800-നും 1200 ഇടയില്‍ വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെത്തി, മുഴുവനായും കയറുകൊണ്ട് കെട്ടി, മുഖം മറച്ച നിലയിൽ

ല്ലാമയുടെ അസ്ഥികളും ശവകുടീരത്തിന് പുറത്ത് നിന്ന് കണ്ടെത്തി, ഇത് അക്കാലത്തെ ആളുകൾ സാധാരണയായി കഴിക്കാറുണ്ടെന്നും അതിനാൽ മരിച്ചയാൾക്ക് ല്ലാമ മാംസത്തിന്റെ കഷണങ്ങൾ നൽകുമായിരുന്നുവെന്നും വാൻ ഡാലൻ ലൂണ പറഞ്ഞു.  

atleast 800 year old mummy found

800 -നും 1,200 -നും ഇടയിൽ പഴക്കമുള്ള ഒരു മമ്മി(mummy) പെറുവിലെ പുരാവസ്തു ഗവേഷകർ(archeologists in Peru) രാജ്യത്തിന്റെ തലസ്ഥാന നഗരമായ ലിമ(Lima)യ്ക്ക് സമീപമുള്ള ഒരു സ്ഥലത്ത് കണ്ടെത്തി. നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് സാൻ മാർക്കോസിലെ ഗവേഷകർ, ലിമയിൽ നിന്ന് 25 കിലോമീറ്റർ ഉള്ളിൽ കാജമാർക്വില്ല എന്ന പുരാവസ്തു സൈറ്റിൽ ഒരു ടൗൺ സ്‌ക്വയറിന് നടുവിലാണ് ഭൂമിക്കടിയിൽ സൂക്ഷിച്ചിരിക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 

മമ്മിയെ കയറുകൊണ്ട് കെട്ടി, കൈകൾകൊണ്ട് മുഖം മറച്ച നിലയിലായിരുന്നു. ഇത് തെക്കൻ പെറുവിയൻ ശവസംസ്കാര ആചാരമാണെന്നാണ് ഗവേഷകർ പറയുന്നത്.  മമ്മിയുടെ പ്രായം അർത്ഥമാക്കുന്നത്, അത് ഹിസ്പാനിക് കാലഘട്ടത്തിന് മുമ്പുള്ളതാണ് എന്നാണ്. കൂടാതെ 15 -ാം നൂറ്റാണ്ടിൽ പെറുവിലെ ഏറ്റവും അറിയപ്പെടുന്ന മാച്ചു പിച്ചു സ്ഥാപിച്ച ഇൻക നാഗരികതയ്ക്ക് മുമ്പുള്ളതാണ്. 

"ഈ കണ്ടെത്തൽ ഹിസ്പാനിക് കാലഘട്ടത്തിന് മുമ്പുള്ള ഇടപെടലുകളിലും ബന്ധങ്ങളിലും ഒരു പുതിയ വെളിച്ചം വീശുന്നു" ഉത്ഖനനത്തിന് നേതൃത്വം നൽകിയ പുരാവസ്തു ഗവേഷകരിലൊരാളായ പീറ്റർ വാൻ ഡാലെൻ ലൂണ പറഞ്ഞു. കൊളംബിയന് മുമ്പുള്ള കാലഘട്ടത്തിലെ പർവതങ്ങളിൽ നിന്ന് വാണിജ്യ കേന്ദ്രമായിരുന്ന കാജമാർക്വില്ലയിലേക്ക് വന്ന 25 -നും 30 -നും ഇടയിൽ പ്രായമുള്ള ഒരു ചെറുപ്പക്കാരന്‍റെയാണ് മമ്മിയെന്ന് അദ്ദേഹം സിഎൻഎന്നിനോട് പറഞ്ഞു.

വാൻ ഡാലൻ ലൂണയുടെയും സഹ പുരാവസ്തു ഗവേഷകൻ യോമിറ ഹുമാൻ സാന്റില്ലന്റെയും നേതൃത്വത്തിലുള്ള 40 പേരുടെ സംഘവുമായി ഒക്ടോബർ പകുതിയോടെയാണ് ഇവിടെ ഉത്ഖനന പ്രവർത്തനങ്ങൾ ആരംഭിച്ചത്. അവർ മമ്മിയെ തിരയാത്തതിനാൽ തന്നെ അപ്രതീക്ഷിതമായ ഈ കണ്ടെത്തൽ ആശ്ചര്യത്തിലേക്ക് നയിച്ചു. “ഇത് സംഭവിക്കുമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല, അതുകാരണം ടീം മുഴുവനും ശരിക്കും സന്തോഷിച്ചു. ഇത്രയും പ്രധാനപ്പെട്ട കണ്ടുപിടിത്തം ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല” ഹുമാൻ സിഎൻഎന്നിനോട് പറഞ്ഞു.

മമ്മിയുടെ ശവകുടീരത്തിന് പുറത്തുള്ള നിരവധി മറൈൻ മൊളസ്കകളാണ് അപ്രതീക്ഷിതമായ മറ്റൊരു കണ്ടെത്തൽ. കാജമാർക്വില്ല തീരത്ത് നിന്ന് 25 കിലോമീറ്റർ അകലെയാണ് അത് എന്നത് അസാധാരണമാണെന്ന് വാൻ ഡാലൻ ലൂണ പറഞ്ഞു. മൃതദേഹം ശവകുടീരത്തിൽ വച്ചതിന് ശേഷവും അവിടെ പല പ്രവര്‍ത്തനങ്ങളും നടക്കുന്നു. വാൻ ഡാലെൻ ലൂണ പറഞ്ഞു. "അതായത്, അവരുടെ പിൻഗാമികൾ വർഷങ്ങളോളം മടങ്ങിയെത്തുകയും മൊളസ്കകൾ ഉൾപ്പെടെയുള്ള ഭക്ഷണങ്ങളും വഴിപാടുകളും അവിടെ നല്‍കുകയും ചെയ്യുന്നു." 

ല്ലാമയുടെ അസ്ഥികളും ശവകുടീരത്തിന് പുറത്ത് നിന്ന് കണ്ടെത്തി, ഇത് അക്കാലത്തെ ആളുകൾ സാധാരണയായി കഴിക്കാറുണ്ടെന്നും അതിനാൽ മരിച്ചയാൾക്ക് ല്ലാമ മാംസത്തിന്റെ കഷണങ്ങൾ നൽകുമായിരുന്നുവെന്നും വാൻ ഡാലൻ ലൂണ പറഞ്ഞു.  വ്യക്തി ഒരു പ്രമുഖ വ്യാപാരിയായിരിക്കാം എന്നും കരുതുന്നു.

സംഘം ഇപ്പോൾ കാർബൺ ഡേറ്റിംഗ് ഉൾപ്പെടെയുള്ളവയിലൂടെ പ്രത്യേക വിശകലനം നടത്തും. അത് വ്യക്തി ജീവിച്ചിരുന്ന കാലയളവും അവരുടെ ഐഡന്റിറ്റിയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും ലഭിക്കാൻ അവരെ അനുവദിക്കും. പെറുവിലും അയൽരാജ്യമായ ചിലിയിലും മുമ്പ് നിരവധി മമ്മികൾ കണ്ടെത്തിയിട്ടുണ്ട്. പലതും 1,000 വർഷത്തിലേറെ പഴക്കമുള്ളവയാണ്.

Latest Videos
Follow Us:
Download App:
  • android
  • ios