ്റര്‍ ദൂരമുള്ള ആ യാത്ര ഒട്ടും സുഖകരമായിരുന്നില്ല. വഴിയില്‍ വച്ചു പലതവണ വണ്ടി കേടായി. അത്  നന്നാക്കേണ്ടി വന്നു. കിലോമീറ്ററുകള്‍ അത് തള്ളേണ്ടിവന്നു.ആദ്യമായി ബെര്‍ത്തയും മക്കളും നിരത്തിലൂടെ മോട്ടോര്‍ വാഹനത്തില്‍  പോയപ്പോള്‍ ജനങ്ങള്‍ കൂകിയാര്‍ത്തത് ''പുക തുപ്പുന്ന ഭൂതം'' വരുന്നുവെന്നായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ദുര്‍മന്ത്രവാദി വന്നതാണെന്നു സംശയിച്ചവരും ഉണ്ടായിരുന്നു.

ആരാണ് ബെര്‍ത്ത എന്നു കൂടി അറിഞ്ഞാലേ, കഥ വ്യക്തമാകൂ.

ബെന്‍സ് കാറുകളുടെ ഉടയോനായ കാള്‍ ബെന്‍സിന്റെ ജീവിത പങ്കാളി. ദീര്‍ഘദൂര യാത്രയ്ക്ക് പറ്റുന്ന വാഹനം റോഡിലിറക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ച ദരിദ്രനായിരുന്ന കാള്‍ ബെന്‍സിനെ സ്വപ്‌നസാക്ഷാല്‍ക്കാരത്തിന് സഹായിച്ചത് ബെര്‍ത്തയാണ്. ഒപ്പം, അതിന്റെ എല്ലാ പണികളിലും അവര്‍ കൂട്ടുനിന്നു. ആദ്യത്തെ ദീര്‍ഘദൂര യാത്ര പോലും ഭര്‍ത്താവിന്റെ വാഹനത്തെ ആളുകളില്‍ എത്തിക്കാനായിരുന്നു. 

 

'കുതിരയില്ലാതെ ഓടുന്ന വാഹനം' 

1849 മെയ് മൂന്നിനാണ് ബെര്‍ത്തയുടെ ജനനം. ബര്‍ത്ത ജനിച്ച ദിവസം അച്ഛന്‍ ബൈബിളില്‍ എഴുതി വച്ചത് ഇങ്ങനെയാണ്. 'Unfortunately only a girl again'  (നിര്‍ഭാഗ്യകരം, വീണ്ടും ഒരു പെണ്‍കുട്ടി)

സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം പാടെ നിഷേധിക്കപ്പെട്ടിരുന്ന കാലം. സ്ത്രീകളുടെ തലച്ചോറിനു കൂടുതല്‍ വിവരങ്ങളും അറിവുകളും താങ്ങാനാവില്ലെന്നു വിശ്വസിച്ചിരുന്ന ആളുകള്‍. സ്വാഭാവികമെന്നോണം ബര്‍ത്തയ്ക്കും വിദ്യാഭ്യാസം ലഭിച്ചില്ല. ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലെങ്കിലും  വളരെ ചെറുപ്പത്തില്‍ തന്നെ സാങ്കേതികവിദ്യകളില്‍ തല്പരയായിരുന്നു ബര്‍ത്ത. അച്ഛന്റെ ഒപ്പം പലതരം മരപ്പണികളില്‍ ഏര്‍പ്പെട്ടിരുന്നു.  

 

Bertha Benz and the first road trip in history

കാള്‍ബെന്‍സ് ബെര്‍ത്തയ്ക്കും കുഞ്ഞുങ്ങള്‍ക്കുമൊപ്പം

 

സൗന്ദര്യവും സമ്പത്തുമുള്ള ബെര്‍ത്തയെ വിവാഹം കഴിക്കാന്‍ പുരുഷന്മാര്‍ കൊതിച്ചിരുന്നു. എന്നാല്‍, ഒരു ട്രെയിന്‍ യാത്രാ മദ്ധ്യേ കണ്ടുമുട്ടിയ ദരിദ്രനും അലസമായി വസ്ത്രം ധരിച്ചവനുമായ കാള്‍ ബെന്‍സ് എന്ന യുവ എന്‍ജിനീയറെയാണ് ബര്‍ത്തയ്ക്ക് ഇഷ്ടമായത്. 'കുതിരയില്ലാതെ ഓടുന്ന വാഹനം' നിര്‍മിക്കുക എന്ന ലക്ഷ്യവുമായി നടക്കുകയായിരുന്നു കാള്‍. എന്നാല്‍, അതിനു വേണ്ടി ചെലവഴിക്കാന്‍ പണമോ പശ്ചാത്തല സൗകര്യമോ അയാള്‍ക്കുണ്ടായിരുന്നില്ല. ബെര്‍ത്ത വന്നതോടെ അദ്ദേഹത്തിന്റെ സ്വപ്നം അവളുടേതു കൂടിയായി. 

ബെന്‍സിനെ പോലൊരാളെ വിവാഹം കഴിച്ചാല്‍ സാമ്പത്തികമായും സാമൂഹികമായും നേരിടേണ്ടി വരുന്ന കഷ്ടതകളെ കുറിച്ചുള്ള അച്ഛന്റെ വാക്കുകള്‍ക്ക് അവള്‍ ചെവി കൊടുത്തില്ല. വിവാഹത്തിനു സ്ത്രീധനമായി ലഭിച്ച മുഴുവന്‍ പണവും ബെര്‍ത്ത ബെന്‍സിന്റെ കമ്പനിയ്ക്കായി നല്‍കി. ബെന്‍സിന്റെ മോട്ടോര്‍ വാഹനം എന്ന സ്വപ്നത്തിനായി അവര്‍ ഒന്നിച്ചു പരിശ്രമിച്ചു, ജീവിക്കാന്‍ വളരെയധികം ബുദ്ധിമുട്ടി. 

 

Bertha Benz and the first road trip in history
ബെര്‍ത്തയുടെ ആദ്യ യാത്ര
 

സാഹസികമായ ഒരു യാത്ര! 
ഒന്നര പതിറ്റാണ്ടോളം നീണ്ട കഷ്ടപ്പാടുകള്‍ക്ക് ശേഷം 1886 ജനുവരി 29 -നു കാള്‍ ബെന്‍സിന്റെ മോട്ടോര്‍ കാറിനു പേറ്റന്റ് ലഭിച്ചു. ലോകത്തിലെ ആദ്യത്തെ പ്രായോഗിക മോട്ടോര്‍ വാഹനമായിരുന്നു അത്. എന്നാല്‍, പേറ്റന്റ് ലഭിച്ചെങ്കിലും ഈ മോട്ടോര്‍ കാറിനു ആരുടേയും ശ്രദ്ധയോ പിന്തുണയോ ലഭിച്ചില്ല. ബെന്‍സിനു മുന്‍പും പലരും ഇത്തരത്തില്‍ യന്ത്രക്കാറുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അഞ്ചോ പത്തോ കിലോമീറ്ററുകള്‍ മാത്രം സഞ്ചരിക്കുന്ന വാഹനങ്ങള്‍!  അതുകൊണ്ട് തന്നെ ലോകത്തെ മാറ്റി മറിക്കാന്‍ പോന്ന ആ കണ്ടുപിടുത്തത്തെ ആരും ശ്രദ്ധിച്ചില്ല. കാര്‍ വാങ്ങാന്‍ ആരും താല്പര്യപ്പെട്ടതുമില്ല. കാര്‍ കൂടുതല്‍ മെച്ചപ്പെട്ടതാക്കുന്നതിനല്ലാതെ അതിന്റെ ബിസിനസ് കാര്യങ്ങളില്‍ ബെന്‍സ് തീരെ ശ്രദ്ധ ചെലുത്തിയില്ല.

അങ്ങനെയാണ് അഞ്ചു  മക്കളുടെ അമ്മയായ ബെര്‍ത്ത ബെന്‍സ് ഒരു തീരുമാനം എടുക്കുന്നത്. ഭര്‍ത്താവ് സമ്മതിക്കില്ല എന്നറിയാവുന്നതു കൊണ്ട് രഹസ്യമായി അവര്‍ രണ്ടു മക്കളെയും കൂട്ടി  വീടു വരെ കാറില്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ചു. മാന്‍ഹെയ്മിലെ വീട്ടില്‍ നിന്ന് റിച്ചാര്‍ഡ്, ഒയിന്‍ എന്നീ  മക്കളെയും കൂട്ടി 106 കിലോമീറ്റര്‍ അകലെ ബര്‍ത്തയുടെ മാതാപിതാക്കള്‍ താമസിക്കുന്ന ഫോര്‍ഷെയിമിലേക്ക് യാത്ര തുടങ്ങി. വാഹനം എടുക്കുമ്പോള്‍ ഭര്‍ത്താവ് എഞ്ചിന്റെ ശബ്ദം കേള്‍ക്കാതിരിക്കാന്‍ വീട്ടില്‍ നിന്നും കുറെ ദൂരം തള്ളിക്കൊണ്ടുപോയ ശേഷമാണ് കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നത്. 

മോട്ടോര്‍ വാഹന ഗവേഷണത്തിന്റെ പ്രാരംഭ ഘട്ടം മുതല്‍ ബെന്‍സിന്റെ  ഒപ്പമുണ്ടായിരുന്ന ബര്‍ത്തയ്ക്ക് ആ വാഹനത്തെ പറ്റി എല്ലാ കാര്യങ്ങളും അറിയാമായിരുന്നു.  ലോകത്തെ ആദ്യ ഇന്റേണല്‍ കംപ്രഷന്‍ എഞ്ചിനുള്ള കാര്‍ ആയിരുന്നു അത്.  2.5 ഹോഴ്സ് പവറുള്ള വാഹനത്തിന്റെ  പരമാവധി വേഗത മണിക്കൂറില്‍ 16 കിലോമീറ്റര്‍ ആയിരുന്നു. പെട്രോളിയം ഉല്‍പ്പന്നമായ ലിഗ്രോയിന്‍ ( ligroin) എന്ന ഇന്ധനമായിരുന്നു ആ വാഹനത്തില്‍ ഉപയോഗിച്ചിരുന്നത്. സാധാരണ തുണിയിലെ കറകള്‍ കളയാനും മറ്റും ആളുകള്‍ ഉപയോഗിക്കുന്നതാണത്. 

വഴിയിലെ ഒരു ഫാര്‍മസിയില്‍ നിന്നും ബര്‍ത്ത 10 ലിറ്റര്‍ ലിഗ്രോയിന്‍ വാങ്ങി. മുഷിഞ്ഞ വേഷത്തില്‍ ചെന്ന ആ സ്ത്രീയോട് അവിടുത്തെ കെമിസ്റ്റ്  'ഒരു ലിറ്റര്‍ കൊണ്ടു തന്നെ നിങ്ങളുടെ വസ്ത്രത്തിലെ കറ കളയാമല്ലോ' എന്ന് ചോദിച്ചു. എന്നാല്‍, ലോകത്തിലെ ആദ്യത്തെ പെട്രോള്‍ ബങ്കായി അയാള്‍ പോലുമറിയാതെ അയാളുടെ സ്ഥാപനം  ചരിത്രത്തില്‍ ഇടം നേടുകയായിരുന്നു. 

വഴിയില്‍ വീണ്ടും തടസ്സങ്ങളുണ്ടായി. ഇന്ധനക്കുഴലില്‍  കരട് കയറി വണ്ടി നിന്നു. അപ്പോള്‍, തന്റെ തൊപ്പിയിലെ പിന്നുപയോഗിച്ചു ബെര്‍ത്ത, ആ കുഴല്‍ വൃത്തിയാക്കി. വഴിയില്‍ വച്ചു വയറുകളുടെ ഇന്‍സുലേഷന്‍ പോയപ്പോള്‍ വസ്ത്രത്തിന്റെ ഭാഗങ്ങള്‍ ഉപയോഗിച്ച് ഇന്‍സുലേഷന്‍ ശരിയാക്കി. വഴിയില്‍ കണ്ട ചെരുപ്പുകുത്തിയെ കൊണ്ട് ബ്രേക്ക് കട്ടകള്‍ക്ക് ലെതര്‍ പാഡ് ഉണ്ടാക്കിച്ചു. 

 

Bertha Benz and the first road trip in history

ബെര്‍ത്ത യാത്ര ചെയ്ത വാഹനം
 

നിമിഷ നേരം കൊണ്ടു തന്നെ ക്രിയാത്മകവും പ്രായോഗികവുമായി  സാങ്കേതിക തകരാറുകള്‍ മാറ്റാനും പുതിയ കണ്ടെത്തലുകള്‍ നടത്താനുമുള്ള ബെര്‍ത്തയുടെ കഴിവു കൊണ്ടു മാത്രമാണ് അവര്‍ക്ക് ആ യാത്ര സാധ്യമായത്. 12 മണിക്കൂറുകള്‍ക്ക് ശേഷം, 106 കിലോമീറ്റര്‍ യാത്ര ബര്‍ത്തയും  മക്കളും വിജയകരമായി പൂര്‍ത്തിയാക്കി. ബര്‍ത്തയുടെ കണക്കുകൂട്ടലുകള്‍ പോലെതന്നെ ലോകം ആ യാത്രയെ ശ്രദ്ധിച്ചു.  കാള്‍ ബെന്‍സിന്റെ കാറുകള്‍ക്ക് ആവശ്യക്കാര്‍ വന്നു. അഞ്ചു വര്‍ഷത്തിനുളില്‍ 25 -ലധികം വാഹനങ്ങള്‍ വിറ്റഴിച്ചു. എന്നിട്ടും എളുപ്പമായിരുന്നില്ല കാള്‍ ബെന്‍സിന്റെ പാത.  അനേകം കഷ്ടപ്പാടുകള്‍ക്ക് ശേഷമാണ്, വ്യവസായിക അടിസ്ഥാനത്തില്‍ മോട്ടോര്‍ കാറുകള്‍ നിര്‍മിക്കാന്‍ കാള്‍ ബെന്‍സിനു കഴിഞ്ഞത്. 

സ്ത്രീകളുടെ വാഹനമോടിക്കലിനെ കളിയാക്കുന്നവര്‍ക്കുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്  ലോകത്തിലെ ആദ്യ ഡ്രൈവറായ ബെര്‍ത്ത ബെന്‍സിന്റെ കഥ! 

 

Latest Videos
Follow Us:
Download App:
  • android
  • ios