ലോകത്തിലെ മനോഹര ദ്വീപുകളിലൊന്നിൽ പുസ്തകം വിൽക്കുന്ന ജോലി, ശമ്പളം 59,000 രൂപ
ഈ ദ്വീപിൽ ഷൂ ധരിക്കാനുള്ള അനുവാദമില്ല. അതിനാലാണ് നഗ്നപാദനായി നടക്കാൻ തയ്യാറുള്ള ഒരാളെ തേടുന്നത്. കരാർ ഒക്ടോബറിലാണ് തുടങ്ങുക.
നിങ്ങൾക്ക് പുസ്തകങ്ങളും ദ്വീപുകളും ഇഷ്ടമാണോ? എങ്കിൽ ഇത് നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന ജോലിയാകുമെന്ന് ഉറപ്പ്. മാലിദ്വീപിലെ കുൻഫുനാധൂ ദ്വീപിലെ ഒരു ആഡംബര റിസോർട്ട് പുസ്തകങ്ങൾ വിൽക്കുന്നതിനായി പുതിയ ഒരാളെ തേടുന്നു. ഒരു വർഷത്തെ കരാറിലായിരിക്കും ആളെ നിയമിക്കുക. 59,000 രൂപയാണ് ശമ്പളം.
സോനേവ ഫുഷി റിസോർട്ട് അതിന്റെ പുസ്തകവിൽപ്പനക്കാരന്റെ സ്ഥാനത്തേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു വർഷത്തേക്കാണ് ആളെ നിയമിക്കുക. അൾട്ടിമേറ്റ് ലൈബ്രറിയുടെ സെയിൽസ് മാനേജരായ അലക്‌സ് മക്വീൻ, സാഹസികതയും, സർഗ്ഗാത്മകതയും ഒക്കെ ഇഷ്ടപ്പെടുന്ന, ദിവസം മുഴുവൻ നഗ്നപാദനായി നടക്കാൻ പ്രശ്‌നമില്ലാത്തതുമായ ഒരു പുസ്‌തക പ്രേമിയെ തേടുകയാണ് ഈ സ്ഥാനത്തേക്ക്.
ഈ ദ്വീപിൽ ഷൂ ധരിക്കാനുള്ള അനുവാദമില്ല. അതിനാലാണ് നഗ്നപാദനായി നടക്കാൻ തയ്യാറുള്ള ഒരാളെ തേടുന്നത്. കരാർ ഒക്ടോബറിലാണ് തുടങ്ങുക. കൂടാതെ പുതിയതായി നിയമിക്കപ്പെടുന്ന ആൾ ദിവസവും ഒരു ബുക്ക് ഷോപ്പ് നടത്തുകയും അക്കൗണ്ടിംഗ്, സ്റ്റോക്ക് മാനേജ്‌മെന്റ് എന്നിവ നോക്കി നടത്തുകയും ചെയ്യണം. അപേക്ഷകൻ എപ്പോഴും അവിടെ ഉണ്ടായിരിക്കുകയും ഈ കാര്യങ്ങളെല്ലാം സ്വയം നോക്കി നടത്തുകയും ചെയ്യേണ്ടി വരും എന്ന് മക്വീൻ പറഞ്ഞു.
ജോലി കിട്ടുന്നവർക്ക് സൗജന്യമായി ഭക്ഷണവും താമസ സൗകര്യവും ലഭിക്കും. ഇൻസ്റ്റഗ്രാമിൽ ജോലിയെക്കുറിച്ച് പോസ്റ്റ് ചെയ്തുകൊണ്ട് ദി ബെയർഫൂട്ട് ബുക്ക്സെല്ലേഴ്‌സ് എഴുതിയത് ഇങ്ങനെയാണ്: "സോനേവയുമായി സഹകരിച്ച് സോനേവ ഫുഷിക്കായി ഞങ്ങളുടെ അടുത്ത ബെയർഫൂട്ട് ബുക്ക് സെല്ലറെ തിരയുന്നു! പുസ്തകപ്രേമിയായ ഒരാളെ സംബന്ധിച്ച് ഇത് സ്വപ്ന ജോലി ആയിരിക്കും, ഈ പുസ്തക വിൽപ്പന നടത്തേണ്ടത് ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നിലാണ്."
ഭാഗ്യവാനായ ആ വ്യക്തി സോനേവ ഫുഷി ടീമിൽ ചേരാൻ പന്ത്രണ്ട് മാസത്തെ പ്ലേസ്‌മെന്റിനായി ഒക്‌ടോബർ ആദ്യം തന്നെ മാലിദ്വീപിലേക്ക് പറക്കേണ്ടി വരും എന്നും അവർ കൂട്ടിച്ചേർത്തു.